ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. എന്നാൽ നോവലിൽ കാര്യങ്ങൾ കുറച്ചുകൂടി വ്യാപ്തിയോടെ പരത്തി പറയുന്നു. പഴയ മുത്തശ്ശികഥകളാണ് ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നു.
ഒഴിച്ചു കൂടാനാവാത്ത വിധം തങ്ങളുടെ നിലപാടുകൾ സ്തീകൾ കഥാസാഹിത്യത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നിനൊന്ന് വ്യത്യസ്ഥമാണവ! അവയിൽ അന്തര്ഭവിച്ചിരിക്കുന്ന കാഴ്ചപ്പാട് ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാനാവുന്നതല്ല. സുഗതകുമാരിയിൽ നിന്നും, മാധവിക്കുട്ടിയിൽ നിന്നും തുടങ്ങി, ഒമനാ ഗന്ധർവനിലൂടെ,നീനാ പനക്കൽ, ചന്ദ്രികാ ബാലൻ, രാധാ വേണുപ്രസാദ്, നിർമ്മല, പ്രിയ എസ്, സംഗീത ശ്രീനിവാസൻ, ഗീത ബക്ഷിയിലൂടെ ഇന്നത്തെ തലമുറയിലെ ആൻസി മോഹൻ, കുഞ്ചൂസ് ഇന്നിങ്ങനെയുള്ളവരുടെ കഥകൾ അതിന്നടിവരയിടുന്നുണ്ട്. സ്ത്രീ കാഴ്ചപ്പാടിലൂടെയാണ് അത് കൂടുതൽ പ്രകടമാകുന്നത് . അതുകൊണ്ടു തന്നെ ആത്മനിര്വചനത്തിനു വേണ്ടിയുള്ള സ്ത്രീയുടെ അന്വേഷണമായി അവരുടെ എഴുത്തിനെ നമുക്ക് നോക്കിക്കാണാം! ദൈനംദിന ജീവിതത്തിലെ ഏടുകളും, വീടുവീടാന്തരം നടക്കുന്ന പ്രശ്നങ്ങളും അവയിലെ വിവിധ ഭാവങ്ങളും തമ്മിലേറ്റുമുട്ടുമ്പോഴുണ്ടാകുന്ന ഒരു മാനസീകാവസ്ഥ കഥയുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ടാവം! പലതരം വേഷങ്ങൾ , ഒരേസമയം ജീവിതത്തിൽ സ്വയം ആടിത്തീർക്കുന്നവളാണ് സ്ത്രീ. കാമുകി ഭാര്യ അമ്മ ഉദ്യോഗസ്ഥ എഴുത്തുകാരി എന്ന നിലകളിലുള്ള വേഷച്ചുവടുകൾ ഒരു ഉന്മാദിനിയുടെ ഭാവത്തിലേയ്ക്ക് സ്ത്രീയെ കൊണ്ടെത്തിക്കുന്നതിനാൽ കഥകളുടെ ഭാവങ്ങളും അതീവ വികാരപരങ്ങളാണ്.
ഒരു പുഴയിൽ രണ്ടുതവണ ഇറങ്ങാൽ കഴിയില്ല, പക്ഷെ ചില പുഴകൾ നാമറിയാതെ നമ്മുടെ ഓരൊ ചുവടും ഒഴുക്കിൽ പറന്നുകൊണ്ടെയിരിക്കും! ഈ ജന്മം മുഴുവൻ ആ പുഴനീരാന്നു എന്റെ കഥകകളുടെ ഉറവ്… എന്ന്,പത്രപ്രവർത്തകയും, കഥാകൃത്തും ആയ ഗീത ബക്ഷി തറപ്പിച്ചു പറയുന്നു. എന്നാൽ ആദ്യമായി കഥ എഴുതിയ രാധ വേണുപ്രസാദിന്റെ കാഴ്ചപ്പാടിൽ, കഥകൾ ഹൃദയത്തിൽ നിന്ന് വരണം, യാഥാർഥ്യങ്ങളുമായി ചേർന്നു നിക്കുന്നവയാകണം, കഥകൾ ഭാവപ്രചുരമായ, അർപ്പണശീലമുള്ള, ഭാവമയമായിരിക്കണം ഉണ്ടാകേണ്ടത്! ഇക്കാലത്തെ കഥകൃത്തായ ആൻസിയുടെ കാഴ്ചപ്പാടിൽ “അടക്കവും ഒഴുക്കുമുള്ള ഭാഷയിൽ വിഷയത്തിൽ ഒതുങ്ങി നിന്നു കൊണ്ട് വായനക്കാരന്റെ വികാരവിചാരങ്ങളെ ഉദ്ദീപിപ്പിക്കാൻ ശേഷിയുള്ളവയാകണം ചെറുകഥകൾ“.
മലയാള സാഹിത്യത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും അധികം അറിയപ്പെടാതെ പോയ ഒരു പെണ്ണെഴുത്തുകാരിയുമാണ് അകാലത്തിൽ പൊഴിഞ്ഞുപൊയ ലീലാ ജെ എന്നിരിയിൽ എന്ന തൂലികാനാമമുള്ള മേരി ജേക്കബ്. കഥാകൃത്തിന്റെയും ജീവിതവും കഥയും, ഇതുപോലെ ജീവിതത്തോടു അടുത്തു നിർത്തിയ ഒരു വ്യക്തിയാണ് ലീല. 1957 ത്രിശ്ശൂർ മംഗളോദയം പ്രസിദ്ധികരിച്ച ‘നാടിന്റെ മക്കൾ‘ എന്ന നോവൽ ഇന്നും ത്രിശ്ശൂർ സാഹിത്യ അക്കാദമിയി ലൈബ്രറിയിൽ ലഭ്യമാണ്. “ തന്റെ പുസ്തകത്തെപ്പറ്റിയുള്ള ആദ്യപേജിലെ പ്രസ്താവനയിൽ അറിയേണ്ടതെല്ലാം മഹാകവി ജി ശങ്കരക്കുറിപ്പിന്റെ ആമുഖത്തിൽ പറയുന്നുണ്ട് എന്നും,പ്രത്യേകിച്ച് സ്വയം തനിക്കൊന്നും എടുത്തുപറയാനില്ല എന്നും, അദ്ദേഹത്തോടുള്ള എക്കാലത്തെയും കടപ്പാടുമാത്രം രേഖപ്പെടുത്തുന്നു എന്നും പറയുന്നു. കൂടെ ഈ പുസ്തകത്തിനുവേണ്ടി ചെറുതും വലുതുമായ സഹായം ചെയ്തവരോടെല്ലാം നന്ദി പറഞ്ഞു കൊണ്ട് ഈ ചെറിയ നോവൽ സമർപ്പിച്ചുകൊള്ളുന്നു എന്ന് പറഞ്ഞു നിർത്തുന്നും കാഥകൃത്തായ ലീല. ശങ്കരക്കുറിപ്പിന്റെ വിശദമായ ആമുഖം കാഥാകാരിയെക്കുറിച്ചും , നോവലിനെക്കുറിച്ചു ആ കാലഘട്ടത്തെക്കുറിച്ചു കൃത്യമായി പറയുന്നു. “ നമ്മുടെ ഭാഷയിലെ പല പുരോഗമനവാദികളും ആദ്യത്തെ സിദ്ധാന്തം ആദരിച്ചുകൊണ്ട് കഥകളിലും നോവലുകളിലും കവിതകളിലും ജീവിതത്തെ വ്യാഖ്യാനിച്ചുപോന്നിട്ടുണ്ട്! നാടിന്റെ മക്കൾ എന്ന ഈ ചെറിയ നോവലിനു ഈ വിഷയത്തിൽ ഹൃദ്യമായ ഒരു പുതുമ കാണാം. പരിവർത്തനത്തിനു സ്നേഹത്തിന്റെയും സേവനത്തിന്റെയും മാർഗ്ഗമാണ് ഗ്രന്ഥകർത്തി നിർദ്ദേശിക്കുന്നത്; വൈരത്തിന്റെയും പ്രതികാരത്തിന്റെയും അല്ല!പ്രസിദ്ധ സാഹിത്യകാരിയായ പേൾബക്കിനോട് പ്രതിപാദനരീതിയിൽ കടപ്പാടുണ്ടായിരിക്കാം എന്നാലും ശ്രീ. ലീലാ ജെ എന്നിരിരിയിൽ മലയാളസാഹിത്യത്തിന് സംങ്കല്പത്തിലും ആദർശത്തിലും നൂതനമായ ഒരു നോവൽ സർവ്വോദയപ്രസ്ഥനവീക്ഷണം പ്രതിബിംബിക്കുന്ന ആദ്യത്തെ നോവൽ, സംഭാവനം ചെയ്തിരിക്കുന്നു. ഗ്രന്ഥകർത്തിക്കു തീർച്ചയായും ഇതി അഭിമാനം കൊള്ളാം “ എന്ന് ആമുഖത്തിൽ മഹാകവി ജീ. ശങ്കരക്കുറിപ്പ് പറയുന്നു.
കഥയുടെ ഇതിവൃത്തം ഏതാണ്ട് ഇങ്ങനെയാണ്. ന്യൂയോർക്കിൽ ഒരു കോളേജ് അദ്ധ്യാപകനായി കഴിഞ്ഞുകൂടുന്ന ശേഖർ പാശ്ചാത്യ സംസ്കാരത്തെ ആദരിക്കുകയും അനാവശ്യസംബ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. ഭർതൃപ്രേമത്തിൽ , വിദ്ധ്യാഭ്യസത്തിന്റെ അഭാവത്തിലും പ്രിയതമന്റെ കൂടിത്താമസിക്കുന്ന മീസ്സിസ്. ശേഖർ .ഈ ദംബതികളും മക്കളായ ഡോക്ടർ ശ്യാം, രാജ്, രാധ, രം ഇവരാണ് ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. ജാതിഭേതം,ധനികദരിദ്രബോധം , കർമ്മാലസ്യം, അനാരോഗ്യം അജ്ഞത മുതലായ ഗ്രാമജീവിതശ്ത്രുക്കളോടുള്ള സമരത്തിൽ മറ്റനേകം വ്യക്തികളുടെ സജീവഛായകളും ഈ കൊച്ചു നോവലിൽ വന്നുചേരുന്നുണ്ടെന്ന് ജി ശങ്കരക്കുറുപ്പ് തറപ്പിച്ചു പറയുന്നു. ഗ്രാമത്തിന്റെ സംബത്തും ശുചിത്വവും സൌന്ദര്യവും നൽകുന്ന് കുളിരുപോലെയുള്ള ഒരു കഥ എന്ന് അദ്ദേഹം സംഗ്രഹിച്ചു പറയുന്നു.
1930 ൽ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴിയിൽ ഇ ഐ ചാക്കൊയുടെയും അന്നമ്മ ചാക്കൊയുടെയും മകളായി ജനിച്ചു. കോട്ടയം മൌണ്ട്കാർമൽ സ്കൂളിൽ പ്രാദ്ധമികവിദ്യാഭ്യാസവും , തുടർന്ന് എറണാകുളം സെന്റ് തെരെസാസിൽ ഇന്റെർമീഡിയറ്റും പഠിച്ചു. ഹൃദയത്തിന്റെ വാൽവിന്റെ അസുഖത്താൽ സ്ഥിരമായി ക്ലാസ്സിൽ വരാൻ സാധിച്ചിട്ടിലെങ്കിലും, അടുത്തമുറിയിൽ കിടന്നു ലെക്ചറുകൾ കേട്ടുപഠിച്ചു. എന്നാൽ തുടർന്നുള്ള വിദ്ധ്യാഭാസത്തിൽ മഡ്രാസ് യൂനിവേഴ്സിറ്റിയിൽ നീന്ന് റാങ്കും കരസ്ഥമാക്കി. വായനയി വളരെ ആവേശം ഉണ്ടായിരുന്ന ലീലയുടെ ഇഷ്ടപുസ്തകങ്ങൾ പി ജി വുഢ്ഹൌസ്, അന്ന കരീന, പേൾ ബക്സ് എന്നിവരാണ് . തുടർന്നുള്ള ജീവിതത്തിൽ കോട്ടയം മാങ്ങാനം ആശ്രമത്തിന്റെ സാമൂഹിക സേവനത്തിൽ ശ്രദ്ധയോടെ പ്രവർത്തിച്ചിരുന്നു. മനോരമ വീകിലിയിൽ കോളം എഴുതാറുണ്ടായിരുന്നു. കൂടെ മനോരമയിൽ ചെറുകഥകളും എഴുതിത്തുടങ്ങി. 1958ൽ 28ആം വയസ്സിൽ ഹൃദയത്തിന്റെ ഒരു ഓപ്പറേഷനോടെ ലീല ജെ എന്നിരിയിൽ മരണം സ്വീകരിച്ചു.
ഒടിക്കുറിപ്പ്- ലീല ജെ എന്നിരിയിൽ എന്ന കഥാകൃത്തിന്റെ അനന്ദിരവൾ എന്ന സ്ഥാനം എനിക്കുണ്ട്. നോവലിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾ പറയാനോ എഴുതാനോ, കഥാപാത്രങ്ങളെ പരിചയപ്പെടുത്താനൊ ഈ പേജുകൾ പോര എങ്കിലും നോവലിന്റെ താളുകൾ തേടിപ്പൊകാൻ എന്ന് പ്രേരിപ്പിച്ച ലീലാമ്മകൊച്ചമ്മയോടുള്ള നന്ദിയും സ്നേഹവും ആദരവും ഇവിടെ സമർപ്പിക്കുന്നു.