മലയാള മനോരമ പത്രാധിപര്‍ ശ്രീ.കെ.എം മാത്യു(93)അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ കോട്ടയത്തുള്ള വസതിയിലായിരുന്നു അന്ത്യം.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് മലയാള മനോരമ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചതിരിഞ്ഞ് നാല് മണിക്ക് കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കോട്ടയത്തിന്റെ പ്രഥമ പൗരന് ആരാണെന്നു ചോദിച്ചാല്‍ സംശയലേശമെന്യേ ആരും പറയും,ശ്രീ.കെഎം മാത്യു എന്ന്, എന്നാല്‍ അടുപ്പമുള്ളവര്‍ മാത്തുക്കുട്ടിച്ചായന് എന്നു വിളിക്കുന്നു. തൊണ്ണൂറുകാരനായ കെഎം മാത്യു അന്നും ഇന്നും പ്രിന്‍സ് ചാമിംഗ് തന്നെ ആയിരുന്നു.ആര്‍ക്കും തന്നെ വിചാരിച്ചാല്‍ കെഎം മാത്യുവിനെയും മലയാള മനോരമയെയും പിന്നിലാക്കാന്‍ പറ്റില്ല.മധ്യ തിരുവിതാംകൂറിലെ കൊച്ചുപട്ടണമായ കോട്ടയത്തുനിന്നാരംഭിച്ച മലയാള മനോരമ പത്രത്തില്‍ നിന്നും വിവിധ ഭാഷകളിലായി നാല്‍പ്പത്തിയാറ് പ്രസിദ്ധീകരണങ്ങളുണ്ട്.കൂടാതെ മനോരമ വിഷന്‍ എന്ന വാര്‍ത്താ ചാനലും പുരോഗമന പാതയിലാണ്.ഇതിന്റെയെല്ലാം അമരക്കാരന് കെഎം മാത്യു ആണ്.കോട്ടയത്ത് എന്തു സംരംഭം ആരംഭിച്ചാലും അതിന് ശ്രീ.കെഎം മാത്യുവിന്റെ അനുഗ്രഹം ഉണ്ടാകണം എന്നാഗ്രഹിക്കാത്തവരായി ആരുമില്ല.
ഇന്ത്യയിലെ വെറും മൂന്ന് ശതമാനം ആളുകള്‍ മാത്രം സംസാരിക്കുന്ന മലയാള ഭാഷയില്‍ ഇറക്കുന്ന മലയാള മനോരമയ്ക്ക് പതിനാറ് ലക്ഷത്തിലധികം വരിക്കാരെ സൃഷ്ടിക്കണമെങ്കില്‍ അതിന് പിന്നിലുള്ള ശ്രമവും ശ്രദ്ധയും വൈവിധ്യവല്‍ക്കകരണവും എല്ലാം അതിവിപുലമായിരിക്കണം.പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ തയ്യാറായ മഹാനായ എഡിറ്ററാണ് ശ്രീ.കെഎം മാത്യു.
1917 ല്‍ മനോരമ ചീഫ് എഡിറ്റര്‍ ശ്രീ.കെ.സി മാമ്മന്‍ മാത്യുവിന്റെയും കുഞ്ഞന്നാമ്മയുടെയും ഏട്ടാമത്തെ മകനായി ജനിച്ച ശ്രീ.കെ.എം മാത്യു1954 ലാണ് മനോരമയുടെ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റത്.1973 ല്‍ അദ്ദേഹം ചീഫ് എഡിറ്ററായി.മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നു ബിരുദം നേടി, മനോരമയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷം നിരന്തരം സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിരുന്ന ശ്രീ.കെഎം മാത്യു ഏവര്‍ക്കും പ്രചോദനം നല്‍കിയിരുന്നു.1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു.1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്.1997ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്.1991ല്‍ ഫൗണ്ടേഷന് ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്കാരം,1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്കാരം എന്നിവ ലഭിച്ചിരുന്നു.
ഈവര്‍ഷം പ്രസിദ്ധീകരിച്ച ആത്മകഥയുടെ ടൈറ്റില്‍ തന്നെ ശ്രദ്ധേയമാണ്. എട്ടാമത്തെ മോതിരം ഒരു കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ രസാവഹമായി ചിത്രീകരിച്ച് ഒരു ദേശത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ ആത്മകഥനം.എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്, ശ്രീ.കെ.സി.മാമ്മന്‍ മാപ്പിള,അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ നിന്നും,എട്ടാമനായ മാത്യുവിനു കിട്ടിയത്. ഓര്‍ത്ത്ഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്കം,രാഷ്ട്രീയ പാര്‍ട്ടികളോടുള്ള നിലപാടുകള്‍ പല പ്രഗല്ഭ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മനോരമയുമായുള്ള ബന്ധം,മനോരമയുടെ ആധുനികവല്‍ക്കരണം, പ്രൊഫഷണല്‍ സമീപനം ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഭാര്യയായ ശ്രീമതി.കെ എം മാത്യു വിനെക്കുറിച്ച്‘അന്നമ്മ‘ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
മലയാള മനോരമ പത്രാധിപര്‍ കെ എം മാത്യുവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു.ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.പല ഉന്നതവ്യക്തികളുമായി,എല്ലാ തുറയിലും ഉള്ളവരുമായി വളരെ അടുത്ത വ്യക്തിബന്ധവും അദ്ദേഹവുമായുണ്ടായിരുന്നു.ആധുനിക വീക്ഷണവും നേതൃപാടവുമാണ് പത്രാധിപര്‍ എന്ന നിലയില്‍ ശ്രീ.കെ എം മാത്യുവിനെ ശ്രദ്ധേയനാക്കിയത്.ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും അദ്ദേഹം കാണിച്ച എളിമയാണ്,അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഏറ്റവും പ്രസക്തമായ അംശം.അതിനോടുകൂടി പരിചയപ്പെടുന്ന എല്ലാവരോടും ഉള്ള സ്നേഹവും സൗഹൃദമനോഭാവവും ആണ് അദ്ദേഹത്തിന്റെ പ്രത്യേകത.വിവിധ മേഖലകളിലെ നിരവധി പേര് അദ്ദേഹത്തെ അനുസ്മരിച്ചു.