നോഹരമായ ഒരു കവർ ചിത്രത്തിലൂടെയാണ് മനോരമ ബുക്ക്സ് പുറത്തിറക്കിയ, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗീതാ ബക്ഷി മലയാള മനോരമ വാർഷികപ്പതിപ്പിൽ എഴുതിയ ‘തായി’ എന്ന ആത്മകഥനം വായനക്കാരുടെ ഇടയിലേക്ക് ആദ്യം കടന്നെത്തിയത്. സ്നേഹചിത്രണങ്ങൾകൂടി ചേർത്ത്  മനോരമ ബുക്സ്‌  പുറത്തിറക്കിയ പുസ്തകത്തിന്റെ കവർ മനോരമ ലീഡർ റൈറ്ററും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഹരികൃഷ്ണൻ സമൂഹമാധ്യമത്തിലുടെ പ്രകാശനം ചെയ്തു കൊണ്ട് എഴുതിയ വാചകങ്ങൾ തന്നെ “ തായി “വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു അനുഭവമാണ് എന്ന് വിളംബരം ചെയ്തു. പുസ്തകപ്രകാശന വേളയിൽ മാധ്യമ കുലപതി തോമസ് ജേക്കബ് പറഞ്ഞ വാചകങ്ങൾ ഓർമയിൽ നിന്ന് പകർത്തട്ടെ

 

“ഇതിൽ തിരയൽ മാത്രമല്ല ഉള്ളത് ചതി,കുറ്റാന്വേഷണം,അമർത്തിയ കൊടുങ്കാറ്റു പോലുള്ള നിലവിളികൾ,വിധിയുടെ ഇടപെടലുകൾ!അല്ലെങ്കിലും ജീവിതം പകർത്തുമ്പോൾ തെളിയുന്നത്ര ക്ളൈമാക്സുകളും ചിലനേരങ്ങളിൽ ഭാവനയെക്കാളും വിസ്മയങ്ങൾ വിതറുമല്ലോ”

ഹരികൃഷ്ണൻ ഇങ്ങനെ എഴുതി “ഗീതാ ബക്ഷി പേരിന്റെ രണ്ടാമത്തെ പാതിയിൽ ഒരു വിസ്മയം കാത്തുവച്ച മലയാളി മാധ്യമ പ്രവർത്തക .

തന്റെ രണ്ടാം  പേരിന്റെ കൈപിടിച്ച് ഗീതാ ബക്ഷി ആദ്യമായി സ്വന്തം ജീവിതമെഴുതിയപ്പോൾ അത് സമീപ കാലത്ത് മലയാളം കേട്ട ഏറ്റവും വികാരാർദ്രവും നാടകീയവുമായ കഥകളിൽ ഒന്നായി തീർന്നു “കെ.പി മുരളീധരൻ എന്ന ചിത്രകാരൻ വരച്ച മിഴിവുറ്റ കവർ ചിത്രം വേർപിരിയലും തേടലും ഒത്തുചേരലും ഒക്കെ ചേർന്ന ആ കഥയെ ഒറ്റ ഫ്രേമിന്റെ  ചുവപ്പിൽ നമ്മെ തൊട്ടുവിളിച്ചു പറഞ്ഞു “വായനക്കാരാ .ഉള്ളുലക്കുന്ന ഈ അനുഭവ കഥയിലേക്ക് സൂക്ഷിച്ചു കടന്നു വരിക ”

കഥ വായിച്ച ശേഷമുള്ള  ആ വരയെക്കുറിച്ച് .ആഖ്യാന അനുഭവത്തെക്കുറിച്ച് എത്രയോ കഥകളെ തന്റെ ആഖ്യാന ചാരുതയിൽ തെളിയിച്ച ചിത്രകാരൻ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു .“നിറഞ്ഞു തൂവാൻ നിൽക്കുന്ന കണ്ണുകളോടെ വരച്ചു പൂർത്തിയാക്കിയ ചിത്രം “.ഇത്രയൊക്കെ വായിച്ചപ്പോഴേക്കും എന്റെ  മനസ്സിൽ അഭിമാനം വീണ്ടും തലയുയർത്തി .ഗീതാബക്ഷി എനിക്ക് മാധ്യമ പ്രവർത്തകയോ എഴുത്തുകാരിയോ  ഒന്നുമല്ല .പ്രിയപ്പെട്ട കൂട്ടുകാരിയാണ് .പതിറ്റാണ്ടുകളായി ബക്ഷിയുടെ ‘അടുത്ത കൂട്ടുകാരി’ എന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഞാൻ  ഇതിൽ എങ്ങനെ അഭിമാനിക്കാതിരിക്കും !

സി എം എസ് കോളേജിലെ ഡിഗ്രിക്കാലം മുതലുള്ള സൗഹൃദം. അവൾ ‘തായി’ എന്ന കുറിപ്പിൽ എവിടെയോ കുറിച്ചിട്ടത് പോലെ “ഒരായിരം കരിയിലപിട ഒരുമിച്ചു പറന്നിറങ്ങും പോലെ ഒരു പക്ഷി. കിലു കില ബഹളം കൂട്ടുന്ന ചിരിയുടെ പൂരക്കെട്ട് കൊളുത്തുന്ന പക്ഷി. അങ്ങനെ ആ കാലം മുതൽ അവളെന്റെ പക്ഷിക്കുഞ്ഞായി!

അവളുടെ മുഖം ആകെ ആശങ്കയിൽ മുങ്ങി കണ്ടത് കല്യാണത്തലേന്നാണ് .” എനിക്ക് പേടിയാവുന്നു. എന്റെയീ കളിപ്പിള്ള സ്വഭാവവും വച്ച്  ഞാനും ഗീത ജോസഫും, മിനി മൂസും,കലയും ഒക്കെ സമാധാനിപ്പിച്ചു. ”നിനക്ക് നല്ലതേ വരൂ പക്ഷിക്കുഞ്ഞേ” ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയുടെ മെഴുകുതിരി വെളിച്ചത്തോടെയാണ് അവൾ രവിയുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത് .രവിയുടെ കരുതൽ സ്നേഹം,ഞങ്ങളുടെ പക്ഷിക്കുഞ്ഞ് പതിയെ ചിറകുകൾ വിടർത്തുന്ന കാഴ്ച സ്നേഹത്തോടെ പ്രാർത്ഥനയോടെ കണ്ട് നിന്നു . സ്നേഹബന്ധങ്ങൾ, സൗഹൃദങ്ങൾ ഒക്കെ കൈവിടാതെ അവൾ മെല്ലെ മെല്ലെ മലയാളികളുടെ ഗീതാബക്ഷി ആയി .പക്ഷെ ‘തായി’ എന്ന കുറിപ്പ് ആദ്യം വായിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ഞെട്ടി. ചിലർ പൊട്ടി തെറിച്ചു.“ഞങ്ങൾക്കറിയാത്ത ഒരു രഹസ്യമോ അവൾക്ക്!” ഞങ്ങൾ അറിയാത്ത ഒരു മഹാസങ്കടം ഉണ്ടായിരുന്നോ ആ പൊട്ടിച്ചിരികളിൽ” പരിഭവങ്ങൾക്കെല്ലാം മുന്നിൽ അവൾ ചിരിച്ചു ,പിന്നെ പറഞ്ഞു.“ക്ഷമിക്കെടീ.എനിക്ക് ചിരിക്കാനല്ലേ അറിയൂ ”

ഇപ്പോൾ ‘തായി’ ഇതാ ബുക് ആയി വന്നിരിക്കുന്നു ,മനോരമയിലൂടെ തന്നെ.

‘തായി’ മറ്റൊരു പുസ്തകം പോലെ  വായനക്കാരിയായി മാറി നിന്ന് എനിക്ക് വായിക്കാൻ കഴിയില്ല. ഉദാഹരണത്തിന്  അതിൽ വിശദീകരിക്കുന്ന വിവാഹാലോചനക്കാലം ചില ദിവസങ്ങളിൽ ഞങ്ങളുടെ കലപില പക്ഷി വെള്ളത്തിൽ വീണ പക്ഷിയാണ് ക്‌ളാസിൽ ശ്രദ്ധിക്കില്ല ,നോട്സ് എഴുതില്ല ഒരു കാര്യവും ഇല്ലാതെ ഒരു മൗനം പിടിത്തം. ഞങ്ങളുടെ ഗ്രൂപ്പിനെ മൊത്തം ബാധിക്കുന്ന മൂഡ് ചെയ്ഞ്ച്. പിന്നീടെപ്പോഴെങ്കിലും പറയും .ഞാൻ വല്ലാതെ പേടിച്ചു പോയിരുന്നു .ഒരു കല്യാണാലോചന .അത് മുറുകി വന്നിരുന്നു .“എന്നിട്ടോ ?” ഇത്രയും ദിവസത്തെ  മിണ്ടാവ്രതത്തിലെ പിണക്കം മറന്നു ഞങ്ങൾ ചോദിക്കും “അത് ,ഏതാണ്ട് തീരുമാനായി .ജാതകം ചേരില്ല ”.ഞങ്ങൾ വീണ്ടും പൊട്ടിച്ചിരികളിലേക്ക് മടങ്ങും .അന്നേ പരിചയമുണ്ട് പക്ഷിക്കുഞ്ഞിന്റെ ജാതകത്തെ. ആ ജാതകവിധികൾ പിന്നീട് ഏതൊക്കെ വഴികളിലൂടെയാണ് സഞ്ചരിച്ചത് എന്നത് ഞങ്ങൾ എങ്ങനെയാണു വൈകാരികമായല്ലാതെ വായിക്കുക. പിന്നൊന്ന്  അന്നേ കേട്ടിരുന്ന മറ്റൊരു വായ്ത്താരി “പുലിമലത്തറവാട്ടിലെ പെണ്ണുങ്ങൾ ”

അതിനു ആത്മാഭിമാനം എന്നായിരുന്നു അവൾ ധ്വനിപ്പിക്കുന്ന നിർവചനം .ആ പുലിക്കുട്ടി ഇഷ്ടം തോന്നിയ ആളുടെ മുന്നിൽ എലിക്കുഞ്ഞ് ആവുന്നത് എങ്ങനെ വെറും എഴുത്തായി വായിക്കും ?“ആ തറവാട്ടിൽ ആർക്കെങ്കിലും എന്നെ സ്നേഹിക്കാതിരിക്കാനും കഴിയുമായിരുന്നു “ എന്ന സാധ്യതയിലേക്ക് അവൾ കണ്ണ് തുറക്കുമ്പോൾ എന്റെ കണ്ണുകൾ എങ്ങനെ നിറയാതിരിക്കും .“ ഗീതു  നീ ഒരിക്കൽ എങ്കിലും നിനക്ക് വേണ്ടി ജീവിക്കൂ “ എന്ന ഉപദേശത്തിന് മുന്നിൽ അവളെപ്പോലെ തന്നെ അമ്പരന്നു നില്കാതിരിക്കുന്നതെങ്ങനെ ?

എല്ലാ കൂട്ടുകാരെപ്പോലെ കല്യാണം ,പിന്നീടുള്ള ചില വർഷങ്ങൾ പ്രവാസത്തിലേക്കെത്തിച്ചേരപ്പെട്ട ഞാൻ അടുത്ത അവധിക്കു നാട്ടിലെത്തിയപ്പോൾ ‘കന്യക’ മാഗസിന്റെ നേതൃത്വങ്ങളിൽ ഒരാൾ!പിന്നീടങ്ങോട്ട് നോസ്റ്റാൾജിയ. അങ്ങനെ  അവളുടെ  വാചകങ്ങളും പുഞ്ചിരികളും കൊണ്ട് ഞങ്ങൾ കൂട്ടുകാരുടെ സന്തോഷങ്ങളെ ആകാശത്തോളം എത്തിച്ചിരുന്ന അവൾ ലേഖനങ്ങളിലൂടെ ശക്തമായ ഒരു താരമായി അവതരിച്ചു. വിഷ്വൽ മീഡിയായിലും കൈവെച്ചു “അമൃത റ്റി വിയിലെ” റ്റോക് ഷോ! അത് ഗീത ഭക്ഷിയുടെ മുഖം എല്ലാവരിലും അവളെ ചിരപരിചിതയാക്കി. കുട്ടുകാരായ ഞങ്ങൾക്കൊക്കെ അഭിമാ‍നത്തോടെ എടുത്തു പറയത്തക്ക ഉയരത്തിൽ  അവളെത്തി. എന്നാൽ നാട്ടിലെത്തുന്ന ഓരോ അവസരത്തിലും എല്ലാ തിരക്കുകളും മാറ്റിവെച്ച്  തിരുവനന്ദപുരത്തെത്തുന്ന എന്റെ പക്ഷിക്കുഞ്ഞ് എനിക്ക് എന്നും ഒരു സാന്ത്വനം തന്നെയായിരുന്നു.

സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് ‘ പ്രചോദിത’ എന്നപേരിൽ നല്ലൊരു  പ്രോഗ്രാം കേരളത്തിലുള്ള എല്ലാത്തരം  എഴുത്തുകാരെയും സംഘടിപ്പിച്ച്  നടത്തുകയുണ്ടായി. അതുവഴി പല എഴുത്തുകാരും ചേർന്നുള്ള പുസ്തകങ്ങൾ പ്രസിദ്ധികരിക്കാ‍നും അവർക്കുവേണ്ട പ്രചോദനങ്ങൾ വഹിക്കാനും അവൾ എന്നും  ശ്രദ്ധിച്ചിരുന്നു. കൂടെ ഇപ്പോൾ ഞാനടക്കം നേതൃത്വം വഹിക്കുന്ന ‘ചിത്രാംഗന’ സ്വന്തം അടുക്കളയിൽ മാത്രമല്ല സ്ത്രീകൾ നിറങ്ങൾ ചേർക്കുന്നത് അത്, കാൻവാസുകളിലും നിരന്നു തുടങ്ങി. അടുത്തുതന്നെ ഒരു ചിത്രപ്രദർശനത്തിനായി കേരളത്തിലെ സ്ത്രീകൾ  ഗീതബക്ഷിയുടെ നേതൃത്വത്തിൽ തയ്യറെടുക്കുന്നു. തന്റെ ഈ പുസ്തകത്തിലൂടെയും സ്ത്രീയായ തന്റെ  ജീവിതത്തിന്റെ അധികമാർക്കും അറിയില്ലാത്ത തന്റെ മനസ്സിന്റെ  ഉൾത്തലങ്ങളിലെ നൊമ്പരങ്ങൾ  താൻ എന്റെ തന്റെ ശക്തിയായി രൂപാന്തരപ്പെടുത്തി എന്നും ഈ പുസ്തകത്തിലൂടെ അവൾ പറയുന്നില്ലെ?എങ്കിലും എഴുത്തിൽ ശ്രദ്ധിക്കുന്ന ആൾ കൂടി ആയതിനാൽ തായി എന്നെ അമ്പരപ്പിക്കുന്നത്  ഭൂതകാലത്തെയും വർത്തമാനകാലത്തെയും വിവിധ ജീവിതശൈലിയെയും ഒക്കെ എഴുത്തുകാരി എത്ര സ്വാഭാവികമായാണ് കഥയുടെ ചരടിൽ വിന്യസിക്കുന്നത് എന്നതിലാണ്.

തായി വായിക്കാനായി  എല്ലാവരും  ഉത്സാഹിക്കുമല്ലൊ?