ഈ ആഴ്ചയിലെ ഒരു ദിവസം, നവംബർ 1’ 2021 ഒട്ടുമിക്ക വീടുകളിലും വളരെ ആവേശവും അതുപോലെ അല്പം ആകാംഷയും,വേവലാതിയും ഇല്ലാതില്ല.
സ്കൂൾ തുറക്കുന്നു…………………………
എല്ലാവർഷവും ജൂൺ 1 നും നടന്നുവന്നിരുന്ന, മെയ് മാസത്തോടെ നടന്നിരുന്ന എല്ലാ തയാറെടുപ്പുകളെയും തകടം മറിച്ചുകൊണ്ട്! അതും ഏതാണ്ട് ഒന്നരവർഷത്തിന്റെ കൊറോണ ഇടവേളക്ക് ശേഷം,പതിവിനും, പതിവുകൾക്കും വിപരീതമായി.
കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാഭ്യാസ വകുപ്പും,അധ്യാപകരും മറ്റും ചേർന്നു നടത്തിയ തയ്യാറെടുപ്പുകൾ നിരന്തരമായി ടിവിലും പത്രങ്ങളിലും ഓൻലൈൻ വാർത്തകളിലും കണ്ട് കണ്ട് സന്തോഷം അടക്കാനാവുന്നില്ല. എല്ലാ കുടുംബങ്ങളിലെയും വർഷാ വർഷങ്ങളുടെ ഒരു സ്ഥിരം തയ്യാറെടുപ്പുകൾ! സ്കൂൾ യൂണിഫോം ഒരു മാസം മുൻപ് തയ്ക്കാൻ കൊടുക്കുക, മെയ് മാസം സ്കൂളിൽ നിന്ന് പുസ്തകങ്ങൾ,നോട്ട് ബുക്കുകൾ വാങ്ങി,പൊതിഞ്ഞു വയ്ക്കുക.ട്യൂഷൻ റ്റീച്ചർമാരെ കണ്ടുപിടിക്കുക.എന്നുവേണ്ട അമ്മമാർക്ക് മാത്രമല്ല,അപ്പന്മാർക്കും ധാരാളം ജോലികളും ഉണ്ടാവുന്ന ഒരു സമയം.ടീച്ചർമാരും സ്കൂളുകളും തയാറെടുപ്പുകളിൽ ഒട്ടും പുറകിലല്ല.നല്ല നല്ല സ്കൂൾ അന്തരീക്ഷങ്ങൾ,പഠനരീതികൾ എന്നിവയെല്ലാം ടീച്ചർമാരുടെ വക.
സ്കൂൾ ബസുകളും,ഓട്ടോറിക്ഷാക്കാരും, നഗരസഭയിലെ സ്ക്കൂൾകുട്ടികൾക്ക് വേണ്ടിയുള്ള ബസുകളും തയാർ.പിന്നയുള്ള തയാറെടുപ്പുകൾ സ്കൂൾ ബാഗുകളും കുടകളും ചെരുപ്പുകളും,ഷൂസുകളും വിൽക്കുന്ന കടകൾ നടത്തിക്കഴിഞ്ഞിരിക്കും.ഇതെല്ലാം നമ്മളോരുത്തരും അടങ്ങുന്ന കാലങ്ങളുടെ ഓർമ്മകൾ,കൂടെ നമ്മുടെ മക്കൾക്ക് വേണ്ടി നമ്മളോരുത്തരും ചെയ്തു വന്നതും കൂടിയാണ്.
എന്നാൽ ഇത്തവണ സ്കൂൾ ബാഗും,പുസ്തകങ്ങളും യൂണിഫോമും ഒന്നും അല്ല അത്യാവശ്യം സാനിറ്റൈസർ, മാസ്ക്, സ്കാനർ എന്നിവയൊക്കെയാണ്! കോറോണക്കാലത്ത് വീട്ടുകാരും,സ്കൂൾ അധികൃധരും,ഇങ്ങേയറ്റം വന്ന് ഒരോ ഓട്ടോക്കാരും,ബസുകാരും വരെ തയ്യാറായിരിക്കണം. ഇത്രനാളത്തെ ആവശ്യങ്ങൾ കുട്ടികൾ വീഴാതെ സുരക്ഷിതമായി സമയത്തിനു വീട്ടിലെത്തുക എന്നതുമാത്രമായിരുന്നു.എന്നാൽ ഇത്തവണ നമ്മുടെ കുട്ടികളുടെ ശ്വാസത്തിന്റെ സുരക്ഷിതത്വത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും.
5 വയസ്സിനും മുകളിലുള്ള എല്ലാ കുട്ടികളും സ്കൂളിലേക്കെത്തുന്നു.കാലത്തിനൊപ്പം നമ്മളോരുത്തർക്കും സുരക്ഷിതത്വത്തിന്റെ പേരിൽ മാറ്റങ്ങൾ അംഗീകരിച്ചേ മതിയാകൂ.സ്കൂളുകളെല്ലാം സാനിറ്റൈസ് ചെയ്ത്, ജനലകളും വാതിലുകളും എല്ലാം തുറന്നിട്ട്,ബെഞ്ചും ഡെസ്കുകളെല്ലാം തൂത്തു തുടച്ച് പോഷീഷ് ചെയ്ത്, പെയിന്റ് ചെയ്ത് വൃത്തിയാക്കി.കൂടെ പരിസരവും ഗ്രൌണ്ടും മറ്റും കളപറിച്ച് വ്യത്തിയാക്കി,മരങ്ങളും മറ്റും ചെത്തി മിനുക്കിയെടുത്തു.നമ്മുടെ വിദ്ധ്യാഭ്യാസ മന്ത്രി വളരെ നല്ല കാര്യങ്ങൾ നേരിട്ടു ചെന്നുതന്നെ ചെയ്യുന്നത് കാണുന്നത് മനസ്സിനെ വല്ലാതെ കോൾമയിൽ കൊള്ളിച്ചു എന്നുതന്നെ പറയാം.കൂടെ വളരെ താല്പര്യത്തോടെ ധാരാളം അധ്യാപകർ ഇതിനായി മുന്നിട്ടിറങ്ങി.
പ്രായത്തിനനുസരിച്ചുള്ള കുട്ടികളുടെ ക്ലാസ്സുകളുടെ ചുവരുകൾ നിറങ്ങളും ചിത്രളും വരച്ച് പ്രകാശമാനമാക്കാനും,പലതരം പുസ്തകശേഖരങ്ങൾ തയാറാക്കാനും താല്പര്യത്തോടെ പ്രവർത്തിച്ചു. 10, 11, 12 ക്ലാസ്സുകൾ തുടങ്ങിയപ്പോൾ പോലും പല മാതാപിതാക്കൾക്കും കുട്ടികളെ സ്കൂളിലേക്ക് വിടാനുള്ള പേടി വ്യക്തമായിരുന്നു. എല്ലാ ഭയപ്പാടുകൾക്കും,വേവലാതികൾക്കും അതീതമായി നവംബർ 1 നു സ്കൂൾ തുറക്കാൻ തീരമാനമായി.
മാസ്കും സാമൂഹിക അകലവും കൈകഴുകലുമൊക്കെ സ്കൂളുകളിൽ നിർബന്ധമായു വേണം. അതൊക്കെ കുട്ടികൾ ചെയ്യുമോ എന്ന ആകുലത എല്ലാവർക്കുമുണ്ട്.കുട്ടികൾ ഇതൊക്കെ വീടുകളിൽ കഴിഞ്ഞ ഒരു വർഷമായി വളരെ നന്നായി ചെയ്യു ശീലിച്ചുകഴിഞ്ഞു എന്നതും ഒരാശ്വാസം തന്നെയാണ്.സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എതാണ്ട് പ്രാവര്‍ത്തികമാക്കാൻ തീരുമാനിക്കാൻ ഒരു കാരണം കേരളത്തിൽ 18 വയസ്സിനു മുകളിലുള്ള ഏതാണ്ട് എല്ലാവര്‍ക്കുംതന്നെ വാക്സീന് ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു എന്ന വിശ്വാസത്തിലാണ്. കൂടാതെ 5 വയസ്സിനു മുകളിലേക്കുള്ളവർക്കും വാക്സീൻ നൽകാം എന്നുള്ള തീരുമാനവും ഗവണ്മെന്റ് അടിസ്ഥാനത്തിൽ അനുവദിച്ചു കഴിഞ്ഞു. ക്ലാസുകളിൽ കുട്ടികൾ ആഴ്ചയിൽ 2,3 ദിവസം വരുക,ബാക്കി ദിവസങ്ങളിൽ അവര്‍ക്ക് ഓണ്‍ലൈനിലൂടെ പഠിക്കാനുള്ള സൗകര്യമുണ്ടായാൽ,ഒരു ഓഫ്ന്ലൈ-ഓണ്‍ലൈൻ യോജിച്ചു നടത്തുന്ന ഒരു പദ്ധതിയിലേക്ക് നമുക്ക് മുന്നേറാനാകും. അതുപോലെത്തന്നെ ഷിഫ്റ്റ് അടിസ്ഥാനത്തിലും കൂടുതൽ കുട്ടികളെ ഒരേ സമയം പഠിപ്പിക്കാനായി നമുക്ക് സധിക്കും.
സ്കൂളിലെ സാധാരണ രീതികളിൽ നിന്നും വ്യത്യസ്മായി ചിന്തിക്കാനും പ്രവർത്തിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക.ആദ്യത്തെത് ടോയിലറ്റ് ഉപയാഗം ആണ്. ടോയ്ലെറ്റ് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനു പകരം ഓരോ ക്ലാസുകാര്‍ക്കായി പ്രത്യേകം ഇടവേളകൾ നല്കിയാൽ,അവിടുത്തെ തിരക്ക് ഒഴിവാക്കാം. ഭക്ഷണകാര്യത്തിലാണ് ശ്രദ്ധ കൂടുതൽ വേണ്ടത്. ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് ധരിക്കാനാകില്ലെന്നതാണ് പ്രധാന പ്രശ്നം. ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയാൽ സ്കൂളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കുന്ന ഒഴിവാക്കാനാകും.ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ കൂടുതൽ തുറന്നയിടങ്ങളാക്കിയാലും,ഒരു പരിധിവരെ അടുത്തടുത്തുള്ള സംസർഗ്ഗങ്ങൾ ഒഴിവാക്കാം.കളിയിടങ്ങളിലും ചില ക്രമീകരണങ്ങൾ വേണ്ടിവരും.സ്കൂൾ സമയം കഴിഞ്ഞാൽ കുട്ടികളെ ഒരുമിച്ച് പുറത്തു വിടാതിരിക്കുക എന്നതും സുരക്ഷയുടെ ഭാഗമാണ്.
ദീർഘകാലമായി സ്കൂളുകൾ ഇനിയും അടച്ചിടേണ്ടിവന്നാൽ അത് വ്യപകമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. സ്കൂളുകൾ പാഠശാലകളെന്നതിലുപരിയായി,അവർക്ക് ജീവിതം കരുപ്പിടിപ്പിക്കുന്ന സ്ഥലങ്ങൾ കൂടിയാണ്.ചുറ്റുപാടുകൾ മനസ്സിലാക്കി,അതുമായി ചേർന്നു ജീവിക്കാൻ പഠിക്കുന്നത് അവരുടെ സ്വഭാവരൂപവത്കരണത്തിലും സ്കൂളുകൾക്കും വലിയ സ്ഥാനമുണ്ട്.
മാർഗ്ഗനിർദ്ദേശങ്ങൾ: സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ, പരിസരം വൃത്തിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ,കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ,തിരിച്ചെത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക സംഘർഷങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ, കുട്ടികളിൽ പഠനത്തിലുള്ള പിന്നാക്കാവസ്ഥ മുതലായവക്കുള്ള നടപടികൾ എല്ലാം തന്നെയും,കൂടാതെ ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലങ്ങളടക്കം രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.