IMG-20171121-WA0015

എന്താണ് ആരാണ്, ഏങ്ങനെയാണ്,സ്ത്രീയെന്നും, സ്ത്രീയക്കുറിച്ചും നമ്മുടെ കുട്ടികൾ മനസ്സിലാക്കുന്നത്, മിക്കവാറും, അമ്മ അല്ലെങ്കിൽ സഹോദരി,ചിലപ്പോൾ പിതാവിൽ നിന്നും ആവാം! അതിൽ ഇന്നും പറഞ്ഞു മനസ്സിലാക്കാൻ എല്ലാവരും ഒന്ന് മടിക്കുന്ന ഒരു ഭാഗം ആണ് മാസമുറ അല്ലെങ്കിൽ പീരീഡ്സ്! പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളിൽ ഒന്നാണ് ആര്‍ത്തവം. സ്ത്രീയും ആര്‍ത്തവും എപ്പോഴും പടിക്ക് പുറത്ത് നിര്‍ത്തപെടേണ്ടത് തന്നെയാണെന്ന ചിന്തയ്ക്ക് അല്‍പം പോലും മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.

ആര്‍ത്തവ കാലത്ത് സ്ത്രീകളുപോഗിക്കുന്ന സാനിറ്ററി പാഡുകൾ സിനിമയിൽ കാണിച്ചെന്ന ഒറ്റക്കാരണത്താൽ അക്ഷയ്കുമാറിന്‍റെ പാഡ്മാൻ എന്ന ചിത്രത്തിന് സെന്‍സർ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ സിനിമയായ പാഡ്മാന്റെ ന്യൂസുകൾ മീഡിയയിൽ പ്രതിഫലിക്കാൻ തുടങ്ങതോടെ പാഡ്മാൻ ചലഞ്ച് രാജ്യം മുഴുവൻ ഏറ്റെടുത്തിരിക്കയാണ്. നിരവധി പ്രമുഖരാണ് സാനിറ്ററി നാപ്കിനുകൾ ഉയര്‍ത്തിപ്പിടിച്ച് പാഡ്മാൻ ചലഞ്ച് ചിത്രങ്ങൾ എടുത്റ്റ്, റ്റ്വിറ്റർ, ഫെയിസ്ബുക്ക്,വാട്ട്സ് അപ്പ് എല്ലായിടത്തും പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഈ ഒരു സിനിമകഥക്ക് അപ്പുറം അരുണാചലം മുരുകാനന്ദം എന്ന തമിഴ്‌നാട്ടുകാരന്റെ നിശ്ചയ ദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ് പാഡ്മാൻ‘ എന്ന സിനിമ. ആര്‍ത്തവത്തെ ഒരു പേടി സ്വപ്‌നമായി കണ്ടിരുന്ന ഒരു ജനതയെ ‘രക്ത രഹിത വിപ്ലവ’ ത്തിലൂടെ സാഹായിച്ചത് കോയമ്പത്തൂരിനടുത്ത് ഒരു സാധാ ഗ്രാമത്തിൽ ജനിച്ച ഒരു മെക്കാനിക്കായ അരുണാചലം തന്റെ ഭാര്യയെ സ്നേഹിച്ച , ബഹുമാനിച്ച മനുഷ്യനായിരുന്നു. സാനിറ്ററി നാപ്കിനുകൾ ഒരു പേരുമാത്രമായിരുന്ന കാലത്ത് ആര്‍ത്തവ സമയത്ത് കീറതുണികളും പഴയ പത്രങ്ങളും ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളിലെ സ്ത്രീകളുടെ ദുരിതമകറ്റാനായി ഇറങ്ങി തിരിച്ച അരുണാചലത്തിന് പക്ഷേ ലഭിച്ചത് അവഗണനകളും കളിയാക്കലുകളും മാത്രമായിരുന്നു.സ്വന്തം ഭാര്യയും അമ്മയുമടക്കം ഉപേക്ഷിച്ചുപോയിട്ടും അരുണാചലം തളര്‍ന്നില്ല. തന്റെ കുടുംബത്തിലുള്ള സ്ത്രീകളടക്കം,നിരാലംബരും,സംബത്തിക ഭദ്രതതക്ക് താഴേക്കിടയിലുള്ള സ്ത്രീകൾക്കുവേണ്ടി ഒന്നടങ്കം ഒരു പരിഹാരം എന്നതായിരുന്നു അരുണാചലത്തിന്റെ ലക്ഷ്യം!

ഇങ്ങനെ ഒരു പരിശ്രമത്തിന് ഇറങ്ങി തിരിക്കാനുള്ള കാരണത്തെ തന്റെ ഭാര്യ തന്നെയായിരുന്നെന്നാണ് അരുണാചലം പറയുന്നു.1998 ൽ തന്റെ കല്ല്യാണം കഴിഞ്ഞത് ഭാര്യ ശാന്തി പഴന്തുണി ശേഖരിക്കുന്നതുകണ്ട് ‘നിനക്ക് നാപ്കിന് വാങ്ങിക്കൂടേ’ എന്ന ചോദ്യത്തിനു മറുപടി വന്നത് മറുചോദ്യമായിട്ടണ്. ‘നാപ്കിൻ വാങ്ങിയാല്‍പ്പിന്നെ കുട്ടികൾക്ക് പാലുവാങ്ങാൻ കാശുണ്ടാവില്ല’ എന്നായിരുന്നു. ഭാര്യക്ക് വിലകുറഞ്ഞ നാപ്കിൻ ഉണ്ടാക്കിയെടുക്കാനുള്ള അരുണാചലത്തിന്റെ ശ്രമത്തിന് അവിടെയാണ് തുടക്കമിട്ടത്!
അക്കാലത്ത് നാലുരൂപയ്ക്കാണ് സാനിറ്ററിപാഡ് വിറ്റിരുന്നത്. ആ നിലയ്ക്ക് നോക്കിയാൽ തന്റെ ഭാര്യയെപ്പോലുള്ളവർക്ക് ഒരുകാലത്തും പഴന്തുണിയില്‍നിന്ന് മോചനമുണ്ടാവില്ലെന്ന് അരുണാചലത്തിന് മനസ്സിലായി.ചിലവ് കുറഞ്ഞ പാഡുകൾ നിര്‍മിക്കാൻ അരുണാചലം സഹായത്തിനായി, ഭാര്യയോടും സഹോദരിയോടും ആവശ്യപ്പെട്ടെങ്കിലും അവർപോലും അതിന് തയ്യാറായില്ല. തുടര്‍ന്ന് നാട്ടിലെ മെഡിക്കൽ കോളേജിലെ വിദ്യാര്‍ഥിനികൾ ,സഹായിക്കാൻ സമ്മതിച്ചെങ്കിലും പിന്നീട് അവിടെയും നിരാശതന്നെയായിരുന്നു ഫലം. തീർത്തും നിരാശനായ അദ്ദേഹം ഒരാഴ്ചത്തേക്ക് സാനിറ്ററി പാഡ് ഉപയോഗിച്ചു നോക്കാന്‍തീരുമാനിച്ചു. ഫുട്ബോൾ ബ്ലാഡർകൊണ്ട് ഒരു കൃത്രിമഗർഭപാത്രം ഉണ്ടാക്കി അതിൽ ആടിന്റെ ചോര നിറച്ച് അത് അരയിൽ കെട്ടിയായിരുന്നു പരീക്ഷണം. ഇതും കൂടെയായപ്പോൾ നാട്ടുകാർ അരുണാചലത്തെ മുഴുഭ്രാന്തൻ, ലൈംഗീക രോഗിയെന്നും മുദ്ര കുത്തി. ഭാര്യയും അമ്മയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുകയും നാട്ടുകാർ അരുണാചലത്തെ അവരുടെ ഗ്രാമത്തിൽനിന്ന് പോലും പുറത്താക്കി.
എന്നാൽ പിന്‍മാറാൻ അദ്ദേഹം തയ്യാറായിരുന്നിതിനാൽ, തന്റെ പരീക്ഷണങ്ങളിലൂടെ ഒരു ദിവസം വിജയം കണ്ടെത്തി. ചിലവുകുറഞ്ഞ പാഡ് ഉണ്ടാക്കാനുള്ള മെഷീൻ കണ്ടുപിടിക്കുകയും അത് പ്രവർത്തിപ്പിച്ച് പാഡുകൾ നിർമ്മിച്ചു തുടങ്ങി. അതുവഴി തനിക്ക് ലാഭം ഉണ്ടാക്കാനോ ,മാർക്കറ്റിംഗ് സ്റ്റ്രാറ്റജികൾ കണ്ടുപിടിക്കാനോഅല്ല അദ്ദേഹം ചെയ്തത്. മറിച്ച് അരുണാചലം തന്റെ നാട്ടിന്‍പുറത്തുള്ള സ്ത്രീകളെ ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ പഠിപ്പിച്ചു, അതിലൂടെ പാഡിന്റെ നിര്‍മാണം സ്ത്രീകൾ നടത്തുന്ന സഹായസംഘങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു. 2014 ൽ ലോകത്തെ സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ, റ്റൈം മാഗസിൽ അരുണാചലത്തിന്റെ പേരും എഴുതിച്ചേർത്തു. നമ്മുടെ ര്രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നല്‍കി ആദരിച്ചു. ഇന്ഡ്യയുടെ അഭിമാനമായ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയാകുമ്പോൾ കോയമ്പത്തൂരുകാരൻ അരുണാചലം മുരുകാനന്ദൻ വീണ്ടും ആദരിക്കപ്പെടുകകൂടിയാണ്.
ഒരു പരുധിവരെയെങ്കിലും നമ്മുടെ ജനതയുടെ കാഴ്ച്ചപ്പാടിന് വ്യത്യാസം വരുത്താനും , ഇരുത്തി ചിന്തിപ്പിക്കാനും ഇത്തരം കഥകളും സിനിമികളും സഹായിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം! സ്വയം കടയിൽപ്പോയി സാനിറ്ററി പാഡ് മാത്രമായി വാങ്ങൻ എന്നും ഒരു സങ്കോചം ഇല്ലാതില്ല! എന്നാൽ എന്റെ ഭർത്താവും ആൺകുട്ടികളും പ്രത്യേകിച്ച് ഒരു പ്രയാസം കാണിച്ചിരുന്നില്ല. ഇന്നത്തെ കുട്ടികളുടെ തുറന്ന സംസാരങ്ങളും അഭിപ്രായ പ്രകടങ്ങളും ഒരു പക്ഷേ ആ പഴയ സംങ്കോചങ്ങളെ ഗതിമാറ്റി വിട്ടിരിക്കാം! എന്നാലും താഴേക്കിടയിലുള്ള സ്ത്രീകൾക്ക്, ഗ്രാമങ്ങളിലും മറ്റും ഇന്നും ഈ പാഡുകൾ ലഭ്യമല്ല എന്നത് നമ്മുടെ ഓരോരുത്തരുടെയും ജീവിതപരാജയം തന്നെയാണ്. നമ്മൾ ഓരോരുത്തരും അക്ഷയ് കുമാറിന്റെയും റ്റ്വിങ്കിൾ ഖന്നയുടെയും, ആർ. ബാൽകിയുടെയും പ്രാചോദനങ്ങളും, പ്രതീക്ഷകളും ഉൾക്കൊണ്ട് മുന്നോട്ട് പ്രവർത്തിക്കാൻ ഇടയുണ്ടാകട്ടെ.
അടിക്കുറിപ്പ്:-ആർ.ബാല്‍കി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പാഡ്മാൻ. ട്വിങ്കിൾ ഖന്നയെഴുതിയ ‘ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് ‘എന്ന ബുക്കിലെ ചെറുകഥയാണ് ഈ സിനിമയുടെ ഇതിവൃത്തം! അരുണാചലം മുരുകനന്ദൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ട്വിങ്കിൾ ഖന്നയെഴുതിയ ബുക്കാണ് ‘ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്’ . അക്ഷയ്കുമാർ, സോനം കപൂർ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാ‍പാത്രങ്ങൾ. ലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രം സ്വന്തം കഴിവുകൊണ്ട് കുറഞ്ഞ ചിലവിൽ സാനിട്ടറി നാപ്കിൻ ഉണ്ടാകാനുള്ള ഉപകരണം കണ്ടുപിടിക്കുകയും ഗ്രാമങ്ങൾ തോറും കയറി സാധാരണക്കാരെ ബോധവൽക്കരിച്ച് തുച്ഛമായ വിലക്ക് എത്തിച്ചു കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.