ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചു,പത്താം മാസം മുതൽ സംസാരിച്ചു തുടങ്ങി എന്ന് ‘അമ്മ പറയുന്നു, അമ്മയുടെ അച്ഛൻ വായനയിലേക്ക് കൈപിടിച്ചുയർത്തി. പക്ഷെ 1983 ൽ LKG ,UKG ഒന്നും പഠിക്കാതെ നേരെ 1 ആം ക്ളാസിൽ കയറിയ കുട്ടിയാണ്, സ്വാതി ശശിധരൻ! അതും തിരുവനന്തപുരത്തെ പ്രശസ്തമായ ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് സ്കൂളിൽ . 3 വയസ്സ് മുതലേ ബാലരമ ,പൂമ്പാറ്റ ,ബാലമംഗളം ഒക്കെ വായിച്ചു തുടങ്ങി . അമ്മയുടെ അഛൻ രാമായണത്തിലെയും, മഹാഭാരതത്തിലെയും ഉപകഥകളും പറഞ്ഞു തന്നിരുന്നു.
6 വയസ്സായപ്പോഴേക്കും , അച്ഛന്റെ ബയന്റിട്ട കുറെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് ‘ ഒരു ദേശത്തിന്റെ കഥ ‘എന്നൊരു പുസ്തകം ആണ് ആദ്യം വായിച്ചത്.പിന്നെ ഞാൻ വീട് മുഴുവൻ തപ്പി’സ്മാരകശിലകൾ ‘ ഉം , അഗ്നിസാക്ഷിയും കണ്ടുപിടിച്ചു, ഏതാണ്ട് മൂന്നവർത്തി വായിച്ചപ്പോൾ ,വീട്ടുകാർക്കും ,അയൽവീട്ടുകാർക്കും എന്റെ വായനാശീലം മനസ്സിലായി. അയൽവീട്ടിൽ താമസിച്ചിരുന്ന ഒരു ഹെഡ്മിസ്ട്രസിന്റെ വലിയ കണ്ണാടി അലമാര നിറയെ പുസ്തകങ്ങൾ, വായിക്കാൻ അവർ തന്ന അനുവാദമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്ന് സ്വാതി വിശ്വസിക്കുന്നു. അതിൽ നിന്നാണ് എം.ടി, തകഴി,ബഷീർ, ജി.വിവേകാനന്ദൻ, ഗ്രേസി, എം.മുകുന്ദൻ ഇവരെ ഒക്കെ പരിചയപ്പെടുന്നത്. വായനയിൽ നിന്നാണ് ഞാൻ എഴുതി തുടങ്ങിയത്, ആദ്യം ഡയറി പിന്നെ ഡയറിയിൽ വൃത്തവും ,പ്രാസവും ഇല്ലാത്ത കവിതകൾ! ഒരു പ്15 വരെ ഒരു പുസ്തകത്തിൽ കവിതകൾ മാത്രം എഴുതിയിരുന്നു .7ആം ക്ലാസ്സിലെ കൂട്ടുകാരി വീണയായിരുന്നു എന്നെ ഇംഗ്ലീഷ് പുസ്തക വായനയിലേക്ക് നയിച്ചത്. 2005 ൽ ബ്ലോഗിങ്ങിലൂടെയാണ് ഞാൻ എഴുത്തിനിണങ്ങിയ ഒരു പൊതുവേദി കണ്ടെത്തിയത്. യാഹൂ സൈറ്റിലൂടെ 2007 മുതൽ ബ്ലോഗ് സ്ഥിരമായി എഴുതിത്തുടങ്ങി. ബ്ലോഗിങ്ങിലൂടെയാണ് എന്റെ എഴുത്തുകൾ മറ്റുള്ളവരുടെ വായനക്കായി എത്തിച്ചേർന്നത്.
* സ്ത്രീകൾ എഴുത്തിന്റെ ലോകത്തിൽ സന്തോഷരാണോ? അവരെ അംഗീകരിക്കപ്പെടുന്നുണ്ടോ?
ഇത് ഒരു കുനഷ്ട് ചോദ്യം ആണ് . കോളേജ് തലം മുതൽ നന്നായി എഴുതിയിരുന്നവർ, വിവാഹശേഷം ഉപേക്ഷിച്ചതായിയറിയാം.അത് സ്ത്രീക്ക് മാത്രം ഉണ്ടാകുന്ന ഒരു വിലക്കാണ്.ഒരു പുരുഷനും വിവാഹ ശേഷം, എഴുത്തുമാത്രമല്ല, കലാപരമായ ഒരു താല്പര്യങ്ങളും നിർത്തിയതായി അറിവില്ല.ഫേസ്ബുക്കിൽ മൂന്നു സ്ത്രീ ഗ്രൂപ്പുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, വളരെ നന്നായി എഴുതാൻ കഴിവുള്ളവർ ആണ് നല്ലൊരു ശതമാനം പേരും! സ്ത്രീകൾക്ക് പൊതുവെ അവരുടെ എഴുത്തു പുറത്തറിയണമെങ്കിൽ, അവരുടെ കുടുംബം ആ കഴിവിനെ പരസ്യമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മാത്രമെ സാധിക്കു! എന്നാൽ മിക്കവരുടെയും അവസ്ഥ ഇതല്ല .എന്റെ ഭർത്താവിന്റെയും മക്കളുടെയും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ഞാൻ എഴുത്തിന്റെ ലോകത്ത് എത്തിച്ചേർന്നത്. ഒരുപക്ഷേ എഴുത്തു ഒരു സ്ഥിരവരുമാനം കിട്ടാത്ത മേഘല കൂടി ആയതിനാലാവാം സ്ത്രീകൾ നിരുത്സാഹിക്കപ്പെടുന്നത്.
* ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തുകൾ? ഞാൻ ഇംഗ്ലീഷിലാണ് ചെറുപ്പത്തിൽ എഴുതി തുടങ്ങിയത്,വായന വളർന്നപ്പോൾ മലയാളത്തിലും എഴുതിത്തുടങ്ങി.കഴിഞ്ഞ 14 വർഷമായി അയർലണ്ടിൽ ആയതുകൊണ്ട്, ഇൻഗ്ലീഷിൽ കൂടുതൽ എഴുതുന്നു . മലയാളത്തിൽ എഴുതാൻ എനിക്ക് ആത്മവിശ്വാസം തന്ന സുരേഷ് .സി.പിള്ളയുടെ ‘തൻമാത്രം’ എന്ന പുസ്തകത്തിന്റെ ആസ്വാദനം എഴുതിയതോടെയാണ് . ആദ്യമൊക്കെ എന്റെ ദൈനംദിന അനുഭവങ്ങൾ അല്പം നർമ്മത്തോടെ എഴുതിയിരുന്നു.ഇപ്പോൾ കഥകൾ ആണ് കൂടുതലും മലയാളത്തിൽ എഴുതുന്നത് . ഇംഗ്ലീഷിൽ ഞാൻ വീക്കിലി കോളം എഴുതി തുടങ്ങിയ “ടോപിക്”,ഐറിഷ് കുട്ടികളെ വളർത്തുന്ന മലയാളി അമ്മ നേരിടുന്ന പ്രശ്നങ്ങൾ” ആണ്.
* ഇന്നത്തെ ലോകത്ത് സ്ത്രീകളെക്കുറിച്ച് ലോകത്തിന്റെ പ്രതികരണങ്ങൾ ? ഇതിനുത്തരം പറയാനാണെങ്കിൽ ഒരു പുസ്തകം വേണം. രണ്ടു പെൺകുട്ടികളുടെ അമ്മയായ എനിക്ക് ഈ “പ്രതികരണങ്ങൾ “എത്ര മാത്രം വിഷമിപ്പിക്കുന്നു എന്ന് ആർക്കും ഊഹിക്കാം .തിരക്കുള്ള ഇടങ്ങളിലും, ബസ്സുകളിലും എന്താണ് സംഭവിക്കുന്നത് എന്ന്, ഒരിക്കലെങ്കിലും അതിൽ സഞ്ചരിച്ചിട്ടുള്ളവർക്കറിയാം. ഇന്നലെ എട്ടു വയസ്സുള്ള ആസിഫ എന്ന പെൺകുട്ടിക്ക് സംഭവിച്ചത് എന്താണ്? എന്റെ മകളേക്കാൾ ചെറിയ രൂപം, നിഷ്കളങ്കമായ മുഖം, എങ്ങനെയാണ് ഒരു മനുഷ്യന് ഇപ്രകാരം ചെകുത്താൻ ആവാൻ കഴിയുക? ആ പെൺകുട്ടിയെ തട്ടിയെടുത്ത് ഒരാഴ്ചയോളം പീഡിപ്പിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത്. ആ ഒരാഴ്ച്ച അവൾ അനുഭവിച്ച വേദന ഏതു മാത്രം ആണെന്ന് നമുക്ക് ഊഹിക്കാൻ കഴിയുമോ ? നമ്മുടെ മക്കളുടെ കാലൊന്നു മുറിഞ്ഞാൽ ഹൃദയം പിടയുന്ന നമുക്ക്, ആ കുട്ടിയുടെ അമ്മയുടെ നൊമ്പരം നസ്സിലാവുമോ നോക്കൂ സത്യത്തിൽ ഇവിടെ ആർക്കാണ് നഷ്ടം. ഇക്കാര്യം പറഞ്ഞു പരസ്പരം പഴി ചാരുന്ന രാഷ്ട്രീയ പാർട്ടികൾക്കോ? ഇത് ഒരു ‘ബ്രേക്കിംഗ് ന്യൂസ് ‘ ആയി കാണുന്ന വിവിധ മീഡിയകൾക്കോ? രണ്ടു ദിവസം കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും . ഒരുപക്ഷേ ഇനി ഒരിക്കലും ലോകം പഴയതു പോലെ ആകാത്ത ഒരാൾ എങ്കിലും ഉണ്ടാവാം – അവളുടെ ‘അമ്മ,അച്ഛൻ, സഹോദരൻ , സഹോദരി – പ്രത്യേകിച്ച് പെറ്റമ്മയുടെ വേദന . എനിക്ക് അത് വായിച്ചപ്പോൾ എന്റെ അടിവയറ് നൊന്തു . രണ്ടു പെൺകുട്ടികൾ കിടന്ന വയറാണ് . മൂത്തവൾക്കു രണ്ടു മാസത്തിനുള്ളിൽ ഏഴു വയസ്സ് .പിന്നെ ഇവിടത്തെ സ്കൂളുകളിൽ അഞ്ചു വയസ്സിൽ സ്വയരക്ഷ ഒക്കെ പഠിപ്പിക്കുന്നുണ്ട്.പക്ഷെ കുഞ്ഞുങ്ങളെ എന്നും നമുക്ക് പൊതിഞ്ഞു സൂക്ഷിക്കാൻ പറ്റില്ലല്ലോ . അവർ വളരും, സ്വയം പര്യാപ്തത ഒന്ന് മാത്രം എനിക്ക് പഠിപ്പിച്ചുകൊടുക്കാൻ സാധിക്കൂ!1.പ്രതികരിക്കാൻ പഠിപ്പിക്കുക 2 . എന്ത് വന്നാലും അമ്മയും അച്ഛനും കൂടെയുണ്ടെന്ന വിശ്വാസം നൽകുക
* എവിടെയെല്ലാം എഴുതുന്നു. ?ആദ്യം എഴുതി തുടങ്ങിയതും, ഇപ്പോൾ തുടരുന്നതും ഏഷ്യാനെറ്റ്.കോം,ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിലും, മാധ്യമം ഓൺലൈൻ എന്നിവയിലാണ്.ഫേസ്ബുക്കിലെ കഥാമൃതം, നല്ലെഴുത്തു ഗ്രൂപ്പുകളിൽ കഥകൾ എഴുതാറുണ്ട്. , ‘മെട്രോ കേരള’ എന്ന ഒരു മാസികക്കും വേണ്ടിയും ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .എന്റെ ചെറുകഥകളിൽ രണ്ടെണ്ണം, രണ്ടു കഥാസമാഹാരങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ മാസം അവസാനം എന്റേത് മാത്രമായി ഒരു ഇംഗ്ലീഷ് പുസ്തകവും ഇറങ്ങുന്നു .26-ആം വയസ്സിൽ നവവധുവായി, ഈ രാജ്യത്തു എത്തിപ്പെട്ടു, ഭർത്താവിന്റെ കൂടെ,ജോലിയോടൊപ്പം, തന്റെ കുടുംബം കെട്ടിപ്പടുത്ത, ഞാനെന്ന മലയാളി സ്ത്രീ അനുഭവിച്ച കൾച്ചറൽ ബുദ്ധിമുട്ടുകളാണ് വിഷയം . * സ്വാതിയുടെ സ്വദേശം?മാതാപിതാക്കൾ? തിരുവനന്തപുരത്താണ് ജനിച്ചതും വളർന്നതും. എഞ്ചിനീയറിംഗ്, കൊല്ലം ടി .കെ .എം കോളേജിൽ ആയിരുന്നു .പിന്നീട് ജോലിയും തിരുവനന്തപുരത്തു തന്നെ കിട്ടി അച്ഛൻ, ആറ്റിങ്ങലിൽ വീട് വെച്ചപ്പോൾ , ആറ്റിങ്ങൽകാരി,2005 ൽ അയർലണ്ടിൽ വന്നപ്പോൾ‘അയർലണ്ടുകാരിയായി. അച്ഛൻ കെ .എസ് ഇ .ബി യിൽ നിന്നും സീനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്തു,’അമ്മ സുവോളജിയിൽ ബിരുദമെടുത്തെങ്കിലും, വീട്ടമ്മയായി തുടർന്നു.പിന്നെ ഞാൻ അവർക്ക് ഒരേഒരു മകളാണ്.
* സ്വാതിയുടെ കുട്ടികൾ ഭർത്താവ്? ഭർത്താവും ഞാനും കമ്പ്യൂട്ടർ എൻജിനീയർമാരാണ് .ഇവിടത്തെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്നു. ഞാൻ കുറച്ചുനാളായി മെഡിക്കൽ ലീവിലാണ്.രണ്ടു പെൺകുട്ടികളാണ് ഞങ്ങൾക്ക്,ആദ്വിക(6) , അന്വിത (4 ).
* എഴുത്തിനെക്കുറിച്ച് ഒരടിക്കുറിപ്പ് ഒറ്റ വരിയിൽ പറഞ്ഞാൽ , എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും. എന്റെ ജീവശ്വാസം.എഴുതാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും ചിന്തിച്ചല്ല ഇന്ന് ഞാൻ എഴുതുന്നത്. ഒരുപക്ഷേ നാളെ ആ ചിന്താഗതി മാറിയേക്കാം .എന്റെ വികാരവിചാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരേ ഒരു മാധ്യമം , എഴുത്താണെന്ന വിശ്വാസം കൊണ്ടാ വാം, ഇങ്ങനെ .