റെയിച്ചി ലെഫ്റ്റ്!

വാട്ട്‌സ് ആപ്പ് ഗ്രൂപ് ഗാംഗിന്റെ ‘സ്‌നേഹകൂടില്‍’ ഈ മെസ്സേജ് കണ്ടാണ് രാവിലെ ഉണര്‍ന്നത്!

ഉറ്റവരാരോ ഉപേക്ഷിച്ചു പോയതുപോലെ നെഞ്ച് കലങ്ങി! തന്റെ കുവൈറ്റ് നമ്പര്‍ മാറ്റാനായിരുനു, ‘ഗാങ്ങ്’ല്‍ നിന്നു റെയിച്ചി ലെഫ്റ്റ് ആയത്. കോവിഡ് പടര്‍ന്നു തുടങ്ങിയപ്പോള്‍ മുതല്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ‘ലെഫ്റ്റ്’എന്ന വാക്കു ചങ്കു പിടയ്ക്കുന്ന വേദനകളുടെ തീ കോരിയിടുമയിരുന്നു മനസ്സില്‍! ഉറ്റവരും കുടുംബവുമായിത്തീര്‍ന്ന ആരോക്കെയോ ജീവിതത്തില്‍ നിന്നു പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു എന്ന ചിന്തയാണ് ‘ലെഫ്റ്റ്’ എന്ന വാക്ക് കാണുമ്പോള്‍ തോന്നുക.

അവധി ദിവസങ്ങളില്‍ ബിജുവിന്റെ ഒരു വിളി വരും.”മോളെ മേശയും കസേരയും ഒന്നെടുത്തിട്ടേക്ക് കാര്‍ഷെഡിലേക്ക്. ഒരു വിരിയും. ഉച്ചയ്ക്ക് 28 കളിക്കാമെന്നു ജേക്കബ് പറഞ്ഞു”.
ചായയും,കടിയും വേണമല്ലോ!

”സരസൂ…” ഞാന്‍ നീട്ടിവിളിച്ചു!

എന്റെ പന്തളംകാരി മെയ്ഡ് സരസ്വതിയെ വിളിച്ചു പലഹാരം, പരിപ്പ് വട,ഉള്ളിവട… ഉണ്ടാക്കണം, എന്നു പറഞ്ഞു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിന്റെ അലുംനിയാണ് ഒമാന്‍ മരുഭൂമിയില്‍ വന്നുപെട്ട ചങ്ങാതിമാരുടെ ”സ്‌നേഹക്കൂട്’ ഗാങ്!.
എല്ലാവരും പ്രായത്തില്‍ ഇളയവരാണെങ്കിലും, ഒപ്പത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് എല്ലാറ്റിനും! മസ്‌കറ്റില്‍ വന്നതു മുതല്‍, എല്ലാ ആഴ്ചയും, എല്ലാ ക്രിസുമസും, ഓണവും, ഈദും,അവധിക്കാലങ്ങളും എല്ലാവരും ഒരുമിച്ചാണ് ആഘോഷിച്ചു വന്നത്.

മനു മാത്യു, മനു കുമാര്‍, അനിത്, അശോക്,ജോബി, ജേക്കബ് കൂടെ സീനിയോറിറ്റിയില്‍ മുതിര്‍ന്ന ഞാനും ബിജുവും! ഉച്ചയോടെ,ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്ന വഴിയേ ഒരുത്തന്‍ വിളിച്ചു ചോദിക്കും, ”ചേച്ചി ഒരു കട്ടന്‍ചായ കിട്ടുമോ?’

”ദേ എടുത്തു!’

പിന്നെ ചായയായി, വടയായി, ആളായി, ബഹളായി!

വഴക്കും, എടുത്തിട്ടലക്കും ഇടയ്ക്ക് കേള്‍ക്കുമ്പോള്‍ ജനാലവഴി ഒന്നെത്തി നോക്കും, കൊലപാതകം ഒന്നുമല്ലല്ലോ എന്ന്! മസ്‌കറ്റിലെ സന്ധ്യകളും, സരസു കൊളുത്തുന്ന തുളസിത്തറയിലെ വിളക്കിന്റെ വെളിച്ചവും വെറും ഒരു സിഗ്‌നല്‍ മാത്രമയിരുന്നു. വെള്ളമടി തുടങ്ങാന്‍!

കളി രാത്രിയോടെ അവസാനിക്കില്ല എന്നറിയുമ്പോള്‍ ഡിന്നര്‍ ”അറബിക് ഗ്രില്‍’ല്‍ ചെന്നു നില്‍ക്കുന്നു. അവരവരുടെ അര്‍ദ്ധാംഗനമാരെ വിളിച്ചു പലതും പറയുന്നു. ങാ! ഉ!, എന്തോ കേട്ടില്ല’ എന്നുള്ള പെറുക്കി പെറുക്കിയുള്ള മറുപടികളും മുഖഭാവങ്ങളും അപ്പുറത്ത് നിന്നുള്ള ചൂടന്‍ മറുപടികള്‍ക്കുള്ള ഉത്തരങ്ങളായി പ്രതിഫലിച്ചു. ചിലപ്പോ എനിക്ക്കൂട്ടായി, മനുവിന്റെ ഭാര്യ സോനയും മക്കളും കാണും, തിരിച്ചു മനുനെകൊണ്ട് വണ്ടി ഓടിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതല്‍.

ഏതെങ്കിലും ഒരു ലേഖനത്തിലോ കഥയിലോ ലയിച്ചെഴുതിയിരിക്കുന്ന എന്നോട് ഇടയ്ക്ക്, ഗ്ലാസ് നിറയ്ക്കാനും, വയറൊഴിക്കാനും വരുന്നവരുടെ കുശലം പറച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കും.

ഉത്തരം പറഞ്ഞു പറഞ്ഞു ഞാനും.

”ആ, ചേച്ചിയെ എന്താ എഴുതുന്നത്?ചുമ്മാ ഇരുന്ന് എഴുതി കൂട്ടുകയാണല്ലിയോ! ഇവര് കാശ് വല്ലോം തരുമോ?…..’

രാത്രി രണ്ടു മണിക്ക് ചീട്ടുകളിയുടെ അവസാനം, സ്വയം മൈക്രോവേവില്‍ ചൂടാക്കി അടുക്കള മേശയില്‍ത്തന്നെ ആറുപേരും കഴച്ചു തുടങ്ങുമ്പോള്‍ പാതിയുറക്കത്തില്‍ ഇറങ്ങിച്ചെല്ലുന്ന എന്നോട് ”ചേച്ചി കഴിച്ചില്ലെ?’ എന്നൊരു ചോദ്യത്തോടെ ഒരു കസേര വലിച്ചിട്ടു തരും! ഒരു സിഗററ്റിന്റെ പുകച്ചുരുളില്‍ മയങ്ങി ഒരോരുത്തരായി വീട്ടിലേക്ക്…

പതിവുകള്‍ പലതും തെറ്റാന്‍ തുടങ്ങിയത് എന്നുമുതലാണ്.? പിന്നെ എപ്പോഴാണ് ഒരോരുത്തരായി പിരിഞ്ഞു പോകാന്‍ തുടങ്ങിയത്?
ഓര്‍മ്മയില്ല

ആദ്യത്തെ ഇടിവെട്ട് ജേക്കബ്ബിന്റെയും റേച്ചലിന്റെയും അടുത്തുനിന്നായിരുന്നു!

ഇത്രേയും പേരുള്ള നമ്മുടെ ഇടയില്‍ നിന്ന് ഒരാള്‍ പോയാല്‍ എന്ത് എന്നാരെങ്കിലും അന്നുവരെ ആലോചിച്ചിരുന്നോ അറിയില്ല? എന്റെ മനസ്സിനെ അത് വല്ലാതെ വേദനിപ്പിക്കാന്‍ തുടങ്ങി.

ഒരിതള്‍ പോലും പൊഴിയാത്തൊരു പൂവായിരുന്നു ‘ഗാങ്ങ്’! ഒന്ന് പൊഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ശൂന്യത എത്രവലുതാണെന്ന് മനസ്സിലായിത്തുടങ്ങി എല്ലാവര്‍ക്കും! ഇന്നിവര്‍, നാളെ ഒരു പക്ഷേ ഞങ്ങള്‍ക്കാവാം ഈ നറുക്ക് വീഴുന്നത്. ഗാങ്ങില്‍ ഇനി ഏതിതളാണ് പൊഴിയുന്നത് എന്നറിയില്ലല്ലോ! ആര്‍ക്കും. എല്ലാ ഇതളുകളും പൊഴിഞ്ഞില്ലാതെയാകുമ്പോള്‍ എന്തായിരിക്കും ബാക്കി കഥ എന്നൊരു ചിന്ത മനസ്സിനെ വീണ്ടും നോവിപ്പിച്ചുകൊണ്ടിരുന്നു!

ഈദ് അവധിക്ക് എല്ലാവരും കൂടി സാന്‍ഡ്യുണിംഗിനു പോകാനുള്ള പ്ലാന്‍ ജേക്കബിന്റെതായിരുന്നു. മീറ്റിംഗ് പോയിന്റ് തീരുമാനിക്കുന്നതിലും, എത്രവണ്ടി വേണം എന്നതിലും അത്യാവശ്യം ‘റം ആരെടുക്കും, വോഡ്ക എത്ര വേണ്ടിവരും, പുതിയ കുത്ത് ചീട്ട് ആര് മേടിക്കും’ എന്നുള്ളവയായിരുന്നൂ പ്രധാന അജണ്ട! ചിപ്‌സും പെപ്‌സിയും ബിജു അങ്കിളിന്റെ വണ്ടിയില്‍ മാത്രമെയുള്ളു എന്നറിയാവുന്ന കുട്ടികള്‍ മിക്കവരും ഞങ്ങളുടെ കൂടെ വണ്ടിയില്‍ കയറി. അവിടെ ചെന്നിട്ടോ,വഴി എല്ലാവര്‍ക്കുമറിയാമെന്ന് സ്വയം അഭിമാനിച്ച ജേക്കബ് വണ്ടി കത്തിച്ചുവിട്ടു. പുറകെ വരുന്ന, മനുവിന്റെ വണ്ടിയോ, ജോബിയുടെ വണ്ടിയുടെ ടയര്‍ മണ്ണില്‍ പുതഞ്ഞു പോയതോ ഒന്നുമറിയാതെ.

രണ്ടു ദിവസത്തെ ഒട്ടകസവാരിയും, സാന്‍ഡ്‌ബൈക്കിംഗും കഴിഞ്ഞ് 15 പേര്‍ക്ക് ഒരുമിച്ചു കിടക്കാവുന്ന ഡോര്‍മെട്രിയില്‍ എത്തി. കുളിയും തേവാരവും കഴിഞ്ഞെത്തിയവര്‍ക്കായി, ജേക്കബും റേച്ചലും ഒരു വെടിക്കെട്ട് ന്യൂസ് തയ്യാറാക്കിയിരുന്നു.

‘അപ്പൊ എല്ലാരും ഒന്നിരുന്നേ….’

”റെയിച്ചി, നീ വന്നെ” ജേക്കബ് വിളിച്ചു,

”വേണ്ട, ജുനു അങ്ങ് പറഞ്ഞാല്‍ മതി!”റേച്ചല്‍ മുഖമുയര്‍ത്താതെ പറഞ്ഞു.( റെയിച്ചിയുടെ മാത്രം ജുനു’ എന്ന ഓമനപ്പേര്)

അങ്ങനെ ജേക്കബ് പടക്കം പൊട്ടിച്ചു,”ഞാനും റെയ്ച്ചിയും പിള്ളാരും കുവൈറ്റിലേക്ക് ട്രാന്‍സ്ഫര്‍ ആകുകയാണ്”.

എല്ലാരും സ്തബ്ധരായിരുന്നു പോയി. സങ്കടങ്ങളും,പരിഭവങ്ങങ്ങളും അണപൊട്ടിയൊഴുകി! ഇതിനിടയില്‍ കണ്ണിറുക്കി ജേക്കബ് കൈകാണിച്ചു.”പതുക്കെ, പതുക്കെ” റെയിച്ചിയുടെ മനസ്സിന്റെ ഏങ്ങലുകള്‍, അവിടെയിരുന്നു ഏതാണ്ട് എല്ലാവരുടെയും മുഖങ്ങളിലേക്കും പടര്‍ന്നു.

വേര്‍പിരിയലുകള്‍ക്ക് അവിടെ തുടക്കമായി!

ഡെന്റിസ്റ്റ് ഡാക്കിട്ടര്‍ സിനി ഞങ്ങളുടെ എല്ലാവരുടെയും ഭിഷഗ്വരയായിരുന്നു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നു വരുന്ന കുട്ടികളെ നോക്കാന്‍ പാര്‍ടൈം ജോലിക്കാരെ മാറി മാറി പരീക്ഷിച്ച സിനി അവസാനം കുട്ടികളെ എല്ലാം സ്വയം ചെയ്യാന്‍ പരിശീലിപ്പിച്ച മിടുക്കി. ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞെത്തിയ ഷീതയെ കാണാന്‍ ചെന്നപ്പോള്‍ കൂടെ നാട്ടില്‍ നിന്നെത്തിയ അമ്മയുടെ സന്തോഷവും, ഈ കൂട്ടുകാരെക്കെയുണ്ടല്ലോ ഇവിടെ എന്ന സമാധാനവും അമ്മയുടെ മുഖത്ത് തെളിഞ്ഞു. ഓരോരുത്തരും കൊണ്ടുവന്ന കറിയും ചോറും എടുത്തുവെക്കുന്ന അമ്മയുടെ മുഖത്ത് ആശ്വാസം പ്രകടമായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറും, ഇവിടുത്തെ കോളജ് ടീച്ചറും ആയ ഷീതയുടെ ധൈര്യം അറിയാത്ത പാവം അമ്മ. കൂടെ മനു മാത്യു എന്ന ഭര്‍ത്താവും!

ഞങ്ങളുടെ എല്ലാം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ടീച്ചറായ അശ്വതി, കൂടെ ഈന്തപഴത്തിന്റെ ‘ഫാന്‍’ ആയ ഭര്‍ത്താവ് അശോക്! മനുവും സോനയും, സുന്ദരിമണികളായ രണ്ടു പെണ്‍കുട്ടികളടങ്ങുന്ന മനുകുമാര്‍!
ജോബിയും പ്രീതിയും മക്കളും എന്നും എവിടെയും എന്തിനും എവര്‍ റെഡി! എന്‍ജിനീയറിംഗ് അലുമ്‌നിയുടെ ഒട്ടുമിക്ക ക്രിസ്തുമസ്സ് ഓണ ആഘോഷങ്ങളും, ഈദും.

കേരള എന്‍ജിനീയറിംഗ് അസോസിയേഷന്റെ സമ്മര്‍ ഫെയറുകളൂം മറ്റു വിശേഷങ്ങള്‍ക്കും ഞങ്ങള്‍ ആറ് കുടുംബത്തിന്റെ ‘ഫുഡ് സ്റ്റോള്‍’ ഇല്ലാതെ പൂര്‍ണ്ണമാവില്ല എന്നായി! കപ്പയും ബീഫും,ചിക്കന്‍ കറിയും, ആദ്യത്തെ ഒരു മണിക്കൂറില്‍ തീരും! ഞങ്ങള്‍ക്ക് കഴിക്കാന്‍ മാറ്റിവച്ചതു തീരുമ്പോള്‍ വിശന്നിരിക്കുന്ന കുട്ടികളെയും കൂട്ടി ഒരു ടര്‍ക്കിഷ് ഗ്രില്ലിലും ജൂസിലും അവസാനിക്കും ഡിന്നര്‍.

അങ്ങനെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ”ഞങ്ങടെ ഗാങ്ങ്” ആയി മാറി.ഞങ്ങള്‍ ഭാര്യമാരും അവരുടെ ഭര്‍ത്താക്കന്മാരും മാത്രം! ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ ചൂടില്‍ പ്രവാസ ജീവിതത്തിന്റെ ഊഷരതകളില്‍ ജീവിതത്തിന്റെ വ്യത്യസ്തമായ അനുഭവതലങ്ങളില്‍ പരസ്പരമുള്ള ഗുഡ്‌മോര്‍ണിംഗും,വിശേഷം പറച്ചിലുകളും തുടര്‍ന്നു.

ഈ കോവിഡ്കാലത്ത് നേരിട്ടു കാണാന്‍ പറ്റില്ലെങ്കിലും സൂം വീഡിയോയും വീഡിയോ കോളുകളും ഉപകാരമായി!

ഷീതക്ക് പനിപിടിക്കുമ്പോഴും, എന്റെ എഴുത്തിന്റെ അക്ഷരത്തെറ്റുകള്‍ വിളിച്ചു പറയാനും, അശ്വതിക്ക് സ്‌കൂളിന്റെ വീഡിയോ ഓണ്‍ലൈന്‍ ക്ലാസ്സ് കാരണം, കൂടെയുള്ള ടീച്ചര്‍മാര്‍ക്ക് വീട്ടില്‍ ചിലപ്പോള്‍ ആഹാരം ഉണ്ടാക്കാനാവാതെ ”ആ ഹൊം ഫൂഡ് ഉണ്ടാക്കുന്നവരുടെ നംബര്‍ തരൂ?”എന്ന് പറയാനും, ”ജോബിയെ കാണാനില്ലല്ലോ, എവിടെടേയാ?”എന്നു വിളിക്കാനും കൂടിച്ചേരാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുവാനും ഈ ‘ഗാങ്ങ്’ഒരിക്കലും മറക്കാറില്ലായിരുന്നു.

ആരെയും മറക്കാതെ എന്നും എല്ലാവരുടെയും സുഖദുഖങ്ങളില്‍ പങ്കുചേര്‍ന്നു ”ഗാങ് സ്‌നേഹകൂട്”.

ഒമാന്‍ മരുഭൂമിയില്‍ വന്നുപെട്ട നാള്‍ മുതല്‍, എന്നോ എവിടെയോ കണ്ടൂ പരിചയമുള്ള മുഖങ്ങളെ മറക്കാതെ ഒരോ തൂവലുകളും ശ്രദ്ധിച്ച് സൂക്ഷിച്ച്, കൂട്ടിവച്ചു വളര്‍ന്ന ഗാങ്ങ്”ഇപ്പൊ കോവിഡ് അനിശ്ചിതത്തിന്റെ മഹാമാരിയില്‍ ആടിയുലഞ്ഞു തുടങ്ങി! കൂടെ എല്ലാ ഗള്‍ഫ് നാടുകളിലും കോവിഡിന്റെ ചുഴലിക്കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു.
ഈ കാറ്റത്ത് ഓരോ പീലികള്‍ പറന്നുപോയേക്കാം. പക്ഷേ,എന്റെ മനസ്സില്‍നിന്ന് ഈ ‘ഗാങ്ങ്’ വിട്ടുപോകില്ല എന്ന വിശ്വാസവും പ്രതീക്ഷയുമാണ് എനിക്കുള്ളത്. ഒരിക്കലും മനസ്സില്‍ നിന്ന് പറന്നു പോകാനാവാത്ത അത്രയും ആഴത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന ചില ഹൃദയാത്മ ബന്ധനങ്ങള്‍.

മനസിന്റെ ഏതോ കോണില്‍ മയില്‍പീലിതുണ്ട് പോലെ സൂക്ഷിക്കപ്പെട്ട ആറു കുടുംബങ്ങള്‍, അവരുടെ ജീവിതനിമീഷങ്ങള്‍ എഴുതാനും മാത്രമുണ്ട്……

ആദ്യത്തെ മസ്‌കറ്റ് തൂവല്‍ പൊഴിഞ്ഞു,ജേക്കബും റെയ്ച്ചിയും!

ഞങ്ങളുടെ ഗാങ്ങിന്റെ നെടുംതൂണായ,എല്ലാറ്റിനും ഊര്‍ജ്ജം വിതറുന്ന, പ്രസിരിപ്പിന്റെ ആകാശത്തേക്ക് ഞങ്ങളുടെ ചിന്തകളെ പറത്തിവിട്ടിരുന്ന ജേക്കബ്. ഒപ്പം സ്‌നേഹം മാത്രം കൈമുതലായുള്ള റെയിച്ചി! ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാന വാക്കായിരുന്നു അവന്‍!
അവര്‍ കുവൈറ്റിലേക്ക് ചേക്കേറി!ജേക്കബിന്റെയും റെയിച്ചിയുടെയും കൂടെ ഞങ്ങളുടെയും സ്വപ്നങ്ങളെയും തകിടം മറിച്ചുകൊണ്ടാണ് അവരുടെ കുവൈറ്റിലേക്കുള്ള പലായനവും,ഒപ്പം കോവിഡ് തരംഗവും എത്തിയത്!

ഗള്‍ഫിലെ കണക്കില്‍ ഏറ്റവും മുന്നിലെത്തിയ കോവിഡ്കാല ജീവിതകഥകളായ ‘ഗാങ് കഥകളുടെ തുടര്‍ച്ച, ഒന്നൊന്നായി വായിക്കാം!