ഒരു വിമർശനം കേട്ടാൽ എങ്ങിനെ പ്രതികരിക്കും?എഴുത്തു ശൈലിയെപ്പറ്റി, എഴുതുന്ന ആളിന്റെ വായാനാ വൈഭവം, എന്നു വേണ്ട ,വാക്കുകളാൽ പ്രതികരിക്കപ്പെടാത്ത ഒന്നും തന്നെയില്ല എന്നു വെയ്ക്കാം.
വിഷമം ഉണ്ടാകും, എന്നു തന്നെ കരുതുക…..എന്നാലും,തിരുത്താൻ നോക്കും,കൂടുതൽ ശൈക്തിയോടു കൂടി എഴുതാൻ തന്നെ ശ്രമിക്കും എന്നതാണ് സാധാരണയായി എഴുത്തിനോടു സ്നേഹമുള്ളവർ ചെയ്യുക എന്നു തന്നെ തോന്നുന്നു.നല്ല വിമർശനം ആല്ലെങ്കിൽ ,അപ്രതീക്ഷിതവും,പിന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ആളും പറഞ്ഞാലൊ??അതിനും ഏതാണ്ട് ഒരെ മറുപടിതന്നെയാവും എല്ലാവരും പറയുക,ഒരഭിപ്രായമായി ചോദിച്ചാൽ!! ശരിക്കും വിഷമം ഉണ്ടാകും, എന്നാലും,കാര്യമാക്കണ്ട,വിമര്‍ശനം രണ്ടു വിധത്തിലുണ്ട്.
ചിലര്‍ ഇഷ്ടമുള്ളവരെ ഗ്ലോരിഫ്യ് ചെയ്യും, ഇഷ്ടമില്ലാത്തവരെ താക്കാന്‍ നോക്കും,അത് ക്രിടിക്‌നെ ആശ്രയിച്ചിരിക്കും.
എന്നാൽ കവിതകളെ സ്നേഹിച്ച എനിക്ക് 2011 കിട്ടിയ ഏറ്റവും വലിയ അവാർഡാണ് ഈ താഴെ കാണുന്ന വരികൾ.!എന്റെ മനസ്സിലെ വാക്കുകളാൽ ഞാൻ വരച്ചെടുത്ത കവിതാ ചിത്രങ്ങൾ ഇത്ര കണ്ട് അരോചകമായിരുന്നോ!!!!!ഇത്ര പാതകം ഞാൻ ചെയ്തോ എന്റെ കവിതകൾ കൊണ്ട്?ആർക്കറിയാം, ഒരു പക്ഷെ ഇതെന്റെ മനസ്സിന്റെ പൂർണ്ണമായ മരണം ആയിരിക്കാം.
എന്റെ എല്ലാ കവിതകളും വായിച്ചത് മികച്ച കവികളാണ്.ബ്ലോഗ് ലോകത്തും സമാന്തര മാസികകളിലും പ്രശസ്തർ‍.എന്റെ പേര് വക്കാതെ,ആരാണ് എഴുതിയത് എന്ന് പോലും പറയാതെ ആയിരുന്നു അവരെക്കൊണ്ട് വായിപ്പിച്ചത്.4 കവികളും 2 കവയത്രികളും ആണ് വായിച്ചവർ…ഒരാള്‍ ഒറ്റ വാക്കില്‍ “ഇതില്‍ കവിതയില്ല” എന്നു പറഞ്ഞു ,മറ്റ് മറുപടികള്‍ താഴെക്കൊടുക്കുന്നു.
കവി – 1
ഈ കവിതകളില്‍ എഴുത്തിന്റെ തുടക്കത്തിലുള്ളപതിവു വേദനകള്‍ മാത്രം.കൂടാതെ പ്രവാസത്തിന്റെ ഉപരിപ്ലവമായകുറെ പ്രശ്നങ്ങളും. ഒരു പാടു വായിക്കുകയും കവിതയെകുറിച്ചുള്ള പഠനങ്ങളും വായിക്കാതെ നിവൃത്തിയില്ല. അങ്ങിനെ ചെയ്യുക.
കവി – 2
കുറച്ചു കവിത വായിച്ചു 25 വർഷം പിന്നിലേക്കു പോയി ,മുഴുവൻ വായിക്കനുള്ള ത്രാണിയില്ല, ഒറ്റ വാക്കിൽ പറഞ്ഞാൽ അറു ബോറൻ…..ഇതാന്നു എന്റെ അഭിപ്രായം.
കവി – 3
കവിതകള്‍ വായിച്ചു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പോലും ഇന്ന് ഇതിലും നിലവാരമുള്ള കവിതകളെഴുതും.കവിയുടെ വായനയുടെ കുറവ് കവിതകളില്‍ നല്ല പോലെ അറിയുന്നുണ്ട്. തന്റെ പ്രൈമറി ക്ലാസുകളില്‍ പഠിച്ചിരുന്നതാണ് ഇന്നും കവിത എന്ന ലേബലില്‍ ഇറങ്ങുന്നത് എന്ന മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് തോന്നുന്നു ഈ കവിതകളുടെ രചയിതാവ്. പല കവിതകളും എടുത്തുകൊണ്ട് വിലയിരുത്തുകയാണെങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഇത്തരം പുസ്തകങ്ങള്‍ ചെയ്താല്‍ പ്രസാദക വിഭാഗത്തിനു എന്തായാലും നല്ല ഒരഭിപ്രായമായിരിക്കില്ല വായനക്കാരില്‍ നിന്നും ലഭിക്കുക എന്നാണ് ഞാന്‍ കരുതുന്നത്.
കവയത്രി – 1
വായിച്ചു..എനിക്ക് ബോധിച്ചില്ല..വരികള്‍ ധാരാളമുണ്ട്..പക്ഷെ അവയില്‍ കവിതയുള്ളതായി തോന്നിയില്ല..
കവയത്രി – 2
കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാത്തിലുമെന്ന പോലെ കവിതയിലും അനിവാര്യമാണ്. എഴുത്തിലും വായനയിലും ക്രമാനുഗതമായ മാറ്റം ഒരേ സമയം സംഭവിക്കുമ്പോള്‍ അവ പരസ്പരം പൂരകങ്ങളാകാതെ വയ്യ. ഈ അനിവാര്യത ഈ കവിതകളില്‍ എത്രത്തോളമുണ്ട് എന്നത് സംശയമാണ്. പ്രമേയ പരമായി പുതുമകള്‍ ഒന്നും ഇല്ലാതിരിക്കെത്തന്നെ ആവിഷ്കാരം കൊണ്ട് വായനയുടെ ശ്രദ്ധയും അടുപ്പവും പിടിച്ചുപറ്റാറുണ്ട് ചില കവിതകള്‍ . പക്ഷെ പലരും നടന്ന് പഴകിയ വഴികളിലൂടെ തന്നെയാണ് ഈ കവിതകളും എഴുതപ്പെട്ടിരിക്കുന്നത്. കവിയുടെതായ ഒരു ഇടുങ്ങിയ ഇടം മാത്രമേ കവിതയ്ക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളൂ. വായനയ്ക്ക് വിശാലമായ ഒരു കാന്‍വാസ്‌ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, കവിത എത്രത്തോളം വായനക്കാരന് അനുഭവപ്പെടുന്നുണ്ട് എന്നതും സംശയമാണ്. ഏതാണ്ട് എല്ലാ കവിതകളും ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ തോനുന്നു. കവിതയുടെ വിഷയങ്ങള്‍ക്ക്‌ അനുയോജ്യമായ ക്രാഫ്റ്റ് കണ്ടെത്തുന്നതില്‍ സംഭവിച്ച പരാജയം ആണ് ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്ന് തോന്നുന്നു. കാല്‍പ്പനികതയുടെ അതിപ്രസരവും അതിന് പരമ്പരാഗത താള നിബദ്ധതയുടെ കൈ കോര്‍ക്കലും പല കവിതകളുടെയും ശക്തി ചോര്‍ത്തിക്കളഞ്ഞു. നാഴികയ്ക്ക് നാല്‍പ്പതു കവിതകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വായനക്കാരന് കൂടെ കൊണ്ടുപോരാന്‍ എന്തെങ്കിലും അവശേഷിപ്പിക്കുന്ന കവിതകള്‍ എത്രയെണ്ണമുണ്ടെന്ന് ഓരോ കവിയും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇത്രയും ദിവസം മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു വലിയ സ്വപ്നം ഇതോടെ ഇല്ലാതെയായി, ഞാൻ ആരും അല്ല, കവിത എല്ലാവർക്കും വഴങ്ങില്ല, വാക്കുകളുടെ കൂടിച്ചേരൽ കവിത അല്ല. അതു മറ്റുള്ളവരെ ബോറടിപ്പിക്കുകയും, സമയം കൊല്ലുകയും, ഏറ്റവും കൂടുതലായി നല്ല നല്ല പ്രസാദകർക്ക് , എന്റെ പുസ്തകങ്ങൾ വിനയായി മാറുകയും ചെയ്യുന്നു.
ഒരു മരണം,അതൊഴിവാക്കാൻ വയ്യ,ശരീരത്തിനു മരിക്കാൻ വയ്യ,അതിനു ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ട്.മനസ്സ് എന്റേതു മാത്രം ആണ്. അതിന്റെ മരണവും, സന്തോഷവും, സങ്കടവും, നൈരാശ്യങ്ങളും ഞാൻ മാത്രം അറിഞ്ഞാൽ മതി. അതെനിക്കാരുമായി പങ്കുവെക്കേണ്ടി വരില്ല, ഇനി ഒട്ടു വരികയും ഇല്ല.
വിമ്മിഷ്ടം സഹിക്കാൻ വയ്യ,നെഞ്ചു വേദനയെടുക്കുന്നു, ശ്വാസം നേരെ വലിക്കാൻ വയ്യാതെ, നെഞ്ചും തിരുമി ഞാൻ ചെരിഞ്ഞു വീഴുന്നു. കുഴഞ്ഞു വീഴുന്ന എന്നെ താങ്ങിപ്പിടിക്കാനായി ഒരു കൈകളും ഓടിയെത്തിയില്ല.ആരും ഇല്ലാത്ത ഇരുട്ടിലേക്കു ഞാൻ വീണിറങ്ങി. ഭാരമില്ലാത്ത ഏതോലോകത്തേക്കു ഞാൻ പറന്നകന്നു. മനസ്സ് എന്ന ഭാരം എന്നന്നേക്കും എന്റെ ശരീത്തിൽ നിന്നും വിട്ടകന്നു. ഞാൻ എന്ന ശരീരത്തെ വീട്ടകന്നു പോകാൻ ഇഷ്ടപ്പെടാത്തെ എന്റെ മനസ്സ്. വിട്ടകലുബോഴും ഒരു വട്ടം , പലവട്ടം തിരിഞ്ഞു നോക്കി മറഞ്ഞു, എന്നന്നേക്കുമായി.