രാവിലെ തന്നെ ഫോൺ മണിയടി കേട്ടാണുണർന്നത്.ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കൊടുവിലെ അവസാന യാമങ്ങളിൽ എപ്പോഴോ പീലികൾ അടഞ്ഞു പോയതായിരുന്നു.ചാടിപ്പിടഞെഴുനേറ്റൂ ഫോണെടുത്തു…ഷിതയായിരുന്നു.

”ചേച്ചി…എന്തുണ്ട് വിശേഷം?”ഷീതയുടെ ശബ്ദത്തിൽ എന്തോ ഒരാപകത!

”എന്തുപറ്റി?”

”അല്ല ചേച്ചി…ഇപ്പോ ക്ലാസ്സില്ലല്ലോ,കോവിഡ് സമയമല്ലെ?നോട്ട്‌സ്, സ്റ്റഡി മെറ്റീരിയൽ ആയി ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടാൽ മതി…”
ശരിയാണല്ലൊ, പറഞ്ഞപോലെ,കോവിഡ് കാരണം കോളേജ് അടച്ചല്ലോ?എൻജീനീയറിംഗ് എങ്ങനെ ഫയൽ ഷയറിൽ, റീഡിംഗ് വച്ച് പഠിപ്പിക്കും? മനസ്സ് ഒന്നാലോചിച്ചു!

”ആരോടും സംസാരിക്കാൻ പോലും മനസ്സനുവദിക്കുന്നില്ല ചേച്ചി, എല്ലാവർക്കും ഒന്നേ അറിയേണ്ടു? നാട്ടിൽ പോകുന്നുണ്ടോ? നാട്ടിൽ പോയാൽ തിരിച്ചുവരാൻ പറ്റുമൊ?എന്നാൽ നാട്ടിൽ പോയില്ലെങ്കിൽ ഇനി പോകാൻ പറ്റാതെ വരുമോ?ജീവിക്കണെമെങ്കിൽ ജോലിക്കു പോകണം,ജോലിക്ക് പോയാൽ ഇനി ജീവിച്ചിരിക്കുമോ എന്നറിയില്ല! വല്ലാത്തൊരവസ്ഥയാണ് ഇപ്പോ നമ്മുടെയെല്ലാം! കോളേജിലെ മിക്കവാറും പല രാജ്യക്കാരും ഇതുതന്നെയാ ആലോചിക്കുന്നത്!ഒരു പിടുത്തവും കിട്ടുന്നില്ല ചേച്ചി”

”നിങ്ങളുടെ ക്ലാസ്സും ഓൺലൈൻ ആന്നൊ, ഷീതാ?

”അതെ ചേച്ചി,പഠിപ്പിച്ചല്ലെ പറ്റു…!പിന്നെ ഡൗൺലോഡ്, ഷെയർ ആൻഡ് ഡിസ്‌കസ്സ് എന്നിങ്ങനെ പോകുന്നു!”

”എന്തായി മനുവിന്റെ ജോലി! എന്തെങ്കിലും അറിഞ്ഞോ?”

”ഒന്നും ക്ലിയറായില്ല, പക്ഷേ,സലാലയ്ക്ക് പോകേണ്ടി വരുമായിരിക്കും!

ജോലി പോകുന്നതിലും നല്ലതല്ലേ? ബുദ്ധിമുട്ടാണെങ്കിലും ഇവിടെത്തെന്നെ തൂങ്ങി നിൽക്കാം എന്നാണ് അച്ചായനും പറയുന്നത്. ഈ വർഷത്തോടെ അനന്യയുടെ പഠിത്തം തീരുമല്ലോ. അതുവരെ എങ്ങനെയെങ്കിലും കടിച്ചു പിടിച്ചു നിന്നെ പറ്റു ചേച്ചി.ഈ കോവിഡ് സമയത്ത് സലാലയ്ക്ക് പോയാൽ മാസത്തിലൊരിക്കൽ പോലും വരാനൊക്കില്ല!

”നാട്ടിൽ പോകുന്നതിനേക്കാളും,തൽകാലം ഇതു സഹിച്ചെ പറ്റു! പ്രോജെക്റ്റ് എൻജിനീയറല്ലെ” കോണ്ട്രാക്ടർക്കൊപ്പം ജോലി ചെയ്യുന്ന മനു മാത്യുവിന്റെ ട്രാൻസ്ഫർ അങ്ങനെ സലാലയ്ക്കായി.മലനിരകൾ മുറിച്ചു, മരുഭൂമികൾ നിരത്തിയെടുത്തു പുതിയ റോഡുകൾ നിർമ്മിക്കുന്ന പ്രോജക്ടുകളിലായിരുന്നു മനുവിന്റെ ജോലികൾ. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഒരുമിച്ചു കഴിയുക അപൂർവ്വം.

സൈറ്റാപ്പീസുകൾ മാത്രം ഉള്ളതുകൊണ്ട് കുടുംബത്തെ കൂടെ താമസിപ്പിക്കാൻ പറ്റില്ല. അതിനാൽ ആഴ്ചയിലൊരിക്കൽ വന്നിട്ട് ശനിയാഴ്ച തിരികെപ്പോകുകയാണ് പതിവ്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെയും കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളുള്ള ഷീത ഒറ്റയ്ക്കു ജീവിച്ചു. നല്ലൊരു പാർട്ട് ടൈം ജോലിക്കാരി വള്ളി ഉണ്ടായിരുന്നതിനാൽ വീടുതുറന്ന് ആവശ്യമുള്ള ആഹാരമെല്ലാം തയ്യാറാക്കി, വീടു തൂത്തുതുടച്ച് അടുക്കിപ്പെറുക്കി വച്ചിട്ടു പോകും. ഫ്രിഡ്ജിൽ ഒട്ടിച്ചിട്ടു പോകുന്ന നോട്ട്‌സുകൾ മാത്രമായിരുന്നു ഇവരുടെ ‘കമ്മ്യൂണിക്കേഷൻ’ രീതി. എന്നാൽ കോറോണക്കാലത്ത് ജോലിക്ക് ആരെയും വിളിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ അതും നിന്നു. പിള്ളാർക്ക് സ്‌കൂളും ഇല്ല സൂം, കംപ്യൂട്ടർ വഴിയാണ് പഠിത്തവും പഠിപ്പീരും!…..

”പിള്ളാർക്ക് ഒരോ ലാപ്‌ടോപ്പ് വേണം ചേച്ചി, എന്റെ കംപ്യൂട്ടർ ചെറിയവന് കൊടുത്തെ പറ്റു. അതിനാൽ ഞാനെന്റെ നോട്ട്‌സും, ക്ലാസ്സ് സ്റ്റഡിയുമെല്ലാം ഒരു പേപ്പറിൽ റെഡിയാക്കും, ഫോണിൽ സ്‌ക്രീൻ ഷോട്ട് എടുത്തുവയ്ക്കും.പെട്ടെന്നാവശ്യം വന്നാൽ അയയ്ക്കാനായി”.

”ഷീത, എന്റെ പെട്ടി രണ്ടും എടുത്ത് താഴെവച്ചോ? ഫോണീലൂടെ കേട്ടു മനുവിന്റെ ശബ്ദം

”ഈ ആഴ്ച അച്ചായനു സലാലയ്ക്ക് പോകണം ചേച്ചി. ഞാൻ ചെല്ലട്ടെ, എല്ലാം എടുത്തുവയ്ക്കട്ടെ…’

അനന്യയുടെ ക്ലാസ്സ് തീരുംവരെ ഇനിയിവിടെ നിൽക്കണമെന്നുണ്ടെങ്കിൽ ഇതേയുള്ള ഒരു പരിഹാരം എന്നവർ മനസ്സിലാക്കി.

പരിഹാരങ്ങൾ,കോംപ്രമൈസ് ഇതെല്ലാം, ‘പ്രവാസജീവിതം’ നമ്മളെ പഠിപ്പിച്ചു.ജോലിക്കാര്യങ്ങളിൽ ശരിയായ തീരുമാനം എന്നത്,ഈ കോവിഡ് കാലങ്ങളിൽ പലർക്കും സാദ്ധ്യമല്ല!

ഈ ആഴ്ച അല്ലെങ്കിൽ ഈ മാസം തന്നെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു പോകേണ്ടിവരും എന്ന് എതാണ്ട് തീരുമാനമായി. എന്ന് പോകാൻ പറ്റും എന്ന് സ്വയം തീരുമാനിക്കാൻ പറ്റില്ലെന്നു മാത്രം! എപ്പോൾ, ഏത് ഫ്‌ലൈറ്റ്, എത്ര വെയിറ്റ്, ‘ഫോർ ഗുഡ്’ പോകുന്നവർക്ക് വെയിറ്റ് അലവെൻസ് ഒന്നും അറിയില്ല.എത്രവെയിറ്റ് എന്നതിനു മുകളിൽ,എന്തൊക്കെ എന്നാണ് ആദ്യം തീരുമാനിക്കേണ്ടത്………….!

”സപ്നചേച്ചിയാണോ?” മനു ചോദിക്കുന്നു.’ചേച്ചി ഞാൻ ഇന്ന് രാത്രി രണ്ട് മണിക്കിറങ്ങും’ഫോണേടുത്ത് മനു പറഞ്ഞു.

”എന്താ 2 മണി” എന്നുള്ള എന്റെ ചോദ്യത്തിനുത്തരമായി വന്ന മറുപടി, ഇടിമിന്നൽ പോലെ എന്റെ ചങ്കിൽ വീണു. ”ഞാൻ ഒറ്റയ്ക്കാ സലാലയ്ക്ക് പോകുന്നത്, അവിടെയും വണ്ടി വേണമല്ലൊ,12,14 മണിക്കൂറെടുക്കും റോഡ് വഴി പോയാൽ! നമ്മുടെ മസ്‌കറ്റ്,സൊഹാർ രാത്രി ക്രോസ് ചെയ്താൽ സന്ധ്യയോടെ എനിക്ക് സലാലയിൽ എത്താം.പിന്നെ മെയിൻ ഓഫിസിൽ റിപ്പോർട്ട് ചെയ്തിട്ട്,എന്റെ സൈറ്റിലെത്താൻ മല കയറിയിറങ്ങി, രണ്ട് മണിക്കൂർ പിന്നെയും പോകണം!അവിടെ റോഡില്ലല്ലോ, അതുണ്ടാക്കാനായിട്ടാ ഈ പുതിയ പ്രോജക്ട്.പോർട്ടോ ക്യാബിൻ മാത്രമെയുള്ളു!”

”അപ്പൊ നിന്റെ ആഹാരം?”

”അതവിടെ കാന്റീനുണ്ടല്ലൊ ചേച്ചി, നമ്മുടെ കുബൂസ് ചിക്കൻ കറി, ബിരിയാണി ഒക്കെയുണ്ടാല്ലൊ?എന്നാലും വിൽ മിസ്സ് യുവർ കൊഞ്ച് ഫ്രൈ!ഇന്ന് സലാലയിൽ മഴയും പറഞ്ഞിട്ടുണ്ട്,മറ്റന്നാളെ പോകാനൊക്കു സൈറ്റിലേക്ക്.ഞാൻ ഫോട്ടോ അയയ്ക്കാം!അപ്പൊ ഒക്കെ ചേച്ചി….”

പിന്നീടങ്ങോട്ട് വന്ന മനുവിന്റെ ഫോട്ടങ്ങളിൽ കോരിച്ചൊരിയുന്ന മഴ, പോർട്ടോക്യാബിനുകൾ, സൈറ്റ് ഓഫീസുകളും മറ്റും കണ്ടു! പ്രവാസിയുടെ നിസ്സഹായതയുടെ കണ്ണുനീരാണോ, മഴത്തുള്ളിയായി പെയ്യുന്നതെന്ന് തോന്നിപ്പോയി! എ സിയിൽ, ബർഗറും,ചോക്കളേറ്റും തിന്നു സുഖിച്ചു കഴിയുന്നു എന്ന് ലോകം കരുതുന്ന പ്രവാസി, ഇതുപോലെ കണ്ണുനീരിന്റെ കയങ്ങളിൽ മുങ്ങിത്താഴ്ന്ന്,കോവിഡ് കാലങ്ങളാൽ വലിച്ചെറിയപ്പെടുന്നു എന്ന് ലോകം അറിയുന്നുണ്ടോ?

തുടർന്ന് ഷീതയുടെ ‘ടൈം ടേബിൾ’ മൊത്തമായി മാറി മറിഞ്ഞു!പിള്ളാരുടെ കാര്യങ്ങൾ,കോളേജിന്റെ നോട്ട്‌സ്,കൂടെ വീട്ടിലെ ഷോപ്പിംഗ്,പാചകം എല്ലാം ചേയ്‌തേ പറ്റു എന്നായി.വള്ളി ഉണ്ടായിരുന്ന സമയത്ത് ഒന്നും നോക്കേണ്ടായിരുന്നു.ഷീതയോട് വള്ളിയെ വിളിക്കാൻ പറഞ്ഞു. മൂന്നാമത്തെ റിംഗിൽ വള്ളി, ”മാഡം” എന്നും പറഞ്ഞ് ഫോൺ എടുത്തു എന്ന് ഷീത പറഞ്ഞു.

”ഞാൻ ഈ ആഴ്ചമുതൽ ജോലിക്കു വരാം മാഡം.ബാക്കി നമുക്ക് പിന്നീട് നോക്കാം. ഞാൻ മാസ്‌ക്കും ഗ്ലൗസും ഒക്കെയിട്ട് ജോലി ചെയ്‌തോളം! ബാക്കി വീട്ടിലൊക്കെ ഇങ്ങനെ തന്നെയല്ലെ ജോലി ചെയ്യുന്നത്”വള്ളി പറഞ്ഞത്രേ!

അങ്ങനെ ഷീതയുടെ ഒരു കാര്യത്തിന് സമാധാനമായി.ഷീത പിറ്റേന്നത്തേക്കുള്ള നോട്ട്‌സും, പവർപോയിന്റും ഒരു ചായയും എടുത്ത് ലാപ്‌റ്റോപ്പിനു മുന്നിൽ ഇരുന്നു.

അച്ചായൻ ഇപ്പൊ എവിടെ എത്തിക്കാണും, സൈറ്റ് ഓഫീൽ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിരുന്നു….സലാലയിൽ നിന്നു പിന്നെയും രണ്ട് മണിക്കൂറോളം വണ്ടി ഓടിച്ചു വേണം അവിടെയെത്താൻ!ഫോണിൽ അച്ചായന്റെ നമ്പർ തെളിഞ്ഞു.
”എത്തിയോ അച്ചായാ?”

”ആ ഷീതനല്ല മഴയായതിനാൽ,സൈറ്റിലേക്ക് ഞായറാഴ്ച പോയാൽ മതി എന്ന് ഓഫിസിൽ നിന്ന് പറഞ്ഞു.”

മനസ്സ് ഒന്ന് സമാധാനിച്ചു.

സൈറ്റാഫീസിൽ ഞാറാഴ്ച അച്ചായൻ എത്തി,ഫോട്ടോകൾ അയച്ചപ്പോൾ മനസ്സ് ഒന്നടങ്ങി! നല്ല കാന്റീനും, പോർട്ടോ ക്യാബിൻ ക്യാംബും വളരെ നല്ലതായിരുന്നു.
ദേ അച്ചായന്റെ ഫോൺ,”ഷീതാ”

”ഞാൻ ഇപ്പൊ ആലോചിച്ചതേയുള്ള, വല്ലോം കഴിച്ചോ എന്ന്…”

”നീ തന്നു വിട്ട കട്‌ലേറ്റുകൾ ഉണ്ടായിരുന്നതിനാൽ സൈറ്റോഫീസിൽ രക്ഷയായി! ഇവിടെ ഇപ്പോ ഞാൻ പോയി ലഞ്ച് കഴിച്ചു.നല്ല ഫുഡ്.”

”പണി തുടങ്ങാറായോ?”എന്റെ ചോദ്യങ്ങളുടെ നീണ്ട നിര അച്ചായന് എന്നത്തെയും പോലെ ദേഷ്യം വന്നു.

”നീ നിന്റെ കാര്യം പറ.വള്ളി വന്നോ?പിള്ളാരെന്തിയെ?”

പിള്ളാരുടെ മുറിയിലേക്ക് ഞാൻ നടന്നു”വള്ളി നാളെ മുതൽ വരും,മോളെ ദാ,പപ്പ!”

മോളുടെ കയ്യിൽ ഫോൺ കൊടുക്കുന്നത് കേട്ട് ബാത്ത്‌റൂമിൽ ആയിരുന്ന ആഷി ഓടിയെത്തി.ഫോൺ തട്ടിപ്പറിച്ച് അവൻ ഓൺലൈൻ ക്ലാസ്സിന്റെക്കുറിച്ചും ഒക്കെ എന്തോക്കെയോ പറയുന്നതു കേട്ടു.

”ദാ അമ്മെ,” എന്നും പറഞ്ഞ് ഫോൺ എന്റെ കയ്യിൽ തിരിച്ചു തന്നിട്ട് അവൻ മുറിയിലേക്ക് പോയി.

”ങ്ങാ, അച്ചായാ,വേറെ വിശേഷം ഒന്നുമില്ല.അനിത്തും അശോകും, മറ്റെല്ലാരും ഇടയ്ക്കിടയ്ക്ക് വിളിക്കുന്നുണ്ട്. അച്ചായൻ സമാധാനമായിരിക്ക്.ഈ മാസം ഇനി വരാനൊക്കില്ലേ?”

”ആ, നോക്കട്ടെടി.ഒന്ന് വന്നിട്ട് പോകാം…..എന്നാൽ ശരി”, അങ്ങേത്തലക്കൽ ഷീത ഫോൺ വച്ച ശബ്ദം!

ഞാനില്ലാതെ എങ്ങനെയാ അവിടെ എന്നൊരു ചിന്ത മനുവിന്റെ മനസ്സിലൂടെ പോയി! കുറച്ചോക്കെ ആഴ്ചയിലൊരിക്കൽ സൈറ്റിൽ നിന്നു വീക്കെൻഡ് മാത്രം വന്നുള്ള പരിചയം ഉള്ളതിനാൽ അവൾ പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്യുമായിരിക്കും.എന്നിരിന്നാലും പെട്ടെന്ന് അവൾക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ എങ്ങനെ എന്ന ചിന്ത മനുവിന്റെ മനസ്സിൽ മുറുകി.ഇത്രയും നടത്തിയ ദൈവം എല്ലാം നടത്തും എന്ന് വിചാരിച്ച് എന്നും ചൊല്ലുന്ന പ്രാർത്ഥനകൾ മനസ്സിനെ സമാധാനിപ്പിച്ചു.പുറത്ത് നല്ല കാറ്റ് വീശുന്നതിനാൽ അധികം ചൂട് തോന്നിയില്ല. ഷട്ടിൽ കോർട്ടിലേക്ക് നടന്നു.പതുക്കെ തട്ടി നിന്നവർക്കൊപ്പം ഒരു സെറ്റ് കളിച്ചു കഴിഞ്ഞപ്പോൾ മനസ്സും ഒന്ന് തണുത്തു. മുറിയിൽ ചെന്ന് തണുത്ത വെള്ളം എടുത്ത് കുടിച്ച്, ഫോണിന്റെ വാട്ട്‌സ് ആപ്പ് തുറന്നു.

”നമ്മുടെ ഗ്യാംഗ്” കുറെ മെസ്സേജുകൾ ‘മനുവേ എത്തിയോടാ എന്ന് ബിജു,

കൂടെ വെള്ളം അടിക്കാനെന്തെങ്കിലും കൊണ്ടു പോയോ,അവിടെയുണ്ടോ എന്ന് അനിത്തും,ജേക്കബും!

എന്ത് കഴിച്ചു എന്ന് അശോകിന്റെ വക.

തണുപ്പുണ്ടോ,താമസം എങ്ങനെ, എന്ന് സിനിയുടെയും അശ്വതിയുടെയും കുശലം.

ഇന്ന് രാവിലെ ഷീതക്കയച്ച് ഫോട്ടോകളിൽ കുറച്ച് ഗ്യംങ്ങിലും അയച്ചു.

ബിജു ചാടിവീണു, ”ഷട്ടിൽ കോർട്ടുണ്ടോ?”

”ദേ ഇപ്പം കളിച്ചിട്ട് വന്നതേയുള്ളു,കുളിച്ചിട്ട് വരാം” എന്ന് റിപ്ലൈ അയച്ചിട്ട് കുളിക്കാൻ ടവ്വലും എടുത്ത് നടന്നു.രാത്രിയും വീണ്ടും തകർത്തു പെയ്ത മഴ ഭൂമിയേ പിന്നെയും തണുപ്പിച്ചു.രാവിലെ മൂടൽമഞ്ഞിന്റെ സൗന്ദര്യം ജനലിലൂടെ ആസ്വദിച്ച് കിച്ചൺ കൗണ്ടറിൽ നിന്ന് ഒരു കാപ്പിയും ഉണ്ടാക്കി റെഡിയായി ക്യാന്റീനിലേക്ക് നടന്നു. രാവിലത്തെ ഷെഡ്യൂളും ഫോണിലൂടെ നോക്കിയിട്ട് സൈറ്റിലേക്ക് തിരിച്ചു.രാവിലത്തെ മെയിലുകൾ നോക്കുന്ന കൂട്ടത്തിൽ ഒരു സി സി മെയിൽ ഷീതയുടെ ഹോസ്പിറ്റൽ റിപ്പോർട്ടും ഉണ്ടായിരുന്നു.ഒന്ന് വായിച്ചിട്ട് ഫോണെടുത്തു വിളിച്ചു…
”ഷീത ഇതെന്താ ഈ റിപ്പോർട്ട്?”

”എല്ലാ മാസവും എടുക്കുന്നതേയുള്ളു അച്ചായാ,ഇത്തവണ അവർ എന്റെ ഷുഗർ, കൊളസ്‌ട്രോൾ എല്ലാം വീണ്ടും ഒന്നെടുത്തപ്പോ, അച്ചായനും കോപ്പി അയച്ചന്നേയുള്ളു!”

”ഒകെ ബൈ…”

അവളുടെ മനസ്സിന്റെ ധൈര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്” മനസ്സിൽ ചിന്തിച്ചുകൊണ്ട് മനു കോൺട്രാക്ടറുടെ മുറിയിലേക്ക് നടന്നു.സൈറ്റും ജോലിയും വൈകുന്നേരത്തെ ഷട്ടിൽ കളിയുമൊക്കെയായി മൂന്നാഴ്ച കടന്നുപോയി.
എല്ലാം സഹിക്കാം, ഈ മാസ്‌ക് ഇട്ടോണ്ടുള്ള കളിയാണ്,പറ്റാത്തത്!കൂടെ ക്യാന്റീൻകാരന്റെ ആഹാരം ഇത്തിരി ‘മൊണോട്ടണസ്’ ആയിത്തുടങ്ങിയിരുന്നു. സപ്നചേച്ചിയുടെ തേങ്ങ അരച്ച മീൻ കറിയും,എന്റെ ഭാര്യയുടെ ബീഫ് ഉലർത്തിയതും ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ ആലോചിച്ച് വെള്ളം ഇറക്കി കിടന്നുറങ്ങി.

പിള്ളാരെയും വല്ലാതെ മിസ്സ് ചെയ്യുന്നു.!എന്തായാലും അടുത്താഴ്ച അവധിക്ക് റിക്വസ്റ്റ്’ ഇടണം.

എസ്‌കവേഷൻ നടന്നു കൊണ്ടിരിക്കുന്നതേയുള്ളു.ലെവൽ ചെയ്യാൻ ഇനിയും മാസങ്ങൾ എടുക്കുംതീർച്ച! വീട്ടിൽ പോകാൻ എല്ലാം റെഡിയായി, പാക്ക് ചെയ്തു വെച്ചിട്ട്, വൈകിട്ട് നേരത്തെ ഇറങ്ങാം എന്ന ഉദ്ദേശത്തിൽ ഒാഫീസിലേക്ക് നടന്നു. ഇന്ന് എൻജീനീയേഴ്‌സും സൈറ്റ് സൂപ്പർ വൈസറമാരുമായുള്ള മീറ്റംഗ് ഉണ്ട്. മീറ്റിംഗ് റുമ്മിൽ എത്തി, സാനിറ്റൈസർ കൊണ്ട് കയ്യും തുടച്ച് ഇരുന്നു. മീറ്റിംഗിനിടയിൽ തീരുമാനിച്ചു,എസ്‌കവേഷനൊപ്പം ലെവലിംഗും തുടങ്ങാം എന്ന്.

സായിപ്പ് സൂപ്പർവൈസർ നീട്ടി വിളിച്ചു ”ലെറ്റ്‌സ് ബക്ക് അപ്പ് മിസ്റ്റർ.മാത്യു, ആൻഡ് പുട്ട് എക്‌സ്ട്രാ റ്റൈം ഓൺ വവീക്കെൻഡ് റ്റൂ.പ്ലീസ് മെയിക്ക് ഷുവർ വി ഫിനിഷ് ഓൺ റ്റൈം”

”എന്റെ ട്രിപ! ഉമ്മം കുരുത്ത് മാലാഖേ!”
ഷീതയോട് വിളിച്ചു പറഞ്ഞു.പിള്ളാരോട് പതുക്കെ പറഞ്ഞാൽ മതിയെന്നും ഓർമ്മിപ്പിച്ചു..

”അയ്യോ അച്ചായാ ഞാൻ വള്ളിയോട് കട്‌ലേറ്റ് ഉണ്ടാക്കാൻ പറഞ്ഞു ബീഫ് ഉലർത്താൻ അരിഞ്ഞു വെക്കാൻ പറഞ്ഞു”

”നീ അതെടുത്ത് ഫ്രീസറിൽ വെയ്ക്ക് ഞാൻ അടുത്താഴ്ച എത്തിക്കൊള്ളാം!”

നമ്മുടെ തീരുമാനങ്ങൾക്കും സമയത്തിനും അതീതമായൊരും ജീവിതം.പ്രാർത്ഥനയും ആത്മാർത്ഥതയും മാത്രം സ്വത്തുക്കളായ പ്രവാസം. ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കില്ല! എന്നാൽ ഇതിലെല്ലാം കണ്ടെത്താൻ ശ്രമിക്കുന്ന സന്തോഷവും സമാധാനവും ആരോ നമുക്കുവേണ്ടി കരുതി വെക്കുന്നതു തന്നെ തീർച്ച!

(അടുത്താഴ്ച,അനിത്തിന്റെയും ഡാക്കിടർ സിനിയും തങ്ങളുടെ കഥയുമായെത്തും വരെയും ഒരു ചെറിയ ഇടവേള.)