ഒരു പ്രലോഗ് –ഷീല ടോമി
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും,
ഹസിക്കും പൂക്കള്‍ കൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും,
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ‍ വ്രണിതപ്രതീക്ഷയില്‍
മര്‍ത്യനിപ്പദം രണ്ടും, “ഓര്‍ക്കുക വല്ലപ്പോഴും“. (പി. ഭാസ്കരന്‍ )
ഷീല എഴുതിയ ഒരു ഓര്‍മ്മക്കുറിപ്പില്‍ പി ഭാസ്കരന്‍ സാറിന്റെ ഈ കവിതാശകലം കാണാം. ഷീല എഴുതുന്നു, “വർഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ……………..ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും.“ദോഹയിലെ എഴുത്തുകാര്‍ക്ക്‌ നല്‍കുന്ന സമന്വയം സാഹിതീ പുരസ്കാരത്തിനു ഈ വര്‍ഷം അര്‍ഹയായ ഷീല റ്റോമിയുടെ ഓര്‍മ്മക്കുറിപ്പിന്റെ ഒരു ഭാഗമാണിത്.മികച്ച ബ്ലോഗ്‌ രചനകളെ പരിചയപ്പെടുത്തുന്ന ‘ഇരിപ്പിടം’ ബ്ലോഗില്‍ ഷീലയുടെ കഥയെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
“ഷീലാ ടോമിയുടെ കാടോടിക്കാറ്റ് ബ്ളോഗില്‍ മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം .ഒരു ഡാമിന്റെ, അതുയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടതും വായിക്കപ്പെടുന്നതും. സമകാലിന യാഥാര്‍ത്ഥ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന കഥ ഫാന്റസിയുടെ അതി നിഗൂഡത നിറഞ്ഞ അത്ഭുതങ്ങളിലേക്ക് സന്നിവേശിപ്പിച്ചവിഭ്രമാത്മകമായ ഒരു തലത്തില്‍ വായനക്കാരനെ കൊണ്ട് ചെന്നെത്തിക്കുന്നതിനൊപ്പം മൂന്നാം ലോക രാജ്യങ്ങില്‍ വേരൂന്നിയ മുതലാളിത്ത സങ്കല്‍പ്പങ്ങളില്‍ അധിഷ്ടിതമായ വികസന തന്ത്രങ്ങള്‍ക്കടിപ്പെട്ട് തട്ടകങ്ങളും ആവാസ വ്യവസ്ഥകളും തകര്‍ന്നു തരിപ്പണമാകുന്ന മണ്ണിന്റെ /കാടിന്റെ മക്കളുടെ ചിത്രം കൂടിയാകുന്നു ഷീല യുടെ തൂലിക വരച്ചിടുന്നത് .
ജലമെത്തിയ ഇടങ്ങളില്‍ തോട്ടങ്ങള്‍ തഴച്ചു വളര്‍ന്നു. കാടുകള്‍ വിട്ട് ചേരികളില്‍ കുടിയേറിയ കുട്ടികള്‍ ദാഹിച്ചു മരിച്ചുകൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരെക്കുറിച്ച്… മുങ്ങിപ്പോയ മണ്ണിനേയും മനസ്സിനെയും മറന്ന് ആളുകള്‍ പിന്നെയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു.
മനോഹരമായ പ്രയോഗങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാണ് ഈ കഥ. ചില ഉദാഹരണങ്ങള്‍ :
(1) കീഴ്ക്കാംതൂക്കായ പാറകളില്‍ പിടിച്ചു കയറി വള്ളിക്കുടിലില്‍ ഒളിച്ചു അവളും മഞ്ഞും
(2) തുലാമാസം പോയതറിയാതെ മേഘങ്ങള്‍ വിങ്ങി നിന്നു മാനത്ത്‌. ..
(3) കിതക്കുകയാണ് അയാളും ഇരുട്ടും.
ഒരു കവിത വായിക്കുന്നത് പോലെയാണ് ഈ കഥയിലൂടെ സഞ്ചരിച്ചത് .അല്ല ഇതിലെ വാചകങ്ങള്‍ പലതും കവിതയുടെ സുന്ദര സ്പര്‍ശം ഉള്ളത് തന്നെയാണ് .
Samanwayam Sahithee Puraskaaram ഒരു surprise ആയിരുന്നോ? എന്താണ് ഈ പുരസ്കാരം?
തീര്‍ത്തും surprise ആയിരുന്നു. ദോഹയിലെ സാംസ്കാരിക കൂട്ടായ്മയായ സമന്വയം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ്. ഈ വര്‍ഷം കഥക്കാണ് നല്‍കിയത്. ഇത് വരെ പബ്ലിഷ് ചെയ്യാത്ത കഥകളാണ് ക്ഷണിച്ചത്‌. ഈ വര്‍ഷം സി. രാധാകൃഷ്ണന്‍, കെ.ആര്‍ മീര, ബെന്യാമിന്‍ ഇവരായിരുന്നു ജൂറിയില്‍.
എപ്പോളാണ് എഴുതി തുടങ്ങിയത്?
സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുതും. അന്ന്‍ കഥ, കവിത ഒക്കെയായി യുവജനോല്‍സവം സ്റ്റേറ്റ് ലെവലില്‍ ഒക്കെ പോയിരുന്നു. പിന്നെ എഞ്ചിനീയറിംഗ് പഠനത്തിലേക്ക്. പഠനത്തിനു ശേഷം ജോലിയിലെക്കും ജീവിതത്തിന്‍റെ തിരക്കിലേക്കും കടന്നപ്പോള്‍ എഴുത്തൊന്നും നടന്നില്ല. അക്ഷരങ്ങളെ തിരികെ പിടിക്കാനുള്ള ആഗ്രഹത്തില്‍ അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍..
ആദ്യം എഴുതി പ്രസിദ്ധീകരിച്ചത്?
മുന്‍നിര മാധ്യമങ്ങളില്‍ ഒന്നും എഴുതിയിട്ടില്ല. ഗള്‍ഫ്‌ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. അറേബ്യ, മാനസി, മയൂരി, പത്രങ്ങളുടെ ഗള്‍ഫ്‌ ഫീച്ചര്‍ .. അങ്ങനെ ഓരോ ഇടങ്ങളില്‍. പുഴ.com ല്‍ എഴുതാറുണ്ട്. പുഴ ഇറക്കിയ പുസ്തകത്തില്‍ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഴയുടെ കഥാ അവാര്‍ഡ്‌ കിട്ടിയിരുന്നു. അബുദാബി അരങ്ങ് സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പിന്നെ ദോഹ സംസ്കൃതിയുടെ കഥയരങ്ങ് 2012 ലും CAAK (confederation of alumni association) ദോഹ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും, പുരസ്കാരം ലഭിച്ചു. വര്‍ത്തമാനം ‘Writer’s Club‘ ലെ മെംബര്‍ ആണ്. കൂടാതെ FCC വനിതാ വേദിയിലും ഉണ്ട്.
ബ്ലോഗ്‌ എഴുതാറുണ്ടോ?
ഒരു ബ്ലോഗ്‌ ഇപ്പോള്‍ തുറന്നിട്ടെയുള്ളൂ… കാടോടിക്കാറ്റ്‌ Sheela Tomy കവിതകള്‍ ,കഥകള്‍ , വായന ധാരാളം ഉണ്ടോ? ഇന്നത്തെ വെര്‍ച്ചുവല്‍ ലോകത്തില്‍ ധാരാളം നല്ല എഴുത്തുകാര്‍ ഉണ്ട് എന്നത് നല്ലകാര്യം അല്ലെ?എഴുത്ത് കുറവാണെങ്കിലും ഞാന്‍ ഒരുപാട് വായിക്കും. എല്ലാം വായിക്കും കഥയും കവിതയും ലേഖനങ്ങളും.ഇന്റെര്‍നെറ്റിന്റെ വരവോടെ ധാരാളം എഴുത്തുകാര്‍ വന്നു. എല്ലാവര്‍ക്കും എഴുത്തുകളും,കലകളും പ്രദര്‍ശിപ്പാക്കാനുള്ള ഒരവസം കിട്ടി. ഒരുവിധത്തില്‍ എല്ലാവര്‍ക്കും ആത്മ പ്രകാശനത്തിനു അവസരം ലഭിക്കുന്നത് നല്ലതാ. ഒരുപാട് എഴുത്തുകാര്‍ ഉണ്ടാകുമ്പോള്‍ വായനക്കാര്‍ സെലെക്ടിവ് ആകും. വായനക്കാരെക്കാള്‍ എഴുത്തുകാര്‍ ഉണ്ടാവുന്നതും ഒരു പ്രശ്നമാണ്. എന്നാലും നല്ല എഴുത്ത്, അച്ചടിയോ, വെര്‍ച്വലോ എവിടെയാണെങ്കിലും നിലനില്‍ക്കും.
ഷീലയുടെ അവാര്‍ഡ് കിട്ടിയ കഥയെപ്പറ്റി പറയൂ?
അവാര്‍ഡ്‌ കിട്ടിയ കഥ- മെല്ക്വിയാടിസിന്‍റെ പ്രളയ പുസ്തകം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്‌ ന്‍റെ പ്രശസ്തമായ ‘ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍’ എന്ന നോവലിലെ കഥാപാത്രമാണ് മേല്ക്വിയടിസ് എന്ന ജിപ്സി. ആ ജിപ്സിയിലൂടെ ഒരു ദേശത്തിന്‍റെ നാശതെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കു വെക്കുകയാണ് എന്‍റെ കഥയില്‍. മാജിക്ല്‍ റിയലിസത്തിന്‍റെ മനോഹരമായ ആവിഷ്കാരമായ മാര്‍ക്വിസിന്റെ നോവലിലെ മാകൊണ്ട നഗരത്തിന്‍റെ നാശത്തെ ഈ കഥാ പരിസരത്തിലേക്ക് കൊണ്ട് വരുവാന്‍ ഒരു ശ്രമം നടത്തിയതാണ് ഞാന്‍. ദേശത്തിന്‍റെ നാശത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന്‍ ഒരു പെണ്‍കുട്ടിയുടെ നാശത്തിലേക്ക് വളരുന്നു കഥ. ദേശവും സ്ത്രീയും ഒരേ നാണയത്തിന്‍റെ ഇരു പുറങ്ങള്‍ തന്നെയാണല്ലോ. അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞ സൗമ്യയെ പോലെ ഒരു കുട്ടിയുടെ അന്ത്യവും കഥയിലുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്നം ആയിരുന്നു ത്രെഡ്. ഡാമിനെ കുറിച്ചു പഠിക്കാന്‍ പോകുന്ന ഇസബെല്ല എന്ന എഞ്ചിനീയറിംഗ് ബിരുദധാരിണിയെ കാത്തിരിക്കുന്ന വിചിത്രമായ ചില അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചുരതിലൂടെയുള്ള യാത്രയില്‍ രാത്രിയില്‍ തങ്ങേണ്ടി വരുന്ന കുടിലിലെ മുത്തശ്ശിയിലൂടെ പ്രകൃതി മാതാവിന്‍റെ സ്വരമാണ് കേള്‍ക്കുന്നത്. അവിടെയാണ് മേല്ക്വിയാടിസ് കടന്നു വരുന്നതും. കഥയുടെ ഓടുവില്‍ മേല്ക്വിയാടിസ്നിന്റെ പൊടി മൂടിയ ദൂരദര്‍ശിനി മാത്രം ബാക്കിയാവുന്നു. സമകാലിക പ്രശ്നങ്ങളെ കാലദേശങ്ങളുടെ അതിര് കടത്തിക്കൊണ്ടു പോകുവാന്‍ ഒരു എളിയ ശ്രമം. ഒരു ജനതയെ അവരറിയാതെ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഉദ്യോഗസ്ഥ വൃന്ടത്തെയും ഒന്ന്‍ പരിഹസിക്കുകയും ചെയ്യുന്നുണ്ട് കഥ. കൂട്ടത്തില്‍ നാടിന്റെ ശാപമായ കര്‍ഷക ആത്മഹത്യയെക്കുരിച്ചു കൂടി പറയാതെ പറയുന്നു ഇസബെല്ലയുടെ അപ്പനിലൂടെ. .
ഷീലയുടെ വീട്, നാട്, കുടുംബം?
എന്റെ നാട് വയനാട്ടിലെ മാനന്തവാടി. മാതാപിതാക്കള്‍ അധ്യാപകര്‍ ആയിരുന്നു. ഭര്‍ത്താവ് ടോമിയും നാട്ടുകാരന്‍ തന്നെ. ദോഹയിലെ ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍ ഉണ്ട്. മിലന്‍, മാനസി, ജോണ്‍.
ഇഷ്ടപ്പെട്ട നിറം, ഭക്ഷണം, റ്റിവി പ്രോഗ്രാം, ഇഷ്ടപ്പെട്ട ഇടവേള വിനോദം?
ഇതെന്തിനാ ഇങ്ങനെ ഒരു ചോദ്യം?എങ്കിലും പറയാം.ഇളം നീലയും ഇളം ചുവപ്പും ഇഷ്ടം.ഭക്ഷണം നാടന്‍ ഭക്ഷണത്തോട് പ്രിയം.ടിവി പ്രോഗ്രാമില്‍ അന്വേഷണാത്മക ന്യൂസ്‌ റിപ്പോര്‍ട്ടുകള്‍ എന്തുതന്നെയായാലും താത്പര്യം തന്നെ.വിനോദം പാട്ട് കേള്‍ക്കും.. ഒരുപാട്.
പഠിച്ചിരുന്ന കോളേജ് സുഹൃത്തുക്കള്‍ , ഇന്നും അവരുമായി കൂട്ടുകൂടാറുണ്ടോ?
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്‌.കൂട്ടുകാര്‍ ഒരുപാടുണ്ട്.ആശയ വിനിമയം കുറവാണെങ്കിലും എല്ലാരും മനസ്സിലുണ്ട്. കൂടെയുണ്ടെന്ന തോന്നലോടെ.
ഷീല എന്ന എഴുത്തുകാരി
ഷീലയുടെ പ്രിയസുഹൃത്തുക്കള്,അവരുടെ കഥകളും ബ്ലോഗുകളും എഴുത്തുകളെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്ക്‍ാ‍ന്‍അത്യുത്സാഹം തന്നെ കാട്ടി എന്നു പറയാം.കഥകളെ കടുത്ത മൂല്യനിര്ണ്ണയത്തിനോ വലിയ അപഗ്രഥനത്തിനോ വിധേയമാക്കാനല്ല, മറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക , അവരുടെ അനുവാദത്തോടെ,ഷീലയുടെ കഥയെയും കഥാപാത്രങ്ങളെയും സ്ഥിരം വായനയിലൂടെ അടുത്തറിഞ്ഞവരാണ്‍. കുഞ്ചൂസ് “ഭാവസാന്ദ്രമായ വരികള്‍ കൊണ്ടും ഒഴുക്കുള്ള ആഖ്യാന ശൈലി കൊണ്ടും പരിശുദ്ധമായ ജീവിതമുഹൂര്‍ത്തങ്ങളെ വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ കഴിവുള്ള കഥാകാരിയാണ് ഷീല ടോമി.“ഷീലയുടെ പുരസ്കാരങ്ങളുടെ മത്സരത്തിലെ ഒരു ജഡ്ജിയായിരുന്ന്“ആടുജീവിതം”എന്നസിനിമയായിപരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തക്ത്തിന്റ കഥാകൃത്തും കൂടിയായ ബെന്യാമിന്റെഅഭിപ്രായത്തില്‍….ഷീലയുടെ സമ്മാനാർഹമായ കഥയെക്കുറിച്ച് – സമകാലിക സംഭവങ്ങളെ മികച്ച രീതിയിൽ കഥയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ആ കഥയുടെ മികവായി ഞാൻ കാണുന്നത്. നിശ്ചയമായും ഷീലയിൽ ഭാവിയിലെ ഒരു മികച്ച എഴുത്തുകാരിയെ കാണുന്നു.. – ബെന്യാമിൻ
ഷീല റ്റോമി എന്ന സ്ത്രീജന്മം
ലിയോ സോഡിയാക് സിംബലില്‍ ആഗസ്റ്റ് 17 ജനിച്ച ഷീല റ്റോമി എന്ന മാനന്തവാടിക്കാരി . LIC of India യില്‍ ജോലി ആരംഭിച്ച് പി കെ എഫ് അബുദാബിയിലും പിന്നെ Ernst & Young ,ദോഹയിലും ജോലി ചെയ്തു. ഇതിനിടയില്‍ ജര്‍ണലിസവും പഠിച്ചു. പത്രങ്ങളില്‍ ഫീച്ചര്‍ എഴുതുകയും ചെയ്യുന്നുണ്ട്.
ഒരു ഏപ്പിലോഗ്
എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരനുവേണ്ടി സമപ്പിച്ച് ഓര്‍മ്മക്കുറിപ്പുകളും ,അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന വാക്കുകളുടെ ഹൃദയസ്പന്ദനം വായനക്കാര്‍ക്ക് ഷീലയുടെ കഥകളില്‍ നിന്നു വായിച്ചെടുക്കുമല്ലോ എന്ന വിശ്വാ‍സം തിര്‍ത്തും ഉണ്ട്.ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് ജീവിതങ്ങളുടെ കഥകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം.