മനുവിന്റെ, സോനയുടെ മനസിന്റെ മന്ദസ്മിതങ്ങള്‍

പതിവുപോലെ ഒന്നും ചെയ്യാനില്ല. കടകളില്‍ കയറാനും വാങ്ങാനുമില്ല എങ്കിലും, കോവിഡ് ഒറ്റപ്പെടലില്‍ മൂന്നുനാലു മനുഷ്യരെയെങ്കിലും കാണാമല്ലോ എന്ന ആശ്വാസത്തില്‍ ബിജുവിനെയും കൂട്ടി പുറത്തേക്കിറങ്ങി.എന്നും പോവാറുള്ള ഹൈപ്പര്‍ മാളിലൂടെ മെല്ലെ നടന്നു.

അപ്പോഴാണ്, ”ഹല്ലോ ആന്റി…”എന്നൊരു പിന്‍വിളി.

തിരിഞ്ഞു നോക്കിയപ്പോള്‍ ഐ.എസ്.ജി യൂണിഫോമില്‍ അശ്വതിയും ആരതിയും! സോനയുടെയും മനുവിന്റെയും മക്കള്‍. രണ്ടാളും കണ്ടാല്‍ തിരിച്ചറിയാനാകാത്തത്ര വളര്‍ന്നിരിക്കുന്നു!

വീട്ടുകാരും കൂട്ടുകാരുമടക്കം ഞങ്ങള്‍ അച്ചു, അമ്മു എന്നവരെ വിളിച്ചിരുന്നത്. മുഖത്തെ മാസ്‌ക് നീക്കിയപ്പോഴാണ് സത്യത്തില്‍ ആളെ പിടികിട്ടിയത്

പുറകെ സോനയും എത്തി.

”പിള്ളാര്‍ക്കിന്ന് പരീക്ഷയായിരുന്നു ബിജുച്ചേട്ടാ. അതുകൊണ്ട് അവരെയുംകൊണ്ട് കഴിക്കാന്‍ വാങ്ങാനായി എത്തിയതാ”

”ആഹാ….കെന്റക്കിയോ,ബര്‍ഗറോ?”

”തീരുമാനിച്ചില്ല. ഓഫര്‍ എന്തെങ്കിലും ഒക്കെക്കാണും”സന്തോഷത്തോടെ കുശലം ഒക്കെക്കഴിഞ്ഞ് അവര്‍ ഫുഡ്‌കോര്‍ട്ടിലേക്ക് നടന്നു
.
ഭക്ഷണ കാര്യത്തില്‍ ഗള്‍ഫില്‍ പഠിച്ചു വളര്‍ന്ന സോനയ്ക്കുംപിള്ളാരുടെ ഇഷ്ടങ്ങള്‍ തന്നെയാവും ഉണ്ടാവുക!

”ബിജു ഓര്‍ക്കുന്നോ നമ്മള്‍ മസ്‌കറ്റില്‍ വന്ന സമയത്ത് എത്ര കുഞ്ഞു പിള്ളാരായിരുന്നു ഇവര്‍! ഇന്ന് നമുക്കൊപ്പം തോളോടുതോള്‍ വളര്‍ന്നിരിക്കുന്നു! ജേക്കബിന്റെ മോളുടെ പ്രായമാണ് കൊച്ചവള്‍.അടുത്തവര്‍ഷം മൂത്തവള്‍ പന്ത്രണ്ട് കഴിഞ്ഞ് പോകുമല്ലൊ?” ഞാനുറക്കെ ഓര്‍ത്തു.
ഈ വര്‍ഷം അശോകിന്റെയും ജേക്കബിന്റെയും മൂത്തമക്കള്‍ രണ്ടും 12 കഴിഞ്ഞ് എന്‍ട്രന്‍സിനായി നാട്ടിലെത്തി. കോവിഡ് കാലത്തായതിനാല്‍ അവരവരുടെ അമ്മച്ചിയും മുത്തച്ഛന്മാരും കഴിയുന്ന തറവാട്ടിലെക്കായിരുന്നു യാത്ര.ക്വാറന്റൈന്‍ ദിവസങ്ങള്‍ക്കായി. എല്ലാരും സൂം വീഡിയോയിലും, ഫോണിലും മറ്റുമാണ് പിള്ളാരോട് ഓള്‍ ദ് ബെസ്റ്റും,ആശംസകളും,അനുഗ്രഹങ്ങളും പറഞ്ഞത്.

ഈ കാലമല്ലായിരുന്നെങ്കില്‍ സാധാരണ എല്ലാരും എയര്‍പ്പോര്‍ട്ടിലെത്തുകയും, അവിടുന്ന് കൂട്ടത്തില്‍ സീനിയറായ ഞങ്ങളുടെ വീട്ടിലെത്തി യാത്രപറഞ്ഞ്,ചിലപ്പോള്‍ അത്താഴവും, ഒരു ചെറിയ ചീട്ടുകളിയും കഴിഞ്ഞേ പോകാറുള്ളായിരുന്നു.അത്രേം സമയം കൊണ്ട് പിള്ളാര് എമിഗ്രേഷന്‍ കടന്ന്, ലോഞ്ചിലെത്തും.പിന്നീട് ഫ്‌ളൈറ്റിനുള്ളിന്‍ നിന്നുള്ള ‘റ്റാറ്റാ’യും എത്തുമായിരുന്നു.
അന്നക്കുട്ടിയും തൊമ്മനും മാത്തനും പോയപ്പോഴും ഇങ്ങനെയോക്കയായിരുന്നു.
ഓര്‍മ്മകളും പറഞ്ഞ് ഇറങ്ങുന്നതോടെ അന്നത്തെ സഭയും പിരിയും.അങ്ങനെ എല്ലാവരും വന്നതിന്റെയും പോയതിന്റെയും നിറമുള്ള ഓര്‍മ്മകള്‍ക്കൊപ്പം വീടെത്തും. അന്നും പക്ഷേ ആദ്യകാല കഥകള്‍ പറഞ്ഞവര്‍ക്കൊപ്പം കണ്ണുനിറഞ്ഞൊഴുകിയത് എന്റെത് മാത്രമായിരുന്നു!

മക്കളുടെ സെന്റി സോളിലോക്കി ചിന്തകള്‍ക്കൊപ്പം ഞങ്ങള്‍ നടന്ന് പരിചയക്കാരെയും പരിചയം ഇല്ലാത്തവരെയും കണ്ട് മെല്ലെ ഹൈപ്പര്‍മാളില്‍ നിന്ന് വീട്ടിലേക്കു തിരിച്ചു.

തിരിച്ചുള്ള നടത്തിനിടയില്‍ എന്തെന്നറിയില്ല മനുവും സോനയും അവരുടെ മസ്‌ക്കറ്റിലെ ജീവിതവും ഒരു ഓര്‍മ്മകഥപോലെ മനസ്സില്‍ നിറഞ്ഞു. മനു കുമാറിനെയും,സോനയേയും പിള്ളാരെയും എന്‍ജിനീയറിംഗ് കോളേജ് അലുമ്‌നിയുടെ ഓണാഘോഷത്തില്‍ വച്ചാണ് ആദ്യമായി കണ്ടതും പരിചയപ്പെട്ടതും! അന്നുമുതല്‍ സാവധാനം അവരും നമ്മുടെ ഗാങ്ങിന്റെ ഒരു ‘എസ്സെന്‍ഷ്യല്‍’ ഭാഗമായിത്തീര്‍ന്നു. എല്ലാചീട്ടുകളി കൂട്ടത്തിനും ഇടവേളകളില്‍ മനുവാണ് എനിക്ക് ‘ചായ കടി’എന്ന പതിവുരീതിക്ക് പ്രചോദനം തന്നത്! അത് പിന്നീടങ്ങോട്ടു ഞങ്ങളുടെ അലൂമ്‌നി ഫുഡ് ഫെയറുകളില്‍ കൂടുതല്‍ ആവേശത്തിനും, പാചകങ്ങള്‍ക്കും വഴിയൊരുക്കി. വീട്ടില്‍ ഞങ്ങളൊത്തു കൂടുമ്പോള്‍ ബിരിയാണി ഉണ്ടാക്കാനും പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാനും പാചകവുമായി ബന്ധപ്പെട്ട എല്ലാറ്റിനും പ്രോത്സാഹനവുമായി മനു മുന്നില്‍ ഉണ്ടാകും.

”ഒരിത്തിരി മസാലകൂടിയാവാം ചിക്കന്‍ കറിക്ക്”എന്ന് മനു പറഞ്ഞുകഴിഞ്ഞാല്‍ അത് കൃത്യമായ നിരീക്ഷണം ആയിരിക്കും. ആരും രണ്ടാമതൊന്ന് ചിന്തിക്കാതെ ചേരുവ ചേര്‍ത്തിളക്കി വീണ്ടും അവനുതന്നെ രുചിപാകം നോക്കാനായി വിളിക്കും! മനുവിന്റെ പാചകരുചിവൈഭവം നല്ല കൃത്യവും വ്യക്തവുമായി സോനയും പിള്ളാരും സാക്ഷ്യപ്പെടുത്തും. അവധി ദിവസങ്ങളിലെ മനുവിന്റെ പാചകത്തിന്റെ വിഭവങ്ങളില്‍ മീന്‍ കറി മട്ടന്‍ കറി ചിക്കന്‍ ഉലര്‍ത്ത് എല്ലാം തന്നെ നാവിന് സംതൃപ്തി നല്‍കുന്ന രുചിഭേദങ്ങങ്ങളാണ്. വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ഒത്തുകൂടുന്ന ഏതൊരു വീട്ടിലും ഭക്ഷണം ഉണ്ടാക്കാനും എല്ലാവരെയും കഴിപ്പിക്കാനും വിളമ്പാനും മനു മുന്നില്‍ത്തന്നെയുണ്ടാവും! നല്ലൊരു ‘രുചി സെന്‍സ്’ മനുവിന് ഉണ്ടെന്നത് വളരെ വ്യക്തമായിരുന്നു.

വിടര്‍ന്ന ചിരിയോടെ മാത്രമെ സോനയെ എന്നും എപ്പോഴം കാണാറുള്ളു! മിക്കവാറും അവളുടെ തുണിത്തുമ്പില്‍ ചുറ്റിപ്പറ്റിത്തന്നെയുണ്ടാവും അച്ചുവും അമ്മുവും! എന്‍ജിനീയറിംഗ് കോളേജ് അലുമ്‌നിയിലുള്ളവരുമായുള്ള അവളുടേ സ്‌നേഹവും സംസര്‍ഗ്ഗവും അവളെ വിമന്‍സ് വിംഗ് കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് വരെ എത്തിച്ചു! പിന്നെ നല്ലൊരു മെക്കപ്പ്, ഡ്രെസ് സെന്‍സ് ഉണ്ടായിരുന്ന സോന ഞങ്ങളുടെ എല്ലാവരുടെയും ഡ്രസ്സ്‌കോഡ് നിരീക്ഷിച്ച് കൃത്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമായിരുന്നു.കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷികം, കലോത്സവങ്ങള്‍, അലൂമ്‌നിയുടെ ഡാന്‍സ്സുകളുടെ മേക്കപ്പ് എന്നിവക്കെല്ലാം എല്ലാവരുടെ ആദ്യത്തെയും അവസാനത്തെയും ‘വാക്ക്’ സോനയുടെതായിരുന്നു.

”സോനയുണ്ടല്ലോ അവള്‍ എല്ലാം നോക്കിക്കോളും” എന്നായിരുന്നു എല്ലാവരുടെയും ‘ഒരിത്’!അവളത് കിറുകൃത്യമായി തന്നെ ചെയ്യുകയും ചെയ്തു.മനുവിന്റെ എല്ലാ യാത്രകളുടെയും ചുക്കാന്‍ സോനതന്നെയായിരുന്നു,എന്നും!
ഞാനുമായി എന്തുകൊണ്ടോ നല്ലൊരു ഹൃദയബന്ധം അവള്‍ വളര്‍ത്തിയെടുത്തു.പിള്ളാരെ വിളിക്കാന്‍ പോകുന്നവഴി ഒന്നുകയറി,”എന്തുണ്ട് ചേച്ചി” എന്നും പറഞ്ഞ് ഒന്ന് കെട്ടിപ്പിടിച്ച് അഞ്ചു മിനിറ്റില്‍ തിരിച്ചു പൊകുമായിരുന്നു. ഒരു റീച്ചാര്‍ജ്ജിന് വന്നാതാണെന്ന് പിന്നീടെനിക്ക് മനസ്സിലായി.

മനുവില്‍ നിന്നും സോനയില്‍ നിന്നുമുള്ള സ്‌നേഹവും കരുതലും ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു.
ഒരു ഇന്‍വെസ്റ്റ്‌മെന്റ് അല്ലെങ്കില്‍ നമ്മുടെ ഭാവിയിലേക്കുള്ള കാര്യങ്ങള്‍ കുടുംബത്തെ പറ്റി..എന്തുതന്നെയാണെങ്കിലും വ്യക്തമായി പറഞ്ഞുതരാന്‍ പറ്റുന്ന ഒരാള്‍.പ്രവാസ ജീവിത പ്രതിസന്ധികള്‍ക്ക് നടുവില്‍ പല വിഷയങ്ങളുമായി മനുവെത്തും.
”ഒരു പുതിയ ഇന്‍ വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി വന്നിട്ടുണ്ട് കേട്ടൊ!എയര്‍പ്പോര്‍ട്ട് റോഡില്‍ നല്ല രണ്ട് പ്ലോട്ട് വില്‍ക്കാനണ്ട് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ കോണ്‍ടാക്റ്റ് അയച്ചു തരാം”എന്നുമൊക്കെയുള്ള മെസ്സേജുകള്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാന്‍ മനു മറക്കറില്ലായിരുന്നു!
അശ്വതിയുടെയും ആരതിയുടെ ഭാവി എന്റെ കണക്കില്‍ മനുവിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്ന് വ്യക്തമായിരുന്നു, അതൊക്കെയാണ് ഒരഛന്റെ കര്‍ത്തവ്യങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളിലാണ് നാം നമ്മെ സ്വയം വിലയിരുത്തപ്പെടുന്നത്!മനുതന്നെ പറഞ്ഞു,”നമ്മള്‍ നമ്മുടെ കുട്ടികളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് വളര്‍ത്തുന്നത്.ഇതാണോ ശരിയായ വഴി എന്ന് ചിലപ്പോള്‍ അലോചിക്കാറുണ്ട്.ഞങ്ങള്‍ പഠിക്കുന്നകാലത്ത്, ഉച്ചക്ക് കളിക്കാന്‍ പോകാനുള്ള തിടുക്കത്തില്‍,ചോറ്റുപാത്രം കളിക്കളത്തില്‍ വെച്ച് മറന്നാല്‍,എന്റെ അമ്മ പറയും,”ങ്ങാഹാ,എന്നാലെ അടുത്ത മൂന്നാല് ദിവസം എന്റെ മോന്‍ വാഴയിലയിലയില്‍ ചോറ് ഉണ്ടാല്‍ മതി കേട്ടോ”.
അത്തരം പ്രയാസങ്ങളൊന്നും കുട്ടികളെ അറിയിക്കാതെയാണ് നമ്മള്‍ വളര്‍ത്തുന്നത്.അവരുടെ മുഖമൊന്ന് വാടിയാല്‍, മൂഡിയായാല്‍ നമ്മുടെ മനസ്സാണ് വിഷമിക്കുന്നത്.അതൊരു പോരായ്മയല്ലേ നമ്മുടെ മനസ്സിന്റെ? മക്കളോട് നമ്മള്‍ കാണിക്കുന്ന ഈ അമിതവാത്സല്യം ശരിയാണോ എന്ന് പ്രത്യേകിച്ച് ഈ കോവിഡ് കാലങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു,സത്യം…”മനു ഉറക്കെ ചിന്തിച്ചു.

അച്ചുവും അമ്മുവും പഠിത്തത്തില്‍ മിടുക്കരാണെന്ന് എനിക്ക് ഷീതയുംറെയിച്ചിയും മറ്റും പറഞ്ഞറിവുണ്ട്.അപ്പൊപ്പിന്നെ പറയാനും ഇല്ല,മനുവിന്റെ പിള്ളാരും അച്ഛനും അമ്മയ്ക്കും ഒപ്പം കട്ടക്ക് തന്നെ നില്‍ക്കും,തീര്‍ച്ച.

മനു സ്വയം ആലോചിക്കാറുണ്ട്, ജോലി മതിയാക്കി പിള്ളാര്‍ക്കൊപ്പം ജീവിതം നാട്ടിലേക്ക് പറിച്ച് നട്ടാലോ എന്ന്? പത്തിലും പന്ത്രണ്ടിലും എത്തിയ അച്ചുവും അമ്മുവും മുന്നോട്ടുള്ള പഠിത്തത്തിന് എന്‍ട്രന്‍സ് കിട്ടിയില്ലെങ്കില്‍ വീണ്ടും ഗള്‍ഫിലേക്ക് മടങ്ങേണ്ടിവരും,ജോലിക്കായി! ഇന്ന് അവരുടെ ഭാവിയ്ക്കായുള്ള തയ്യാറെടുപ്പ് ആയിക്കഴിഞ്ഞതിനാല്‍ ”മടക്ക യാത്രയാകാം” പത്തും പന്ത്രെണ്ടും ക്ലാസ്സ് കഴിയും മുന്‍പെ ജോലി നഷ്ടമായാല്‍ പിള്ളാരുടെ പഠിത്തം തീരുന്നിടംവരെ ഇവിടെ നില്‍ക്കാനായി ഒരു പുതിയ സ്‌പോണ്‍സറെ കണ്ടെത്തി എന്തെങ്കിലും ജോലിയും തപ്പിയെടുക്കണം.

”ജോലിപോയി,നാളെ പോകണം” എന്നൊരു അവസാനനിമിഷ വാര്‍ത്ത വരു’വരെ നോക്കിയിരിക്കാതെ നേരത്തെ കാലത്തെ ആലോചിച്ചു വെക്ക് മനു”!കൂട്ടുകാര്‍ പലരും ഓര്‍മ്മിപ്പിച്ചു തുടങ്ങി.

”രണ്ട് പെബിള്ളാരാ നിനക്ക്മറക്കെണ്ട.”
”എന്നാല്‍ ഞാനൊരിക്കലും അവരെ അങ്ങനെ ഒരു കണ്ണിലൂടെ കാണാന്‍ ശ്രമിച്ചിട്ടില്ല,മറിച്ച് ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട് എന്നു മാത്രമാണ്.അവരുടെ ഭാവിയ്ക്കു വേണ്ടി ഒക്കെ കരുതി വെച്ചിട്ടിട്ടുണ്ട്.നാട്ടില്‍ച്ചെന്ന് എന്തുചെയ്യും എന്നാണ് ഇന്ന് ആലോചിക്കുന്നത്ബിസിനസ്സ്?കച്ചോടം?ഗള്‍ഫ്കാരന്‍ എന്നൊരു ലേബല്‍ നെറ്റിയിലുള്ളതിനാല്‍ പലരും മഹത്തായ പല ബിസിനസ്സ് പ്രോപ്പോസലുകളുമായെത്തുന്നതും അതില്‍പെട്ടു, നമ്മളെ ഉപയോഗിച്ച് ജീവിക്കാന്‍ പഠിച്ച നാട്ടുകാരുടെയും ഉദാഹരണങ്ങള്‍ ധാരാളം!”

നാളെ എന്നുള്ള ഒരു ചിന്ത ഈ കോവിഡ് സമയങ്ങള്‍ മനസ്സില്‍ ”റിട്ടയര്‍മെന്റ് കാലം” അടുത്തു എന്നുള്ള ഒരു ചിത്രം തീര്‍ത്തെടുത്തു, മനു മനസ്സിലോര്‍ത്തു!

”അച്ഛനും അമ്മയ്ക്കുംവേണ്ടി ഒന്നും ചെയ്യാനൊത്തിട്ടില്ല ഇതുവരെ.അവരുടെ വാര്‍ദ്ധ്യക്യ കാലത്തെങ്കിലും അവരോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്”കൂടെ ഇന്നലെ ജേക്കബിനോട് സൂം സംസാരത്തില്‍ ഇതേ വിഷയം അവനും എടുത്തിട്ടു.

”സത്യം പറഞ്ഞാല്‍ എനിക്കിതെല്ലാം ആലോചിച്ച് പ്രഷര്‍ കൂടുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. അതുകൊണ്ട് നീ ബിജുച്ചേട്ടന്‍ ചെയ്തതു കണ്ടില്ലെ,അതുപോലെ എന്തെങ്കിലും ഒന്ന് തീരുമാനിച്ച് ഉറച്ചു നില്‍ക്കുക.ഇന്നത്തെ ജീവിതം മാത്രം ആലോചിച്ച് അത് വ്യക്തമായി കൃത്യമായി മുന്നോട്ട് കൊണ്ടുപോകുക.”

‘ഗാംഗി’ലെ മറ്റുള്ളവരെപോലെ ചീട്ടുകളി മനുവിനും ഹരമായിരുന്നു. ചീട്ടുകളി തുടങ്ങിയാല്‍ ഉച്ചഭക്ഷണംവരെ മറന്നിരുന്നു കളിക്കും.കളി തുടങ്ങുമ്പോള്‍തന്നെ മദ്യസേവയും തുടങ്ങാറുണ്ട് എല്ലാരും, അശോക് ഒഴികെ.വെള്ളമോ, ജ്യൂസോ കുടിച്ചു അശോക് കളിതീരുന്നതുവരെ കഴിച്ചുകൂട്ടും,. ചോറുണ്ണാനായി ”കഴിക്കാന്‍ വാ, കഴിക്കാന്‍ വാ എന്ന് പലയാവര്‍ത്തി വിളിക്കേണ്ടി വരുന്‌ബോള്‍ ”ദാ ചേച്ചി ഈ കുണുക്ക് ഇറക്കിയിട്ട് വരാം” എന്ന് മനു പറയൂം! വാശിയില്‍ കളിതുടരും.എന്നാല്‍ ‘അവര്‍ വരുമ്പോള്‍വരട്ടെ’ എന്നുകരുതി ചേച്ചി അകത്തേക്കുപോകുമ്പോള്‍, വെളുപ്പാന്‍ കാലത്ത്‌പോലും പാവം വന്ന് മൈക്രോവേവില്‍ കറിചൂടാക്കി ഒരു സ്റ്റൂള്‍ വലിച്ചിട്ട് ഞങ്ങള്‍ക്കൊപ്പം ഇരിക്കാറുണ്ട്.ഭക്ഷണം കഴിഞ്ഞും ചീട്ടുകളി തുടരുമായിരുന്നു,മിക്കവാറും ദിവസങ്ങളില്‍,അങ്ങനെ അത്താഴം മിക്കപ്പോഴും പ്രഭതഭക്ഷണം ആയി മാറാറുണ്ട്.
ചിലപ്പോള്‍ കളിയുടെ ഇടയില്‍ ഒരു ചോദ്യം
”ചേച്ചി ഒരു ചായ കിട്ടുമോ?” അത് മിക്കവാറും അശോകായിരിക്കും.
ആ ചായക്കൊപ്പം ഒരു കടിക്കുള്ള ഇന്‍സ്പിറേഷന്‍ മനു തന്നെയാണ്.അതിനുള്ള സജ്ജഷനും വന്നു.
”ചേച്ചി കണ്ടാരുന്നോ ഇന്നലെ നല്ലൊരു പക്കാവട പൊട്ടറ്റോ കൊണ്ട് ഉണ്ടാക്കിയത്,ഞാന്‍ വാട്ട്‌സ് ആപ്പില്‍ ലിങ്ക് അയച്ചിടാം”അരമണിക്കൂറില്‍ അതെ പക്കാവട ചീട്ടുകളി മേശയിലെത്തി.
”ചേച്ചി,ഉണ്ടാക്കിയും കഴിഞ്ഞോ?”
എവിടെയോ വായിച്ചു കേട്ടിട്ടുണ്ട് ആഹാരം ഉണ്ടാക്കാനും,ആസ്വദിക്കാനും കഴിവുള്ളവന്റെ മനസ്സ് ശുദ്ധമായിരിക്കും, നിഷ്‌ക്കളങ്കമായിരിക്കും!അതിവിടെ കണ്ടൂ മനുന്റെ വാചകക്കസര്‍ത്തില്‍.

ഏതൊക്കെയോ നാട്ടില്‍ നിന്ന് ജീവിതം പഠിക്കാനുംപഠിപ്പിക്കാനും, കല്ലും മരവും മണ്ണും താമസിക്കുന്ന വീടിന്റെ ഭിത്തിപോലും ചുട്ടുപൊള്ളുന്ന ഈ നാട്ടില്‍ ജീവിക്കാനെത്തി!
ഒരു ബുദ്ധിമുട്ടും അറിയിക്കാതെ, മക്കളുടെ ഭാവി തളിത്ത് പൂവിടുന്നതും നോക്കി,അവര്‍ക്ക് വേണ്ടി നല്ലൊരു ജീവിതം തയ്യാറാക്കാനായാണ് നമ്മള്‍ ഇവിടെയെത്തിയത്.അവരുടെ ഏതു സങ്കടങ്ങളും നമ്മളെ തളര്‍ത്തുന്നു.
മനു വീണ്ടും വീണ്ടും ചിന്തിച്ചു!ഇന്നത്തെ ബി.സി (ബിഫോര്‍ കോവിഡ്),എ.സി (ആഫ്റ്റര്‍ കോവിഡ്) എന്നൊരു ജീവിതരീതിയാണ് നമുക്കെല്ലാവര്‍ക്കും വേണ്ടി കാത്തിരിക്കുന്നത്.ഇവിടുന്നു സ്വര്‍ണ്ണവും വെള്ളിയും വാരി വര്‍ണ്ണക്കൊട്ടാരങ്ങള്‍ കെട്ടിത്തീര്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍ മനുവിനൊപ്പം ‘ഗാംഗി’ലെ മറ്റുള്ള അംഗങ്ങളും ഓരോ കാലങ്ങളിലായി എത്തിച്ചേര്‍ന്നു.ജീവിതത്തിന്റെ ചൂടിനാശ്വാസങ്ങള്‍ മനുവിനൊപ്പം ഞങ്ങളെല്ലാവരും പങ്കിട്ടു.ഈ കൂട്ടുകൂടലിലും,പരസ്പര സഹായങ്ങളിലും ഞങ്ങള്‍ പരസ്പരം ആശ്വാസം കണ്ടെത്തിയിരുന്നു,തീര്‍ച്ച.
നറുമന്ദഹാസത്തോടെ എന്നും മനസില്‍ തെളിയുന്ന മനുവിന്റെയും സോനയുടെയും മുഖങ്ങളും,അവരുടെ നിറവും, സുഗന്ധവുമുള്ള പ്രിയതരമായ ഓര്‍മകളും പേറി വീട്ടിലെത്തിയത് അറിഞ്ഞില്ല.
അപ്പോഴാണ് ജോബിയും പ്രീതയും മനസിന്റെ കിളിവാതിലില്‍ വന്ന് മുട്ടി വിളിച്ചത്.
അവരുടെ ജീവിതം കുറിക്കും മുന്‍പ്,അല്പം കാറ്റും വെളിച്ചവും കയറാനായി,മനസിന്റെ ജനാലകള്‍ മറവികളില്ലാത്ത ഓര്‍മകളുടെ മുറ്റത്തേക്കു,ഞാന്‍ ഒന്ന് മലര്‍ക്കെത്തുറന്നിടട്ടെ!