എന്നത്തെയും പോലെ ഒരു പ്രഭാതം. രാവിലെ 5.30 തിനു തുടങ്ങുന്ന ദിവസം. തികച്ചും യാന്ത്രികമാണ്. വിദേശഘടികാരത്തിന്റെ അലര്‍ച്ചയോടെ എഴുന്നേല്‍ക്കും, തലയും ചൊറിഞ്ഞ്, മുഷിപ്പോടെയുള്ള തുടക്കം. രാവിലെ സ്‌കൂളിലും ഓഫീസിലും 7 മണിക്കെത്തെണമെങ്കില്‍ 6.15 നെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങണം. രാവിലെത്തെ തത്രപ്പാടില്‍ എല്ലാവരും തന്നെ ഒരു വാഹനക്കുരിക്കില്‍ ചെന്നുപെടുന്നു. മുന്‍പോട്ടു പൊകാനുള്ള വെപ്രാളത്തില്‍ എല്ലവരും തന്നെ എല്ലാ ഭാഷയിലും ഉള്ള അസഭ്യ ഭാഷകളുടെ കെട്ടഴിച്ചിരിക്കും. പിന്നെ ഓരോ പ്രാവശ്യവും കാറിന്റെ കണ്ണാടി തുറക്കുമ്പോള്‍ ഉള്ള ചൂടും പൊടിയും ഒക്കെക്കൂടി ആകെപ്പാടെ ദിവസം തെന്നെ പോയി എന്നുപറയാം. അപ്പോള്‍ ലോകത്തുള്ള എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചു, ‘ഇത്രക്ക് പാപം ഞനെന്തു ചെയ്‌തു, പ്രഭോ?’
ഇതും കഴിഞ്ഞ് ഓഫീസിനുള്ളില്‍ ചെന്നാലോ? ഈജിപ്റ്റിന്റെ മുഴുവന്‍ മമ്മികളും തോളില്‍ കയറ്റി വെച്ചിരിക്കുന്നപോലെ അത്രക്ക് കനമുള്ള ഒരു ഉത്തരാധികാരി എനിക്കു വേണ്ടി തയ്യാറെടുത്തു നില്‍ക്കുന്നുണ്ടാവും. ഇന്നിനി എന്താണാവോ ജോലിത്തിരക്കിന്റെ മാലപ്പടക്കം!
ചെന്നുകയറിയ ഉടനെ റോബോര്‍ട്ടിനോട് പാന്‍ട്രിയില്‍ കയറി ഒരു ചായക്കു ഓര്‍ഡര്‍ പറഞ്ഞിട്ടു ക്യാബിനിലേക്ക് നീങ്ങി. നാലഞ്ചു ഫയലുകളുടെ കൂമ്പാരത്തിലേക്കു മുങ്ങിത്താണു. രാവിലെ തന്നെ മലയാളികളും, ഇന്‍ഡ്യക്കാരും, അന്യ രാജ്യക്കാരുമായ പലരും തന്നെ ഒത്തൊരുമിച്ചു ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിലൂടെ നടന്നു രാവിലെത്തെ കുശലം കഴിഞ്ഞു. ഈ ഇന്റര്‍നാഷണല്‍ വണ്ടിക്കച്ചവടക്കടയുടെ മാനേജരുടെ പേർസണൽ അസ്സിസ്റ്റന്റ് എന്ന വലിയ പദവിയുടെ ഒരു വാല്‍ എന്റെ പേരിന്റെ കൂടെയുണ്ട്. ചായയുമായി എത്തിയ റോബർട്ടിന്റെ വക അന്നത്തെ ഗോസ്സിപ്പുകൾ, ഗർഭ ന്യൂസ്സുകൾ, എന്നിങ്ങനെ പോകുന്നു. ചായക്കാരൻ എന്ന സ്ഥാനപ്പേരിന്ന്, പാൻട്രി ഇൻ ചാർജ്ജ് എന്ന ഡെസിഗ്‌നേഷനിൽ എത്തി നിൽക്കൂന്നു. എല്ലാ ഗർഭിണികൾക്കും പ്രത്യേക സംരംക്ഷണം നൽകി, എല്ലാവരുടെയും ഇഷ്‌ടാനിഷ്‌ടങ്ങളും, ചായയോ, കാപ്പിയോ, ശീതളപാനീയങ്ങളോ എന്നോ, ഓരോരുത്തരുടെയും പഞ്ചസാരയുടെയും, കണക്കും മറ്റും അക്ഷരംപ്രതി വള്ളിപുള്ളി തെറ്റാതെ ഓർത്തിരിക്കുന്ന, എല്ലാവരെയും സന്തോഷിപ്പിക്കാൻ പോന്ന സുസ്‌മേര വദനനായ റോബർട്ട്. എന്നാൽ ഞാനങ്ങൊട്ട്…. എന്ന അർദ്ധോക്തി വാക്കുമായി, അടുത്ത ക്യാബിനിലേക്കു നീങ്ങി. ഞാൻ എന്റെ പതിവു വരവു വിവരപട്ടികകളിലേക്കും.
ഈ ഈദിന് പുതിയ പലതരം സംരംഭങ്ങളുമായി ജപ്പാനികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നിട്ടെന്താ കാര്യം! ബര്‍ജല്‍ ദുബായുടെ നീളം എന്തായാലും ജപ്പാനികള്‍ക്കെത്തിപ്പിടിക്കാവുന്നതിനപ്പുറമായി. എന്നിട്ടും വിടുന്നില്ല. ലോകത്തിലെ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജക്കന്മാരായി പ്രഖ്യാപിക്കപ്പെട്ടു കഴിഞിരിക്കുന്നു അവര്‍ സ്വയം പണ്ടെ. എന്നാലും, ദോഷം പറയരുതല്ലോ! വണ്ടിക്കച്ചവടത്തില്‍ ജപ്പാനികളെ വെല്ലാന്‍ ആരും തന്നെയില്ല എന്നു പറയാം. എന്നാലും ഈ ഗള്‍ഫ് രാജ്യത്തിത്രയും എണ്ണയും ഗ്യാസും ഇല്ലായിരുന്നെങ്കില്‍ നമ്മളൊക്കെ എവിടെപ്പോയേനെ? പണ്ടൂകാലത്ത് അപ്പനപ്പന്മാര്‍ മച്ചുവായില്‍ കയറി വന്ന ഗതിയൊക്കെ മാറി. ഇന്ന് ഏതൊരു ഗള്‍ഫ് രാജ്യത്തും മലയാളികളെ മാറ്റി നിര്‍ത്തേണ്ട. എവിടെച്ചെന്നാലും ‘എന്താ വിശേഷം?’ എന്നൊരു ചോദ്യം കേള്‍ക്കാത്ത ഒരു രാജ്യവും ഇല്ലെന്നു തന്നെ പറയാം!
ഒഴിവു സമയം എന്ന സിഗററ്റുവലിക്കാനുള്ള ഇടവേളകള്‍, റോബര്‍ട്ടു തന്ന ഒരു ചായക്കപ്പുമായി നടകയറി 4 ആാം നിലയിലെത്തുമ്പോള്‍, എന്റെ പുകച്ചുരുളുകളുളെ കൂട്ടുകാരി, എന്റെ അറബി സുന്ദരി. അഭയയില്‍ സുഗന്ദങ്ങളുടെ കൂടെ ഈ പുകയുടെ മണം വരാതിരിക്കാന്‍ അതൂരി മാറ്റിവെച്ച്, റ്റിഷ്യൂ പേപ്പറില്‍ ചാരവും തട്ടി , ഒരു പുകയുടെ സുഖം ആസ്വദിക്കുന്ന ഷമീമ. ‘ഹായ്, ആൾ വെൽ?’ അവൾ എല്ലാവർക്കുമായി മാറ്റിവെച്ചിരിക്കുന്ന ആപ്‌തവാക്യം! കടുംകാപ്പിയുടെയും എന്റെ നീണ്ടുമെലിഞ്ഞ സിഗറിറ്റിന്റെയും സുഷുപ്‌തിയില്‍ ഞാനും. ഇന്നിനി ബാക്കി ഓഫീസ്സിന്റെ എന്തെല്ലാം തലവേദനകള്‍!
ഒരു കാറ് വാങ്ങാന്‍ വരുന്നവന്റെ സകല ഇഷ്‌ടാനിഷ്‌ടങ്ങളും നോക്കിക്കഴിഞ്ഞാലും പിന്നെയും കിടക്കും ആവശ്യങ്ങൾ ! എന്തൊക്കെ സാധനങ്ങള്‍ ഫ്രീയായി ഘടിപ്പിച്ചുകൊടുക്കും? അതുമിക്കവാറും ഭാര്യമാരുടെ പിച്ചും കണ്ണ് കാണീക്കലിന്റെ ബാക്കിയാകാനും മതി. കളറൊത്താല്‍ സീറ്റിന്റെ കവർ പോര. പിന്നെ സി.ഡി പ്ലെയര്‍ കൂടുതല്‍ ചാര്‍ജ്ജില്ലാതെ ഇതിന്റെ കൂടെത്തന്നെ കിട്ടുമൊ? എന്നിങ്ങനെ! ഈ ഭാര്യമാരില്ലാതിരുന്നെങ്കില്‍ ചില ചേട്ടന്മാരുടെ ബുദ്ധി, ഇത്ര കൂര്‍മ്മ ബുദ്ധിയായി വളരുമായിരുന്നോ?
എന്നിട്ടും വളരാത്ത, തെളിയാത്ത എന്റെ ബുദ്ധി! നാട്ടിലെ നല്ല ബാങ്ക് ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ്, ഈ അഞ്ചക്കം ശമ്പളത്തിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ സ്വര്‍ഗ്ഗരാജ്യം തേടി എത്തിയ, അത്യാഗ്രഹിയായ എന്റെ മനസ്സ്. നഷ്‌ടങ്ങളുടെ കൂമ്പാരങ്ങളാണ് പിറകില്‍ ഇട്ടിട്ടു പോയത്. എല്ലാ നഷ്‌ടങ്ങള്‍ക്കും ഒരേ ഉത്തരം, ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്ക് ബാലന്‍സ്. വീട്ടിലെയും നാട്ടിലെയും നിലയും വിലയും വര്‍ദ്ധിച്ചു. വീട്ടില്‍ കയറി വരുന്ന പിച്ചക്കാരനുവരെ അറിയാം ഇതൊരു ഗള്‍ഫുകാരന്റെ വീടാണെന്ന്. അത്രക്കു പ്രഹസനങ്ങള്‍ നടത്താറുണ്ട് വീട്ടുകാര്‍. അമ്മച്ചിയും അപ്പച്ചനും മകന്റെയും മറ്റും ഗള്‍ഫു വിശേഷങ്ങള്‍ വീട്ടില്‍ വരുന്ന മീൻകാരിയോടുവരെ വിവരിക്കും. എന്നാൽ അതേ വീമ്പിളക്കത്തിന്റെയും വിശേഷങ്ങൾക്കൊപ്പം മീനിന്റെ വിലകൂടുന്നത് പാവം അമ്മച്ചി അറിയുന്നില്ല!
ഓരോ പ്രാവശ്യവും അവധിക്കു ചെല്ലുമ്പോള്‍ അപരിചിതരായിക്കൊണ്ടിരിക്കുന്ന ബന്ധുക്കാരും വീട്ടുകാരും സുഹൃത്തുക്കളും. അലൂമിനി എന്നൊക്കെ പറഞ്ഞു വരുന്ന, ആ വര്‍ഷം മുഴുവന്‍ വായിക്കുന്ന ഈമെയിലിന്റെ അടിസ്ഥാനത്തില്‍, എന്റെ കോളേജിലെ സുഹൃത്തുക്കളുടെ കൂടെയുള്ള വിരുന്നു സല്‍ക്കാരത്തിലും വന്നുചേരുന്ന എന്തോ ഒരു വിരസത. എങ്കിലും വിട്ടുപോകാന്‍ പറ്റാത്ത, പറിച്ചുമാറ്റാന്‍ കഴിയാത്ത ഓർമ്മകളുടെ ചൂളംവിളി ഇന്നും കേള്‍ക്കുന്നു കാതില്‍. സി.എം.എസ്സ്. കോളേജിന്റെ ചൂളമരങ്ങളുടെ മര്‍മ്മരം ഇന്നും കേള്‍ക്കാം. ആധുനികതയുടെ പ്രയോജനമായി വരുന്ന ലോകെമെമ്പാടുമുള്ള സകല കോട്ടയത്തുള്ളവരും അല്ലാത്തവരുമായ സി.എം.എസ്സ് കാരെയെല്ലാം കൂട്ടിച്ചേർക്കാൻ ഒരുമ്പെട്ടിറങ്ങിയ കുറെ നല്ല മനുഷ്യർ. ഇതിൽനിന്നെല്ലാം ബാക്കിയായി എന്നെ പരിചയമുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്, ജീവിന്റെ ക്ലാസിലല്ലായിരുന്നൊ? നിങ്ങളുടെ അടുത്ത ക്ലാസ്സിൽ ഞാനുമുണ്ടായിരുന്നു എന്നു പറഞ്ഞു വരുന്ന ചേച്ചിമാരും ചേട്ടന്മാരും ധാരാളം ഇല്ലാതില്ല. പിന്നെ പുറകെ ഒന്നു രണ്ടു സെന്റിമെയിലുകൾ. ഒരു ചെറുകഥയുടെ സകലസ്വാഭാഗുണകണങ്ങളും ഉള്ള ഒരു തകർപ്പൻ ഇമെയിൽ. ഇതിനെല്ലാം പുറത്തുകൂടെ കൂട്ടിയാൽകൂടാത്തതും വായിച്ചാൽ മനസ്സിലാകാത്തതും ആയ 1001 ഫോർവേർഡ് ഇമെയിലുകൾ.
ചിലനേരത്ത് എങ്ങോട്ടെങ്കിലും ഓടിഒളിച്ചാലോ എന്നു വരെ തോന്നിക്കുമാറ് ധാരാളമായി എത്തുന്ന കത്തുകൾ! എന്നിട്ടും നിലക്കാത്ത ഓർമ്മകളും ജീവിതവും ഇന്നും എന്റെ കൂടെ, ആൻഡ്രോയിഡ് ഫോണുകൾക്കൊപ്പം ഇമെയിലിനേക്കാൾ ചടുലമായ ചുവടുകളുമായി ജീവിച്ചു തീർക്കുന്നു. ഒന്നും മറക്കാൻ മനസ്സനുവദിക്കുന്നില്ല. എന്നാൽ സ്വാർത്ഥതയുടെ പടവുകൾ കയറാത്ത, സ്‌നേഹത്തിന്റെ ഭാഷമാത്രം മനസ്സിലാകുന്ന എന്റെ മനസ്സിനും, സ്‌കൂളുകളുടെ പടികളിലും, കോളേജിന്റെ ക്യാംപസുകളിലും ക്യാമറക്കണ്ണുകളുമായി എത്തിച്ചേരുന്നു! എന്റെ കണ്ണുകളുടെ ഈറൻ ചിലനേരങ്ങളിൽ ക്യാമറയുടെ കണ്ണുകൾക്കൊപ്പം മിന്നിമറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒഴിഞ്ഞു പോകാത്ത ഓർമ്മകളുടെ കൂട് മനസ്സിൽ ഇന്നും സൂക്ഷിക്കുന്നു.