പോയ് മറഞ്ഞു എങ്ങോ ഏതൊ വഴിയില്‍,
തിരിച്ചില്ലാത്ത ഏതോ വഴിയിലെങ്ങോ!
മറഞ്ഞലിഞ്ഞില്ലാതെയായി നിങ്ങള്‍ .
നിങ്ങളെന്ന പദത്തിലൊതുക്കി ഞാന്‍
അമ്മയും ഡാഡിയും എന്ന പേരിലുള്ള
എന്റെ അപ്പനമ്മയെന്ന ‘നിങ്ങളെ’ .
മനസ്സെങ്ങനെ ഒരുക്കിയെടുത്തു നിങ്ങള്‍
ജീവന്റെ ജീവനായ ഞനെന്ന ‘നീ’
മകള്‍ എന്ന എന്നില്‍നിന്നകലാന്‍.
‘എന്റെ കുഞ്ഞെ’ എന്നു വിളിച്ചു
നെഞ്ചുകലങ്ങിയ തേങ്ങലിലൂടെ,
ജീവിതം സമ്മാനിച്ചു മകളായ്.
പടി പടിയായി വളര്‍ത്തി എന്നെ,
ഓരോ ചുവടും നിന്റെ കാലിന്,
ചുവടുകള്‍ക്കുമേലെ നിന്നു ഞാന്‍ .
മോള് ‘ എന്ന ചൊല്‍വിളിയില്‍,
ഓടിയെത്തി ഞാന്‍ ഡാഡിക്കരികില്‍ ,
കൊഞ്ചിക്കുഴഞ്ഞു ഞാന്‍ എന്നെന്നും.
ഒരു കണ്ണുനീര്‍ക്കണത്തിന്റെ ലാഞ്ചന,
എന്നു എന്റെ ആയുധമാക്കി ഞാന്‍ ,
ചെറുപുഞ്ചിരിയാല്‍ മനസ്സില്‍ ചിരിച്ചു നീ.
ജീവിതത്തില്‍ ഏടുകള്‍ പുസ്തകങ്ങളായി
മൌനത്തിന് ഈരടികള്‍ സംഗീതമായി
രണ്ടുമെന്‍ ജീവന്റെ ജീവനാക്കീ നിങ്ങള്‍ .
ഇന്നുമാ ഈരടികള്‍, വാക്കുകള്‍, ഏടുകള്‍
ജീവിതത്തിന്റെ മറുപടിയായി ഞാന്‍
നെഞ്ചോടു ചേര്‍ത്തു,എന്നന്നേക്കുമായി.
വിട്ടുപോകാത്ത നിങ്ങളുടെ ജീവനായി,
എന്നോ എന്നെ അനാഥയാക്കി നിങ്ങള്‍ .
ഇന്നും ഞാന്‍ മറക്കാത്ത ഈണത്തിനായി,
ജീവിതത്തിന്റെ പുസ്തകത്തില്‍ തിരയുന്നു
നിങ്ങളില്‍ നിങ്ങളെ,എന്നിലെ നിങ്ങളെ.