ഗീത സോമകുമാർ- മസ്കറ്റിലെ കഥാകാരി. സഖാവ് ഇഎംഎസ്സിന്റെ ജന്മനാട്ടുകാരി, മലപ്പുറം ജില്ലയിലെ പെരുത്തൽമണ്ണയിലെ ഏലംകുളം. ഹൈസ്കൂൾ ഗവൺമെന്റ് സെന്റ് തെരേസാസ് കോൺവെന്റിലും കോളജ് വിദ്യാഭ്യാസം ഗുരുവായൂരും,പാട്ടാമ്പി സംസ്കൃത കോളജിലും ആയിരുന്നു. പാലക്കാട്ടുകാരനായ സോമകൂമാറിന്റെ ഭാര്യ, 2 മക്കൾ, അവർ ഇന്ന് വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ളൂരിൽ ജോലിചെയ്യുന്നു.
ഏവിടെനിന്ന്, എങ്ങനെ എഴുത്തിലേക്ക് വന്നു എന്നുള്ള ചോദ്യത്തിനു മറുപടി ആവേശത്തോടെ എത്തി! 8–ാം ക്ലാസ്സിൽ സെന്റ് തെരേസാസ് സ്കൂളിൽ വച്ചാണ് ആദ്യമായി‘ അനാഥ ‘എന്ന കഥ എഴുതിയത്. അത് സ്കൂളി മാഗസിനിൽ പ്രസിദ്ധീകരിച്ചു. ഒൻപതിലും പത്തിലും കഥ എഴുത്ത് തുടർന്നു കൊണ്ടിരിന്നു! സംസ്കൃതകോളജിൽ വച്ചാണ് കഥ എഴുത്തിനെക്കുറിച്ച് ആധികാരികമായ അറിവും വായനയും ലഭിച്ചു തുടങ്ങിയത്. അതുവരെ, ശോകമൂഖമായ കഥകൾ മാത്രാമായിരുന്നു എഴുതിയിരുന്നത്, അത് വായനാപരിചയം ഇല്ലാതിരുന്നതു കൊണ്ടാവാം എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാരകളിലുള്ള അനുഭവകഥകളും മറ്റും അറിഞ്ഞു തുടങ്ങിയപ്പോൾ തന്റെ ‘പൈങ്കിളി കഥകളുടെ’ രീതി മാറി എന്നു ഗീത സ്വയം കണ്ടെത്തി. ഒരു ‘ഡ്രാസ്റ്റിക് ചെയ്ഞ്ച്” എന്നു ഗീത വിശേഷിപ്പിക്കുന്നു ആ തിരിച്ചറിവിനെ! കോ എഡ് ആയിട്ടുള്ള, കലുഷിതമായ ഒരു കോളജ് ജീവിതം ആയിരുന്നുകൊണ്ട്, പല ഉദാഹരണജീവിതങ്ങൾ കാണുകയും,വളരെ നല്ല അധ്യാപകരുടെ പ്രോത്സാഹനത്തിലൂടെയും ആണ് കഥകൾ എഴുതാൻ സാധിച്ചത്.
എക്കണോമിക് വിദ്യാഭ്യാസത്തിനൊപ്പം സാഹിത്യപരമായ പുസ്തകങ്ങളോടുള്ള സമ്പർക്കം കുറവായിരുന്നു. എന്നാൽ ലാംഗ്വേജ് ക്ലാസ്സുകൾ ആവശ്യമായ ഭാഷാബന്ധങ്ങളിലേക്കും പുസ്തകങ്ങളിലേക്കും കൊണ്ടുപോയി. അകാലത്തിൽ മരിച്ചുപോയ വി പി ശിവകുമാർ എന്ന മലയാളം അധ്യാപകൻ ആയിരുന്നു പ്രോത്സാഹനത്തിന്റെ നെടുന്തൂൺ എന്നുതന്നെ പറയാം. അങ്ങനെ മാതൃഭൂമിയിലെ ഒരു കഥാമത്സരത്തിനു, “ നിന്റെ കഥാശൈലിക്കൊരു ശക്തിയുണ്ട്, ഇങ്ങനെതന്നെ മുന്നോട്ട് പൊകുക” എന്ന അദ്ദേഹത്തിന്റെ പ്രചോദനത്തിൽ എഴുതിയ കഥക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
“എന്റെ കഥയെഴുത്തിന്റെ ശൈലികളിൽ വ്യക്തികളുടെ അഭാവവും, എന്നാൽ സംഭവങ്ങളെ, അവസ്ഥകളെ ആസ്പദമാക്കിയുള്ള ശൈലി, ഒരു ന്യൂനതയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്”,ഗീത പറഞ്ഞു നിർത്തി. പുരുഷന്മാരെക്കാളേറേ സ്ത്രീകഥാപാത്രങ്ങൾ എന്തുകൊണ്ടാണെന്നുള്ള ഒരു
സുഹൃത്തിന്റെ ചോദ്യത്തിന്, സത്യത്തിൽ എനിക്കുത്തരം കിട്ടിയില്ല,എന്നു പറയാം! എന്നാൽ വീണ്ടും ഞാൻ എന്റെ കഥകളുടെ ശൈലി,സ്വയം ചിന്തിച്ചപ്പോൾ , നമ്മൾ നിത്യം ഇടപെടുന്ന ആളുകൾ കൂട്ടുകാർ, സ്ത്രീകളായതുകൊണ്ടും, അവരോടുള്ള സഹതാപം, അനുഭവങ്ങൾ, അവർ കടന്നുപോകുന്ന തലങ്ങൾ, അസ്വസ്ഥതകൾ എന്നിവയാണ് മനസ്സിനോട് കൂടുതൽ അടുത്തു നിൽക്കുന്നത്. അതുകൊണ്ട് ആ കഥാപാത്രങ്ങൾ കൂടുതലായി എടുത്തു കാണിക്കപ്പെടുന്നു എന്റെ കഥകളിൽ” ഗീത ഗൗരവത്തോടെ, അഭിമാനത്തോടെ പറഞ്ഞു! പ്രണയകഥകൾ ഒരിക്കലും എന്റെ മനസ്സിൽ വന്നിട്ടില്ല എന്നുതന്നെ പറയാം, എന്ത് എന്നതിനു വ്യക്തമായ ഒരുത്തരം ഇല്ല എന്നു തന്നെയാണെന്ന് ഗീത ചിന്തിക്കുന്നതെന്ന് തോന്നി! കാരണം എം ടിയുടെയും, മാധവിക്കുട്ടിയുടെയും പ്രണയകഥകൾ വായിച്ചു ജീവിച്ചപ്പോൾ അത്തരം പ്രണയങ്ങൾ ജീവിതത്തിൽ ആർക്കും ഇനി ഉണ്ടാകുകയില്ല എന്നും, അത്തരം കഥകൾ ഇനി ആർക്കും എഴുതാൻ സാധിക്കുകയില്ല എന്നും ഗീത തീർത്തുപറയാൻ ശ്രമിക്കുന്നതു പോലെ ! തനിക്ക് പ്രണയകഥകൾ എഴുതാൻ സാധിക്കില്ല, പ്രണയകഥകൾ എല്ലാവരുടെ മനസ്സിനും എഴുത്തിനും,ശൈലിക്കും വഴങ്ങുന്ന ഒന്നല്ല,ജീവിതത്തിന്റെ അവസ്ഥകൾ ആണ് തനിക്കുള്ള കഥകളും ആധാരം, സ്വഭാവം എന്ന് ഗീത പറഞ്ഞു നിർത്തി.
ഗൾഫ് അസോസിയേഷൻ സംഘടകൾ എന്നുള്ളത് പ്രവാസജീവിത ത്തിന്റെ ഒരു സ്റ്റാംബ് രീതിയായിത്തീർന്നിട്ടുണ്ട്,!നമുക്ക് സമൂഹവും, നമ്മുടെ ആൾക്കാരുമായിട്ടുള്ള ഒരു നിത്യസമ്പർക്കങ്ങൾ ,നമ്മുടെ ആവശ്യങ്ങൾക്ക് ഒരു നല്ല പരിഹാരമായിത്തന്നെയായിട്ടുണ്ട് എന്നു ഗീത അഭിപ്രായപ്പെട്ടു, ഇതെന്റെ മാത്രം വെറും ഒരഭിപ്രായം ആണു കേട്ടോ!. വേണ്ടപോലെ വേണ്ടത്ര മാത്രം സാധാരണക്കാരായ ആവശ്യക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടോ എന്നകാര്യം മാത്രം സംശയം ആണ്! നാട്ടിൽ നിന്ന്, സിനിമാ,കലാകാരന്മാരെയും സാഹിത്യ കലാവ്യക്തികളെ കൊണ്ടുവന്നു കലാപരിപാടികൾ നടത്തുന്നു! അവരിലൂടെ സംഭാവനകൾ, അംഗീകാരങ്ങൾ എന്നിവ ഇവിടെയുള്ള പ്രവാസികൾക്ക് ധാരാളം പ്രചോദങ്ങൾ നൽകുന്നു എന്നത് സ്വീകാര്യമായ ഒരു സമീപനം തന്നെയാണ്.എന്നാൽ ഇതേപോലെതന്നെ മുഖ്യധാരാരംഗത്ത് വളരെ പ്രശംസാവഹമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്! അവർക്കെല്ലാം ഒരു നല്ല എകീകരണം കൂടിയുണ്ടായാൽ കൂടുതൽ പ്രചോദനങ്ങൾ കൊടുക്കാനും നടത്താനും സഹജീവി സേവനം ചെയ്യാനും നല്ലാതായിരിക്കും എന്ന് തോന്നുന്നു. അസോസിയേഷനുകൾ നമ്മുടെ പ്രവാസജീവിതത്തിന് അത്യാവശ്യം തന്നെയാണ്, അതുവഴി ആഘോഷങ്ങളും കൂട്ടായ്മപ്രവർത്തനങ്ങളും, ഒരേനാട്ടുകരുമായുള്ള നിത്യ സംബർക്കം നിലനിർത്താനും, നമ്മുടെ കുട്ടികൾക്ക് നമ്മുടെ നാടിനെക്കുറിച്ചും, ആഘോഷങ്ങളുടെ ആവശ്യകതകളെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കും എന്നതാണ് അതിൽ ഏറ്റവും പ്രസക്തമായ കാര്യം!
പ്രവാസജീവത്തിന്റെ ഭാഗമായുണ്ടാകുന്ന നമ്മുടെ സർഗ്ഗശക്തികൾ വ്യർഥമാവുകയാണോ അതോ , ജീവിത്തിന്റെ കയ്പ്പിനെ ജീവസ്സുള്ള കഥാപാത്രങ്ങളും കഥകളും ആക്കിയെടുക്കാൻ നമ്മൾ കൂടുതൽ ഉത്സാഹം കാണിക്കുന്നുണ്ടോ എന്നുള്ള അടുത്തചോദ്യത്തിനു വ്യകതമായ മറുപടിയുമായി ഗീത തയ്യാറായിരുന്നു! ഇത് രണ്ടു-തരത്തിലുണ്ട്, ഒന്ന്, പണ്ട് എഴുതി ,പിന്നെ കുെറവർഷം എഴുതാൻ സാധിച്ചില്ല, ജോലി ,ജീവിതവ്യഥകൾ എന്നിവകാരണം, രണ്ട്, ഇവിടുത്തെ ജീവിതരീതിയുടെ സങ്കടവും സന്തോഷവും ,എവിടെയെങ്കിലും എഴുതിച്ചേർക്കപ്പെടണം, മാനസിക മോചനത്തിനുള്ള ഒരു ഉപാധി എന്നതിന്റെ ഭാഗമായി എഴുതുന്നവർ! ഇങ്ങനെ ഈ രണ്ടു വിഭാഗം എഴുത്തുകാരെയും നമുക്ക് വ്യക്തമായി കാണാൻ കഴിയും എന്ന് ഗീത പറയുന്നു. ഇതുവരെ എഴുതിയിട്ടില്ലാത്തവരും, ഭാഷാപരിജ്ഞാനവും വിദ്ധ്യാഭ്യാസവും ഉള്ളതിനാൽ എഴുതാൻ പ്രായാസം വരാൻ സാദ്ധത കുറവായിരിക്കും. എന്നക്കുറിച്ച് പറയുകയാണെങ്കിൽ 8–ാം തരത്തിൽ എഴുതിത്തുടങ്ങി കോളേജ് കാലങ്ങളിലും എഴുതി എന്നാൽ വിവാഹത്തോടെ എഴുത്തു നിന്നു. എന്നാൽ എന്നെത്തന്നെ വിസ്മയിപ്പിച്ചുകൊണ്ട് എതാണ്ട് 20 വർഷങ്ങൾക്കുശേഷം ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ സാധിച്ചു എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യം തന്നെയാണ്. എന്റെ ഉള്ളിൽ നിന്ന് അക്ഷരങ്ങളും കഥകളും നശിച്ചുപോയി എന്നുള്ള എന്റെ ചിന്തകളെ അതിജീവിച്ചു കൊണ്ടായിരുന്നു എന്നിലെ കഥാകൃത്തിന്റെ പുനർജന്മം!
ഇന്നത്തെ ബ്ലോഗുകളിൽ എത്തിനോക്കിയാൽ , അതിമനോഹരമായ കഥാകൃത്തുകൾ ഉണ്ടെന്നുള്ളത് ഗീതയും സമ്മതിക്കുന്നു. നമ്മുടെ എഴുത്തുകൾ സാതന്ത്ര്യത്തോടെ ബ്ലൊഗുകളിൽ എഴുതാൻ സാധിക്കുന്നു എന്നതാണ് ബ്ലോഗ് ലോകത്തിന്റെ പ്രത്യേകത, അവിടെ ആരുടെ വിസമ്മതമില്ലാതെ, പ്രസിദ്ധീകരിക്കപ്പെട്ടു, മറ്റൂള്ളവർ വായിച്ച് അഭിപ്രായം പറയുന്നു എന്നതു ഒരു അംഗീകാരമായി പലരും കണക്കാക്കുകയും ചെയ്യുന്നു. ഇന്നതെ ജെനറേഷന്റെ ഒരു രീതിനോക്കിയാൽ, കഥകൾ എഴുതുന്നവർ ഉണ്ടോ എന്നകാര്യം സംശയം ആണ്. എന്നാൽ ബ്ലോഗുകളും, അവരുടെ അപ്ഡേറ്റുകളും മറ്റും വളരെ വ്യക്തമായി എഴുതുന്നവർ ധാരാളം! വായനയിലൂടെ കിട്ടിയ, അനുഭവിച്ച സർഗ്ഗാർത്മകശക്തികളെ വികസിപ്പിച്ചെടുത്ത് അത് എഴുത്തിലെ ശക്തികളാക്കി മാറ്റാനുള്ള ആഗ്രഹങ്ങൾ ഒന്നും ഇന്നത്തെ കുട്ടികളിൽ കാണാനില്ല. വായന ധാരാളമായിട്ടുണ്ട് , പക്ഷെ എല്ലാം ഐപാഡ്, ആൻഡ്രോയിഡ് വായനകളും മറ്റും ആണ്. എഴുത്തിന്റെ ശൈലി ,ലേഖനമാണോ കഥയാണോ എന്നുള്ള വ്യത്യാസം തിരിച്ചറിയാൻ ഒരുപക്ഷെ നമ്മുടെ കാലഘട്ടത്തിലെ ആൾക്കാർക്ക് സാധിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ഭാഗമായി വളർന്നു വന്ന തർജ്ജമ ലോകം എന്റെ മക്കളെ, രണ്ടാമൂഴത്തിന്റെയും ബന്യാമിന്റെ ആടുജീവിതത്തിന്റെയും ഇംഗ്ഷീഷ് തർജ്ജമപുസ്തകങ്ങൾ വായിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അവർക്ക് ആ കാലഘട്ട്ത്തിന്റെ കഥകൾ വായിക്കാൻ സാധിക്കുന്നത് , ക്ലാസ്സിൽ സാഹിത്യങ്ങൾ വായിക്കാനുള്ള അവസരങ്ങൾ കിട്ടുന്നത്, ഏതെങ്കിലും ഒരു കാലത്ത് അവർക്ക് എഴുതാനുള്ള പ്രചോദനങ്ങൾ നൽകാൻ സഹായിക്കട്ടെ എന്നുള്ള ആശംസകളോടെ , ഗീത തന്റെ ഒരു കഥയുടെ ചിൽ പ്രസകത ഭാഗ ങ്ങളിലേക്ക് കടന്നു.
ഗീത സോമകുമാറിന്റെ ഒരു കഥ:- വൈകുന്നേരത്തെ നടത്തക്ക് ഇറങ്ങിയപ്പോൾ എല്ലാം സാധാരണ മട്ടായിരുന്നു.ചപ്പാത്തിക്ക് മാവ് കുഴച്ച്,waste binൽ waste നിക്ഷേപിച്ച്,താഴ്വാരത്തേക്കു നടക്കുക യായിരുന്നു പതിവ്.അവിടെ നിന്നും പതിനഞ്ച് മിനുട്ട് നടന്നാൽ അമ്പലത്തിലോ പളളിയിലോ കയറാം.പതിവ് തെറ്റിക്കാമെന്നു ആദ്യം പറഞ്ഞത് റുഖിയയായിരുന്നു. കുട്ടികളെ പോലെ വെറുതെ ഒരു സാഹസിക യാത്ര.പിന്നെ ചൂടും കുറവായിരുന്നു.കെട്ടിടങ്ങളുടെ പുറകിലൂടെ മലകൾ വെട്ടിയൊതുക്കിയ റോഡിലൂടെ നടക്കുമ്പോൾ അതൊരു വിചിത്രാനുഭവമായി മാറുക യായിരുന്നു.ഞാൻ ഈ മലകളെ കടൽക്കുന്നുകൾ എന്നു വിളിക്കാനാണ് ഇഷ്ടപ്പെട്ടത്.അവ പണ്ടെപ്പോഴോ കടലിൽ നിന്നുയർന്ന് എണീറ്റു വന്നതാണെന്ന് ഇവിടെയുളളവർ പറയുന്നു.കടലിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഈ കടൽക്കുന്നിൽ കാണാമെന്ന് ഞങ്ങളുടെ മക്കൾ വരെ പറയാറുണ്ട്.അവർ ക്രിക്കറ്റ് കളിക്കാനായി എളുപ്പവഴിയായി തെരഞ്ഞെടുത്ത് ഈ കുന്നിൻപുറ പാതയായിരുന്നു.പത്തു മിനുട്ട് കൊണ്ട് സ്ക്കൂൾ ഗ്രൗണ്ടിൽ എത്താം.ഒരിക്കൽ മക്കളെനിക്ക് കടൽ ജിവികളുടെ പുറംതോട് കൊണ്ടു വന്ന് തരികയും ചെയ്തിട്ടുണ്ട്.സത്യത്തില് ഇവ ചരൽ കുന്നുകളാണ്.മുൻപ്,നടക്കാനിറങ്ങുമ്പോൾ ഈ കുന്നുകൾ ഞ്ഞങ്ങളെ ആകർഷിച്ചിട്ടേയില്ല.അവിടം,ഭൂമിയിലെ ആദികാല ശേഷിപ്പുകളുടെ ഒരു ഖനി സഞ്ചയമാണെന്നു തോന്നിയിരുന്നു.ഒരു പുല്ലും കിളിർക്കാത്ത ഈ കുന്നുകൾ തലവേദന മാത്രം തന്നു.ചത്തു മലച്ച പെരുമ്പാമ്പിനെ പോലെ അതങ്ങനെ ഉണങ്ങിയുണങ്ങി വരണ്ട് വരണ്ട് അടരാനാവാത്ത പോലെ ഭൂമിയുടെ അറ്റത്ത് വെറുതെ ഉയിർകൊണ്ടു നിന്നു.എന്തൊക്കെ യോ ഒളിപ്പിച്ചു വക്കുന്നുണ്ട് ഈ നിഗൂഢമലകൾ എന്നും എനിക്ക് തോന്നാറുണ്ട്.
പെട്ടെന്നാണ് എങ്ങു നിന്നെന്നറിയാതെ കാറ്റ് വീശാൻ തുടങ്ങിയത്.ഞാൻ ചരൽക്കുന്നിനെ നോക്കി. ഒരു വല്ലാത്ത ഭാവത്തോടെ കുന്ന് ഞങ്ങളെ ത്തന്നെ വീക്ഷിക്കുകയാണെന്നാണ് എനിക്ക് തോന്നിയത്. പ്രഭക്ക് എല്ലാം തമാശയായിരുന്നു.റുഖിയക്ക് തീരെ പേടിയും ഇല്ലായിരുന്നു.ബോർഡിങ്ങിലേയും ഹോസ്റ്റലിന്റെയും സുരക്ഷിതത്വത്തിൽ കഴിഞ്ഞതു കൊണ്ട് അസാധാരണമായ എന്തും എനിക്ക് ഭയമായിരുന്നു.റുഖിയക്ക് ഞങ്ങളെ ക്കാൾ ഈ നാടുമായി അടുപ്പമുണ്ട്.ഇത്തിരിയൊക്കെ അറബി വാക്കുകളും അവൾക്ക് അറിയാം. കുട്ടികളെ പോലെ നാട് കണ്ടെത്താനുളള തീരുമാനമൊക്കെ അവൾ ആണ് എടുത്തത്.ഭർത്താക്കൻമാർ ഓഫീസിൽ നിന്നുംവരാൻ ഏഴ് മണിയെങ്കിലും ആവും. പതിവു നടത്തയിൽ നിന്നും വേറിട്ട വഴി തെരഞ്ഞെടുക്കുന്ന കാര്യമൊന്നും അവരോട് പറഞ്ഞിട്ടുമില്ല.
കാറ്റ് അട്ടഹാസത്തോടെ ,വലിയ മുരൾച്ചയോടെ ആഞ്ഞു വീശിയത് പെട്ടെന്നാണ് .എങ്ങു നിന്നെറിയാതെ ഭൂമിയിൽ നിന്ന് പൊടികൾ ഉയർന്നുപൊങ്ങി കാറ്റിനൊപ്പം ഞങ്ങളെ വട്ടമിട്ടു തുടങ്ങി. ഞങ്ങൾ മൂന്നു പേരും കൈ കോർത്ത് പിടിച്ച് നിന്നു .കാറ്റ് ഞങ്ങളെ പറത്തിക്കൊണ്ടു പോയേക്കുമോ എന്നപേടി ഉണ്ടായിരുന്നു എനിക്ക്.മനുഷ്യർ നടക്കാത്ത വഴിയിലൂടെ നടന്നതാണ് ആകെകുഴപ്പമായത്. ഇവിടത്തെ ഈ കുന്നുകളൊക്കെ ഇടിച്ചു നിരത്തിയാണ് ഈ റോഡുണ്ടാക്കിയത്. ഇനിയും വഴി വിളക്ക് കത്തി തുടങ്ങിയിട്ടില്ല.അതുകൊണ്ട് തന്നെ കുന്നുകളിൽ കൂട്ടുകൂടിയിരുന്ന ജിന്നുകളൊക്കെ സഞ്ചാര വഴികളിലൂടെ നടക്കുകയായിരിക്കും അല്ലേ?പ്രഭയുടെ ചോദ്യം കേട്ടപാടെ ദേഹം തളരുന്നത് ഞാനറിയുന്നുണ്ട്.വെറ്റിനറി ഡോക്ടറുടെ വീട്ടിൽ നിന്നും നായ്ക്കൾ കുരച്ചുതുടങ്ങി.ദൈവമേ പറഞ്ഞതു പോലെ ജിന്ന് എങ്ങാനും ആവുമോ?
പെട്ടെന്നാണ് മഴ പെയ്യുവാൻ തുടങ്ങിയത് .ഞങ്ങള് താഴ്വര കടന്ന് മലയടിവാരത്തിൽ എത്തിയത് എപ്പോഴാണ്? ഇപ്പോൾ ശരിക്കും ഞങ്ങള്ക്ക് പേടിയാവാൻ തുടങ്ങി.മഴത്തുളളികൾ തീർക്കുന്ന ജലവഴികൾ ഇവിടെ അത്ര മനോഹര കാഴ്ചയൊന്നുമല്ല.നോക്കിയിരിക്കെ വാഡികൾ(താഴ്വര)നിറഞ്ഞ് ആരോടൊ തീർക്കാനുളള പ്രതികാര ദാഹമെന്ന പോലെ വെളളം പാമ്പുകളെ പോലെ പാഞ്ഞു വരുന്നു.അത് പിന്നെ വലിയൊരു പുഴയായി അരികിലുളള കല്ലും മണ്ണും കുറ്റിച്ചെടികളുമെല്ലാം കോരീയെടുത്ത് കടലിലേക്കൊരു പാച്ചിലാണ്.ഞാൻ കണ്ണിറുക്കി അടച്ചു.മഴയൊരു പുഴയാവുന്നതിനു മുൻപ് വീടെത്തിയാൽ മതിയായിരുന്നു.പക്ഷേ കാറ്റ് ഞങ്ങളെ മറ്റൊരു വഴിയിലേക്ക് തളളിമാറ്റുകയാണ്.ഒന്ന് കയ്യെത്തി പിടിക്കുവാൻ ഒരു മരച്ചില്ല പോലും കാണുന്നില്ല. പൊടിക്കാറ്റ് ഞങ്ങളുടെ കാഴ്ചകളെ മറക്കുന്നുമുണ്ട്.റോഡിൽ ആരേയും കാണുന്നില്ല.ഏതെങ്കിലും ഒരു പിക് അപ്പ് വാൻ ഈ വഴി വന്നെങ്കിൽ!!!
‘റേഞ്ചില്ലെന്നു തോന്നുന്നു .ആരേയും വിളിച്ചിട്ട് കിട്ടുന്നില്ല. അവൾ പറഞ്ഞു .’ഇപ്പോൾ കാറ്റിന്റെ ശക്തി അൽപം കുറഞ്ഞിട്ടുണ്ട്. താഴ്വരയിലൂടെ മഴ വെളളം ശക്തിയായി വരാൻ തുടങ്ങി. ഞങ്ങൾക്ക് കരച്ചിൽ വരുന്നുണ്ട്.എത്ര പെട്ടെന്നാണ് പ്രകൃതി ഭാവം മാറ്റുന്നത്? തിരിച്ചു പോകാൻ ഒരു മാർഗ്ഗവുമില്ല.വാഡിയിലെ വെളളം കുറയുക തന്നെ വേണം..ശക്തിയായ ഒഴുക്കുണ്ട് വെളളത്തിന്.വീട്ടിലുളളവർ പരിഭ്രാന്തരായി പോലീസിൽ പരാതിപ്പെട്ടു കാണും. പെട്ടെന്ന് ഇരുട്ടായതു പോലെ . ഒന്നും കാണാനുണ്ടായിരുന്നില്ല. കാൽ ചവുട്ടി നില്ക്കുന്ന ഈ മണ്ണ് ചതുപ്പ് നിലമാണെന്നും ഏത് നിമിഷവും ഞങ്ങള് അപ്രത്യക്ഷമായേക്കുമെന്ന് ഓർത്തപ്പോൾ പ്രഭ ശബ്ദം പുറത്തു വരാതെ കരഞ്ഞു. വെളളം കുത്തിയൊലിച്ചു പോകുന്ന ശബ്ദം കേൾക്കുന്നു ണ്ട്. ഇരുട്ടു വീണ വഴികൾ ഞങ്ങള്ക്കിവിടെ അപരിചിതമാണ്.പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ശബ്ദം അവ്യക്തമെങ്കിലും കേൾക്കുന്നുണ്ട്.കാണാതായവരുടെ പട്ടികയിലേക്ക് ഇപ്പോൾ ഞങ്ങളുടെ പേരും എഴുതി ച്ചേർക്കപ്പെട്ടു കാണും. വീടെന്ന സ്വർഗ്ഗത്തിലേക്ക് എത്തിപ്പെടാൻ ഞങ്ങള് കൊതിച്ചു. കരയാനാവാതെ വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നിൽ വാ പിളർത്തിക്കൊണ്ട് നടന്നടുക്കുന്ന രൂപങ്ങൾ.. കടൽക്കുന്നുകളിൽ നിന്ന് ചോരച്ച കണ്ണുകളുമായി ഇറങ്ങി വരുന്ന ചെകുത്താൻ മാർ ആയിരിക്കുമോ?
കണ്ണുകള് ഇറുക്കിയടച്ച് ഈശ്വരനെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ചുമലിൽ ഒരു തൂവൽ സ്പർശം….കണ്ണു തുറന്നപ്പോൾ കറുത്ത പർദ്ദയിട്ട ഒരു മാലാഖ മുന്നിൽ നിന്നു കൊണ്ട് രോ മത്,ഡരോ മത് എന്നൊക്കെ പറഞ്ഞു കൊണ്ട് ഞങ്ങളെ ആശ്വസിപ്പിക്കുകയാണ്.ഓ വെറ്റിനറി ഡോക്ടറുടെ ഭാര്യയാണ്.നടക്കാൻ പോകുമ്പോൾ പതിവായി കാണാറുളളതാണ് അവരെ.ഗൗരവക്കാരിയായ ഒരു ജഡ്ജി യുടെ ഛായയായിരുന്നു അവർക്ക് എപ്പോഴും.ഒരിക്കൽ പോലും ഞങ്ങളോടൊന്ന് ചിരിച്ചു കണ്ടിട്ടില്ല. താഴ്വരയിലേക്ക് ഇറക്കി കെട്ടിയ വലിയ പടവുകളിൽ അവര് കാറ്റ് കൊളളാനിരി്ക്കുന്നത് അസൂയയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.ഇപ്പോൾ കൂടെ ആയയും ഉണ്ട്.പിന്നെ അവരുടെ നായയും.ആയ ഫ്ളാസ്കിൽ നിന്ന് ഞങ്ങള് ക്ക് ചുടു ചായ പകർന്നു തന്നു.മഴ കണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോൾ അവർ ഞങ്ങളെ കണ്ടതാണെന്ന് ആയ പറഞ്ഞു. ഒന്നും പറയാതെ അവര ഞങ്ങളെ ചേർത്തു പിടിച്ച് പടവുകൾ മെല്ലെ കയറി…ആ നിമിഷങ്ങളിൽ ഞാൻ ആദ്യമായി ദൈവത്തെ കണ്ടു…..
ഗീത സോമകുമാർ …