എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുള്‍ തേടി വന്ന ഒരു സാധുമനുഷ്യന്. കാഴ്ച്ചയിലും(ചിത്രത്തില്‍) വാക്കുകളിലും സാധു, സൌമനസ്സ്യം, വാക്കുകളില്‍ ലാളിത്യം, സരസന്. എന്റെ മലയാളം വായിക്കാന്‍ വേണ്ടി ‘വരമൊഴിയും, ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപി‘യും തന്റെ മകന്റെ സഹായത്തോടെ മനസ്സിലാക്കി അങ്ങിനെ അദ്ദേഹം മലയാളം ബ്ലോഗില്‍ എത്തി.
മലയാളം വായിച്ചു തുടങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍!‘ഞാന്‍ പറയട്ടെ’എന്ന മുഖവുരയോടു കൂടിയുള്ള തുടക്കം!ഭാവനയും ശൈലിയും അന്തര്‍ലീനമായ ഒരു കഴിവാണ്, അതെന്നിലുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞുതന്നു. ചോര്‍ന്നു പോയ എന്റെ ധൈര്യം വീണ്ടും തലപൊക്കി. എഴുതുമ്പോള്‍ ഓരോ വാക്കുകളുടെയും ഘടനയും വായനക്കാരുമായുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും പറഞ്ഞു മനസ്സിലാക്കിത്തന്നു, “ആദ്യ ഖണ്ഢികയില്‍ത്തന്നെ വരുത്തിയെടുക്കേണ്ട നാടകീയത“.ഒരു മഹാഭാഗ്യം എനിക്കുണ്ടായി, അദ്ദേഹം നേരിട്ട് എന്റെ ഒരു ലേഘനം ,മുഴുവനും തിരുത്തിത്തന്നു, 20ആം തീയതി. നിധിപോലെ ഞാന്‍ അതു കാത്തു സൂക്ഷിക്കുന്നു.
ഒരൊ ദിവസവും ഓരോ പുതിയ പാഠങ്ങള്‍ പോലെ അദ്ദേഹം, കഴിഞ്ഞ ഒരു മാസമായി, ഒന്നൊന്നായി മനസ്സിലാക്കിത്തന്നു. എന്റെ കഴിവിനെ പുകഴ്ത്തിയതല്ല എന്നും,എല്ലാവര്ക്കും എഴുത്തുകാരാകാന്‍ സാധിക്കണം എന്നില്ല’ എന്നുള്ളതാണ് ഇതിലെ അടിസ്ഥാന പാഠം. സാഹചര്യങ്ങളും മറ്റുള്ളവരെ മനസ്സിലാക്കനുള്ള കഴിവും,കഥകക്കുള്ള പ്രേരണകള്‍ കണ്ടറിയാനുള്ള അനുഭവപാടവവും, ഇവയെല്ലാം കൂടിയുള്ള സമ്മിശ്രണം ആണ് സര്‍ഗ്ഗരചന. അത് ഒരു ദിവസം കൊണ്ടു ഉടലെടുക്കണം എന്നില്ല. ഒരിക്കലും സംഭവിച്ചില്ലെന്നും വരാം!!! അദ്ദേഹം സ്വാന്തനിപ്പിച്ചു.ഇനി ഏറെ വളരാനുണ്ട്,അറിയാനുണ്ട്, മനസ്സിലാക്കാനുണ്ട്’ എന്ന് എത്ര സരസമായി, ക്ഷമയോടെ അദ്ദേഹം, എന്റെ മനസ്സിനെ അശേഷം വേദനിപ്പിക്കാതെ പറഞ്ഞു തന്നു.
അന്നൊന്നും,മട്ടാഞ്ചേരിക്കാരനായ,ഒരു വലിയമനുഷ്യന്റെ ചെറിയ പ്രതിഛായ മാത്രമാണിത് എന്നു ഞാനറിഞ്ഞിരുന്നില്ല. ഗുലാം ഹുസൈന്,എന്ന മലയാളത്തിലെ ആദ്യ ഗസല്‍ ഗായകന്റ മകന് ഭാവിയില്‍, ഒരു സംഗീതനിരൂപകന്‍ ആയിത്തീര്‍ന്നു. സ്റ്റേറ്റ് ബാങ്കില്‍ ജോലിയില്‍ ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ലേഖനങ്ങളും,നിരൂപണങ്ങളും എഴുതിത്തുടങ്ങി. ജീവിതത്തില്‍ എടുത്തണിഞ്ഞ ഏതുവേഷങ്ങളോടും,അങ്ങേ അറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു അദ്ദേഹം.പത്രപ്രവര്ത്തകന്(ദേശാഭിമാനിയില്‍ സബ് എഡിറ്റര്‍),നിരൂപകന്, ചരിത്രകാരന്, സംഗീതാസ്വാദകന്,ബുദ്ധിജീവി,കെ എസ് എഫ് ന്റെ സജീവ പ്രവര്തകന്,എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയതായി, ഞാന്‍ പിന്നീട്,കേട്ടറിയുകയുണ്ടായി. നിരവധി പുരസ്ക്കരങ്ങള്‍ ലഭിച്ചിട്ടുള്ളവയില്‍ ചിലത്,കൊങ്കിണീ സാഹിത്യ അവാര്‍ഡ്,കേന്ദ്ര അക്കാദമി അവാര്ട്, എന്നിവയാണ്.ഇവയെല്ലാം എന്റെ കഴിഞ്ഞ രണ്ടു ദിവസമായിയുള്ള എന്റെ കേട്ടറിവും, വയിച്ചു മനസ്സിലാക്കിയവയും ആണ്.
ഇതൊന്നുമല്ലാത്ത,ഒരു സാധാരണമനുഷ്യനെ മാത്രമേ ഞാന്‍ അറിയുകയുള്ളു. എന്റെ എഴുത്തുകുത്തുകള്‍, കവിതകള്‍ എന്ന്,ഞാന്‍ കരുതിയിരുന്നവക്ക് ജീവന്റെ സ്വര്‍ശ്ശം അത്ര പോര എന്നു, ഇനിയും കൂടുതള്‍ എഴുതി തഴക്കം വരണം, എന്നും എടുത്തുചാടി പ്രസിദ്ധീകരണങ്ങളുടെ പിന്നാലേ പോകാതെ,അവസരം നമ്മെത്തേടി എത്തട്ടെ എന്നും ആശ്വസിപ്പിക്കുന്ന ഒരു പാവം മനുഷ്യന്റെ വിശ്വരൂപം ഞാനറിഞ്ഞു വന്നപ്പോള്‍,ഒന്നാദരിക്കാന്‍പോലും അവസരം തരാതെ,അദ്ദേഹം അകലേക്ക് പറന്നു പോയി.
ഒരിക്കലും മനസ്സില്‍ നിന്നു മായാത്ത ചില നല്ല ഓര്‍മ്മകള്‍ നല്കി അദ്ദേഹം ഒരു വിടവാങ്ങലിന്റെ തേങ്ങലുമായി യാത്രയായി, എന്നന്നേക്കുമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കള്‍ക്കും സര്വ്വേശ്വരന് ധൈര്യവും ആശ്വാസവും നല്കട്ടെ.