Oct 16 Shingarimelam
റേഡിയോ1152 AM ന്റെ ‘അംഗന” സ്ത്രീസംഘടനയുടെ യോഗത്തിന്റെ ഏറ്റവും നല്ല ഹൈലൈറ്റ് ആയിയിരുന്നു വിജി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഫ്യൂഷൻ ശിങ്കാരിമേളം. ഈ നൂതനപരീക്ഷണവുമായി മൂന്നുവർഷങ്ങൾക്ക് മുൻപ് എത്തിയ വിജിയും സംഘവും ഇന്ന് മസ്കറ്റിലെ സ്റ്റേജുകളിൽ ശ്രദ്ദേയരാണ്. മസ്കറ്റ് പഞ്ചവാദ്യമേള സംഘത്തിന്റെ ഭാഗമായ ഈ ശിങ്കാരി മേളക്കാർ ശ്രീ. തിച്ചൂർ സുരേന്ദ്രൻ ആണ് തങ്ങളുടെ ഗുരു എന്നും അഭിമാത്തൊടെ പറയുന്നു.
കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമേ, ഇലത്താളവുമാണ് ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു. ശിങ്കാരിമേളത്തിൽ ഒരു ശക്തമായി സ്ത്രീ സാന്നിദ്ധ്യം ഇന്ന് പരക്കെ കണ്ടുവരുന്നു. മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനകൊണ്ട് സ്വായത്തമാക്കുന്നതുമായ ഉരുട്ടൽ പോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം.ഓണാഘോഷങ്ങൾ, ഉത്സവങ്ങൾ എന്നീ പരിപാടിയുടെ ഭാഗമായി വനിത ശിങ്കാരിമേളങ്ങളും മത്സരങ്ങളും ഇന്ന് ധാരാളം കണ്ടുവരുന്നുണ്ട്.
ഗുരുവായ തിച്ചൂർ സുരേന്ദ്രനോടൊപ്പം ആഴ്ചയിൽ 2 ദിവസം വൈകിട്ട് ഒരു മണിക്കൂർ നിരന്തരമായ അഭ്യാസത്തിലൂടെ തഴക്കം വന്നുതുടങ്ങി വിജിയുടെയും കൂട്ടുകാരുടെയും ശിങ്കാരിമേളത്തിനു! എന്നാൽ പ്രോഗ്രാം ഉള്ളപ്പോൾ, ദിവസവും ഒരു മണിക്കൂർ പ്രാക്ടീസ് ചെയ്യാറുണ്ട്. ചെണ്ടമേളത്തിൽ 200 ൽപ്പരം ശിഷ്യന്മാരുള്ള ശ്രീ സുരേന്ദ്രൻ ആശാന്റെ പ്രത്യേകതാൽപര്യത്താൽ വൈകിട്ട് ജോലികഴിഞ്ഞു വന്നശേഷം ആദ്യം ശിക്ഷണം നൽകുന്നത് ഈ സ്ത്രീ ശിങ്കാരിമേളക്കാർക്കാണ്. വിജിയുടെ ഭർത്താവ് കൂടിയാ‍യ ശ്രീ സുരേന്ദ്രനോട് പറഞ്ഞ് വളരെനാളത്തെ ആഗ്രഹത്തിനു ശേഷമാണ് ഇത്തരം ഒരു സ്ത്രീ ശിങ്കാരിമേളത്തിന്റെ ആശയം നടപ്പിലാക്കാൻ സാധിച്ചത് എന്നുകൂടി സ്ന്തോഷത്തോടെ വിജി പറഞ്ഞു. നിരന്തരമായ അഭ്യാസവും വഴക്കവും ആവശ്യമുള്ള ഒന്നാണ് ചെണ്ടമേളം, കൂടെ നല്ല ആരോഗ്യവും അത്യാവശ്യമാണ്. ഏകദേശം 11 കിലോയോളം ഭാരമുള്ള ഈ ചെണ്ട തോളിലേറ്റി കൊട്ടാനും അതിനൊപ്പം സ്വയം താ‍ളം ചവിട്ടി അൽപ്പമൊന്നാ‍ടി കൊട്ടാനും , നല്ല ആരോഗ്യം തന്നെ വേണം , തീർച്ച!
ഈ സ്ത്രീ ശിങ്കാരിമേളക്കാരിൽ ചിലർ മസ്കറ്റിൽ ജോലിചെയ്യുന്നവരും ആണ്. ജോലികഴിഞ്ഞ് വന്ന് വീട്ടുകാര്യങ്ങളും ഒക്കെ നോക്കി കൂടെ ദിവസവും വൈകിട്ട് പ്രാക്റ്റീസും ചെയ്തുകൊണ്ടിരിക്കുക എന്നത് ചെറിയകാര്യം അല്ല. നാടകം ,ഡാൻസ് എന്നിവയിൽ പ്രാവീണ്യം ഉള്ളവരാണ് ഈ സംഘത്തിലുള്ള മിക്കവരും. അവരുടെ താല്പര്യം മനസ്സിലാക്കി കുറെനാളത്തെ അഭ്യാസത്തിലൂടെ ഇന്ന് ഇവർക്കെല്ലാംതന്നെ നല്ല തഴക്കം വന്നിരിക്കുന്നു. ഭാവിപരിപാടികൾക്കൊപ്പം , പ്രത്യേകിച്ച് ഗൾഫ് രാജ്യത്ത് ശിങ്കാരിമേളം സ്ത്രീകൾക്കും ചെയ്യാം എന്നും മറ്റുള്ളവരെ അറിക്കുക എന്നതും വിജിയുടെയും റ്റീമിന്റെയും സദുദ്ദേശം ആണ്. മസ്കറ്റിൽ പഞ്ചവാദ്യക്കാരുണ്ടായിട്ട് ഏതാണ്ട് 15 വർഷത്തോളം ആയി. എന്നാൻ കഴിഞ്ഞ മൂന്നുവർഷമായി സ്ത്രീകളുടെ ശിങ്കാരിമേളം സംഘം രൂപപ്പെട്ടിട്ട്, എങ്കിലും ഇന്നും പലർക്കും അറിയില്ല എന്നു തന്നെയാണ് വിജി പറയുന്നത്! ആദ്യമൊക്കെ ദൂരേക്ക് പോകാനൊക്കെ പരിമിതികൾ ഉണ്ടായിരുന്നു, അതുകാരണം മസ്കറ്റ് മാത്രം കേന്ദ്രീകരിച്ചായിരുന്നു സ്റ്റേജ് ഷോകൾ ഏറ്റെടുത്തിരുന്നത്. എന്നാൽ ഇന്ന് ഒമാന്റെ തന്നെ പലഭാഗത്തായി പ്രോഗ്രാമിനു പോകാനും, ജി സി സി മുഴുവനും തങ്ങളുടെ ഈ സ്ത്രീ ശിങ്കാരിമേളത്തെക്കുറിച്ച് പ്രചരിപ്പിക്കാനും വിജിയും കൂട്ടുകാരും പ്രത്യേകതാല്പര്യം എടുത്തു തുടങ്ങി. ഇത്തരം പരിപാടികൾക്കും പ്രോഗ്രാമുകൾക്കുമായി പോകാനും മറ്റും കുടുംബത്തിന്റെ അനുവാദവും, പ്രചോദനവും ഈ സ്ത്രീകൾക്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല!
പ്രവാസി കൂട്ടായ്മയായ മസ്കറ്റ് മലയാളിയുടെ സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നാരിയം’ എന്ന പരിപാടിയിൽ ആണ് വിജിയും സംഘവും ഒമാനിലെ സ്ത്രീശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം നടത്തി തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു. വിജി സുരേന്ദ്രൻ, ശ്രീവിദ്യ രവീന്ദ്രൻ, നിഷ പ്രഭാകരൻ, സജിത വിജയകുമാർ, സുധ രഘുനാധ്, വിസ്മയ പ്രഭാകരൻ, വീണ കലേഷ്, ലത പ്രദീപ്, ശ്രയ വിജയകുമാർ എന്നീ ഒൻപതു സ്തീകളുടെ ശിങ്കാരിമേളം ആണ് ഇന്നുള്ളത്. ഈ കൂട്ടായ്മയ താല്പര്യമുള്ളവരെ ചേർത്ത് ഒന്നു കൂടി മേളക്കൊഴുപ്പോടെ ഒമാനിലെ സ്റ്റേജുകളിൽ തകർത്തു കൊട്ടിയാഘാ‍ഷിക്കാൻ വിജിയും സംഘവും തയ്യാറെടുക്കുന്നു.
ആശാൻ ശ്രീ. സുരേന്ദന്റെ അടിക്കുറിപ്പ്:‌- മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത് മൂന്നുപേരങ്കിലും വേണം. സാധാരണയായി ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. വടക്കൻ കേരളത്തിൽ പ്രചാരമുള്ള ചെട്ടിക്കൊട്ട് എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം ഉണ്ടായതെന്ന് പറയപ്പെടുന്നു. മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനപോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. ഓരോ സംഘങ്ങളും സ്വയം ആവിഷ്കരിച്ചെടുക്കുന്ന പല രീതികൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ പഞ്ചാരി താളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്താറുള്ളത് എന്ന് ശ്രീ. സുരേന്ദ്രൻ പറയുന്നു. മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല.ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, മേളക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.