4pm_-28-march
ഭാര്യയെ അടുക്കളവിഷയത്തിൽ സഹായിക്കണമെന്ന് എന്ന് ആശിച്ച്, രണ്ടും കല്പിച്ച് ദോശയുണ്ടാക്കാൻ ഒപ്പം കൂടുന്ന എല്ല ഭർത്താക്കന്മാരും , ചിന്തിച്ചുകാണണം, ദോശ എന്തിനാണ് വട്ടത്തിൽ തന്നെയുണ്ടാക്കുന്നത് എന്ന്?? ഉള്ളിൽ എല്ലാവർക്കും ഒരു creative clash ഉണ്ടാക്കിക്കാണില്ലെ?. അങ്ങനെ ജീവിതത്തിൽ ആദ്യമായി ചുട്ട ദോശ ഒരാളുടെ, വെറും ഒരു കൈപ്പത്തി മാതൃകയിൽ എത്തി. ഇക്കാലത്ത് ഇഷ്ടത്തിന്‌ ആർക്കും ദോശ മുറിച്ച്‌ ആകൃതിയുണ്ടാക്കാം,വരിമുറിച്ച്‌ കവിതയുണ്ടാക്കുന്ന എഴുത്തുകാരനെപ്പോലെ, മനസ്സുകൊണ്ട് ചിത്രങ്ങൾ വരക്കുന്ന ചിത്രകാരനെപ്പോലെ !മനസ്സുകൊണ്ട് സ്നേഹിക്കുന്നവർക്കുവേണ്ടി ദോശകൊണ്ടാകുമ്പോൾ, ആ ദോശ കൈയ്യിലെ വരകൾ നോക്കു? നമ്മുടെ ജീവിതത്തിന്റെ രേഖകൾ കൈനോട്ടക്കാരൻ വരകളുടെ ഏറ്റക്കുറച്ചിൽ നോക്കി മനസ്സിലാക്കുന്നതുപോലെ ,എത്ര അർത്ഥവത്തായിരിക്കുന്നു ദോശ!
ഇന്നുവരെ ആരും അലോചിച്ചു തലപുകക്കാത്ത ഒരു ചോദ്യം, ദോശ വട്ടത്തിത്തിൽ മാത്രമാകുന്നത് എന്തുകൊണ്ട്! ആരോ എവിടെയോ പറഞ്ഞുകേട്ടപോലെ, സ്ത്രീകൾക്ക് ജീവിതത്തിൽ സ്വാതന്ത്ര്യം ഇല്ല എന്ന് .പ്രത്യേകിച്ചും വീട് മാത്രം സ്വന്തം ലോകമായി തിരുമാനിച്ച് , അതിനുള്ളിൽ മാത്രം ജീവിക്കുന്നവർക്ക്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ അവസ്തയോ തീരുമാനമോ അല്ല, മറിച്ച് കാലാകാലങ്ങളായി, പെൺകുട്ടികളിലേക്കു പകർന്നു നൽകിയ ചേതോവികാരം മാത്രം. നിന്റെ ജീവിതം വീടിനുള്ളിൽ മാത്രം, ഈ ഇട്ടാവട്ടത്തിൽ മാത്രം! വീണ്ടും അവിടെയും കൈചൂണ്ടിക്കാണിക്കുന്നു, ഈ വട്ടത്തിൽ മാത്രം!വീട്ടിനുള്ളിലെ പാത്രങ്ങളും, കുടങ്ങളും എല്ലാംതന്നെ ആകൃതിയിലും ചിന്താഗതിയിലും ഏതെങ്കിലും ഒരു വൃത്തത്തിൽ ചെന്നവസാനിക്കുന്നു. കാലാകാലങ്ങളായി ദോശയും ഇഡ്ഡലിയും വട്ടത്തിൽ മാത്രം, എന്നതും എഴുതിവെച്ച നിയമങ്ങൾ !പിന്നെ അടുക്കളയിലെ പാവം അമ്മമാർ ദോശയും ഇഡ്ഡലിയുമൊക്കെ വട്ടത്തിൽ ഉണ്ടാക്കിയതിന്റെ ഗുട്ടൻസ് ഇതുമാത്രം
എന്നാൽ പഠിച്ചു പഠിപ്പിച്ചു വന്ന ‘വട്ടം‘ എന്ന ജീവിതത്തിന്റെ പുറത്തേക്കിറങ്ങിയവർക്കും ,കാൽ വെക്കാൻ ധൈര്യപ്പെട്ടവർക്കെല്ലാം സമൂഹവും കുടുബവും ഒറ്റക്കെട്ടായി നിന്നു വ്യഖ്യാനങ്ങളുടെയും നിരൂപങ്ങളുടെയും അപഖ്യാതികളുടെയും മലവെള്ളപ്പാച്ചിൽ തുറന്നുവിട്ടു. എന്നാൽ വർഷങ്ങളും സംവത്സരങ്ങളും നീങ്ങി നീങ്ങിപ്പോയെങ്കിലും ആരും തന്നെ പ്രതീക്ഷയും ആഗ്രഹവും കൈവിട്ടിരുന്നില്ല എന്നത് തീർച്ച. ഒരു തീരുമാനം മാത്രമായിരുന്നില്ല, മനസ്സിന്റെ വെംബൽ കൂടിയായിരുന്നില്ലെ അത്, തീർച്ച?
ഈ ഇട്ടാവട്ടത്തിൽ എന്തിനു ഞാൻ? ആരു ചിന്തിച്ചു, എന്തിനു ചിന്തിച്ചു എന്നതിനൊന്നും, ഇന്നും വ്യക്തമായ ഉത്തരം ഇല്ല. എന്നാൽ ഒരു വീട്ടിൽ സ്ത്രീ എന്ന വട്ടത്തിൽ നിന്നു മാത്രം തുടങ്ങുന്ന എല്ലാവരുടെയും ജീവിതം, അതേ സ്ത്രീയുടെ വിവിധരൂപങ്ങളിൽ മാത്രം പര്യവസാനിക്കുന്നു. അമ്മയായി, സഹോദരിയായി ,മകളായി, എറ്റവും ഒടുവിൽ ഭാര്യയായി. എന്തിനും ഏതിനും സഹായിയായി വിവിധരൂപങ്ങളിൽ ഭാര്യ ഭർത്താവിനു കൂട്ടാളിയായി മാറുന്നു. ഇതേ വ്യക്തി, അമ്മയായും സഹോദരിയായും ചിലരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. എന്നാൽ നീയാണു ഭാര്യേ എന്റെ ശക്തിയും പ്രചോദനവും പ്രേരണയും എന്നൊന്നും ദിവസവും ചൊല്ലി അഭിനന്ദിക്കുന്നൊന്നും ഇല്ല ആരും തന്നെ!! “എല്ലാം സുമേ, എന്റെ മനസ്സിലുണ്ട്, “അതു പിന്നെ ചിന്നമ്മേ’ അറിയാൻ മേലായോ?” സുബ്ബലക്ഷ്മീ , നീ താനെ എൻ കാതൽ “, സിനിമയിലും, പുസ്തകങ്ങളിലും, മറ്റും അറിയാവുന്ന സകല ഡയലോഗുകളും വാക്ചാതുര്യങ്ങളായി മുന്നിലേക്കിട്ടുകൊടുക്കും! അതു നാലുപേർ കേൾക്കാനും കൂടെയുണ്ടെങ്കിൽ, കവിതകളായും സംഗീതമാധുര്യമായും ഭാര്യയുടെ വർണ്ണനകളിലേക്കെത്തുന്നു. ഇട്ടാവട്ടത്തിൽ മാത്രം ജീവിച്ചു പരിചയമുള്ള ഇവർ,വട്ടത്തിലും നീളത്തിലും ഭർത്താവിനടിയറപറഞ്ഞു വീഴുന്നു.
എന്നാൽ താൻ കുഴിച്ചകുഴിയിൽ താൻ തന്നെ വീഴുന്നു എന്ന നഗ്നസത്യം പാവം സ്ത്രീ മനസ്സിലാക്കുന്നില്ല!! സ്നേഹത്തിന്റെ പേരിൽ, ആത്മാർത്ഥതയുടെ പേരിൽ ഉപയോഗിക്കപ്പെടുകയാണെന്ന്, ചിലർക്കെങ്കിലും അറിയാം! അറിഞ്ഞുകൊണ്ട് സ്നേഹിക്കുന്നു, എവിടെയെങ്കിലും വെച്ച് വഴിമാറിപ്പോകും, ഉപേക്ഷിച്ചു പോകും എന്നറിയാമായിരുന്നിട്ടു പോലും അകമഴിഞ്ഞു സ്നേഹിക്കുന്നു. തിരിച്ചു കൊടുക്കാൻ നമ്മൾ ആരുശ്രമിച്ചാലും ഒരേതൂക്കത്തിൽ, അല്ലെങ്കിൽ അതിനും കൂടുതുലായി ഈ ലോകത്ത് ആർക്കും, ദൈവങ്ങൾക്കുപോലും, അമ്മയുടെ സ്നേഹത്തിനൊപ്പം നിൽക്കാൻ പോലും സാധിച്ചിട്ടില്ല, ഇന്നേവരെ.
കൈരേഖകൾ ഏറ്റവും കൂടുതൽ ജീവിതത്തിന്റെ വരെകളുമായി കൂട്ടിക്കൊഴച്ചുമറിക്കുന്നവർ ,കൈനോട്ടക്കാരന്മാരാണ്. അവരെ അന്വേഷിച്ചു ചെല്ലുന്നവർ, എത്രമാത്രം പ്രതീക്ഷകളോടെയാണ് എത്തുന്നത്! എന്നാൽ ഒരായിരം നൈമിഷികസന്തോഷങ്ങളും, നാളത്തെ നന്മകൾക്കുവേണ്ടി മാത്രം എത്തുന്നവർ വീണ്ടും ഏതോ പറഞ്ഞറിയിക്കാനാവത്തെ സങ്കടങ്ങളിലേക്കു ചെന്നെത്തുന്നു. എന്നാൽ അവിടെയും നന്മയുടെ കാവൽക്കാരായ നല്ല കൈനോട്ടക്കാരും ഇല്ലാതില്ല, സത്യം. ഇവിടെയെല്ലാം നാം അന്വേഷിക്കുന്നത് സന്തോഷങ്ങൾ മാത്രം. യാതൊരുതരത്തിലുള്ള അപസ്വരങ്ങളെയും , സങ്കടങ്ങളെയും നമ്മൾ പ്രതീക്ഷിക്കുന്നില്ല , വിളിച്ചു വരുത്തുന്നിമില്ല ജീവിതത്തിലേക്ക്!! എന്നാൽ വരുന്ന അപസ്വരങ്ങളെ നമ്മൾ ധൈര്യത്തോടെ നേരിടാനും അതേ കയ്യിൽ ദൈവം നമ്മുക്ക് വരകൾ തന്നിട്ടുണ്ട്. അതുമാത്രം നമ്മളാരും ഓർക്കാറില്ല, ദൈവം നമ്മുക്ക് തന്നിരിക്കുന്ന മനസ്സെന്ന power bank നെ! ഈ കൈരേഖകളെല്ലാം നമ്മുടെ കണ്ണും, മൂക്കും , നാക്കും, ചെവിയും ,സ്പർശം പോലെ നമ്മുക്കുള്ള ചൂണ്ടുവിരലുകൾ മാത്രം. അതെല്ലാം സംയമനത്തോടെ ഉപയോഗിക്കാനും ,നമ്മുക്ക് കൂടെ ബുദ്ധിയും വിവേകവും തന്നിട്ടുണ്ട്. അങ്ങനെ ഒരു കൈമാവ്‌ ചുട്ട് ദോശയാക്കുന്ന അമ്മയുടെ ഈ കൈകൾക്കു പ്രണാമം !