നനഞ്ഞു കുതിര്‍ന്ന വഴികളും, ചെളി നിറഞ്ഞ പാതകളും….
വെള്ളം കെട്ടിനില്‍ക്കുന്ന ‘റൌണ്ട് എബൌട്ടു്’…
ഞങ്ങളുടെ ദോഹ ഒന്നു തണുത്തു…….
പതിവില്ലാത്ത മഴ….ഇടിവെട്ടിന്റെ ഘനാരവങ്ങളും‍…
നാട്ടിലെ വീടിന്റെ പടിയില്‍ ഇരുന്ന് ഒരു ചൂടു കട്ടന്‍കാപ്പി കുടിക്കുന്ന ലാഘവത്തോടെ, ഒരു ‘നെസ്കഫെ’യുമായി ഞാന്‍ എന്റെ വീട്ടുപടിയിലിരുന്നു. തുള്ളിക്കൊരുകുടംപോലെ വീഴുന്ന മഴ. എന്നാലും ചേന ചെത്തിയതു പോലെ, ഇവിടെ മഴയും, തൊട്ടടുത്ത മുറ്റത്തില്ലതാനും. ഉള്ളു‍ കിടുങ്ങുന്ന ഇടിയും മിന്നലും……
ഏഷ്യന്‍ ഗയിംസ് 2006 ന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ട്, എല്ലാ റോഡും ഉഴുതു മറിച്ചു മണ്ണും പൊടിയുമായിക്കിടന്ന ദോഹ ഈ മഴയോടെ ഒതുങ്ങി മയങ്ങി നിന്നു…
നനഞ്ഞ മണ്ണിന്റെ മണം…
മൂന്നു ദിവസത്തെ തണുപ്പും കുളിരും തന്നിട്ട് മഴ എങ്ങോ പോയൊളിച്ചു………
വീണ്ടും ഞാനൊരു വേഴാമ്പലായി മാറി………
മഴത്തുള്ളിക്കു വേണ്ടി ,അടുത്ത വര്‍ഷം എത്തും എന്നുള്ള പ്രതിക്ഷയോടെ…………