എന്നും നീന്നെ മാറോടുചേര്‍ത്ത്
ദീര്‍ഘമായ സുഖസുഷുപ്തിയില്‍
എന്നെന്നും ഉറങ്ങിത്തെളിയാന്‍
ഭാഗ്യം എന്നെന്നും നല്‍കി നീ,
എന്നെന്നും എന്റെ കളിത്തോഴിയായ്.
സ്വപ്നമേ എന്നു നീട്ടി വിളിച്ചീടാന്‍
എന്നെന്നും കാതില്‍ കുളിരായ്
ഒരു സ്വരമായി വിളികേട്ടുണരാന്‍
എന്നും നീ കാരണഭൂതയായ്.
സ്വപ്നങ്ങള്‍ക്കും,ജല്പനങ്ങള്‍ക്കും,
നീ എന്നെന്നും എന്‍ തേരാളിയായി.
മോഹങ്ങള്‍ക്കും,മോഹഭംഗങ്ങള്‍ക്കും,
നിരാശകളുടെ നീര്‍മണികള്‍ക്കും നീ
സാന്ത്വനത്തിന്റെ കൈനീട്ടമായി.
സ്വപ്നമേ എന്റെ സ്വപ്നമേ
ജീവിതത്തിന്റെ നെട്ടോട്ടത്തില്‍
എന്നും തുണയായി നീ എന്നില്‍
ഈ പേരിന്റെ അന്വര്‍ത്ഥമായ്,
എന്നും എന്‍ യാഥാര്‍ത്ഥ്യങ്ങളെ,
മിഥ്യയുടെ തേരേറ്റി നീ എന്‍
സങ്കടങ്ങള്‍ക്കു തീര്‍പ്പു നല്‍കി.
സ്വപ്നമായ നീ എന്തിനു,
ജീവിതത്തിന്റെ പ്രാണനായി.
എന്നെന്നും ആരുടെയോ സ്വപ്നം
നിന്നിലലിഞ്ഞില്ലാതെയായി,
എത്രയോ ജീവിതത്തിന്റെ
അന്വര്‍ത്ഥങ്ങള്‍ക്കു നീ ദേഹിയായ്.
സ്വപ്നമെ നീ എന്റെ കൂട്ടര്‍ക്കു
കൂട്ടായ്,ചിരിയായി, കരയായി
കാരണമായി,തേരേറി നീ എത്തി.
വേരറ്റു പോകാത്ത തീരാത്ത,
സ്വപ്നമായി എന്നെന്നും നീ
ജീവിതത്തിന്റെ സത്യമായ്
എന്നെന്നും തേരിലേറി സ്വയം.
അറിയാത്ത കേള്‍ക്കാത്ത പേരുകാര്‍
സ്വപ്നമേ എന്നു നീട്ടി വിളിച്ചു
‘എന്തോ‘ എന്നെന്റെ മറുപടി,
സ്വപ്നമായ്,സൌഹൃദമായ്,
നിര്‍വചനങ്ങളായ്,അര്‍ത്ഥങ്ങളായ്.
എങ്കിലും സൌഹൃദം എന്നില്‍
എന്നെന്നും സ്വപ്ന ശകലങ്ങളായ്
വേരറ്റു പോകാത്ത പടുവൃക്ഷമായ്.
എന്നെന്നും എന്റെ ജീവശ്വാസമായ്
വിശ്വാസത്തെ നിറച്ചു,സ്നേഹം നിറച്ചു
വാക്കുകളിള്‍ സന്തോഷത്തിന്റെ വിത്തുകള്‍
സ്വരങ്ങളില്‍ ചിരിയുടെ വേലിയേറ്റം.
സ്വപ്നമേ നീ‍ എന്റെ സപ്നയായി,
തിരിച്ചറിയലിന്റെ നൈമിഷികത
തിരയടിച്ചിളകിയ സങ്കടത്തിന്റെ
തിരമാലകള്‍ എങ്ങോപോയൊളിച്ചു
ജീവിതത്തെ യാഥാര്‍ത്ഥ്യമാക്കി നീ
എന്നെന്നും എന്റെ സപ്നയായി
പ്രസരിപ്പിന്റെ പര്യായമായി
എല്ലാ നീണ്ട് പ്രതീക്ഷകളുടെയും
തിരിനാളം തെളിയിച്ചു നീ എന്നില്‍
വീണ്ടുമെത്തിയോ എന്‍ സ്വപ്നമെ!!!