വിഷു എന്നാൽ തുല്യമായത് എന്നർത്ഥം,അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിലെ സ്ത്രീകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. വിഷുവിനെ പുതുവര്ഷപ്പിറവിയായിട്ടാണ് കാണുന്നത്.സൂര്യൻ ഭൂമദ്ധ്യ രേഖയിൽ വരുന്നത് വിഷു ദിനത്തിലാണ്. രാത്രിയും പകലും തുല്യമായ നാളാണിത്. കേരളത്തിലെ [2] കാർഷികോത്സവമാണ് വിഷു. ‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റു പുള്ളുവപ്പാട്ടും [3] വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്.വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
മേട മാസമാസത്തിൽ പൂക്കേണ്ട മഞ്ഞണിക്കൊന്നകൾ പൂത്തുലഞ്ഞ് വിഷുവിന്റെ വരവറിയിച്ചു കഴിഞ്ഞു. ഉറക്കച്ചടവോടെ കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിൽ ഒരുക്കിയിരിക്കുന്ന കണി കണ്ടു നില്ക്കുമ്പോൾ പുതിയ പ്രതീക്ഷകൾ കുടുംബത്തിൽ ഉണരുന്നു. വീട്ടിലെ മുതിര്ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നതും കണി കാണിക്കുന്നതും. കണി ഒരുക്കുന്നതിന് ആദ്യപടിയായി വലിയ ഉരുളി തേച്ചൊരുക്കും. അതിൽ അരിയും നെല്ലും പാതി നിറച്ച് ഒപ്പം മുണ്ട്, പൊന്ന്, വാല്ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടക്ക, വെറ്റില, കണ്മഷി, ചാന്ത, സിന്തൂരം, നാരങ്ങ നാളികേരം എന്നിവയൊടൊപ്പം കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുമ്പിൽ വെച്ചാണ് കണി ഒരുക്കുക. കണിക്കൊന്നപ്പൂക്കൾ അതിലെ ഒരു പ്രധാന ഘടകമാണ്. ചിലയിടങ്ങളില് കറിക്കൂട്ട്, പുസ്തകങ്ങൾ, വെള്ളി, ചക്ക, മാങ്ങ, ചന്ദനത്തിരി, വെള്ളം നിറച്ച ഓട്ടു കിണ്ടി, കസവ് മുണ്ട് എന്നീ വിഭവങ്ങൾ കൂടി കണി വെക്കും. വിഷുവിന്റെ തലേദിവസം രാത്രി വൈകിയാണ് കണി ഒരുക്കുക. വീട്ടിലെ മുത്തശ്ശി രാവിലെ ഓരോരുത്തരെയായി വിളിച്ചുണര്ത്തി കണ്ണു തുറക്കാതെ പിന്നിൽ നിന്നും കണ്ണുപൊത്തി കണിക്ക് മുന്നിൽ കൊണ്ടു നിര്ത്തിയാണ് കണി കാണിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും കണി കണ്ടു കഴിഞ്ഞാൽ വീടിന്റെ കിഴക്കു വശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കാണിക്കുന്ന ചടങ്ങും ചിലയിടങ്ങളില് ഉണ്ട്. അതിനുശേഷം ഫല വൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണി കാണിക്കുന്നു. കണി കാണിച്ചു കഴിഞ്ഞാണ് കുടുംബത്തിലെ ഗൃഹനാഥൻ കൈനീട്ടം നല്കാറുള്ളത്.
കൊന്നപ്പൂവുണ്ടായ്തിനും ഒരു കഥയുണ്ട്.പണ്ട് ഒരു ബ്രാഹ്മണബാലൻ ശ്രീകൃഷ്ണനെ നേരിട്ടുകാണാൻ അതിയായ മോഹം. മനസ്സുരുകി പ്രാർത്ഥിച്ച ബാലന്റെ അരികിൽ കൃഷ്ണൻ പ്രത്ര്യക്ഷനായി. സമ്മാനമായി അരയിൽ കിടന്ന പൊന്നരിഞ്ഞാണം ഊരി നൽകി. പിറ്റെ ദിവസം ക്ഷേത്രം തുറന്ന പൂജാരി കൃഷ്ണവിഗ്രഹത്തിൽ പൊന്നരിഞ്ഞാണം നഷ്ടപ്പെട്ടതും അറിഞ്ഞു. നാടാകെ പാട്ടായി, അരഞ്ഞാണം ബ്രാഹ്മണബാലന്റെ കൈവശം ഉണ്ട് എന്ന്! ദേഷ്യം തോന്നിയ ബാലന്റെ അമ്മ അവനെ ശിക്ഷിച്ചതിനൊപ്പം മാല വാങ്ങി വലിച്ചെറിഞ്ഞു. ഒരു നിമിഷം ഏതോ മരക്കമ്പിൽ തങ്ങിയതിനു ശേഷം നിമിഷനേരം കൊണ്ട് അത് മഞ്ഞാപ്പൂക്കളായിത്തീർന്നു. ഇതാണ് കണിക്കൊന്ന എന്നും ഒരു ഐതിഹ കഥയും ഉണ്ട്. വിഷുവിന്റെ വരവിനെ വിളിച്ചറിയിച്ചുകൊണ്ട് മേടമാസത്തിലാണ് കൊന്നകൾ പൂക്കുന്നത്.
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം [4] വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് ‘പനസം‘ എന്നു മാത്രമേ പറയാവൂ വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും.കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചു കൊണ്ടാണ് കൈനീട്ടം. കൊന്നപ്പൂക്കളുടെ ചിരി,നിലവിളക്കിന്റെ പ്രഭ,നന്മയുടെ പ്രതീക്ഷകൾ,ഇവിടെ പ്രവാസിമലയാളികൾ പ്രതീക്ഷയോടെ മറ്റൊരു വിഷുവിനായി കാത്തിരുന്നു. വിഷുദിവസവും,ഒരു വർഷത്തെ നന്മയേ മുൻനിർത്തി എല്ലാ മലയാളികളും ഓർക്കുന്നു,ജാതിമത ഭേദമന്യേ!
രാവിലെത്തെ ഭക്ഷണം ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവം നിർബന്ധമാണ്. നാളികേരപ്പാലിൽ. പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യക്കൊപ്പം മാമ്പഴപുളിശ്ശേരി തീർച്ചയായും ഉണ്ടാവും. ചക്കഎരിശ്ശേരി, ചക്കപ്രഥമൻ ഇവയും ഉണ്ടാവും. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്.
തലേദിവസം മകരസംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ സാധങ്ങൾ എല്ലം തിരെഞ്ഞെടുത്ത് കത്തിച്ചുകളയുന്നു. വീട് വൃത്തിയാക്കുകയും പുതുവർഷത്തെ വരവേൽക്കുയും ചെയ്യുക എന്നാതാണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മത്താപ്പ് തുടങ്ങിയ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നു, കാലത്ത് കണികണ്ടശേഷവും വൈകീട്ടും ഈ പടക്കങ്ങളുടെ ശബ്ദതരംഗങ്ങൾ തുടരുന്നു.
നാടെങ്ങും വിഷുകൊന്നകൾ പൂത്തുലഞ്ഞ് തുടങ്ങി . കണിവെയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണന് നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യൻ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായത്. ഓണത്തെക്കാൾ ഐതിഹങ്ങളാൽ പഴയത് വിഷു ആണെന്നും പറയപ്പെടുന്നു. ഒരിക്കൽ വിഷുവിന് വളരെമുന്പേ പൂത്ത കൊന്നയെ ”കള്ളിക്കൊന്ന” എന്നുവിളിച്ച് കവയിത്രി സുഗതകുമാരി എഴുതിയ കവിത ഓര്മയിൽ വരുന്നു. ഇപ്പോൾ കൊന്നപ്പൂവിന് ക്ഷാമം അനുഭവപ്പെടുമ്പോൾ പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ മാര്ക്കറ്റിൽ സുലഭം. യഥാര്ത്ഥ കൊന്നപ്പൂക്കളെക്കാൾ നിറവും വലിപ്പവുണ്ട് ഈ പ്രാസ്റ്റിക് കൊന്നപ്പൂക്കൾക്ക്! ഉണ്ണിക്കണ്ണന്മാരെ പണ്ട് കളിമണ്ണുകൊണ്ടായിരുന്നു രൂപപ്പെടുത്തിയിയിരുന്നത്. ഇപ്പോൾ പേപ്പർ പള്പ്പും മറ്റും ഉപയോഗിച്ചാണത്രെ തൃപ്പൂണിത്തുറയിൽ വില്ക്കാൻ വച്ചിരിക്കുന്ന ഉണ്ണിക്കണ്ണന്മാരെ നിര്മിച്ചിരിക്കുന്നത് . അധികം താമസിയാതെ നമുക്ക് റെഡിമെയ്ഡ് കണി ലഭ്യമാകും എന്നുറപ്പാണ്. പ്ലാസ്റ്റിക് ഉരുളിയിൽ പ്ലാസ്റ്റിക് നിര്മിതമായ എല്ലാ കണിക്കൂള്ള വസ്തുക്കളും നിറച്ച് റെഡിയാക്കിയിരിക്കുന്ന വിഷുക്കണി. വിഷുക്കണി ഒരുക്കാന്സമയ മില്ലാത്തവര്ക്ക് ഇവ വാങ്ങാൻ സന്തോഷമായിരിക്കും. പക്ഷേ കിണ്ടിയിൽ കസവുമുണ്ട് ഞെറിഞ്ഞുവച്ച്, നാളികേരം രണ്ടുമുറിയാക്കി അരിനിറച്ച കിഴികൾ വച്ച് കത്തിക്കുന്ന ഒരു ആഹ്ലാദം റെഡിമെയ്ഡ് കണിയിൽ കിട്ടുമോ? അറിയില്ല! ആഘോഷങ്ങളൊക്കെ ഇന്സ്റ്റന്റ് ആകുന്ന ഇക്കാലത്ത് , ഇതൊക്കെ ആശ്വാസമോ മനസ്സിന്റെ വെറും ആഗ്രഹങ്ങളോ ആകാം. അലസന്മാര്ക്ക് സമൃദ്ധിയുണ്ടാവില്ല എന്നാരൊ പറഞ്ഞുകേട്ടിട്ടുണ്ട് ! ഈ ലോകത്തിന്റെ ഹൃദമിടിപ്പിന്റെ വേദന മനസ്സിലായിട്ടും മനസ്സിലാക്കാതെ കമ്പ്യൂട്ടറിന്മുന്നിലിരിക്കുന്ന നമ്മുടെ മുന്നില് വീണ്ടും വിഷുപ്പക്ഷിവന്ന് പാടുന്നു.”വിത്തും കൈക്കോട്ടും,’പ്രകൃതിയെ മറക്കരുതേ’ എന്ന്……………………