പ്രണയമോ സ്വാതന്ത്ര്യമോ- സപ്ന അനു ബി ജോർജ്ജ്- മണിലാൽ
പ്രണയത്തിലാവുമ്പോൾ പുരുഷനും സ്ത്രീയും വ്യത്യസ്തമായ ഏകാന്തതയിലേക്കാണ് എത്തിച്ചേരുന്നത്. പുരുഷന്റെ പ്രണയം നിസ്സഹായതയുടേ ശൂന്യതയിലേക്കും സ്ത്രീയുടേത് സ്വാതന്ത്ര്യത്തിന്റെ തുറസിലേക്കും. സജിത ക്രിയേഷന്‍സിന്റെ ബാനറില്‍ സഞ്ജു മാധവ് നിര്‍മ്മിച്ച് മണിലാല്‍ സംവിധാനം ചെയ്ത ‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം ‘ എന്ന ഹ്രസ്വചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയം ഇതാണ്. മനുഷ്യരെ ഏകാന്തരും അരക്ഷിതരും നിസഹായരുമാക്കുന്ന പുതിയ ലോകക്രമത്തില്‍ മനുഷ്യന്റെ ഏകാന്തതയെ ഈ സിനിമ അഭിസംബോധന ചെയ്യുന്നു.. പ്രണയത്തെ സമര്‍പ്പണവുമായി ബന്ധപ്പെടുത്തിയാണീ ഈ സിനിമയുടെ കഥ വികസിക്കുന്നത്..സദാചാരം ഉള്‍പ്പെടെയുള്ള എല്ലാ എതിർവരകളേയും മായ്ച്ചുകളയാൻ പ്രണയമൂർച്ഛകൾക്കാവുമെന്ന് ഈ സിനിമ സമർത്ഥിക്കുന്നു.പ്രണയങ്ങളിൽ സംഭവിച്ചേക്കാവുന്ന പ്രലോഭനങ്ങളും സാദ്ധ്യതകളുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പ്രേമവിശയായ സ്തീ
പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം പ്രണയത്തെ സ്ത്രീയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ്.പ്രേമത്തിന്റെ ഏടുകള്‍ പ്രണയം മനസ്സില്‍ ഉടലെടുക്കുമ്പോള്‍ ഒരു സ്ത്രീയിൽ എന്തു സംഭവ്ക്കുന്നു? സ്ത്രീപുരുഷബന്ധത്തിന്റെ ജൈവകാമനകൾക്ക് ഈ സിനിമയിലൂടെ സംവിധായകന്‍ പുതിയ ഉത്തരങ്ങള്‍ തേടുന്നു. സ്ത്രീയും പുരുഷനും തമ്മീലെ പ്രണയത്തിന്റെ രാസപ്രക്രിയയിലൂടെ കാലങ്ങളായി ഒരേ ദിശയിൽ സിനിമ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സാഹിത്യത്തിൽ സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ നിരവധി രചനകൾ ഉണ്ടായിട്ടുണ്ട്.കുമാരാനാശാന്റെ “നളിനി“യും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ “സന്ദർശനവും“ ഈ ഗണത്തിൽ പെടുത്താവുന്നതാണ്. സിനിമയിൽ ഇത്തരം അന്വേഷണങ്ങൾ ശുഷ്കമാണ്. ഇതുവരെ ആരും തന്നെ അര്‍ത്ഥതലങ്ങള്‍ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കാണാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ മണിലാലിന്റെ ഈ ഹ്രസ്വചിത്രത്തിലൂടെ സ്വാതന്ത്യത്തിന്റേതായ അന്വേഷണങ്ങൾ സ്ത്രീയുടെ കാഴ്ചപ്പാടിൽ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നു. ഹ്രസ്വചിത്രങ്ങളീലൂടെ പുതു പാതകളിൽ സഞ്ചരിക്കുന്ന മണിലാല്‍ ഇന്റെര്‍നെറ്റില്‍ നടക്കുന്ന ഈ പ്രണയ കഥയെ തന്റേതായ വഴിയിലൂടെ വഴ്ത്തപ്പെടുത്തുന്നു.
അമേച്വര്‍ നാടകരംഗത്ത് സജീവമായ (കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ തിയ്യറ്റര്‍ വിദ്യാര്‍ത്ഥിനി )സുരഭിയും തിരുവനന്തപുരം ‘അഭിനയ’ നാടക സംഘത്തിലെ പ്രതീഷുമാണ് കഥാപാത്രങ്ങളായി എത്തുന്നത്.നവംബര്‍ 22നു തൃശുരില്‍ നിറഞ്ഞ സദസ്സിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ബഹറൈൻ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീകളുടെ കാഴ്ചപ്പാടില്‍ ഇന്റെര്‍നെറ്റിലെ ഈ സ്ത്രീ പക്ഷ പ്രണയ കഥയുടെ പശ്ചാത്തലം എന്താണ്?.
സ്ത്രീയുടെ കാഴ്ചപ്പാടിലുള്ള ഒരു പ്രണയ കഥയല്ലിത്.ചെറിയ ലോകത്ത് നിന്നുള്ള ഒരു പെൺകുട്ടി/സത്രീ സ്വതന്ത്രയാവാൻ പ്രണയത്തെ നിമിത്തമാക്കുകയാണ്.യഥാർത്ഥ ലോകമല്ല(ഇന്റർനെറ്റ്)സിനിമയുടെ പ്രമേയ പരിസരം.
ഇന്റെര്‍നെറ്റ് ഗൌരവമുള്ള ഒന്നാണോ?
ഇന്റർനെറ്റ് വെറും കളിയല്ല.പുതിയ കാലത്തിന്റെ അനേകം തുറസ്സുകളിൽ ഒന്നുമാത്രമാണത്.എല്ലാം അതിലേക്കൊതുങ്ങുന്നതിലോ അതിൽ നിന്നും പൂർണ്ണമായി വിടുതൽ നേടുന്നതിലോ വലിയ കാര്യമില്ല.
സ്ത്രീകള്‍ക്ക് പ്രേമം പറഞ്ഞിട്ടുണ്ടോ? പ്രകടിപ്പിക്കാന്‍ സ്വാതന്ത്യം ഉണ്ടോ? അതു പുരുഷനു മാത്രമുള്ളതല്ലെ??
പ്രണയം എല്ലാവർക്കും പറഞ്ഞിട്ടുള്ളതാണ്.കണ്ടുമുട്ടലിൽ കൂടി തുടങ്ങി പ്രണയമായി ഒടുവിൽ അത് തന്നെ സംഭവിക്കുന്നു,വിവാഹം.അത് ഏറിയ പങ്കും പുരുഷനിൽ സമാപിക്കുന്ന കലാപരിപാടിയാണ്. വിവാഹമാവുന്നതോടെ പ്രണയത്തിൽ നിന്നും സ്ത്രീ പുറത്താവുന്നു.
ഈ കഥ സത്യം ആണോ അതോ കഥ മാത്രമാണോ?
കഥയൊന്നും സത്യമാവരുത് എന്നാണെന്റെ അഭിപ്രായം.സത്യത്തെ അതിൽ കണ്ടെത്താമെങ്കിലും,കഥ കഥയായി മാത്രം നിൽക്കേണ്ടതാണ്.
ഈ കഥ എഴുതാന്‍ എത്ര സമയം എടുത്തു? ഈ പ്രമേയം എങ്ങിനെയാണുണ്ടായത്?
അൽ ഫോൻസാമ്മ വാഴ്ത്തപ്പെട്ടപ്പോൾ തോന്നിയ പ്രമേയമാണിത്.അത് പ്രണയത്തിൽ അപ്ലൈ ചെയ്തു.ചെറിയ സമയം മാത്രമേ ഇതിനു വേണ്ടി വന്നിട്ടുള്ളു.
ഈ പ്രമേയം വ്യത്യസ്തമാകുന്നതെങ്ങിനെയാണ്?
ഇത് വ്യത്യസ്തമായ ഒരു പ്രമേയമാണ്.പൊതുവെ കാണാത്ത പ്രണയസാദ്ധ്യതകൾ ഈ പ്രമേയത്തിലുണ്ട്. സ്ത്രീയുടെ വികാസം.അതിനാണ് ഇതിൽ ഊന്നൽ.പുരുഷൻ ഒരു നിമിത്തം മാത്രം.
ഇതിന്റെ ബാക്കി റ്റെക്നിക്കല്‍ ആള്‍ക്കാരെ എങിന്റെ തിരഞ്ഞെടുത്തു?ഷൂട്ടിംഗ്? എഡിറ്റിംഗ്? പ്രദര്‍ശനം?
എന്റെ എല്ലാ സിനിമയും പോലെ ഒരു ഫ്രണ്ട്ഷിപ്പ് സെലിബ്രേഷൻ ആണീ സിനിമ.നിർമ്മാതാവ് യു എ ഇ നാടക പ്രവർത്തകനായ സഞ്ജുമാധവ്,ക്യാമറാ മാൻ ഷെഹ് നാദ് ജലാൽ,എഡിറ്റർ ബി.അജിത് കുമാർ,കലാ സംവിധായകൻ സന്ദീപ്,കോസ്റ്റൂംസ് ഡിസൈനർ ശോഭാ ജോഷി,സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ,ഇംഗ്ല്ലീഷ് സബ് ടൈറ്റിൽ എഴുതിയ സി.എസ്.വെങ്കിടേശ്വരൻ,നിർമ്മാണത്തിനു ചുക്കാൻ പിടിച്ച യു എ ഇ യിലെ നാടക പ്രവർത്തകയായ ജോളി ചിറയത്ത്,അജിത് പ്രിന്റെക്സ്,പി.ജി.പ്രേമൻ,ഇമ ബാബു,അഭിനേതാക്കളായ സുരഭിയും പ്രതീഷുമൊക്കെ എന്റെ സൌഹൃദ സംഘത്തിൽ പെടുന്നവരും സുഹൃത്തുക്കളുമാണ്.
മണിലാല്‍ എന്ന വ്യക്തിയുടെ കാഴ്ചപ്പാടില്‍ പ്രേമം എന്നാല്‍ എന്താണ്‍?
ലോകത്തെ സമഗ്രമായി കാണുന്നതാണ് എനിക്ക് പ്രണയം.അതിൽ മനുഷ്യരും പ്രകൃതിയും എല്ലാ ജീവജാലങ്ങളും ഉണ്ട്.സ്വന്തമാക്കൽ എന്നുള്ള പ്രക്രിയക്കെതിരെയുള്ള സമരം കൂടിയാണ് എനിക്ക് പ്രണയം. സ്വതന്ത്രരായിരിക്കുക എന്നുള്ളതാണത് പ്രേമത്തിന്റെ കാതല്‍.സ്വാതന്ത്ര്യത്തെ പ്രണയത്തിന് മുകളിൽ നിർത്തുക.അപ്പോൾ നല്ലൊരു കാമുകി/കാമുകഭാവമായി നിങ്ങൾ ഉയരും.