”സ്‌പോണ്ടലൈറ്റിസ് ആണെന്ന് തോന്നുന്നടോ,സപ്ന!”
ഒരു എഴുത്തുകാരിക്ക് തരുന്ന എല്ലാ ബഹുമാനത്തോടെയും എന്നെ കാണുന്ന എന്റെ ജിപി കഴുത്തുവേദനയ്ക്കായി ഓര്‍ത്തോപീഡിക് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം ഫിസിയോതെറാപ്പിസ്റ്റിന്റെ അടുത്തേക്കയച്ചു. കഴുത്തുവേദനയ്ക്കു ട്രാക്ഷനിട്ടപ്പോള്‍ ആലോചിച്ചില്ല, അതൈന്റെ പല്ലിന്റെ മൊത്തം സ്ഥാനഘടന മാറ്റുമെന്ന്! ഒരാപത്ത് വരുമ്പോള്‍ ആണല്ലോ അതെപറ്റി അറിവുള്ളവരെ ഓര്‍മ വരിക.

അതേ ഇരിപ്പില്‍ ഹോസ്പിറ്റലില്‍ നിന്നുതന്നെ ഫോണെടുത്ത് നീട്ടിവിളിച്ചു ഡെന്റിസ്റ്റ് ഡോ. സിനിയെ! ”സിനീ…..”
എന്റെ വെപ്രാളമെല്ലാം”സാരമില്ല ചേച്ചി,നമുക്ക് ശരിയാക്കാം” എന്ന സിനിയുടെ ആദ്യത്തെ ആശ്വാസവചനത്തില്‍ തന്നെ ആവിയായിപ്പോയി.https://www.youtube.com/embed/9fqmknR8ipE?feature=oembed

ശത്രുക്കള്‍ക്കുപോലും പല്ലുവേദന വരരുതേ എന്ന് പ്രാര്‍ഥിക്കുന്ന ഒരാളാണ് ഞാന്‍,സത്യം! കാരണം അത്രമാത്രം പല്ലുവേദന അനുഭവിച്ചിട്ടുണ്ട്! ഡോക്ടര്‍ ആണെങ്കിലും വര്‍ഷങ്ങളായി അറിയാവുന്ന സിനിയെ,’മോളേ’എന്നു മാത്രമേ ഞാന്‍ വിളിച്ചിരുന്നുള്ളു. എന്നാല്‍ ഇത്തവണത്തെ എന്റെ അനുഭവം ഒരു ഡോക്ടര്‍ എന്ന നിലയില്‍ അവളുടെ സാമീപ്യം രോഗിയെ എങ്ങനെ ശാന്തമാക്കുമെന്നതിനുദാഹരണമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭാവസ്ഥയില്‍ വന്ന പല്ലുവേദനകള്‍ എന്റെ മനസ്സില്‍ വല്ലാത്തൊരു പേടി സൃഷ്ടിച്ചിരുന്നു

പല്ലുവേദനയോടെ അപ്പൊയിന്റ്‌മെന്റിനെത്തിയ എന്നോട് ”വാ ചേച്ചി,ഇരിക്കു,” എന്നും പറഞ്ഞ് സിനി ട്രീറ്റ്‌മെന്റ് കസേരയിലേക്ക് ചാരിക്കിടത്തി. പുറത്ത് അതിലും പിരിമുറുക്കത്തില്‍ നിന്ന എന്റെ ഭര്‍ത്താവിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. എക്‌സറേ കാണിച്ച് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു.

”അപ്പൊ എനിക്കൊരു സിഗററ്റ് വലിക്കാന്‍ താഴേക്ക് പോകാമല്ലോ അല്ലെ?” ബിജുവിനും ആശ്വാസമായി.

എന്നാല്‍ അതിനുശേഷം നടന്നത് എന്നെ സ്വര്‍ഗ്ഗം കാണിച്ചു! വേദനകൊണ്ടു പുളഞ്ഞ എന്നെ ഒരു വിധത്തിലും സമാധാനിപ്പിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ സിനി നേഴ്‌സിനോട് എന്റെ ശ്രദ്ധതിരിക്കാന്‍ പറഞ്ഞു.

”ഈ കരഞ്ഞു കൂക്കു വിളിക്കുന്ന ആള്‍ ആരാണെന്നറിയാമൊ വല്യ എഴുത്തുകാരിയാണ്!” അതോടെ എന്റെ ശ്രദ്ധ തിരിഞ്ഞു.

ഞാനും ഒന്നടങ്ങി! അംഗീകാരത്തെക്കാള്‍,’ഭയങ്കര എഴുത്തികാരി’ കിടന്നു കൂക്കി വിളിക്കുന്നത് എല്ലാവരും കാണുന്നല്ലൊ എന്ന ചളിപ്പായിരുന്നു എന്നെ അടക്കിയിരുത്തിയത്.അതിനിടെ സിനി മോണ മരവിക്കാനുള്ള മരുന്നു കുത്തിവച്ചതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും വേദന എടുക്കുമോ എന്നുമുള്ള എന്റെ ചോദ്യങ്ങള്‍ സിനിയെ ഇറിറ്റേറ്റ് ചെയ്‌തോ എന്തോ? എങ്കിലും ഏറ്റവും ക്ഷമയോടെ അടുത്ത ഒരോ സ്റ്റെപ്പും പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരുന്നു സിനി.

ഇതിനിടെ എന്റെ ക്യാപ് ഇട്ട പല്ലൂകള്‍ക്കിടയിലുടെ മരുന്ന് ഡ്രില്‍ ചെയ്ത് കയറ്റിയതിനുശേഷം, ആ പോടും അടച്ചു. ബാക്കി പല്ലുകള്‍ അനങ്ങാതിരിക്കാന്‍ ചെറിയ കമ്പികള്‍ ചേര്‍ത്ത് കൂട്ടിക്കെട്ടി വച്ചു. അതിനിടയിലെല്ലാം നേഴ്‌സിനോട് ഓരോന്നെടുത്തുതരാന്‍ പറയുന്നതിനൊപ്പം സ്വന്തമായി തന്റെ വീലുള്ള കസേരകള്‍ നിരക്കിക്കൊണ്ട് പലതിനായി ആ മുറിയായ മുറിമുഴുവനും അവള്‍ പോകുന്നുണ്ടായിരുന്നു. ചരിഞ്ഞ് കസേരയില്‍ക്കിടന്നഎന്നെ പലതവണ കസേരപൊക്കിത്തന്ന് വായില്‍ വെള്ളം ഒഴിച്ച് കുലുക്കുഴിയിച്ചു .അതിനിടയില്‍ ഞാന്‍ കണ്ടു എന്റെ മുന്‍പില്‍ അടുത്തിരിക്കുന്ന അവളുടെ കാലിലെ നീര്!

കറുത്ത ഷൂസിന്റെ മുകളിലൂടെ പൊങ്ങിനില്‍ക്കുന്ന അവളുടെ നീര് കണ്ട് സംസാരിക്കാന്‍ മേലാത്ത ഞാന്‍ കൈ ചൂണ്ടി ‘എന്താ’ എന്ന് ആഗ്യംഭാഷയില്‍ ചോദിച്ചു!

”എന്ത് ചെയ്യാനാ ചേച്ചി കാലില്‍ ഒരേ നില്‍പ്പ് നില്‍ക്കുകയല്ലോ മുഴുവന്‍ സമയവും!”

രാവിലെ വീട്ടിലെ പണിയെല്ലാം ഒതുക്കി എന്തെങ്കിലും ഒരു കൂട്ടാനും വച്ചിട്ടിറങ്ങും.ഉച്ചയ്ക്ക് ചോറുണ്ണാന്‍ പോകും. പിള്ളാരെയും കഴിപ്പിച്ച് മോള്‍ടെ കയ്യില്‍ എന്റെ ഫോണും കൊടുത്തിട്ട് വരും. ഇപ്പോ എല്ലാം ഓണ്‍ലൈന്‍ അല്ലേ?ചേട്ടന്‍ ഓഫീസില്‍ നിന്ന് വരുംവരെ പിള്ളാര് വീട്ടില്‍ തന്നെയല്ലേ?! അതിനാല്‍ ഫോണ്‍ വീട്ടിലിരുന്നാല്‍ ഇടക്കൊന്ന് വിളിച്ച് അന്വേഷിക്കുകയും ചെയ്യാമല്ലോ!

”എനിക്ക് അത്യാവശ്യമായി രണ്ടു ദിവസം അവധിയെടുത്ത് ഒന്ന് ‘റെസ്റ്റ്’ എടുക്കണം ചേച്ചി.അല്ലെങ്കില്‍ എന്റെ കാലും ഈ കഴുത്തിന്റെ വേദനയും പോകില്ല!” സ്വന്തം കാലിലേക്ക് നോക്കിക്കോണ്ട് സിനി പറഞ്ഞു. സങ്കടത്തോടെ അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ വീണ്ടും വായില്‍ വെള്ളം ഒഴിച്ച് ഒന്ന് കുലുക്കുഴിഞ്ഞു.

”ഓഫീസില്‍ നീന്ന് എപ്പോഴെത്തും?എന്റെ ആംഗ്യ ഭാഷയുടെ അറ്റത്ത് അനിത്തിനെയും കൂടിച്ചേര്‍ത്തു ഞാന്‍!

”വൈകിട്ട് ഏഴ് ആകും, പിന്നെ ചേട്ടന്‍ പിള്ളാരെ കുളിപ്പിച്ച് ഹോം വര്‍ക്ക് ചെയ്യാനായി ഇരുത്തും,കൂടെ എന്തെങ്കിലും ജൂസോ, സാന്‍വിച്ചോ കഴിക്കാനും കൊടുക്കും!ഈ കോറോണ സമയത്ത് ആരെയുംവിശ്വസിച്ച് കൊച്ചുങ്ങളെ ഏല്‍പ്പിച്ചിട്ട് പോകാനൊക്കില്ല ചേച്ചി, ഇങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയ്‌തേ ഒക്കൂ ഇപ്പോ”

”നേരത്തെ ചേച്ചി പറഞ്ഞുവിട്ട നല്ലോരു ജോലിക്കാരിയുണ്ടായിരുന്നല്ലോ? ഇപ്പൊ ആരും ഇല്ല”

വേദന നിറഞ്ഞ അടുത്ത ദിവസങ്ങളില്‍ ഒന്നിനുപുറകെ ഒന്നായി രാത്രിയും പകലും സിനി ഡോക്ടര്‍ എന്റെ ഫോണിന്റെ മറുവശത്ത് ജീവിച്ചു,വേദന കുറക്കാന്‍,അവള്‍ തന്ന പെയിന്‍ കില്ലര്‍ മരുന്നുകള്‍ കൂടാതെ….. ഇന്‍ഫക്ഷന്‍ വന്ന പല്ലുകള്‍ ഒന്നൊന്നായി നേരയാക്കുന്നതിനിടയില്‍ സിനി പറഞ്ഞ കഥകള്‍ കേട്ട് ഡോക്ടര്‍ എന്ന് നാം ചിന്തിച്ചിരിക്കുന്ന ‘സ്റ്റാറ്റസ് സിംബല്‍’എന്ന പൊതു അഭിപ്രായം മാറ്റിമറിച്ചു.

അവളുടെ വേദനകള്‍ ഒരു പെനഡോളിലും മാസ്‌കുകള്‍ക്ക് പുറകിലുമായി അവള്‍ മറച്ചുവെക്കുന്നു എന്നത് എനിക്ക് തീര്‍ച്ചയായിരുന്നു.കുട്ടികളുടെ ഹോംവര്‍ക്കും ആവശ്യങ്ങളും പിണക്കങ്ങളും ആഘോഷങ്ങളും, ക്ലിനിക്കില്‍ വരുന്ന രോഗികളുടെ സമയങ്ങള്‍ക്കുമായി അവള്‍ സ്വയം ഹോമിച്ചിരുന്നു തീര്‍ച്ച!എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെയായിരുന്നോ നാം ഒരോരുത്തരും’ഡോക്ടര്‍’ എന്നൊരു ഗ്ലാമര്‍ കാഴ്ചപ്പാടിലൂടെ ഈ തൊഴിലിനെ കണ്ടിരുന്നത് എന്നതും ചിന്തനീയം.

”ഈ കോവിഡ്കാല ദുരിതങ്ങള്‍ കാരണം നമ്മുടെ ജീവിതം ഇനിയെങ്ങോട്ട് എന്ത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ സിനി?”

”ചേച്ചി വാസ്തവത്തില്‍ ഇപ്പോള്‍ നമ്മള്‍ വിചാരിക്കുന്ന ഒരു തിരിച്ചുപോക്ക് സംഭവിക്കുകയാണെങ്കില്‍ അത് അനിത്തേട്ടന് ജോലി നഷ്ടപ്പെടുമെന്നത് കൊണ്ടു മാത്രമായിരിക്കും .ഞാന്‍ സ്വയം ജോലി ഒഴിയാതെ ക്ലിനിക്കില്‍ നിന്ന് എന്റെ ജോലി ഇല്ലാതാകും എന്നത് വളരെ അപൂര്‍വമാണ്. അതിനാല്‍ ഏട്ടനും കുട്ടികളും വീട്ടില്‍ തിരിച്ചെത്തുംവരെ കുറച്ച് മാസങ്ങള്‍ അവര്‍ക്കൊരു പിന്തുണ നല്‍കാന്‍ എനിക്ക് സാധിക്കും.അതാ ഞങ്ങളുടെ പ്ലാന്‍”.

എന്റെ ചോദ്യംകൊണ്ടല്ല മറിച്ച് ഭാവിയെക്കുറിച്ച് അനിത്തും സിനിയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു!

”ചേച്ചി, അനിത്തേട്ടന്‍ പറയുന്നത് തിരികെ നാട്ടില്‍ പോയി ഒരു ക്ലിനിക് ഇടാം,എന്നിട്ട് മാനേജ്‌മെന്റ് ഭാഗത്ത് എനിക്ക് സജീവമായിരിക്കാം.അഥവാ അതൊന്നും സംഭവിച്ചില്ലെങ്കില്‍, അതുമായി സഹകരിച്ചുപോകാനൊത്തില്ലെങ്കില്‍ പിന്നെ പാചകം കൃഷി കുട്ടികള്‍ക്കൊപ്പം റോമിങ് തല്‍ക്കാലം അങ്ങനെയൊക്കെ സന്തോഷത്തോടെ കഴിയുക.” ദീര്‍ഘനിശ്വാസത്തോടെയാണെങ്കിലും ഭാവിയെക്കുറിച്ചുള്ള അവളുടെ വാക്കുകള്‍ അവള്‍ക്ക് സ്വയം തന്റെ ജീവിതത്തോടും ജീവിതപങ്കാളിയോടുമുള്ള കോണ്‍ഫിഡന്‍സിന്റെ മണിക്കിലുക്കങ്ങളായിരുന്നെന്ന് എനിക്ക് മനസ്സിലായി.

പോകാനായി എഴുന്നേറ്റപ്പോള്‍ മറക്കാതെ ഞാന്‍ പറഞ്ഞു ”മോളെ നീ അത്യാവശ്യമായി എന്റെ ആയുര്‍വേദ ഡോക്ടര്‍ ഫൗസിയെ വിളിക്കണം.മറക്കാതെ അവിടെ സമയംപോലെ ചെന്ന് ഒരു റീജുവനേഷന്‍ തിരുമല്‍ ചെയ്യുക.ഇപ്പോ പഴയകാലമല്ല, ആയുര്‍വേദ മരുന്നുകള്‍ ഇപ്പോ ഗുളികകള്‍ ആണ്. കഷായം പഥ്യം എന്നുള്ള പഴയരീതിയൊക്കെ മാറി. ഈ കാലിന്റെ നീരിനും അവരെന്തെങ്കിലും ഒരു പരിഹാരം പറഞ്ഞുതരും.”

വീട്ടിലെത്തിയ ഉടനെ അനിത്തിനെ വിളിച്ച്, ഡോ.ഫൗസിയയുടെ നമ്പരും മറ്റും കൊടുത്തിട്ട്, അവനെയും ഒന്ന് ഓര്‍മ്മിപ്പിച്ചു, സിനിയുടെ കാലിലെ നീരിന്റെ കാര്യം.

”അറിയാം ചേച്ചി…ഞാന്‍ ആലോചിച്ചു, ഒന്ന് കാണിക്കണം എന്ന്. ആരെക്കാണിക്കണം എന്നായിരുന്നു! ഇനി ഞാന്‍ ഡോ. ഫൗസിയെ വിളിച്ച് ഒരു അപ്പോയ്ന്‍മെന്റ് എടുത്തൊളാം.”

സ്വഭാവത്തിലും സംസാരത്തിലും പെരുമാറ്റത്തിലും എന്നും എപ്പോഴും ശാന്തനായ അനിത്. ഒരുമാതിരിപ്പെട്ട ആവേശങ്ങളും വാഗ്വദങ്ങളും ഒന്നും അനിത്തിനെ ഇന്നുവരെ പ്രകോപിച്ചു കണ്ടിട്ടില്ല.ചീട്ടുകളിക്കളത്തിന്റെ ഐസ്ബാഗ് എന്നും പറയാം!എന്നാല്‍ കിറുകൃത്യമായി കാര്യങ്ങള്‍് അവന്‍ എന്നും മനസ്സിലാക്കിയിരുന്നു.

ഡോ. സിനിയുടെ കൂടെ ചെലവിട്ട ദിവസങ്ങളും ഞാനെന്ന രോഗിയോട് അവള്‍ ഇടപെട്ടരീതിയും പെരുമാറ്റവും ‘മോളെ സിനി’എന്ന് ഞാന്‍ വിളിച്ച ആളിന്റെ ആകാശംമുട്ടെയുള്ള ക്ഷമയും സൗമനസ്യവും വ്യക്തിത്വം മനസ്സിലാക്കിത്തരുന്നതായിരുന്നു..ഞാനതവളോട് നേരിട്ട് പറയുകയും ചെയ്തു.

”നിന്റെ ഒരാളുടെ ക്ഷമയും, തന്മയത്തമായ സംസാരത്തിലൂടെയും മാത്രമാണ്, ഞാന്‍ ഈ കടമ്പ കടന്ന് കിട്ടിയതെന്ന് എനിക്കറിയാം,താങ്ക്യൂസിനി”

”ജോലിയുടെ ഭാഗമല്ലേചേച്ചി…നിങ്ങള്‍ ശാന്തമായിരുന്നാലേ എനിക്കെന്റെ ജോലി ചെയ്യാനൊക്കു!” ലിഫ്റ്റിനടുത്തുവരെവന്ന് കയ്യും കൂപ്പി അവള്‍ നില്‍ക്കുന്നതു കണ്ട് ”റ്റാറ്റാ” പറഞ്ഞ് ഞാന്‍ വീട്ടിലേക്കു പോന്നു.

നാട്ടില്‍ ഒരു വര്‍ഷം പോയിനിന്ന് ഡെന്റിസ്ടി പ്രാക്ടീസ് ചെയ്യുമ്പോള്‍ ഒന്നരയും മൂന്നും വയസ്സുള്ള രണ്ട് കുട്ടികള്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നു. കുടുംബത്തിന്റെ സഹായ സഹകരണങ്ങളോടെ തിരിച്ചെത്തിയ ഡോ. സിനിയെ ഞങ്ങളെല്ലാവരും ‘മിസ്സ്’ ചെയ്തിരുന്നു.സിഗററ്റ് വലിക്കുന്ന ബിജുന്റെ പുറകെ ആയിരുന്നു അവള്‍ എന്നും!ഒരു ഡോക്ടറുടെ ഉപദേശം എന്നതിലുപരി, സിഗററ്റെടുത്താലുടനെ ‘ബിജുച്ചേട്ടാ’ എന്നുള്ള ഒരോ വിളിയിലും അവള്‍ നല്‍കിയ സ്‌നേഹവും ഞങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നു.

ഡെന്റിസ്റ്റ് ‘സിനി’ ഞങ്ങളുടെ എല്ലാവരുടെയും ഡോക്ടറായിരുന്നു.ആദ്യം മസ്‌കറ്റിലെ സ്‌മൈല്‍, ഇന്ന് സ്റ്റാര്‍കെയറില്‍ ക്ലിനിക്കിലെ ഡോക്ടര്‍. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നു വരുന്ന കുട്ടികളെ നോക്കാന്‍ പാര്‍ട്ട് ടൈം ജോലിക്കാരെ മാറി മാറി പരീക്ഷിച്ചു.അതെവിടെയും എത്താതായപ്പോള്‍ കൂനിന്മേല്‍ കുരു എന്ന പരുവത്തില്‍ കൊറോണ കാലവും എത്തി. അവരവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ‘പ്രാക്ടിക്കല്‍’ അല്ല എന്ന് സിനി മനസ്സിലാക്കി.

കുട്ടികളോടും കുടുംബത്തോടും ഉള്ള ഉത്തരവാദിത്വങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ സാധിക്കാതെ പോകുന്നത് എപ്പോഴും ഈ ഡോക്ടര്‍മാര്‍ക്കാണെന്ന് സിനിക്കൊപ്പം ചെലവിട്ട മൂന്നോ നാലോ ദിവസം എന്നെ പഠിപ്പിച്ചു! ചീട്ടുകളിക്കാന്‍ ഒത്തുകൂടുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ഭാര്യമാര്‍ ഒരുമിച്ച് സിനിമയ്ക്ക് പോകും. കെന്റക്കി ലഞ്ചിനും പാക്, ഇന്‍ഡ്യന്‍ ആര്‍ട്ട് പാലസിലസില്‍ സെയിലിനും ഒക്കെയായുള്ള ഞങ്ങളുടെ ഇത്തരം ഔട്ടിംഗുകള്‍ ചിലപ്പോഴെങ്കിലും ഡോ. സിനിയുടെ ‘എന്റെര്‍ടെയിന്മെന്റുകള്‍’ ആയിത്തിരാറുണ്ട്. പല്ലുവേദനിച്ചു നില്‍ക്കാന്‍ വയ്യാതെ ഒരു ദിവസം,” ഞാന്‍ ഉടനെ എത്താം”എന്ന സിനി പറഞ്ഞതു കേട്ട്, രാവിലെചെന്ന എന്റെ പല്ലില്‍ മരുന്നെല്ലാം വച്ചു കഴിഞ്ഞപ്പോളാണ് അവള്‍ പറയുന്നത്,എന്റെ ഫോണ്‍ വിളിയോടെ പെട്ടെന്ന് കുളിച്ചു തയ്യാറാകാന്‍ പോകുന്നതിനിടക്ക് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി അടുപ്പിലിരുന്ന് കരിഞ്ഞുപോയി എന്ന്!

തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചു, ഇന്ന് ഉച്ചയ്ക്ക് കുട്ടികള്‍ക്കും അനിത്തിനും അവള്‍ എന്ത് പരുവത്തിലാകും മെഴുക്കുപുരട്ടി ഉണ്ടാക്കി കൊടുക്കുക! അനിത്തിന്നെപ്പൊലെ നല്ല ക്ഷമയും സ്‌നേഹവും, കരുതലും ഉള്ള ഭര്‍ത്താവല്ല എന്നുണ്ടെങ്കില്‍ എന്റെ ഈ കഥ ഇവിടെയൊന്നും നില്‍ക്കില്ലായിരുന്നു, തീര്‍ച്ച!

അടുത്തയാഴ്ച മനു കുമാര്‍ എന്ന ചെറു എന്‍സൈക്ലീപീഡിയയുടെയും സോനയുടെയും കഥയിലൂടെ നമുക്ക് വീണ്ടും കൈകോര്‍ക്കാം…