ഓ ഓറഞ്ച് റ്റാക്സി
കൊല്‍ക്കൊത്തയുടെ നനവൂറുന്ന വീഥികളിലൂടെ കിതച്ചുകൊണ്ട് ഓടിയിരുന്ന റിക്ഷാ വലിക്കാര്‍ ഇപ്പോഴില്ല. അവരെവിടെ എന്ന് ആരും അന്വേഷിക്കുന്നുമില്ല. ബിമല്‍ റോയിയുടെ ആവേശം കയറി വിറയ്ക്കുന്ന ഉടല്‍ റിക്ഷാക്കാരുടെ ഹരമായിരുന്നു, ദേവിന്റെ പപ്പൂട്ടിയെ പോലെ.ഒരു നഗരം ഇങ്ങനെയൊക്കെയാണ് മാറുന്നത് അല്ലെങ്കില്‍ മാറ്റുന്നത്. ഇപ്പോള്‍ കൊല്‍ക്കൊത്തയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്നത് റൈറ്റേഴ്‌സ് ബില്‍ഡിംഗിന് മുന്നിലൂടെ പായുന്ന ടാക്‌സികളാണ്. മുകളില്‍ മടുപ്പിക്കുന്ന മഞ്ഞച്ചായമടിച്ച കറുത്ത ടാക്‌സികള്‍. ഒരു മൃണാള്‍ദാ ചിത്രത്തിലെ നഗരദൃശ്യം പോലെ ക്രെയിന്‍ ഷോട്ട് നമുക്ക് കാണിച്ചു തരുന്നത് ഈ മഞ്ഞക്കട്ടകളുടെ ഒഴുക്കാണ്. ഇനി അവയും റിക്ഷാക്കാരെ പോലെ ഓര്‍മ്മയില്‍ മാത്രമാകും.
ഒരു നഗരത്തെ നമ്മള്‍ തിരിച്ചറിയുന്നത് ഇത്തരം ദൃശ്യങ്ങളിലൂടെയാവും. പഴയതൊക്കെ മാറി പുതിയത് എന്നും വാരിയണിയുകയാണ് എല്ലാ നഗരങ്ങളും. ഗള്‍ഫിലെ തെരുവുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ അട്ടിമറികളെയാണ്. രാവിലെ ഭരിക്കുന്നവന്‍ വൈകുന്നേരം നാടുവിട്ടോടുന്നു. മണിക്കൂറുകള്‍ക്കകം മാറിമറിയുന്ന ഭരണകൂടങ്ങള്‍, മാറ്റങ്ങള്‍ക്ക് മുന്നില്‍ മടിച്ചു നില്‍ക്കുന്നവര്‍ തുടച്ചു നീക്കപ്പെടുന്നു. അബുദാബിയിലെയും ദോഹയിലെയും തെരുവുകള്‍ ഇന്ന് തന്നെ ഫോട്ടോയെടുത്തു വച്ചോളു, നാളെ മുതല്‍ തന്നെ അത് നിങ്ങള്‍ക്ക് ”നൊസ്റ്റാള്‍ജിക് ആല്‍ബം” എന്ന പംക്തിക്ക് വേണ്ടി ഏതെങ്കിലും വാരാന്തപ്പതിപ്പിന് നല്‍കാം.
ഗള്‍ഫിലേക്ക് കുടിയേറിയ മലയാളികളില്‍ വളരെയധികം ഡ്രൈവര്‍മാരായിരുന്നു. നാട്ടിലെ നാലുമുക്കില്‍ ദിവസങ്ങളോളം തങ്ങളുടെ മാര്‍ക്ക് ഫോര്‍ അംബിയുമായി ഓട്ടവും കാത്ത് കിടന്ന് ഉറങ്ങിയവര്‍ക്ക് ഗള്‍ഫ് എന്ന ടാക്‌സി സ്റ്റാന്‍ഡ് ഓട്ടത്തിന്റെ ചാകരയായിരുന്നു. എല്ലാം മാറിപ്പോയി. സ്വന്തമായി ആരും ടാക്‌സി ഓടിക്കേണ്ട. ഭരണകൂടം വാങ്ങി നല്‍കുന്ന ടാക്‌സി ഓടിക്കുവാന്‍ അവര്‍ തന്നെ ഡ്രൈവര്‍മാരെ നിശ്ചയിക്കുന്നു. ഫിലിപ്പിനികളോ ശ്രീലങ്കക്കാരോ. വണ്ടിയും ഡ്രൈവറും തമ്മിലുണ്ടായിരുന്ന ആത്മബന്ധം അവസാനിച്ചു. ഓറഞ്ച് നിറത്തിലുള്ള സാധാരണക്കാരന്റെ ടാക്‌സി പരിഷ്‌കൃത നഗരത്തിന് കുറച്ചിലാണെന്ന് തോന്നിയതിനാല്‍ സര്‍ക്കാര്‍ തന്നെ പച്ച നിറത്തോടുകൂടിയ പുതിയ കാറുകളാണ് ദോഹ തെരുവുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓറഞ്ച് ടാക്‌സി ഇനി ഓടേണ്ട എന്ന് ഭരണകൂടം എന്നേ തീരുമാനിച്ചു കഴിഞ്ഞു. ആ ഓറഞ്ച് നിറമുള്ള ജീവിതങ്ങള്‍ സുഖകരമായ ഒരു ഓര്‍മ്മയായിരുന്നു…..
ടാക്‌സി സുന്ദരിക്ക് പറയാനുള്ളത്”എനിക്കെല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും എന്നെ പൊന്നുപോലെ നോക്കണമെന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ എല്ലാ അവയവങ്ങളും ഒത്തൊരുമയോടെ നിന്നാല്‍ എനിക്കും എന്റെ ഡ്രൈവര്‍ ചേട്ടനും, എന്റെ പൊന്നേമാന്മാര്‍ക്കും ജീവിതം കുശാല്‍. പക്ഷേ എന്റെ ഡ്രൈവര്‍ ചേട്ടന്റെ എന്നോടുള്ള കരുതലും സ്‌നേഹവും എന്നെ എന്നും സുന്ദരിയാക്കി. മാലയും തൊങ്ങലും ചിന്തേരുകളും എന്നെ ഒരു പക്ക പാക്കിസ്ഥാനി സുന്ദരിയാക്കി, ഇതൊരു പഠാന്റെ പെണ്ണാണെന്ന് ആരും പറയും.കാശുമാലയോ രുദ്രാക്ഷമോ പൊന്നുംകുരിശോ കണ്ടാല്‍ തീരുമാനിച്ചോണം അതൊരു മലയാളിയുടെ പെണ്ണാണെന്ന്. തമിഴന്റെ വണ്ടിയാണെന്നതിന് അടയാളം നോക്കേണ്ട് കാര്യമില്ല, ദൂരെ നിന്ന് വരുമ്പോഴേ കേള്‍ക്കാം തമിഴ് പാട്ട് ”ഗുണ്ടുമാങ്കാ നേരം പാര്‍ത്തു യാരുമില്ലാ വന്ദാളേ……….” അടുത്തു വരുമ്പോള്‍ കാണാം അണ്ണന്റെയോ ശിവാജിയുടെയോ രജനിയുടെയോ പടം പുറകിലെ ഗ്ലാസില്‍ ഒട്ടിച്ചു വച്ചിരിക്കുന്നത്.
ആരുടെയൊക്കെയോ ജീവിതങ്ങള്‍ എന്റെ കൈയിലൂടെ കടന്നുപോയി അല്ലെങ്കില്‍ എന്റെ ശരീരം പല കൈമറിഞ്ഞു പോയി. ഓരോ ആളുടെ അടുത്തു നിന്നും കൈമാറി പോകുമ്പോഴും എന്തോ ഒരു നഷ്ടം തോന്നിയിരുന്നു. പിന്നെ അവര്‍ എന്നിലൂടെ രക്ഷപ്പെടുമെങ്കില്‍ നല്ലതല്ലേ എന്ന് തോന്നി സമാധാനിച്ചു. ഓരോ കൈമാറിപ്പോകുമ്പോഴും എന്റെ മുഖത്തിനും രൂപത്തിനും അതിന്റേതായ മാറ്റം വന്നു. ഞാന്‍ പഠാനിയും മലയാളിയും തമിഴത്തിയും ലങ്കാലക്ഷ്മിയും വംഗസുന്ദരിയുമൊക്കെ ആയി വേഷം കെട്ടി.ഇനി ഓറഞ്ച് സുന്ദരി വേണ്ട എന്ന് സര്‍ക്കാരങ്ങ് തീരുമാനിച്ചു കാണും. എനിക്ക് വിരമിക്കാനായി ഒരു പച്ച നിറക്കാരി വന്നു. സുന്ദരിയും സുമുഖയും സായിപ്പിന്റെ കോട്ടും സൂട്ടും ഓ! എന്താ പെണ്ണിന്റെ ഒരു പവര്‍ പറയാതിരിക്കാന്‍ വയ്യ. എല്ലാ വിധത്തിലും സര്‍വഗുണസമ്പന്ന, കുടുമക്കാരി, പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കാറുണ്ടോ? എന്തിന് പതിനാലാം ദിനം ഇവളുടെയും അവസ്ഥ ഇതു തന്നെയല്ലേ?
എങ്കിലും എന്റെ എല്ലാ ശക്തിയും എടുത്തു ഞാന്‍ ഓടിക്കൊണ്ടിരുന്നു. തുരുമ്പിച്ച ദേഹം പെയിന്റടിച്ചും ഒട്ടിച്ചും പറ്റിച്ചും മോടിപിടിപ്പിക്കാന്‍ നോക്കിയിട്ടും ഈ പച്ചപ്പരിഷ്‌ക്കാരികളോട് കിടപിടിക്കാന്‍ എനിക്ക് പറ്റിയില്ല. കുറച്ചു നാളു കൂടി ഓടാന്‍ എന്നെ സര്‍ക്കാര്‍ അനുവദിച്ചു. പിന്നെ ഒളിച്ചു നടന്നു, ട്രാഫിക് പൊലീസുകാരെ വെട്ടിച്ചുകൊണ്ടുള്ള ഒളിവുജീവിതം മടുത്തു, നിന്നു പിഴയ്ക്കാനുള്ള കളികളെല്ലാം കളിച്ചു തീര്‍ന്നു. എന്റെ ചേട്ടന്മാരുടെയും നാട്ടിലുള്ള അവരുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും പ്രാരാബ്ധങ്ങള്‍ ആരും കേട്ടില്ല.
നഗരം മോടിപിടിപ്പിച്ച് പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും ഒക്കെ ചീഞ്ഞടിയണം, വളമായി. അതെന്റെ ഈ ഓറഞ്ചു നിറമുള്ള ശരീരമായിരിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല എന്റെ ചേട്ടന്മാര്‍. അവരൊക്കെ, എങ്ങോട്ടോ ഓടി ഒളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകാണും എന്ന പ്രതീക്ഷ യാര്‍ഡില്‍ വെറും തുരുമ്പു കഷണങ്ങളായി കിടക്കുന്ന എന്റെ മനസില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. കുറെ തുരുമ്പ് കച്ചവടക്കാര്‍ക്ക് മുഷിഞ്ഞ റിയാല്‍ നോട്ടുകളുടെ തൂക്കുവില മാത്രമായി തീര്‍ന്നു ഞാന്‍, കഷ്ടം!
”നിങ്ങളുടെ കേയെസ്സാര്‍ട്ടീസിക്കും ബജാജിന്റെ ബ്യാക്കെഞ്ചിന്‍ ഓട്ടോയ്ക്കുമൊക്കെ ഇത്തരം കഥകള്‍ പറയേണ്ടി വരുമോ? അവര്‍ക്കുമുണ്ടാവില്ലേ എനിക്കുണ്ടായിരുന്നതു പോലെ ചേട്ടന്മാര്‍?”ഡ്രൈവര്‍ ചേട്ടന് പറയാനുള്ളത്”എന്റെ പേരും നാടുമൊന്നും എഴുതല്ലേ ചേച്ചി. ഇവിടത്തെ കഷ്ടപ്പാടൊന്നും വീട്ടുകാരറിയേണ്ട. അല്ലെങ്കില്‍ തന്നെ എന്റെ ഓറഞ്ചു വണ്ടിയില്‍ കയറിയവരുടെ കഥകള്‍ കേട്ടാല്‍ എന്റേത് ഒന്നുമല്ലെന്ന് തോന്നും. സവാരിക്കാരുടെ ജീവിതത്തിന്റെയും വയറ്റുപ്പിഴപ്പിന്റെയും കദനകഥകള്‍ കേട്ട് കേട്ട് തഴമ്പിച്ചു എന്റെ ഈ ചെവി. വണ്ടി ഓടിക്കുമ്പോഴാണ് ചിലര്‍ ഒരു കൂട്ടുകാരനെ കിട്ടിയതുപോലെ എന്നോട് ഓരോന്ന് പറയുന്നത്. എവിടെ നിന്നോ വന്ന കുറെ മനുഷ്യര്‍. ജോലി തേടിയും ബന്ധുക്കളെ തേടിയും ജോലി മാറിയും വിസയുടെ കാലാവധി തീര്‍ന്ന് ഒളിച്ചും പാത്തും നടക്കുന്നവര്‍….. പുതിയ ജോലിയില്‍ കയറിയതിന്റെ സന്തോഷം, അത് കാണിക്കാനായി ടാക്‌സിക്കൂലിയുടെ ബാക്കി നിങ്ങള്‍ വെച്ചോളു എന്ന് പറയുന്നവര്‍, നാട്ടില്‍ അങ്ങനെ കിട്ടിയിട്ടില്ല.
ചിലര്‍ നേരിട്ട് ഒന്നും പറയില്ല. അപ്പോഴായിരിക്കും അവരെ മൊബൈലില്‍ നിന്നും ആരെങ്കിലും വിളിക്കുന്നത്. നാട്ടില്‍ നിന്നും വിളിക്കുന്നവരോട് സംസാരിക്കുന്നത് കേള്‍ക്കുന്നതാണ് ഏറ്റവും സങ്കടം. പണത്തിന്റെയും കടത്തിന്റെയും മാത്രം കഥകള്‍. പെങ്ങളെ കെട്ടിക്കാനും, ചേച്ചിയുടെ പ്രസവം എടുക്കാനും, വീട് പണിയാനും പണം വേണം. തല്‍ക്കാലത്തേക്ക് എവിടുന്നെങ്കിലും മറിക്ക് എന്നൊരു ഉപദേശവും കൂടെ പലിശ ഞാന്‍ മാസം അയച്ചോളാം എന്ന ആശ്വാസവാക്കും!
ഒരു ദിവസം ഒരു ഗര്‍ഭിണിചേച്ചി കൈകാട്ടി നിര്‍ത്തി, ഹാമദിലേക്ക് സ്ഥലം പറഞ്ഞു.ഇവിടുത്തെ ഒരേ ഒരു ആശുപത്രി. ചെരിഞ്ഞു പ്രയാസപ്പെട്ടു വണ്ടിയില്‍ കയറി കൂടെ ഒരു വലിയ ബാഗും. ഇത്രടം മുമ്പോട്ടു പോയിക്കഴിഞ്ഞപ്പോ പുറകില്‍ ഒരു മൂളലും ഏങ്ങലും…. ”എനിക്കത്ര സുഖം തോന്നുന്നില്ല, വണ്ടി ഒന്നു വേഗം വിടാമോ”, ‘ചാരിക്കിടന്നോളു’ എന്ന് പറഞ്ഞ് ഞാന്‍ പറപറന്നു. നാട്ടില്‍ അയലത്ത് ആര്‍ക്കോ പേറ്റ് നോവ് വന്നപ്പോള്‍ കവലയിലെ ടാക്‌സി സ്റ്റാന്‍ഡിലേക്ക് ഓടിയത് എനിക്ക് ഓര്‍മ്മ വന്നു. അത്യാഹിത വിഭാഗത്തില്‍ ചെന്ന് അവരെ സ്‌ട്രെച്ചറില്‍ കിടത്തിയ ശേഷമാണ് എന്റെ പാച്ചില്‍ തീര്‍ന്നത്. നഴ്‌സുമാരെ വിളിച്ചു കൊണ്ടുവന്ന് അവരെ അകത്തു കയറ്റി വിട്ടു. എന്റെ കൂലി പോലും ഞാന്‍ മറന്നു പോയി. ആ കുഞ്ഞ് പിറന്നു കാണുമോ? അവരിനി എന്നെ ഓര്‍ക്കുമോ? ഒരിക്കലും ഇല്ല. അവരുടെ കൈയില്‍ നിന്നും വീണു പോയ ഒരു മുഷിഞ്ഞ കര്‍ച്ചീഫ് വണ്ടിയുടെ ഡാഷ്‌ബോര്‍ഡിലേക്ക് അലക്ഷ്യമായി ഇട്ട് മുന്നില്‍ വന്ന് നോക്കിയപ്പോള്‍ ഹെഡ്‌ലൈറ്റ് കണ്ണുകള്‍ കൊണ്ട് എന്റെ ഓറഞ്ച് സുന്ദരി എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി. മിറര്‍ തുടച്ച് ഞാനവള്‍ക്ക് ഒരു ഉമ്മ കൊടുത്തു, എന്റെ രൂപമാണ് അതില്‍ കണ്ടതെങ്കിലും. ഞാനും അവളും ഒന്നാണെന്നേ എനിക്ക് തോന്നിയിട്ടുള്ളു. കുറെ നാളത്തെ അടുപ്പം കൊണ്ട് നമ്മുടെ വണ്ടിക്ക് ജീവനുള്ളതു പോലെ നമുക്ക് തോന്നും, അത് കൊണ്ടാണ് സ്വന്തം പെണ്ണിനെ പോലെ വളയം പിടിക്കുന്നവര്‍ അതിനെ അണിയിച്ചൊരുക്കുന്നത്…….”
ഇപ്പോഴുള്ള പുത്തന്‍ സുന്ദരിമാരെ അണിയിച്ചൊരുക്കാന്‍ ഡ്രൈവര്‍ ചേട്ടന്മാര്‍ക്ക് തോന്നുമോ വഴിയില്ല. പുതുതലമുറ കാറുകള്‍ അതോടിക്കുന്നവരുടെ യജമാനത്തികളെ പോലെയാണ്. അതിന്റെ പതുപതുത്ത കുഷ്യന്‍ സീറ്റുകളും പുറംമോടിയും പുച്ഛത്തിലുള്ള നോട്ടവും കാരണം ഒരു സിനിമാനടിയെ കാണുന്നത് പോലെയാണ് ഡ്രൈവര്‍മാര്‍ക്ക് പോലും. ഇഷ്ടമാണെങ്കിലും അടുത്ത് ചെന്ന് തൊടാന്‍ പോലും പേടി. സൂക്ഷിച്ചാണ് അവര്‍ അതിന്റെ വളയം പിടിക്കുക, നൊന്താലോ, പിണങ്ങിയാലോ….അവളെ നോവിക്കാതെ സീറ്റില്‍ ഇരിക്കുക, പതുക്കെ ഡ്രൈവ് ചെയ്യുകയാണെന്ന് തോന്നാതെ ഓടിക്കുക. അവളുടെ സുഖമാണ് പ്രധാനം. പിണങ്ങിയാല്‍ പിന്നെ അവരുടെ വയറ്റുപിഴപ്പ്. ?
കണ്ടം ചെയ്യാന്‍ വച്ചിരുന്ന ഒരു ഓറഞ്ച് സുന്ദരിയെ കണ്ടപ്പോള്‍ ഒരു പഴയ മലയാളം പാട്ട് ഓര്‍മ്മ വന്നു. ”ഞാനൊരു പാവം മോറിസ് മൈനര്‍ അവളൊരു 71 ഇംപാല……”കഷ്ടം ആ പാട്ട് പോലും കാലഹരണപ്പെട്ടു പോയല്ലോ എന്നോര്‍ത്ത് ദോഹ തെരുവില്‍ നിന്നപ്പോള്‍ പുതിയ പച്ച സുന്ദരി ഇരമ്പി വന്നു. വലതു കൈ നീട്ടി ടാക്‌സി എന്നു വിളിച്ചു കയറിയിരുന്നു. പോകുന്നിടം വരെ പോകട്ടെ.