ഒരു പള്ളി ഗായകസംഘം എന്താണ് പാടുന്നത്?ഒരു ഗ്രൂപ്പായി ഒരുമിച്ച് കോറസായി ഗാനങ്ങൾ അവതരിപ്പിക്കുന്നു.കൂടാതെ സേവനസംഗീതം പോലുള്ള സഭ പങ്കെടുക്കുന്ന ഗാനങ്ങൾക്ക് നേതൃത്വം നൽകുന്നു. ആ ആലാപനത്തിന്റെ ഇമേജ് ‘ഗാലാ സെന്റ് പോൾസ് ഗായകസംഘം’ എന്നെന്നും നിലനിർത്തിയിരുന്നു എന്നതിനു  ഉദാഹരണമാണ് ‘സാന്ത്വനസന്ധ്യ”.

രണ്ടാഴ്ചയോളമായി പള്ളിയുടെ അംഗങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന സെപ്റ്റംബർ മൂന്ന് സന്ധ്യ എത്തി. കാലഘട്ടത്തിന്റെ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നമുക്കോരോരുത്തർക്കും അരുമനാഥനായ ദൈവം കൂടെയുണ്ടെന്നുള്ള പ്രത്യാശയെ കൂടുതൽ ശാക്തീകരിക്കാൻ ഒരു പിടി അനശ്വരഗാനങ്ങളുടെ ശേഖരവുമായി വികാരി.തോമസ് ജോസഫ് അച്ചന്റെ പ്രേരണയോടെ ‘ഗാലാ സെന്റ് പോൾസ്’ പള്ളി ഗായകസംഘത്തിന്റെ  ‘സാന്ത്വന സന്ധ്യക്ക്’ തുടക്കമായി.

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ അസോസിയേറ്റ് വികാരി  വികാരി.ബിനു തോമസ് അച്ചന്റെ പ്രാ‍ർത്ഥനയോടെയാണ് സംഗീതസന്ധ്യ ആരംഭിച്ചത്. ദൈവമായ കർത്താവേ,  ഞങ്ങൾക്ക് അളവില്ലാത്ത സ്നേഹത്തിനും കരുതലിനുമായും, മുറിവുകളെ കെട്ടുന്നതിനും, സാന്ത്വനങ്ങൾ നൽകുന്നതിനായും നിന്റെ സാന്നിദ്ധ്യം ഞങ്ങളുടെ ഇടയിൽ ഉണ്ടാവണമേ. ഈ ദേശത്ത് എരിഞ്ഞ് ശോഭിപ്പാൻ ഞങ്ങളെ ഒരോരുത്തരെയും ശക്തിപ്പെടുത്തണമേ തമ്പുരാനേ. ഈ ഇടവകയെ അനുഗ്രഹിച്ചു നിലനിർത്തിന്നതിനായും ഈ ഗായകസംഘത്തിനൊപ്പം പാട്ടുപാടി നിന്നെ  സ്തുതിക്കാനും തന്ന അവസരത്തിനായി നന്ദി പറഞ്ഞുകൊണ്ട് അച്ചൻ പ്രാർത്ഥന പറഞ്ഞവസാനിപ്പിച്ചു.

ദീപു റ്റി.ഏബ്രഹാം, ക്വയർ സെക്രട്ടറി  സ്വാഗതം ആശംസിച്ച് സംസാരിച്ച് തുടങ്ങിയത്, സങ്കീർത്തനം 130 ന്റെ  ഒന്നിലെ വാചകങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു. എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ദീപു ഇങ്ങനെ പറഞ്ഞു, ”വാക്കുകൾ അപ്രസക്തമാകുന്ന സമയത്ത് സംഗീതത്തിനു വളരെയധികം പ്രാധാന്യമുണ്ട്. സംഗീതം കർത്താവിന്റെ സന്നിധിയിലെ വലിയൊരു പ്രാർത്ഥനയാണ്. ’സാന്ത്വനസന്ധ്യയുടെ’ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവരോടും നന്ദി പ്രകടിപ്പിച്ചു ദീപു. എല്ലാവർക്കും പ്രചോദനവും പ്രോത്സാഹനവും തന്ന ഗാലാ പള്ളിയുടെ വീകാരി തോമസ് ജോസഫ് അച്ചനോടുള്ള നന്ദി പറഞ്ഞു. കൂടെ ബിനു തോമസ് അച്ചനെയും, ഗാലാ പള്ളിയുടെ ഔദ്ധ്യോഗിക ഭാ‍രവാഹികൾ, മുഖ്യ അതിഥിയായ  Dr.സണ്ണി സ്റ്റീഫനെയും, കൈ സ്ഥാനസംഘത്തിലെ അംഗങ്ങൾ, ഇടവക ജനങ്ങൾ, ഗായകസംഘം ഭാരവാഹികൾ, ഗായക സംഘത്തിലെ അംഗങ്ങൾ, സാന്ത്വനസന്ധ്യയുടെ കൺവീനർ ആയ ജോൺ വിലോത്ത്, നിഖിൽ ഫിലിപ്പ്, ഓഡിയോ മിക്സ് ചെയ്ത തോമസ് ബേബി, പാട്ടുകൾ പാടുന്ന എല്ലാ ഗായികാഗായകർക്കും, കമ്മിറ്റി അംഗങ്ങളെയും, എല്ലാ സംഘാടകരെയും, വൈദികശ്രേഷ്ടരേയും ഈ ഗാനസന്ധ്യയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടായിരുന്നു ദീപുവിന്റെ  പ്രസംഗം.

ഒരു തവണ പാടുന്നത് രണ്ടുതവണ പ്രാർത്ഥിക്കുന്നതിനു തുല്യമാണെന്ന് ഓർമ്മിച്ചുകൊണ്ടായിരുന്നു ഗാല വികാരിയായ തോമസ് ജോസഫ് അച്ചൻ തന്റെ അദ്ധ്യക്ഷ പ്രസംഗം പറഞ്ഞു തുടങ്ങിയത്. കൊച്ചുകുഞ്ഞ് ഉപദേശിയുടെയും മറ്റും പാട്ടുകൾ നൽകുന്ന ശക്തി എത്ര വലിയ പ്രതിസന്ധിക്കു മുന്നിലും തരുന്ന  ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും അച്ചൻ പറഞ്ഞറിയിച്ചു. നമ്മെ ഓരോരുത്തരെയും ഒന്നിപ്പിക്കാൻ കഴിവുള്ളതു കൂടിയാണ് സംഗീതം. കൂ‍ടാതെ നമ്മുടെ വികാരങ്ങളുടെ ചുരുക്കെഴുത്തുകൂടിയാണ് സംഗീതം. വാക്കുകൾ അപ്രസക്തമാകുന്ന സമയത്ത് സംഗീതത്തിന് നമ്മുടെ വികാരങ്ങൾ ‘കമ്മ്യൂണിക്കേറ്റ്’ ചെയ്യാൻ  സാധിക്കും എന്നും അച്ചൻ  ഓർമ്മിപ്പിച്ചു. നമ്മുടെ ഹൃദയങ്ങൾക്ക് സന്തോഷം തരുന്ന ഒരു സന്ധ്യയായിത്തീരട്ടെ  എന്ന് ദൈവത്തോടു  പ്രാർത്ഥിച്ചുകൊണ്ട് തോമസ് അച്ചൻ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

‘സംഗീതസന്ധ്യ’ ഉത്ഘാടനം ചെയ്യാനായി സൂം മീറ്റിംഗിലൂടെ എത്തിയത് വേൾഡ് പീസ്  മിഷന്റെ  സ്ഥാപകനും  ചെയർമാനുമായ ഡോ.സണ്ണി സ്റ്റീഫൻ  ആണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ “സംഗീതം ഒരു വിശേഷ ഔഷധം ആണ്. കൂടാതെ, സംഗീതം സ്വർഗ്ഗത്തിന്റെ  ഭാഷയാണ്. നമ്മുടെ ജീവിതത്തെ സന്തോഷിപ്പിക്കാൻ, ഒരു കുളിർമഴയാകാനായി സംഗീതത്തിനു കഴിയും. സ്വന്തം കഴിവിലൂടെ ഉയർച്ചയും ഉണ്ടാകാം അതുപോലെ തകർച്ചയും. നമ്മുടെ ചെറിയ ജീവിതംകൊണ്ട് മറ്റുള്ളവർക്ക് കൊടുക്കാവുന്ന ഒരു വലിയ കാര്യം സമാധാനമാണ്. ഭൂമിയിലെ എല്ലാ മനുഷ്യരും നമ്മുടെ അയൽക്കാരാണ്. അതിനാൽ നമ്മൾ എല്ലാവരെയും സ്നേഹിക്കണം. അങ്ങനെയാകട്ടെ ഈ സന്ധ്യ  നമുക്കോരുത്തർക്കും.

നല്ല ശമരിയക്കാരന്റെ ജീ‍വിതകഥ നമ്മളോരോരുത്തരെയും സ്വാധീനിച്ചിട്ടുണ്ട്. കർത്താവിന്റെ രണ്ടാം വരവിന്റെ സമയം വരെ ഒരു നല്ല ശമരിയാ‍ക്കാരനായി നമുക്കോരോരുത്തർക്കും ജീവിക്കാൻ ഉദാഹരണം നമുക്ക് ദൈവം നൽകിയിട്ടുണ്ട്. ശമരിയക്കാരനായി എത്തിയത്  കർത്താവ് തന്നെയാണ്. കർത്താവിന്റെ രണ്ടാം വരവിന്റെ സമയം വരെ മനുഷ്യനെ സംരംക്ഷിക്കാനായി എൽപ്പിച്ചു കൊടുക്കുന്നു. മനുഷ്യന്റെ ജീവിതമാകുന്ന മുറിവുകൾ വെച്ചുകെട്ടി, അവനെ ‘സത്രം’ ആകുന്ന സഭയിൽ സുരക്ഷിതമായി കൊണ്ടെത്തിച്ച് അവന്റെ സംരക്ഷണത്തിനു വേണ്ടി ‘തിരുവചനവും കൂദാശകളും’ ആകുന്ന രണ്ടു പൊൻനാണയങ്ങൾ നൽകി. അതിനാൽ നമ്മൂടെ ഓരോരുത്തരുടെയും പ്രാർത്ഥന ഇങ്ങനെയായിരിക്കണം എന്നുകൂടി അദ്ദേഹം നിർദ്ദേശിക്കാൻ മറന്നില്ല ”ദൈവമേ ഒരു നല്ല ശമരിയാക്കാരനാകാൻ എനിക്കു കഴിഞ്ഞില്ലെങ്കിലും ഒരു നല്ല ശുശ്രൂഷകനായിത്തീരാൻ നമ്മുക്കോരുത്തർക്കും കഴിയട്ടെ എന്നതായിരിക്കണം”. യെറുശലേമിലേക്കുള്ള യാത്ര, ഭാര്യയിൽ നിന്ന് ഭർത്താവിലേക്കുള്ള യാത്രയാണ്, മാതാപിതാക്കളിൽ നിന്ന് മക്കളിലേക്കുള്ള യാത്രയാണ്. അത് സഭക്ക്,  കുടുംബത്തിന്, നമുക്കോരോരുത്തർക്കും കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാം. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ. പകൽ മേഘവും രാത്രി അഗ്നിയുമായി ജീവിക്കാൻ നമ്മുക്ക് തയ്യാറാകാം. ദാവീദ് പറഞ്ഞതുപോലെ ‘ദൈവം നമ്മൾ ഓരോരുത്തരെയും കൈവിടുകയുമില്ല,  ഉപേക്ഷിക്കുകയും ഇല്ല’ എന്ന വിശ്വാസത്തെ നമുക്ക് നമ്മുടെ സ്വർഗ്ഗീയ ആഭരണമാക്കി ജീവിക്കാം. ഈ ‘സാന്ത്വനസന്ധ്യ’ നമ്മുടെ ജീവിതത്തിന്റെ ഒരു നിക്ഷേപക്കൂട്ടായിത്തീരട്ടെ. ദൈവം നമുക്കുള്ള  വഴികളെ നമുക്കു മുന്നിൽ തുറക്കും എന്നുള്ള വിശ്വാസത്തോടെയാണ് അദ്ദേഹം ഈ ‘സാന്ത്വനസന്ധ്യ’ ഉത്ഘാടനം ചെയ്തത്. കൂടെ സംഘാടകർ  പറഞ്ഞതനുസരിച്ച് ഉത്ഘാടനത്തിനായി അദ്ദേഹം പാടിയ പാട്ടിലെ വരികൾ ഇങ്ങനെയായിരുന്നു  ‘ആത്മാവിൻ ആഴങ്ങളിൽ അറിഞ്ഞു നിൻ ദിവ്യസ്നേഹം, നിറഞ്ഞ തലോടലായ് എന്നും യേശുവേ’.

സാന്ത്വനസന്ധ്യയിൽ തോമസ് മാത്യുവിന്റെ ‘യഹോവയാം ദൈവമെൻ ഇടയനത്രേ ‘എന്ന ഗാനത്തോടെയാണ് സംഗീതസന്ധ്യ ആരംഭിച്ചത്. ജിഷ ജോളിയുടെ അടുത്ത പാട്ട് ‘ആഴത്തിലെന്നൊടൊന്ന് ഇടപെടണേ, ആത്മവിലെന്നോടൊന്നിടപെടണേ’. ശേഷം ദൈവസംഗീതം പല വാക്കുകൾക്കും ഭാഷകൾക്കും അതീതമായി ഒഴുകിത്തുടങ്ങി. ഓരോ പാട്ടുകളും ദൈവസ്നേഹത്തെയും ഭക്തിയെയും വിശ്വാസത്തെയും സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്നവയായിരുന്നൂ. പാട്ടുപാടുന്നവർ മാത്രമല്ല ദൈവസ്നേഹത്തെ പാടിപുകഴ്ത്തിയത്, മറിച്ച് പാട്ടു കേട്ടവരും അതെ സ്നേഹത്തിൽ  ലയിച്ചിരിക്കുകയായിരുന്നു. അതിലെ ചില പാട്ടുകളുടെ വരികൾ ഇങ്ങനെയായിരുന്നു………..

‘ആലയം ഉയർത്തി ദേവാലയം ഉയർത്തി’എന്ന സാം ജോർജ്ജിന്റെ പാട്ടും അതീവശാന്തമായി കേട്ടിരുന്നു. വിജി വർഗീസും മിമി മാത്യുവും പാടിയത് ’ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ, ഉടനവൻ അരുകിൽ  അണഞ്ഞരുളി’ എന്നതായിരുന്നു. ജോളി മാത്യൂസിന്റെ ‘യേശു എന്റെ പ്രാണനാഥൻ  എന്നതായിരുന്നു അടുത്ത പാട്ട്. ബിറ്റി ജോൺ വില്ലൊത്തിന്റ ഗാനം ‘പൈതലാം യേശുവേ, ഉമ്മവെച്ചുച്ചുമ്മവെച്ചുണർത്തിയ ആട്ടിടയർ ഉന്നതനെ’ എന്നതായിരുന്നു. ’ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ‘ എന്നായിരുന്ന ദയാ ഡേവിഡിന്റെ പാട്ടിന്റെ വരികൾ . ‘എൻ മനോഫലകങ്ങളിൽ നിന്റെ കൽപ്പനയോടെയീ എന്ന പാട്ടായിരുന്നു ദീപു ടി എബ്രഹാമും  സൗമ്യ ജിൻസും കൂടി ചേർന്നു പാടിയത്.പ്രത്യാശ നൽകുന്ന അടുത്ത ഗാനം പാടിയത് സ്റ്റാൻലി ഫിലിപ്സാണ് ‘ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടെന്നോർക്കണം’. സിജോയ് സാമും പ്രിറ്റി സിജോയും പാടിയ ‘കാൽവരിക്കുന്നിൽ നാഥൻ യാഗമായ് മാറി‘ എന്ന പാട്ടായിരുന്നു  പിന്നീട് കേട്ടത്.മിമി മാത്യുവിന്റെ ‘വാഴ്ത്തുന്നു ദൈവമെ നിൻ മഹത്വം,വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം’ എന്ന പാട്ട് കണ്ണൂ നനയിച്ചു.ജോയൽ ജോളി മാത്യു, നിഖിൽ ഫിലിപ്പ്  ജൊസഫ്, നോവ സ്റ്റാൻലി, നീതു എൽസാ മാത്യു, ജുവൽ സാറാ ജോളീ എന്നിവർ ചേർന്ന് പാടിയ ഇംഗ്ലിഷ് പാട്ടിന്റെ വരികൾ ഇങ്ങനെയായിരുന്നു ’ ഗോഡ് വിൽ മെയ്ക്ക് എ വെ, വെൻ ദേറിസ് നോ വേ’. ’വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ,  ആത്മാവിലെരിയുന്ന തീ അണക്കു’ എന്ന പാട്ടിന്റെ വരികൾ ഏതൊരു മനസ്സിനെയും സാന്ത്വനത്തിന്റെ നിറുകയിൽ എത്തിക്കും. അവിടെത്തന്നെയാ‍ണ് വിജി വർഗീസിന്റെ  പാട്ട് കേൾവിക്കാരെ എത്തിച്ചത്. കൂടെ  കോറസ് പാടിയത് ദീപു, സിജോയ് അനഘ,ദയ എന്നിവരാണ്. അടുത്ത ‘ഇത്രനൽ  രക്ഷകാ യേശുവെ’ എന്ന പാട്ട്  പാടിയത് ദീപ ലിജുവാണ്. സാംസൺ  ജോസഫിന്റെ ‘ദൈവമേ  നിൻ മുഖം’ എന്ന പാട്ടും മനസ്സിൽ ദൈവത്തിൻ സ്നേഹം തന്നു. അനഘ  വർഗീസിന്റെയും ആഷിഖ ഷിജുവിന്റെയും  പാട്ട് ’മഴയിലും വെയിലിലും കണ്ടു, ഇരവിലും വെയിലിയും കണ്ടു, നാഥാ നിന്നെ ഞാൻ  കണ്ടൂ എന്ന പാട്ട് കേൾവിക്കാരെ സ്നേഹത്തിന്റെ മന്ദസ്മിതത്തിൽ ചാലിച്ചു. സൌമ്യ ജിൻസിന്റെ  ’അനാദി ദേവൻ‘ എന്ന തമിഴ് ഗാനവും വളരെ മെച്ചമായിരുന്നു. സ്റ്റാൻലി ഫിലിപ്സിന്റെയും ജിഷജോളിയുടെയും ഹിന്ദി പാട്ടിലും ദൈവത്തെ നമ്മൾ കണ്ടു, ‘തേരെ സിവാ’ എന്ന വരികളിൽ! തോമസ് മാത്യുവും ബിറ്റി വിലോത്തും ചേർന്നു പാടിയ ‘പരിശുദ്ധൻ മഹോന്നത് ദേവൻ’ എന്ന പാട്ടിന്  കോറസ് നൽകിയത് സാം, സാംസൻ, സൗമ്യ, നീതു എന്നിവരാണ്.

കോംപയറിംഗിനായി എത്തിയ റീനു ജേക്കബ്, ബിജു വർഗീസ്, സിനി സൂസൻ മാത്യു , മീവൽ തോമസ് എന്നിവരെല്ലാം പാട്ടുകാർക്കൊപ്പം സംഗീതസന്ധ്യക്ക് പകിട്ടേകിയെന്ന് അവരിൽ ചിലരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ  മനസ്സിലാകും. ഈ പകർച്ചവ്യാധിയുടെ സമയത്ത് സെന്റ് പോൾസ് മാർത്തോമ ചർച്ച് ഗായകസംഘം സംഘടിപ്പിച്ച ഒരു ഓൺലൈൻ സംഗീത പരിപാടിയായിരുന്നു സാന്ത്വനസന്ധ്യ’. ഇടവകയിലെ എല്ലാ ക്വയർ അംഗങ്ങളുടെയും പാട്ടിന്റെ സംഭാവനയായിരുന്നു ആ പ്രോഗ്രാം. നിറഞ്ഞൊഴുകുന്ന ഹൃദയങ്ങൾക്ക് സാന്ത്വനവും ആശ്വാസവും നൽകുന്ന ഗാനങ്ങളാണ് ഗായകർ തിരഞ്ഞെടുത്തത്. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സിനി പറഞ്ഞവസാനിപ്പിച്ചു.

ജോൺ വില്ലോത്ത് തന്റെ വോട്ട് ഓഫ് താങ്ക്സ് പറഞ്ഞുതുടങ്ങിയത്, ഈ പ്രോഗാം ആലോചിച്ച്  തീരുമാനിച്ചവരെയും ഗായകരെയും, ക്വയർ മെംബർമാരെയും, വികാരി തോമസ് അച്ചനെയും അഭിനന്ദിച്ചുകൊണ്ടാണ്. എല്ലാ പ്രാസംഗികരെയും, പിന്നിൽ പ്രാർത്തിച്ചവരെയും, എല്ലാ സഭാ അംഗങ്ങളെയും, എല്ലാ ആങ്കർമാരെയും ദൈവത്തിന്റെ നാമത്തിൽ ആദരിച്ച് നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. അവസാനത്തെ പ്രാർത്ഥനക്കായി അനിൽ കെ മാത്യുവാണ് എത്തിയത്. ദൈവം ഈ സാന്ത്വനസന്ധ്യക്കായി അനുവദിച്ച കൃപക്കായി  നന്ദി പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. പലതരം പ്രയാസങ്ങളിൽക്കൂടി ഈ ലോകം കടന്നു പോകുമ്പോൾ, നമ്മൾ ഓരോരുത്തരെയും ദൈവം കാത്തു രക്ഷിക്കുന്നതിനായി പ്രത്യേകം നന്ദി എടുത്തു പറഞ്ഞു. ഈ സംരംഭത്തിൽ പ്രവർത്തിച്ച എല്ലാവർക്കും രക്ഷ നൽകിയതിനായും, ഈ ഇടവക്കായും, ഈ നാടിനായും, ഓരോ പാട്ടുകളും ദൈവത്തെ സ്തുതിച്ചു പാടിയ ഓരോ ശബ്ദങ്ങൾക്കായും പ്രത്യേകം  അനുഗ്രഹങ്ങൾ നൽകിയതിനായും പ്രാർത്ഥനയിൽ ഏറ്റെടുത്തു പറഞ്ഞു. അനേകർക്ക് വീണ്ടും അനുഗ്രഹമായിത്തീരുവാനായി ദൈവത്തിന്റെ കൃപകൂടെയുണ്ടാകട്ടെ  എന്നു പറഞ്ഞാണ് അനിൽച്ചായൻ  പ്രാർത്ഥന  അവസാനിപ്പിച്ചത്.

തോമസ് ജോസഫ് അച്ചന്റെ പ്രാർത്ഥനാ വാക്കുകൾ നമുക്കോരോരുത്തർക്കും വേണ്ടി ഇങ്ങനെയായിരുന്നു, ” ആത്മീയമായ ഈ ഗാനസന്ധ്യയിൽ  വന്ന എല്ലാവർക്കും അനുഗ്രഹാശ്ശിസുകൾ നേർന്നുകൊള്ളുന്നു. എല്ലാവർക്കും ദൈവാനുഗഹവും പകർന്നു കൊണ്ടായിരുന്നു സാന്ത്വനസന്ധ്യയുടെ കർട്ടൻ അച്ചൻ പറഞ്ഞവസാനിപ്പിച്ച് വലിച്ചിട്ടത്. ദൈവത്തിനു സ്തോത്രം.