സപ്നയുടെ ഗൾഫ് മനോരം കോളം – അക്കരെ ഇക്കരെ
മറ്റൊരു ശിവരാത്രികൂടികടന്നുപോയി….ആര്, ആർക്കുവേണ്ടി , എന്തിനുവേണ്ടിയാണ് ശിവരാത്രി എന്നാരും ചിന്തിക്കാറുണ്ടോ എന്നറിയില്ല, ഇതിന്റെ മഹത്വം എന്താണെന്നുകൂടി അന്വേഷിക്കാറുണ്ടോ എന്നും തോന്നി, മനസ്സിൽ ! ഇന്ന് എന്തും ഏതിനും ഉത്തരംതേടുന്നവർ, ഫെയിസ് ബുക്കിൽ നിന്നു മാറി “ വാട്സ്അപ്പ്” കാലത്തിലേക്ക് ചുവടുമാറ്റി. എന്നാൽ അവിടെത്തന്നെ തുടങ്ങാം! സൌഹൃദങ്ങളുടെ പേരിൽ ഞങ്ങൾ തുടങ്ങിയ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ശിവന്റെ ചിത്രത്തിനടിയിൽ ‘മഹാശിവരാത്രി ‘ ആശംസകൾക്കടിയിൽ ഞാനെന്റെ ചോദ്യം മംഗ്ലീഷിൽ റ്റൈപ്പ് ചെയ്തു. ആന്റ്റ്രോയിഡിന് ഇന്നുവരെ, മൊഴികീമാനുമായി സഖ്യം ചേരാത്തതിന്റെ ഭലമായി ഇന്നും മംഗ്ലീഷിന്റെതന്നെ കൈപിടിക്കണം ഒരു വാക്ക് മലയാളത്തിൽ ഫോണിൽ റ്റൈപ്പാൻ! എന്താ ഈ ശിവരാത്രി? എന്റെ ചോദ്യത്തിന് ഉത്തരം, ശബ്ദരേഖയായി എത്തി, ഞങ്ങളുടെ എൻസൈക്ലോപ്പീടിയ എന്നു വിശേഷിപ്പിക്കാവുന്ന ദേവിയിൽ നിന്ന്!!
പാലാഴി മഥിക്കുമ്പോൾ ഉയർന്നുവന്ന കാളകൂടവിഷം, ലോകത്തെ ദഹിച്ചു നശിപ്പിക്കുമെന്ന നില വന്നുകൂടി . സാഹസികനും രുദ്രമൂർത്തിയായ ശിവൻ ആ വിഷദ്രാവകം മുഴുവൻ ലോകനന്മക്കയി കഴിച്ച രാത്രിയാണ് ശിവരാത്രി. ഇതു കണ്ട് ഭയവിഹ്വലയായ പാർവ്വതി തന്റെ ഭർത്താവിന്റെ ജീവനെ രക്ഷിക്കാനായി, ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായിൽ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാൻ മഹാവിഷ്ണു ശിവന്റെ വായ് പൊത്തിയും പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തിൽ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവൻ “നീലകണ്ഠ” നായിത്തീർന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവർണ്ണ‘’നും, ശ്രീപാർവ്വതി ‘’കാളി’‘യുമായി. ഭർത്താവിന്റെ രക്ഷക്കും, ആരോഗ്യത്തിനുമായി ഭാര്യയുടെ പൂർണ്ണസംരക്ഷണവും, പിന്തുണയും പ്രകടമാക്കപ്പെടുന്നു എന്നതാണ് വ്രതത്തിന്‍റെ മഹത്വം. ദൈവം ചേത്തുവെച്ചതിനെ മനുഷ്യൻ വേർപിരിക്കാൻ പാടില്ല എന്നുകൂടി ഈ വിധത്തിൽ, സ്വന്തം ജീവിതത്താൻ ഉദാഹരണസഹിതം കാട്ടിത്തരുന്നില്ലേ ഇവിടെ ശിവനും പാർവ്വതിയും! കാലത്തിന്റെയും, സമൂഹത്തിന്റെയും, ജാതിയുടെ സമ്മർദ്ദത്താലും സ്വാർത്ഥതാല്പ്യത്താലും ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെ വളരെ ലാഘവത്തോടെ കാണുന്നു ഇന്നത്തെ കാലഘട്ടത്തിന്റെ തലമുറ!. ഈവക ആചാരനുഷ്ടാനങ്ങൾ കാട്ടിക്കൊടുക്കാനും , ദൈവങ്ങൾ സ്വന്തം ജീവിതംകൊണ്ട് ബന്ധങ്ങളുടെ മാതൃകകൾ കാണിച്ചുതന്നതിന്റെയും ഓർമ്മപുതുക്കൽ കൂടിയാവട്ടെ നമ്മുടെ ഈ ശിവരാത്രികൾ.
എല്ലാ ഭർതൃമതികളും ഭർത്താവിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി നോംബുനൊറ്റു പ്രാർത്ഥിക്കുന്ന ദിവസം എന്നുകൂടി ഇതിനൊരു പ്രത്യേകതയുണ്ട് ശിവരാത്രിക്ക്. എന്നാൽ ശിവരാത്രിവ്രതം സർവ്വപാപഹരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത് ഭാര്യയും ഭർത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം. അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീർ, പഴം, പാൽ എന്നിവ മിതമായി കഴിക്കാം. ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നത് വ്രതത്തിന്‍റെ ഫലസിദ്ധി വർദ്ധിപ്പിക്കും എന്നതും വളരെ പ്രസക്തമാണ്. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിച്ച് വേണം ശിവരാത്രി വൃതം ആരംഭിക്കാൻ. ‘അ’, ‘ഉ’, ‘മ്‌’ എന്നീ ശബ്ദങ്ങളുടെ ഒത്തുചേരലാണ്‌ ഓം. ഇത്‌ പരബ്രഹ്മത്തിന്റെ പ്രതീകമാണ്‌. പ്രണവത്തിന്റെ പര്യായമായ, സ്തുതിക്കപ്പെടുന്നത്‌ എന്നതാണിതിനെ അർത്ഥം. ഭൂതവും, ഭാവിയും, വർത്തമാനവുമായിട്ടുള്ളതെല്ലാം ഓംകാരമാണ്‌ .ശിവന് ഏറെ ഇഷ്ടം ജലധാരയാണ്. കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും ശിവന് പ്രിയം തന്നെ. സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും പുരുഷൻ‌മാർ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. അന്ന് ഉറക്കമൊഴിയുന്നത് നല്ലതാണ്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ക്ഷേത്ര ദർശനം നടത്തി വേണം വ്രതം അവസാനിപ്പിക്കേണ്ടത് എന്ന് ഹൈന്ദവ ആചാരങ്ങൾ നിഷ്ക്കർഷിക്കുന്നു.
അഹങ്കാരത്താൽ മനസ്സിനും, ബുദ്ധിക്കും ജരാനരകൾ ബാധിച്ച മനുഷ്യനെ അതിൽനിന്ന് മോചിപ്പിക്കാനായി ദൈവം നല്‍കിയ ജ്ഞാനത്തെ ബുദ്ധികൊണ്ട് ആലോചിക്കുംബോൾ ദുർവികാരങ്ങൾക്ക് അടിപ്പെട്ട മനസ്സിൽ നിന്ന് ആദ്യം വിഷം പുറന്തള്ളപ്പെടുന്നു. എന്നാൽ ഭയപ്പെടാതെ അത് ഈശ്വരനിൽ സമർപ്പിച്ചാൽ ഈശ്വരൻ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ദൈവം ബുദ്ധിയിൽ കാട്ടിത്തരുന്ന ഉദയം ഈശ്വര ജ്ഞാനത്തിന്റെ അമൃതം, മനസ്സിനെ ബാധിച്ച ബന്ധനങ്ങളെയു നീക്കി, അതിനെ ശക്തമാക്കി ജീവിതം ശാന്തമാക്കുന്നു. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും ഈ ശക്തിശ്രോതസ്സിന്റെ ഉദാഹരണമാണ്.
ഹിന്ധുക്കളുടെ ഒരു ആഘോഷമാണ് ശിവരാത്രി എങ്കിലും ഇൻഡ്യ ഒട്ടുക്കുള്ള എല്ലാ ഹൈന്ദവരും ശിവരാത്രി ആഘോഷിക്കുന്നു. മഹാശിവരാത്രി എന്നും ഇതിന് പേരുണ്ട്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിലകൊണ്ട് ശിവനെ പൂജിക്കുന്നത് സന്താനം , കീർത്തി ദീർഘായുസ്സ് എന്നിവനേടാൻ സാധിക്കുമെന്നും വിശ്വാസമുണ്ട്. ശക്തി ശ്രോതസുകളായ സൂര്യൻ,ചന്ദ്രൻ, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങൾ ഉള്ളവനുമായ ശിവൻ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂർത്തീഭാവമായും ജഗത്ഗുരുവായും പ്രതിപാദിക്കുന്നു. ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ക്ഷേത്രം , മാന്നാർ തൃക്കുരട്ടി ക്ഷേത്രം , പടനിലം പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. പെരിയാറിന്റെ തീരമായ ആലുവ മണൽ‌പ്പുറത്ത പിതൃതർപ്പണം ചെയ്യുവാനായി അനേകായിരം ഭക്തന്മാ‍രാണ് ഓരോവർഷവും എത്തുന്നത്.
പിതൃതർപ്പണംത്തോടൊപ്പം ,ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കാൻ നാം നമ്മുടെ വരുംതലമുറകൾക്ക് മാതൃകയായി പ്രവർത്തിച്ചു കാണിക്കുക. പ്രാർഥനയുടെയും , വൃതശുദ്ധിയുടെയും, ആവശ്യവും അത് മനസ്സിനും ശരീരത്തിനും തരുന്ന പവിത്രതയും വളരെ വലുതാണെന്നു പറഞ്ഞു മനസ്സിലാക്കുക. പുസ്തകങ്ങളിലും, വിദ്ധ്യാഭ്യാസത്തിനൊപ്പം നമ്മുടെ വീടികളിൽ നിന്നു, നാം നമ്മുടെ കുട്ടികൾക്കു പകർന്നുകൊടുക്കേണ്ട അടിസ്ഥാനപരമായ ചിട്ടകളാതെല്ലാം ആണിവ. ശിവരാത്രിയെക്കുറിച്ചുള്ള സങ്കൽപ്പവും സ്മരണയുമാണ്‌ നാം അവർക്കു നൽകേണ്ടത്‌. ഇന്ന്‌ ആളുകൾക്ക്‌ ഈ സ്മരണയുണ്ടോ? സിനിമതീയറ്ററിൽ ആണ് പലരും ശിവരാത്രി നോൽക്കുന്നത്‌. ഉറങ്ങാ‍ൻ പാടില്ല എന്ന വൃതത്തിനു കോട്ടംവരാതിരിക്കാണാണ് ഈ നിഷ്ട! സിനിമക്കൊട്ടയിലായാലും നാടകശാലയിലായാലും ശിവനെ വേണ്ടിയാണല്ലോ പോകുന്നത്‌. അതൊക്കെ പ്രപഞ്ച ശക്തിയുടെ വൈഭവങ്ങൾ എന്ന്‌ തന്നെ കരുതാം. ഉണർവോടുകൂടി നാം സ്വീകരിക്കുന്ന ആ വിശ്വാസമാണ്‌ നമ്മെ വളർത്തുന്നത്‌, നമ്മുടെ തലമുറയെ നേർവ്വഴിക്കു നടത്തുന്നത്. ശരിയായ വിശ്വാസമില്ലാതെ ഒരാൾക്കും ആത്മീയ പുരോഗതി കൈവരിക്കാൻ സാധിക്കില്ല. വിശ്വാസമാണ്‌ നമുക്ക്‌ മുന്നോട്ടുപോകാനുള്ള ഊർജ്ജം പകരുന്നത്‌.
ശിവപൂജയ്ക്കുള്ള സ്തോത്രം:
“ആവാഹിച്ചീടുന്നേൻ ഞാൻ ഭൂമി മുക്തികൾ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെബ്ഭക്തിയോടെ
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാൻ
തരണിയായുള്ളൊരു ശിവനെ! നമസ്കാരം
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ
സൗഖ്യങ്ങളരുളീടും ശിവനു നമസ്കാരം!