‘നാളെ നാളെ നാളെ.. എല്ലാം ഇന്നല്ലെങ്കില്‍ നാളെ ശരിയാകും’എന്ന് പറഞ്ഞു നീട്ടി നീട്ടി കൊണ്ടുപോകുന്ന പ്രവാസിയുടെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ഇവിടെ തന്നെ ജീവിച്ചു തിരുന്നു. അവസാനം രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസുമായി പ്രതീക്ഷകള്‍ കൈവിടാതെ എത്തുന്ന പ്രവാസി വൃദ്ധസദനങ്ങളുടെ നീണ്ട ലിസ്റ്റില്‍ അവസാനിക്കുന്നു. സ്വന്തം, എന്റെ, ഞാന്‍ എന്ന വാക്കുകള്‍ വിട്ട്, നമ്മുക്ക്, സഹോദരങ്ങള്‍ക്ക്, മാതാപിതാക്കള്‍ക്ക് എന്ന ബഹുവിന്യാസത്തില് വിശ്വസിച്ചു ജീവിച്ചുവരുന്ന പ്രവാസി പിന്നെ ‘തനിച്ച്’ എന്ന ഒറ്റവാക്കില്‍ അവസാക്കുന്നു. എല്ലാം വെട്ടിപ്പിടിക്കാനെത്തിയവര്, കഷണ്ടിയും കുടവയറും കുറേ മാറാരോഗങ്ങളുടെ ‘ഏക്സസ്സ് ലഗ്ഗേജ്’ മായി തിരികെയെത്തുന്നു.
നാടും വീടും വിട്ടു സ്വര്‍ണ്ണം വാരിക്കൂട്ടാന്‍, കോട്ടകൊത്തളങ്ങളുള്ള വീടുകള്‍ കെട്ടിപ്പെടുക്കാന്‍ പണ്ടൂ മച്ചുവാകയറി വന്നിരുന്ന പ്രവാസി ഇന്നു ജെറ്റ് എയറും ഗള്‍ഫ് എയറും എമറേറ്റ്സും മറ്റും കയറി വീണ്ടും എത്തി. ഗള്‍ഫില്‍. കാശുണ്ടാക്കാന്‍! എന്നാല്‍ ആ വലിയ നേട്ടത്തിനൊപ്പം നഷ്ടമായി അവരുടെ മറ്റൊരു വശം. കുടുബം, ബന്ധങ്ങള്‍, വീട്, മാതാപിതാക്കള്‍ എല്ലാം തന്നെ. വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ഹോമിക്കപ്പെടുന്ന അവരുടെ ജീവിതം. നമ്മുടെ ജീവിതത്തിന്റെ ഭാഗമായി നാം കൂടെക്കൂട്ടുന്ന കുഞ്ഞുങ്ങളുടെ ജീവിതം നാം അവര്‍ക്കു പോലും അപരിചിതമായിത്തീരുന്ന ഒരു ജീവിത ശൈലിയുടെ ഭാഗം ആക്കുന്നു.
പ്രവാസികളായ പലരൂടെയും അഭിപ്രായങ്ങള്‍ ഒരുമിച്ചു കൂട്ടിയെടുത്താല് വ്യത്യസ്ഥമായ അഭിപ്രായങ്ങളെക്കാള്‍ എല്ലാവര്ക്കും ഒരെ മനസ്സും ചിന്താഗതിയും ആഗ്രഹങ്ങളും ആണെന്നു മനസ്സിലാകും. പ്രവാസിയായതിനാല്‍ നിങ്ങളുടെ മക്കള്‍ക്ക് നഷ്ടമാകുന്ന നാട്ടിലെ ജീവിതത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ?
മസ്കറ്റിലെ പ്രവാസി എഴുത്തുകാരിയായ ദേവികൃഷ്ണയുടെ വാക്കുകള്‍ കടമെടുക്കാം. ‘നാടിന്റെ ഗൃഹാതുരത്വം നമ്മെ അങ്ങോട്ട് വലിച്ചടിപ്പികാറുണ്ട്. ശുദ്ധവായുവിന്റെ അനുഗ്രഹമുള്ള എത്ര നാട്ടിന്‍പുറങ്ങള്‍ നമ്മുക്കുണ്ടെന്നോ.. എത്ര വൈവിധ്യമായ സംസകാരങ്ങള്‍, ആചാരങ്ങള്‍. എവിടെ അതൊക്കെ ഉണ്ടോ അതൊക്കെ നമ്മുടെ കുട്ടികളെ പരിചയപ്പെടുത്താനും കാണിച്ചു കൊടുക്കാനും നാം സമയം കണ്ടെത്തണം. കല്പറ്റ നാരായണന് മാഷ് പറഞ്ഞപോലെ വെള്ള സോക്സിട്ട മുടിനാരുകളുമായി നമ്മള് സംസാരിക്കണം. പഴമയുടെ ഒരു കാലം നമുക്ക് അവരുടെ വാക്കുകളിലൂടെ അനുഭവിക്കാന്‍ സാധിക്കും. നമ്മുടെ പുഴയോരങ്ങള്‍, കായലുകള്‍, കടല്തീരങ്ങള് ഒക്കെ എത്ര രസകരമാണ്.’
ഗള്‍ഫില്‍ നിന്നും അമേരിക്കയിലേക്കു ചേക്കേറിയ ജോര്‍ജ്ജ് സാമുവല്‍ പറയുന്നതു ശ്രദ്ധിക്കൂ….’ഒരു വലിയ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കുടുംബവും ബന്ധുക്കാരും വീട്ടുകാരും ആയി നമ്മള് ചിലവഴിക്കുന്ന നല്ല സമയങ്ങള്‍ മനസ്സില്‍ എന്നും നിറഞ്ഞു നില്ക്കുന്നു. നാട്ടിലെ ബഹളങ്ങളും വിശേഷങ്ങളും നിറഞ്ഞ അന്തരീക്ഷം, വീട്ടിലെ നല്ല രുചിയുള്ള ആഹാരങ്ങള്‍ പലരും നമുക്കായി കരുതി വെക്കുന്ന വിഭവങ്ങളും പലഹാരങ്ങളും. ഇതെല്ലാം അവധിക്കാലമെത്താന്‍ ഏതൊരു പ്രവാസിയേയും കൊതിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.
നമ്മുടെ മാതാപിതാക്കള്‍ നമുക്ക് നല്കിയ കുടുബബന്ധങ്ങളുടെ ഒരു കെട്ടുറപ്പ് സമയത്തിന്റെ പരിമിതി കാരണം നമ്മുടെ കുട്ടികള്‍ക്ക് നല്കാന് കഴിയുന്നില്ല എന്നൊരു തോന്നല്‍ ഏതൊരു പ്രവാസിയുടെയും മനസില്‍ ഇന്നുണ്ട്. ഇന്നിപ്പോള്‍ പുരോഗതിയുടെ ഭാഗമായി ഒരു വലിയ മാര്‍ക്കറ്റ് പ്രവാസികളെ ചുറ്റിപ്പറ്റിയുണ്ട്. തിരികെ വന്നാല്‍!!! വരുന്ന കാലത്ത് എവിടെ സെറ്റില്‍ ചെയ്യണം എന്നെല്ലാം തീരുമാനിക്കാന്‍ ഇന്ന് മാര്‍ക്കറ്റിംഗ് കമ്പനികള്‍ സര്‍വ്വേകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.