Subscribe Now !

×

Subscribe to receive updates each week, plus get exclusive content, only available to those on my mailing list.

ഗീത സോമകുമാർ- മസ്കറ്റിലെ കഥാകാരി

Posted on Categories ColumnLeave a comment on ഗീത സോമകുമാർ- മസ്കറ്റിലെ കഥാകാരി

ഗീത സോമകുമാർ- മസ്കറ്റിലെ കഥാകാരി. സഖാവ് ഇഎംഎസ്സിന്റെ ജന്മനാട്ടുകാരി, മലപ്പുറം ജില്ലയിലെ പെരുത്തൽമണ്ണയിലെ ഏലംകുളം. ഹൈസ്കൂൾ ഗവൺമെന്റ് സെന്റ് തെരേസാസ് കോൺവെന്റിലും കോളജ് വിദ്യാഭ്യാസം ഗുരുവായൂരും,പാട്ടാമ്പി സംസ്കൃത കോളജിലും ആയിരുന്നു. പാലക്കാട്ടുകാരനായ സോമകൂമാറിന്റെ ഭാര്യ, 2 മക്കൾ, അവർ ഇന്ന് വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ളൂരിൽ ജോലിചെയ്യുന്നു.

ഏവിടെനിന്ന്, എങ്ങനെ എഴുത്തിലേക്ക് വന്നു എന്നുള്ള ചോദ്യത്തിനു മറുപടി ആവേശത്തോടെ എത്തി! 8–ാം ക്ലാസ്സിൽ സെന്റ് തെരേസാസ് സ്കൂളിൽ വച്ചാണ് ആദ്യമായി‘ അനാഥ ‘എന്ന കഥ എഴുതിയത്. അത് സ്കൂളി മാഗസിനിൽ പ്രസിദ്ധീകരിച്ചു. ഒൻപതിലും പത്തിലും കഥ എഴുത്ത് തുടർന്നു കൊണ്ടിരിന്നു! സംസ്കൃതകോളജിൽ വച്ചാണ് കഥ എഴുത്തിനെക്കുറിച്ച് ആധികാരികമായ അറിവും വായനയും ലഭിച്ചു തുടങ്ങിയത്. അതുവരെ, ശോകമൂഖമായ കഥകൾ മാത്രാമായിരുന്നു എഴുതിയിരുന്നത്, അത് വായനാപരിചയം ഇല്ലാതിരുന്നതു കൊണ്ടാവാം എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാരകളിലുള്ള അനുഭവകഥകളും മറ്റും അറിഞ്ഞു തുടങ്ങിയപ്പോൾ തന്റെ ‘പൈങ്കിളി കഥകളുടെ’ രീതി മാറി എന്നു ഗീത സ്വയം കണ്ടെത്തി. ഒരു ‘ഡ്രാസ്റ്റിക് ചെയ്ഞ്ച്” എന്നു ഗീത വിശേഷിപ്പിക്കുന്നു ആ തിരിച്ചറിവിനെ! കോ എഡ് ആയിട്ടുള്ള, കലുഷിതമായ ഒരു കോളജ് ജീവിതം ആയിരുന്നുകൊണ്ട്, പല ഉദാഹരണജീവിതങ്ങൾ കാണുകയും,വളരെ നല്ല അധ്യാപകരുടെ പ്രോത്സാഹനത്തിലൂടെയും ആണ് കഥകൾ എഴുതാൻ സാധിച്ചത്.

എക്കണോമിക് വിദ്യാഭ്യാസത്തിനൊപ്പം സാഹിത്യപരമായ പുസ്തകങ്ങളോടുള്ള സമ്പർക്കം കുറവായിരുന്നു. എന്നാൽ ലാംഗ്വേജ് ക്ലാസ്സുകൾ ആവശ്യമായ ഭാഷാബന്ധങ്ങളിലേക്കും പുസ്തകങ്ങളിലേക്കും കൊണ്ടുപോയി. അകാലത്തിൽ മരിച്ചുപോയ വി പി ശിവകുമാർ എന്ന മലയാളം അധ്യാപകൻ ആയിരുന്നു പ്രോത്സാഹനത്തിന്റെ നെടുന്തൂൺ എന്നുതന്നെ പറയാം. അങ്ങനെ മാതൃഭൂമിയിലെ ഒരു കഥാമത്സരത്തിനു, “ നിന്റെ കഥാശൈലിക്കൊരു ശക്തിയുണ്ട്, ഇങ്ങനെതന്നെ മുന്നോട്ട് പൊകുക” എന്ന അദ്ദേഹത്തിന്റെ പ്രചോദനത്തിൽ എഴുതിയ കഥക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

“എന്റെ കഥയെഴുത്തിന്റെ ശൈലികളിൽ വ്യക്തികളുടെ അഭാവവും, എന്നാൽ സംഭവങ്ങളെ, അവസ്ഥകളെ ആസ്പദമാക്കിയുള്ള ശൈലി, ഒരു ന്യൂനതയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്”,ഗീത പറഞ്ഞു നിർത്തി. പുരുഷന്മാരെക്കാളേറേ സ്ത്രീകഥാപാത്രങ്ങൾ എന്തുകൊണ്ടാണെന്നുള്ള ഒരു
സുഹൃത്തിന്റെ ചോദ്യത്തിന്, സത്യത്തിൽ എനിക്കുത്തരം കിട്ടിയില്ല,എന്നു പറയാം! എന്നാൽ വീണ്ടും ഞാൻ എന്റെ കഥകളുടെ ശൈലി,സ്വയം ചിന്തിച്ചപ്പോൾ , നമ്മൾ നിത്യം ഇടപെടുന്ന ആളുകൾ കൂട്ടുകാർ, സ്ത്രീകളായതുകൊണ്ടും, അവരോടുള്ള സഹതാപം, അനുഭവങ്ങൾ, അവർ കടന്നുപോകുന്ന തലങ്ങൾ, അസ്വസ്ഥതകൾ എന്നിവയാണ് മനസ്സിനോട് കൂടുതൽ അടുത്തു നിൽക്കുന്നത്. അതുകൊണ്ട് ആ കഥാപാത്രങ്ങൾ കൂടുതലായി എടുത്തു കാണിക്കപ്പെടുന്നു എന്റെ കഥകളിൽ” ഗീത ഗൗരവത്തോടെ, അഭിമാനത്തോടെ പറഞ്ഞു! പ്രണയകഥകൾ ഒരിക്കലും എന്റെ മനസ്സിൽ വന്നിട്ടില്ല എന്നുതന്നെ പറയാം, എന്ത് എന്നതിനു വ്യക്തമായ ഒരുത്തരം ഇല്ല എന്നു തന്നെയാണെന്ന് ഗീത ചിന്തിക്കുന്നതെന്ന് തോന്നി! കാരണം എം ടിയുടെയും, മാധവിക്കുട്ടിയുടെയും പ്രണയകഥകൾ വായിച്ചു ജീവിച്ചപ്പോൾ അത്തരം പ്രണയങ്ങൾ ജീവിതത്തിൽ ആർക്കും ഇനി ഉണ്ടാകുകയില്ല എന്നും, അത്തരം കഥകൾ ഇനി ആർക്കും എഴുതാൻ സാധിക്കുകയില്ല എന്നും ഗീത തീർത്തുപറയാൻ ശ്രമിക്കുന്നതു പോലെ ! തനിക്ക് പ്രണയകഥകൾ എഴുതാൻ സാധിക്കില്ല, പ്രണയകഥകൾ എല്ലാവരുടെ മനസ്സിനും എഴുത്തിനും,ശൈലിക്കും വഴങ്ങുന്ന ഒന്നല്ല,ജീവിതത്തിന്റെ അവസ്ഥകൾ ആണ് തനിക്കുള്ള കഥകളും ആധാരം, സ്വഭാവം എന്ന് ഗീത പറഞ്ഞു നിർത്തി.

ഗൾഫ് അസോസിയേഷൻ സംഘടകൾ എന്നുള്ളത് പ്രവാസജീവിത ത്തിന്റെ ഒരു സ്റ്റാംബ് രീതിയായിത്തീർന്നിട്ടുണ്ട്,!നമുക്ക് സമൂഹവും, നമ്മുടെ ആൾക്കാരുമായിട്ടുള്ള ഒരു നിത്യസമ്പർക്കങ്ങൾ ,നമ്മുടെ ആവശ്യങ്ങൾക്ക് ഒരു നല്ല പരിഹാരമായിത്തന്നെയായിട്ടുണ്ട് എന്നു ഗീത അഭിപ്രായപ്പെട്ടു, ഇതെന്റെ മാത്രം വെറും ഒരഭിപ്രായം ആണു കേട്ടോ!. വേണ്ടപോലെ വേണ്ടത്ര മാത്രം സാധാരണക്കാരായ ആവശ്യക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടോ എന്നകാര്യം മാത്രം സംശയം ആണ്! നാട്ടിൽ നിന്ന്, സിനിമാ,കലാകാരന്മാരെയും സാഹിത്യ കലാവ്യക്തികളെ കൊണ്ടുവന്നു കലാപരിപാടികൾ നടത്തുന്നു! അവരിലൂടെ സംഭാവനകൾ, അംഗീകാരങ്ങൾ എന്നിവ ഇവിടെയുള്ള പ്രവാസികൾക്ക് ധാരാളം പ്രചോദങ്ങൾ നൽകുന്നു എന്നത് സ്വീകാര്യമായ ഒരു സമീപനം തന്നെയാണ്.എന്നാൽ ഇതേപോലെതന്നെ മുഖ്യധാരാരംഗത്ത് വളരെ പ്രശംസാവഹമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്! അവർക്കെല്ലാം ഒരു നല്ല എകീകരണം കൂടിയുണ്ടായാൽ കൂടുതൽ പ്രചോദനങ്ങൾ കൊടുക്കാനും നടത്താനും സഹജീവി സേവനം ചെയ്യാനും നല്ലാതായിരിക്കും എന്ന് തോന്നുന്നു. അസോസിയേഷനുകൾ നമ്മുടെ പ്രവാസജീവിതത്തിന് അത്യാവശ്യം തന്നെയാണ്, അതുവഴി ആഘോഷങ്ങളും കൂട്ടായ്മപ്രവർത്തനങ്ങളും, ഒരേനാട്ടുകരുമായുള്ള നിത്യ സംബർക്കം നിലനിർത്താനും, നമ്മുടെ കുട്ടികൾക്ക് നമ്മുടെ നാടിനെക്കുറിച്ചും, ആഘോഷങ്ങളുടെ ആവശ്യകതകളെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കും എന്നതാണ് അതിൽ ഏറ്റവും പ്രസക്തമായ കാര്യം!

പ്രവാസജീവത്തിന്റെ ഭാഗമായുണ്ടാകുന്ന നമ്മുടെ സർഗ്ഗശക്തികൾ വ്യർഥമാവുകയാണോ അതോ , ജീവിത്തിന്റെ കയ്പ്പിനെ ജീവസ്സുള്ള കഥാപാത്രങ്ങളും കഥകളും ആക്കിയെടുക്കാൻ നമ്മൾ കൂടുതൽ ഉത്സാഹം കാണിക്കുന്നുണ്ടോ എന്നുള്ള അടുത്തചോദ്യത്തിനു വ്യകതമായ മറുപടിയുമായി ഗീത തയ്യാറായിരുന്നു! ഇത് രണ്ടു-തരത്തിലുണ്ട്, ഒന്ന്, പണ്ട് എഴുതി ,പിന്നെ കുെറവർഷം എഴുതാൻ സാധിച്ചില്ല, ജോലി ,ജീവിതവ്യഥകൾ എന്നിവകാരണം, രണ്ട്, ഇവിടുത്തെ ജീവിതരീതിയുടെ സങ്കടവും സന്തോഷവും ,എവിടെയെങ്കിലും എഴുതിച്ചേർക്കപ്പെടണം, മാനസിക മോചനത്തിനുള്ള ഒരു ഉപാധി എന്നതിന്റെ ഭാഗമായി എഴുതുന്നവർ! ഇങ്ങനെ ഈ രണ്ടു വിഭാഗം എഴുത്തുകാരെയും നമുക്ക് വ്യക്തമായി കാണാൻ കഴിയും എന്ന് ഗീത പറയുന്നു. ഇതുവരെ എഴുതിയിട്ടില്ലാത്തവരും, ഭാഷാപരിജ്ഞാനവും വിദ്ധ്യാഭ്യാസവും ഉള്ളതിനാൽ എഴുതാൻ പ്രായാസം വരാൻ സാദ്ധത കുറവായിരിക്കും. എന്നക്കുറിച്ച് പറയുകയാണെങ്കിൽ 8–ാം തരത്തിൽ എഴുതിത്തുടങ്ങി കോളേജ് കാലങ്ങളിലും എഴുതി എന്നാൽ വിവാഹത്തോടെ എഴുത്തു നിന്നു. എന്നാൽ എന്നെത്തന്നെ വിസ്മയിപ്പിച്ചുകൊണ്ട് എതാണ്ട് 20 വർഷങ്ങൾക്കുശേഷം ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ സാധിച്ചു എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യം തന്നെയാണ്. എന്റെ ഉള്ളിൽ നിന്ന് അക്ഷരങ്ങളും കഥകളും നശിച്ചുപോയി എന്നുള്ള എന്റെ ചിന്തകളെ അതിജീവിച്ചു കൊണ്ടായിരുന്നു എന്നിലെ കഥാകൃത്തിന്റെ പുനർജന്മം!

ഇന്നത്തെ ബ്ലോഗുകളിൽ എത്തിനോക്കിയാൽ , അതിമനോഹരമായ കഥാകൃത്തുകൾ ഉണ്ടെന്നുള്ളത് ഗീതയും സമ്മതിക്കുന്നു. നമ്മുടെ എഴുത്തുകൾ സാതന്ത്ര്യത്തോടെ ബ്ലൊഗുകളിൽ എഴുതാൻ സാധിക്കുന്നു എന്നതാണ് ബ്ലോഗ് ലോകത്തിന്റെ പ്രത്യേകത, അവിടെ ആരുടെ വിസമ്മതമില്ലാതെ, പ്രസിദ്ധീകരിക്കപ്പെട്ടു, മറ്റൂള്ളവർ വായിച്ച് അഭിപ്രായം പറയുന്നു എന്നതു ഒരു അംഗീകാരമായി പലരും കണക്കാക്കുകയും ചെയ്യുന്നു. ഇന്നതെ ജെനറേഷന്റെ ഒരു രീതിനോക്കിയാൽ, കഥകൾ എഴുതുന്നവർ ഉണ്ടോ എന്നകാര്യം സംശയം ആണ്. എന്നാൽ ബ്ലോഗുകളും, അവരുടെ അപ്ഡേറ്റുകളും മറ്റും വളരെ വ്യക്തമായി എഴുതുന്നവർ ധാരാളം! വായനയിലൂടെ കിട്ടിയ, അനുഭവിച്ച സർഗ്ഗാർത്മകശക്തികളെ വികസിപ്പിച്ചെടുത്ത് അത് എഴുത്തിലെ ശക്തികളാക്കി മാറ്റാനുള്ള ആഗ്രഹങ്ങൾ ഒന്നും ഇന്നത്തെ കുട്ടികളിൽ കാണാനില്ല. വായന ധാരാളമായിട്ടുണ്ട് , പക്ഷെ എല്ലാം ഐപാഡ്, ആൻഡ്രോയിഡ് വായനകളും മറ്റും ആണ്. എഴുത്തിന്റെ ശൈലി ,ലേഖനമാണോ കഥയാണോ എന്നുള്ള വ്യത്യാസം തിരിച്ചറിയാൻ ഒരുപക്ഷെ നമ്മുടെ കാലഘട്ടത്തിലെ ആൾക്കാർക്ക് സാധിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ഭാഗമായി വളർന്നു വന്ന തർജ്ജമ ലോകം എന്റെ മക്കളെ, രണ്ടാമൂഴത്തിന്റെയും ബന്യാമിന്റെ ആടുജീവിതത്തിന്റെയും ഇംഗ്ഷീഷ് തർജ്ജമപുസ്തകങ്ങൾ വായിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അവർക്ക് ആ കാലഘട്ട്ത്തിന്റെ കഥകൾ വായിക്കാൻ സാധിക്കുന്നത് , ക്ലാസ്സിൽ സാഹിത്യങ്ങൾ വായിക്കാനുള്ള അവസരങ്ങൾ കിട്ടുന്നത്, ഏതെങ്കിലും ഒരു കാലത്ത് അവർക്ക് എഴുതാനുള്ള പ്രചോദനങ്ങൾ നൽകാൻ സഹായിക്കട്ടെ എന്നുള്ള ആശംസകളോടെ , ഗീത തന്റെ ഒരു കഥയുടെ ചിൽ പ്രസകത ഭാഗ ങ്ങളിലേക്ക് കടന്നു.

ഗീത സോമകുമാറിന്റെ ഒരു കഥ:- വൈകുന്നേരത്തെ നടത്തക്ക് ഇറങ്ങിയപ്പോൾ എല്ലാം സാധാരണ മട്ടായിരുന്നു.ചപ്പാത്തിക്ക് മാവ് കുഴച്ച്,waste binൽ waste നിക്ഷേപിച്ച്,താഴ്വാരത്തേക്കു നടക്കുക യായിരുന്നു പതിവ്.അവിടെ നിന്നും പതിനഞ്ച് മിനുട്ട് നടന്നാൽ അമ്പലത്തിലോ പളളിയിലോ കയറാം.പതിവ് തെറ്റിക്കാമെന്നു ആദ്യം പറഞ്ഞത് റുഖിയയായിരുന്നു. കുട്ടികളെ പോലെ വെറുതെ ഒരു സാഹസിക യാത്ര.പിന്നെ ചൂടും കുറവായിരുന്നു.കെട്ടിടങ്ങളുടെ പുറകിലൂടെ മലകൾ വെട്ടിയൊതുക്കിയ റോഡിലൂടെ നടക്കുമ്പോൾ അതൊരു വിചിത്രാനുഭവമായി മാറുക യായിരുന്നു.ഞാൻ ഈ മലകളെ കടൽക്കുന്നുകൾ എന്നു വിളിക്കാനാണ് ഇഷ്ടപ്പെട്ടത്.അവ പണ്ടെപ്പോഴോ കടലിൽ നിന്നുയർന്ന് എണീറ്റു വന്നതാണെന്ന് ഇവിടെയുളളവർ പറയുന്നു.കടലിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഈ കടൽക്കുന്നിൽ കാണാമെന്ന് ഞങ്ങളുടെ മക്കൾ വരെ പറയാറുണ്ട്.അവർ ക്രിക്കറ്റ് കളിക്കാനായി എളുപ്പവഴിയായി തെരഞ്ഞെടുത്ത് ഈ കുന്നിൻപുറ പാതയായിരുന്നു.പത്തു മിനുട്ട് കൊണ്ട് സ്ക്കൂൾ ഗ്രൗണ്ടിൽ എത്താം.ഒരിക്കൽ മക്കളെനിക്ക് കടൽ ജിവികളുടെ പുറംതോട് കൊണ്ടു വന്ന് തരികയും ചെയ്തിട്ടുണ്ട്.സത്യത്തില് ഇവ ചരൽ കുന്നുകളാണ്.മുൻപ്,നടക്കാനിറങ്ങുമ്പോൾ ഈ കുന്നുകൾ ഞ്ഞങ്ങളെ ആകർഷിച്ചിട്ടേയില്ല.അവിടം,ഭൂമിയിലെ ആദികാല ശേഷിപ്പുകളുടെ ഒരു ഖനി സഞ്ചയമാണെന്നു തോന്നിയിരുന്നു.ഒരു പുല്ലും കിളിർക്കാത്ത ഈ കുന്നുകൾ തലവേദന മാത്രം തന്നു.ചത്തു മലച്ച പെരുമ്പാമ്പിനെ പോലെ അതങ്ങനെ ഉണങ്ങിയുണങ്ങി വരണ്ട് വരണ്ട് അടരാനാവാത്ത പോലെ ഭൂമിയുടെ അറ്റത്ത് വെറുതെ ഉയിർകൊണ്ടു നിന്നു.എന്തൊക്കെ യോ ഒളിപ്പിച്ചു വക്കുന്നുണ്ട് ഈ നിഗൂഢമലകൾ എന്നും എനിക്ക് തോന്നാറുണ്ട്.

പെട്ടെന്നാണ് എങ്ങു നിന്നെന്നറിയാതെ കാറ്റ് വീശാൻ തുടങ്ങിയത്.ഞാൻ ചരൽക്കുന്നിനെ നോക്കി. ഒരു വല്ലാത്ത ഭാവത്തോടെ കുന്ന് ഞങ്ങളെ ത്തന്നെ വീക്ഷിക്കുകയാണെന്നാണ് എനിക്ക് തോന്നിയത്. പ്രഭക്ക് എല്ലാം തമാശയായിരുന്നു.റുഖിയക്ക് തീരെ പേടിയും ഇല്ലായിരുന്നു.ബോർഡിങ്ങിലേയും ഹോസ്റ്റലിന്റെയും സുരക്ഷിതത്വത്തിൽ കഴിഞ്ഞതു കൊണ്ട് അസാധാരണമായ എന്തും എനിക്ക് ഭയമായിരുന്നു.റുഖിയക്ക് ഞങ്ങളെ ക്കാൾ ഈ നാടുമായി അടുപ്പമുണ്ട്.ഇത്തിരിയൊക്കെ അറബി വാക്കുകളും അവൾക്ക് അറിയാം. കുട്ടികളെ പോലെ നാട് കണ്ടെത്താനുളള തീരുമാനമൊക്കെ അവൾ ആണ് എടുത്തത്.ഭർത്താക്കൻമാർ ഓഫീസിൽ നിന്നുംവരാൻ ഏഴ് മണിയെങ്കിലും ആവും. പതിവു നടത്തയിൽ നിന്നും വേറിട്ട വഴി തെരഞ്ഞെടുക്കുന്ന കാര്യമൊന്നും അവരോട് പറഞ്ഞിട്ടുമില്ല.

കാറ്റ് അട്ടഹാസത്തോടെ ,വലിയ മുരൾച്ചയോടെ ആഞ്ഞു വീശിയത് പെട്ടെന്നാണ് .എങ്ങു നിന്നെറിയാതെ ഭൂമിയിൽ നിന്ന് പൊടികൾ ഉയർന്നുപൊങ്ങി കാറ്റിനൊപ്പം ഞങ്ങളെ വട്ടമിട്ടു തുടങ്ങി. ഞങ്ങൾ മൂന്നു പേരും കൈ കോർത്ത് പിടിച്ച് നിന്നു .കാറ്റ് ഞങ്ങളെ പറത്തിക്കൊണ്ടു പോയേക്കുമോ എന്നപേടി ഉണ്ടായിരുന്നു എനിക്ക്.മനുഷ്യർ നടക്കാത്ത വഴിയിലൂടെ നടന്നതാണ് ആകെകുഴപ്പമായത്. ഇവിടത്തെ ഈ കുന്നുകളൊക്കെ ഇടിച്ചു നിരത്തിയാണ് ഈ റോഡുണ്ടാക്കിയത്. ഇനിയും വഴി വിളക്ക് കത്തി തുടങ്ങിയിട്ടില്ല.അതുകൊണ്ട് തന്നെ കുന്നുകളിൽ കൂട്ടുകൂടിയിരുന്ന ജിന്നുകളൊക്കെ സഞ്ചാര വഴികളിലൂടെ നടക്കുകയായിരിക്കും അല്ലേ?പ്രഭയുടെ ചോദ്യം കേട്ടപാടെ ദേഹം തളരുന്നത് ഞാനറിയുന്നുണ്ട്.വെറ്റിനറി ഡോക്ടറുടെ വീട്ടിൽ നിന്നും നായ്ക്കൾ കുരച്ചുതുടങ്ങി.ദൈവമേ പറഞ്ഞതു പോലെ ജിന്ന് എങ്ങാനും ആവുമോ?

പെട്ടെന്നാണ് മഴ പെയ്യുവാൻ തുടങ്ങിയത് .ഞങ്ങള് താഴ്വര കടന്ന് മലയടിവാരത്തിൽ എത്തിയത് എപ്പോഴാണ്? ഇപ്പോൾ ശരിക്കും ഞങ്ങള്ക്ക് പേടിയാവാൻ തുടങ്ങി.മഴത്തുളളികൾ തീർക്കുന്ന ജലവഴികൾ ഇവിടെ അത്ര മനോഹര കാഴ്ചയൊന്നുമല്ല.നോക്കിയിരിക്കെ വാഡികൾ(താഴ്വര)നിറഞ്ഞ് ആരോടൊ തീർക്കാനുളള പ്രതികാര ദാഹമെന്ന പോലെ വെളളം പാമ്പുകളെ പോലെ പാഞ്ഞു വരുന്നു.അത് പിന്നെ വലിയൊരു പുഴയായി അരികിലുളള കല്ലും മണ്ണും കുറ്റിച്ചെടികളുമെല്ലാം കോരീയെടുത്ത് കടലിലേക്കൊരു പാച്ചിലാണ്.ഞാൻ കണ്ണിറുക്കി അടച്ചു.മഴയൊരു പുഴയാവുന്നതിനു മുൻപ് വീടെത്തിയാൽ മതിയായിരുന്നു.പക്ഷേ കാറ്റ് ഞങ്ങളെ മറ്റൊരു വഴിയിലേക്ക് തളളിമാറ്റുകയാണ്.ഒന്ന് കയ്യെത്തി പിടിക്കുവാൻ ഒരു മരച്ചില്ല പോലും കാണുന്നില്ല. പൊടിക്കാറ്റ് ഞങ്ങളുടെ കാഴ്ചകളെ മറക്കുന്നുമുണ്ട്.റോഡിൽ ആരേയും കാണുന്നില്ല.ഏതെങ്കിലും ഒരു പിക് അപ്പ് വാൻ ഈ വഴി വന്നെങ്കിൽ!!!

‘റേഞ്ചില്ലെന്നു തോന്നുന്നു .ആരേയും വിളിച്ചിട്ട് കിട്ടുന്നില്ല. അവൾ പറഞ്ഞു .’ഇപ്പോൾ കാറ്റിന്റെ ശക്തി അൽപം കുറഞ്ഞിട്ടുണ്ട്. താഴ്വരയിലൂടെ മഴ വെളളം ശക്തിയായി വരാൻ തുടങ്ങി. ഞങ്ങൾക്ക് കരച്ചിൽ വരുന്നുണ്ട്.എത്ര പെട്ടെന്നാണ് പ്രകൃതി ഭാവം മാറ്റുന്നത്? തിരിച്ചു പോകാൻ ഒരു മാർഗ്ഗവുമില്ല.വാഡിയിലെ വെളളം കുറയുക തന്നെ വേണം..ശക്തിയായ ഒഴുക്കുണ്ട് വെളളത്തിന്.വീട്ടിലുളളവർ പരിഭ്രാന്തരായി പോലീസിൽ പരാതിപ്പെട്ടു കാണും. പെട്ടെന്ന് ഇരുട്ടായതു പോലെ . ഒന്നും കാണാനുണ്ടായിരുന്നില്ല. കാൽ ചവുട്ടി നില്ക്കുന്ന ഈ മണ്ണ് ചതുപ്പ് നിലമാണെന്നും ഏത് നിമിഷവും ഞങ്ങള് അപ്രത്യക്ഷമായേക്കുമെന്ന് ഓർത്തപ്പോൾ പ്രഭ ശബ്ദം പുറത്തു വരാതെ കരഞ്ഞു. വെളളം കുത്തിയൊലിച്ചു പോകുന്ന ശബ്ദം കേൾക്കുന്നു ണ്ട്. ഇരുട്ടു വീണ വഴികൾ ഞങ്ങള്ക്കിവിടെ അപരിചിതമാണ്.പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ശബ്ദം അവ്യക്തമെങ്കിലും കേൾക്കുന്നുണ്ട്.കാണാതായവരുടെ പട്ടികയിലേക്ക് ഇപ്പോൾ ഞങ്ങളുടെ പേരും എഴുതി ച്ചേർക്കപ്പെട്ടു കാണും. വീടെന്ന സ്വർഗ്ഗത്തിലേക്ക് എത്തിപ്പെടാൻ ഞങ്ങള് കൊതിച്ചു. കരയാനാവാതെ വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നിൽ വാ പിളർത്തിക്കൊണ്ട് നടന്നടുക്കുന്ന രൂപങ്ങൾ.. കടൽക്കുന്നുകളിൽ നിന്ന് ചോരച്ച കണ്ണുകളുമായി ഇറങ്ങി വരുന്ന ചെകുത്താൻ മാർ ആയിരിക്കുമോ?

കണ്ണുകള് ഇറുക്കിയടച്ച് ഈശ്വരനെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ചുമലിൽ ഒരു തൂവൽ സ്പർശം….കണ്ണു തുറന്നപ്പോൾ കറുത്ത പർദ്ദയിട്ട ഒരു മാലാഖ മുന്നിൽ നിന്നു കൊണ്ട് രോ മത്,ഡരോ മത് എന്നൊക്കെ പറഞ്ഞു കൊണ്ട് ഞങ്ങളെ ആശ്വസിപ്പിക്കുകയാണ്.ഓ വെറ്റിനറി ഡോക്ടറുടെ ഭാര്യയാണ്.നടക്കാൻ പോകുമ്പോൾ പതിവായി കാണാറുളളതാണ് അവരെ.ഗൗരവക്കാരിയായ ഒരു ജഡ്ജി യുടെ ഛായയായിരുന്നു അവർക്ക് എപ്പോഴും.ഒരിക്കൽ പോലും ഞങ്ങളോടൊന്ന് ചിരിച്ചു കണ്ടിട്ടില്ല. താഴ്വരയിലേക്ക് ഇറക്കി കെട്ടിയ വലിയ പടവുകളിൽ അവര് കാറ്റ് കൊളളാനിരി്ക്കുന്നത് അസൂയയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.ഇപ്പോൾ കൂടെ ആയയും ഉണ്ട്.പിന്നെ അവരുടെ നായയും.ആയ ഫ്ളാസ്കിൽ നിന്ന് ഞങ്ങള് ക്ക് ചുടു ചായ പകർന്നു തന്നു.മഴ കണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോൾ അവർ ഞങ്ങളെ കണ്ടതാണെന്ന് ആയ പറഞ്ഞു. ഒന്നും പറയാതെ അവര ഞങ്ങളെ ചേർത്തു പിടിച്ച് പടവുകൾ മെല്ലെ കയറി…ആ നിമിഷങ്ങളിൽ ഞാൻ ആദ്യമായി ദൈവത്തെ കണ്ടു…..

ഗീത സോമകുമാർ …

ലീലാ ജെ എന്നീരിയിൽ- കഥകൾ, കഥാപാത്രങ്ങൾ

Posted on Categories ColumnLeave a comment on ലീലാ ജെ എന്നീരിയിൽ- കഥകൾ, കഥാപാത്രങ്ങൾ

leela j enniriyil 2 oct
ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. എന്നാൽ നോവലിൽ കാര്യങ്ങൾ കുറച്ചുകൂടി വ്യാപ്തിയോടെ പരത്തി പറയുന്നു. പഴയ മുത്തശ്ശികഥകളാണ് ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നു.
ഒഴിച്ചു കൂടാനാവാത്ത വിധം തങ്ങളുടെ നിലപാടുകൾ സ്തീകൾ കഥാസാഹിത്യത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നിനൊന്ന് വ്യത്യസ്ഥമാണവ! അവയിൽ അന്തര്‍ഭവിച്ചിരിക്കുന്ന കാഴ്ചപ്പാട് ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാനാവുന്നതല്ല. സുഗതകുമാരിയിൽ നിന്നും, മാധവിക്കുട്ടിയിൽ നിന്നും തുടങ്ങി, ഒമനാ ഗന്ധർവനിലൂടെ,നീനാ പനക്കൽ, ചന്ദ്രികാ ബാലൻ, രാധാ വേണുപ്രസാദ്, നിർമ്മല, പ്രിയ എസ്, സംഗീത ശ്രീനിവാസൻ, ഗീത ബക്ഷിയിലൂടെ ഇന്നത്തെ തലമുറയിലെ ആൻസി മോഹൻ, കുഞ്ചൂസ് ഇന്നിങ്ങനെയുള്ളവരുടെ കഥകൾ അതിന്നടിവരയിടുന്നുണ്ട്‌. സ്ത്രീ കാഴ്ചപ്പാടിലൂടെയാണ് അത് കൂടുതൽ പ്രകടമാകുന്നത് . അതുകൊണ്ടു തന്നെ ആത്മനിര്‍വചനത്തിനു വേണ്ടിയുള്ള സ്ത്രീയുടെ അന്വേഷണമായി അവരുടെ എഴുത്തിനെ നമുക്ക് നോക്കിക്കാണാം! ദൈനംദിന ജീവിതത്തിലെ ഏടുകളും, വീടുവീടാന്തരം നടക്കുന്ന പ്രശ്നങ്ങളും അവയിലെ വിവിധ ഭാവങ്ങളും തമ്മിലേറ്റുമുട്ടുമ്പോഴുണ്ടാകുന്ന ഒരു മാനസീകാവസ്ഥ കഥയുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ടാവം! പലതരം വേഷങ്ങൾ , ഒരേസമയം ജീവിതത്തിൽ സ്വയം ആടിത്തീർക്കുന്നവളാണ് സ്ത്രീ. കാമുകി ഭാര്യ അമ്മ ഉദ്യോഗസ്ഥ എഴുത്തുകാരി എന്ന നിലകളിലുള്ള വേഷച്ചുവടുകൾ ഒരു ഉന്മാദിനിയുടെ ഭാവത്തിലേയ്ക്ക്‌ സ്ത്രീയെ കൊണ്ടെത്തിക്കുന്നതിനാൽ കഥകളുടെ ഭാവങ്ങളും അതീവ വികാരപരങ്ങളാണ്.
ഒരു പുഴയിൽ രണ്ടുതവണ ഇറങ്ങാൽ കഴിയില്ല, പക്ഷെ ചില പുഴകൾ നാമറിയാതെ നമ്മുടെ ഓരൊ ചുവടും ഒഴുക്കിൽ പറന്നുകൊണ്ടെയിരിക്കും! ഈ ജന്മം മുഴുവൻ ആ പുഴനീരാന്നു എന്റെ കഥകകളുടെ ഉറവ്… എന്ന്,പത്രപ്രവർത്തകയും, കഥാകൃത്തും ആയ ഗീത ബക്ഷി തറപ്പിച്ചു പറയുന്നു. എന്നാൽ ആദ്യമായി കഥ എഴുതിയ രാധ വേണുപ്രസാദിന്റെ കാഴ്ചപ്പാടിൽ, കഥകൾ ഹൃദയത്തിൽ നിന്ന് വരണം, യാഥാർഥ്യങ്ങളുമായി ചേർന്നു നിക്കുന്നവയാകണം, കഥകൾ ഭാവപ്രചുരമായ, അർപ്പണശീലമുള്ള, ഭാവമയമായിരിക്കണം ഉണ്ടാകേണ്ടത്! ഇക്കാലത്തെ കഥകൃത്തായ ആൻസിയുടെ കാഴ്ചപ്പാടിൽ “അടക്കവും ഒഴുക്കുമുള്ള ഭാഷയിൽ വിഷയത്തിൽ ഒതുങ്ങി നിന്നു കൊണ്ട് വായനക്കാരന്റെ വികാരവിചാരങ്ങളെ ഉദ്ദീപിപ്പിക്കാൻ ശേഷിയുള്ളവയാകണം ചെറുകഥകൾ“.leela j enniriyil book 2 oct
മലയാള സാഹിത്യത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും അധികം അറിയപ്പെടാതെ പോയ ഒരു പെണ്ണെഴുത്തുകാരിയുമാണ് അകാലത്തിൽ പൊഴിഞ്ഞുപൊയ ലീലാ ജെ എന്നിരിയിൽ എന്ന തൂലികാനാമമുള്ള മേരി ജേക്കബ്. കഥാകൃത്തിന്റെയും ജീവിതവും കഥയും, ഇതുപോലെ ജീവിതത്തോടു അടുത്തു നിർത്തിയ ഒരു വ്യക്തിയാണ് ലീല. 1957 ത്രിശ്ശൂർ മംഗളോദയം പ്രസിദ്ധികരിച്ച ‘നാടിന്റെ മക്കൾ‘ എന്ന നോവൽ ഇന്നും ത്രിശ്ശൂർ സാഹിത്യ അക്കാദമിയി ലൈബ്രറിയിൽ ലഭ്യമാണ്. “ തന്റെ പുസ്തകത്തെപ്പറ്റിയുള്ള ആദ്യപേജിലെ പ്രസ്താവനയിൽ അറിയേണ്ടതെല്ലാം മഹാകവി ജി ശങ്കരക്കുറിപ്പിന്റെ ആമുഖത്തിൽ പറയുന്നുണ്ട് എന്നും,പ്രത്യേകിച്ച് സ്വയം തനിക്കൊന്നും എടുത്തുപറയാനില്ല എന്നും, അദ്ദേഹത്തോടുള്ള എക്കാലത്തെയും കടപ്പാടുമാത്രം രേഖപ്പെടുത്തുന്നു എന്നും പറയുന്നു. കൂടെ ഈ പുസ്തകത്തിനുവേണ്ടി ചെറുതും വലുതുമായ സഹായം ചെയ്തവരോടെല്ലാം നന്ദി പറഞ്ഞു കൊണ്ട് ഈ ചെറിയ നോവൽ സമർപ്പിച്ചുകൊള്ളുന്നു എന്ന് പറഞ്ഞു നിർത്തുന്നും കാഥകൃത്തായ ലീല. ശങ്കരക്കുറിപ്പിന്റെ വിശദമായ ആമുഖം കാഥാകാരിയെക്കുറിച്ചും , നോവലിനെക്കുറിച്ചു ആ കാലഘട്ടത്തെക്കുറിച്ചു കൃത്യമായി പറയുന്നു. “ നമ്മുടെ ഭാഷയിലെ പല പുരോഗമനവാദികളും ആദ്യത്തെ സിദ്ധാന്തം ആദരിച്ചുകൊണ്ട് കഥകളിലും നോവലുകളിലും കവിതകളിലും ജീവിതത്തെ വ്യാഖ്യാനിച്ചുപോന്നിട്ടുണ്ട്! നാടിന്റെ മക്കൾ എന്ന ഈ ചെറിയ നോവലിനു ഈ വിഷയത്തിൽ ഹൃദ്യമായ ഒരു പുതുമ കാണാം. പരിവർത്തനത്തിനു സ്നേഹത്തിന്റെയും സേവനത്തിന്റെയും മാർഗ്ഗമാണ് ഗ്രന്ഥകർത്തി നിർദ്ദേശിക്കുന്നത്; വൈരത്തിന്റെയും പ്രതികാരത്തിന്റെയും അല്ല!പ്രസിദ്ധ സാഹിത്യകാരിയായ പേൾബക്കിനോട് പ്രതിപാദനരീതിയിൽ കടപ്പാടുണ്ടായിരിക്കാം എന്നാലും ശ്രീ. ലീലാ ജെ എന്നിരിരിയിൽ മലയാളസാഹിത്യത്തിന് സംങ്കല്പത്തിലും ആദർശത്തിലും നൂതനമായ ഒരു നോവൽ സർവ്വോദയപ്രസ്ഥനവീക്ഷണം പ്രതിബിംബിക്കുന്ന ആദ്യത്തെ നോവൽ, സംഭാവനം ചെയ്തിരിക്കുന്നു. ഗ്രന്ഥകർത്തിക്കു തീർച്ചയായും ഇതി അഭിമാനം കൊള്ളാം “ എന്ന് ആമുഖത്തിൽ മഹാകവി ജീ. ശങ്കരക്കുറിപ്പ് പറയുന്നു.
കഥയുടെ ഇതിവൃത്തം ഏതാണ്ട് ഇങ്ങനെയാണ്. ന്യൂയോർക്കിൽ ഒരു കോളേജ് അദ്ധ്യാപകനായി കഴിഞ്ഞുകൂടുന്ന ശേഖർ പാശ്ചാത്യ സംസ്കാരത്തെ ആദരിക്കുകയും അനാവശ്യസംബ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. ഭർതൃപ്രേമത്തിൽ , വിദ്ധ്യാഭ്യസത്തിന്റെ അഭാവത്തിലും പ്രിയതമന്റെ കൂടിത്താമസിക്കുന്ന മീസ്സിസ്. ശേഖർ .ഈ ദംബതികളും മക്കളായ ഡോക്ടർ ശ്യാം, രാജ്, രാധ, രം ഇവരാണ് ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. ജാതിഭേതം,ധനികദരിദ്രബോധം , കർമ്മാലസ്യം, അനാരോഗ്യം അജ്ഞത മുതലായ ഗ്രാമജീവിതശ്ത്രുക്കളോടുള്ള സമരത്തിൽ മറ്റനേകം വ്യക്തികളുടെ സജീവഛായകളും ഈ കൊച്ചു നോവലിൽ വന്നുചേരുന്നുണ്ടെന്ന് ജി ശങ്കരക്കുറുപ്പ് തറപ്പിച്ചു പറയുന്നു. ഗ്രാമത്തിന്റെ സംബത്തും ശുചിത്വവും സൌന്ദര്യവും നൽകുന്ന് കുളിരുപോലെയുള്ള ഒരു കഥ എന്ന് അദ്ദേഹം സംഗ്രഹിച്ചു പറയുന്നു.
1930 ൽ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴിയിൽ ഇ ഐ ചാക്കൊയുടെയും അന്നമ്മ ചാക്കൊയുടെയും മകളായി ജനിച്ചു. കോട്ടയം മൌണ്ട്കാർമൽ സ്കൂളിൽ പ്രാദ്ധമികവിദ്യാഭ്യാസവും , തുടർന്ന് എറണാകുളം സെന്റ് തെരെസാസിൽ ഇന്റെർമീഡിയറ്റും പഠിച്ചു. ഹൃദയത്തിന്റെ വാൽവിന്റെ അസുഖത്താൽ സ്ഥിരമായി ക്ലാസ്സിൽ വരാൻ സാധിച്ചിട്ടിലെങ്കിലും, അടുത്തമുറിയിൽ കിടന്നു ലെക്ചറുകൾ കേട്ടുപഠിച്ചു. എന്നാൽ തുടർന്നുള്ള വിദ്ധ്യാഭാസത്തിൽ മഡ്രാസ് യൂനിവേഴ്സിറ്റിയിൽ നീന്ന് റാങ്കും കരസ്ഥമാക്കി. വായനയി വളരെ ആവേശം ഉണ്ടായിരുന്ന ലീലയുടെ ഇഷ്ടപുസ്തകങ്ങൾ പി ജി വുഢ്ഹൌസ്, അന്ന കരീന, പേൾ ബക്സ് എന്നിവരാണ് . തുടർന്നുള്ള ജീവിതത്തിൽ കോട്ടയം മാങ്ങാനം ആശ്രമത്തിന്റെ സാമൂഹിക സേവനത്തിൽ ശ്രദ്ധയോടെ പ്രവർത്തിച്ചിരുന്നു. മനോരമ വീകിലിയിൽ കോളം എഴുതാറുണ്ടായിരുന്നു. കൂടെ മനോരമയിൽ ചെറുകഥകളും എഴുതിത്തുടങ്ങി. 1958ൽ 28ആം വയസ്സിൽ ഹൃദയത്തിന്റെ ഒരു ഓപ്പറേഷനോടെ ലീല ജെ എന്നിരിയിൽ മരണം സ്വീകരിച്ചു.
ഒടിക്കുറിപ്പ്- ലീല ജെ എന്നിരിയിൽ എന്ന കഥാകൃത്തിന്റെ അനന്ദിരവൾ എന്ന സ്ഥാനം എനിക്കുണ്ട്. നോവലിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾ പറയാനോ എഴുതാനോ, കഥാപാത്രങ്ങളെ പരിചയപ്പെടുത്താനൊ ഈ പേജുകൾ പോര എങ്കിലും നോവലിന്റെ താളുകൾ തേടിപ്പൊകാൻ എന്ന് പ്രേരിപ്പിച്ച ലീലാമ്മകൊച്ചമ്മയോടുള്ള നന്ദിയും സ്നേഹവും ആദരവും ഇവിടെ സമർപ്പിക്കുന്നു.

ഗർഭിണിയുടെ നോസ്റ്റാൽജിയ

Posted on Categories ColumnLeave a comment on ഗർഭിണിയുടെ നോസ്റ്റാൽജിയ

4pm_-28-march
ആരോ അയച്ച മഴയും കാറ്റും മനസ്സിൽ കൂടുകൂട്ടിത്തുടങ്ങി.
ഇങ്ങനെയൊരു തണുത്ത മഴക്കാലത്ത് ,എനിക്കു കൂട്ടായി, ഒരു ജനാല മാത്രം,ഈ ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ ആയിരുന്ന നാളുകളുടെ ഓർമ്മകൾ ഓടി ഓടി എത്തി.ഈ ലോകത്തോടൂള്ള ബന്ധം ഒരു ജനാലയിലൂടേ നിലനിർത്തിയിരുന്ന ഒരു കാലം.അന്ന് ഈ മഴത്തുള്ളികൾ ഓരോ മണിമുത്തുകൾ ആയി,മനസ്സിലും ജീവിതത്തിലും വീണുകൊണ്ടേയിരുന്നു.
ഇന്നെന്റെ വീട്ടില്‍ മഴകാണാനും,മഴത്തുള്ളികള്‍ കാണാനും എന്റെ മൂന്നു മക്കളും ഉണ്ട്.”അമ്മയെന്താ ഈ കാണുന്നത് ?കാറ്റും,ഇടിവെട്ടലും കാണുന്നില്ലെ!!റ്റൂ മച്ച് ലൈറ്റ്നിംഗ്‘അകത്തു കയറിക്കെ!! “എന്റെ മകൾ അന്നക്കുട്ടിയുടെ പേടിച്ചരണ്ട വാക്കുകൾ.18 ആം വയസ്സിലേക്ക് കാലടികൾവെച്ചവൾ അടുക്കുംബോൾ എന്റെ മനസ്സിൽ അവളെ ഞാൻ ഭൂമിയിലേക്കെത്തിച്ച വഴി വീണ്ടും വീണ്ടും മനസ്സിലോടിയെത്തി.മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം,വന്ന വിശേഷങ്ങള്‍ രണ്ടു തവണ എന്റെ ശരീരത്തെ വിട്ടുപിരിഞ്ഞു.പേരും നാളും
മനസ്സിലുറപ്പിച്ച്,കാത്തിരുന്നെങ്കിലും എണ്ണപ്പെട്ട ദിവസങ്ങളുടെ വിരുന്നുകാര്‍ രണ്ടു പേര്‍ നടന്നാകന്നു,ഒരു വാക്കും മിണ്ടാതെ!!.പിന്നീടുള്ള മാസങ്ങള്‍ ശീവേലിക്കല്ലില്‍ തലയടിച്ചു മരിക്കാന്‍ വിധിക്കെപ്പെട്ടിട്ടും, ജീവിച്ചെപറ്റൂ എന്ന വരം വാങ്ങിയവളെപ്പോലെയായി ഞാന്‍ !!സുഹൃത്തുക്കളുടെയും,ബന്ധുക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും,അഭിപ്രായങ്ങള്‍ക്കും,സഹായങ്ങള്‍ക്കും മുന്നോടിയായി,ആത്മധൈര്യം തരാനായി എന്റെ അമ്മ കൂടെ എത്തിച്ചേര്‍ന്നു എന്നതും,അന്ന് എനിക്ക് വളരെ അധികം ധൈര്യംതന്നിരുന്നു.ആദ്യത്തേത് എന്ന്
എല്ലാവരും വിധിയെഴുതി,‘സാരമില്ല’ എന്നൊരു വാക്കില്‍,സ്വാന്തങ്ങള്‍ എല്ലാം തന്നെ ഉള്ളിൽ ഒതുക്കി. രണ്ടാമത്തെ വിരുന്നുകാരനോ ,കാരിയോ… ഗള്‍ഫിലെ മണലാരണ്യത്തിലായിരുന്നു.
എല്ലാവരും കാത്തു കാത്തിരുന്ന വിധി പോലെ അതും വളരെ നാടകീയമായിത്തെന്നെ പിരിഞ്ഞകന്നു എന്നു പറയുന്നതാവും ശരി.എന്നാല്‍ ഇത്തവണത്തെ പിരിച്ചുവിടലിന്റെ സംഭവത്തില്‍ മറ്റുചില മഹത് വ്യക്തികളുമായി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി ഒരുക്കിത്തന്നു,എന്റെ പില്‍ക്കാല ഡോക്ടറും,മെന്ററും ആയിത്തീര്‍ന്ന ഡോക്ടര്‍ ലീല,അവരുടെ ഡയറ്റീഷന്‍ ആയ സഹോദരി,ഡോകടർ കുടുംബം.പടി പടിയായിട്ടുള്ള അവരുടെ മാനസികവും ശാരീരികവുമായ ഉപദേശങ്ങളുടെ അവസാനം,ആ നല്ല വിശേഷവും വീണ്ടും വന്നെത്തി. എന്നാല്‍ ഇത്തവണ,പ്രകൃതിക്കനുകൂലമായി നടത്തം,ഇരുപ്പ്, ജോലികൾ ദിനചര്യകൾ എല്ലാം തന്നെ വേണ്ടെന്നു വെച്ച്,നീണ്ടു നിവര്‍ന്നു മാത്രം കിടക്കണം എന്ന പൂര്‍ണ്ണനിര്‍ക്കര്‍ഷ,ഏറ്റവും സന്തോഷത്തോടെയാണ് മനസ്സ് സ്വീകരിച്ചത്. മനസ്സിന്റെ ധൈര്യം ശരീരവും ഏറ്റെടുത്തു തുടങ്ങി എന്നത്, പിന്നീടുള്ള എന്റെ മാസങ്ങളില്‍ വളരെ വ്യകതമായി മനസ്സ് കാട്ടിത്തുടങ്ങി.എന്റെ മുറിയുടെ ജനാല മാത്രം പുറം ലോകത്തേക്കുള്ള എന്റെ കിളിവാതിലായി.അതിലൂടെ നമ്മുടെ നാട്ടിലെ കിളികളുടെ ചിലപ്പുകളും, കാറ്റിന്റെ ചൂളംവിളികളും, ഓട്ടോറിക്ഷാകളുടെ ശബ്ദങ്ങളും ഒന്നും അല്ലെ കാണുന്നതും കേള്‍ക്കുന്നതും.മറിച്ച് അടുത്ത ഫ്ലാറ്റുകളിലെ കാറുകളുടെ ശബ്ദവും,തൊട്ടടുത്ത മണ്ണുവീടുകളില്‍ താമസിക്കുന്ന പാക്കിസ്ഥാനി പഠാന്മാരുടെ ഓലിവിളികളും,നിലവിളിച്ചോടുന്ന ആംബുലന്‍സുകളും മറ്റും മാത്രമായിത്തിർന്നു ‘പുറംലോകം‘ എന്ന ഈ ജനാല.എന്നും രാവിലെ നാലുമണിക്ക് ജോലിക്കു പോകുന്ന ഭര്‍ത്തവ്!.രാവിലെ എന്നെ എഴുനേല്‍പ്പിച്ച്, എല്ലാ പ്രാധമിക കര്‍മ്മങ്ങളും നോക്കി നടത്തി,എന്നെ തിരികെ കട്ടിലില്‍ കിടത്തുന്നു.ഒരു ദിവസത്തിന്റെ തുടക്കം തീരാത്തതും,ഇലാത്തതുമായ ഓക്കാനത്തില്‍ മാത്രം തുടങ്ങുന്നു.അതിന്റെ ബുദ്ധിമുട്ടുകളും മറ്റൊരാളോടു പറഞ്ഞറിയിക്കാനാവില്ല,ആരും എന്തു,എതു വിധത്തിലും,നമ്മുടെ നാസാതന്ത്രത്തിനെതിരായി മാത്രം ഉള്ള
ഒരു കാലം. രാവിലത്തെ കാപ്പിയും മറ്റും എന്റെ കട്ടിലിനരികില്‍ എത്തിച്ചതിനു ശേഷം മാത്രം എരിപൊരിയുന്ന വെയിലില്‍ ഉള്ള വര്‍ക്ക് സൈറ്റിലേക്ക് പോകുന്നു ഭർത്താവ്. അതിനും മുന്നോടിയായി, എനിക്കു കാണാനായി, പലതരം സിനിമകളുടെ വീഡിയോ കാസറ്റുകൾ റെഡിമണിയായി വീഡിയോയിൽ ഇട്ട് റിമോട്ട് എന്നെ ഏല്‍പ്പിക്കുന്നു.
അടുത്ത അഞ്ചാറുമണിക്കൂർ സമയം ഞാൻ ബുക്കുകളും,റ്റിവിയും വായനയും,ഫോണും മാത്രം ഉള്ള എന്റെ മുറിയുടെ നാലുചുവരുകള്‍ക്കുള്ളിൽ ജീവിക്കുന്നു.ചെരിഞ്ഞു കിടക്കാനായിട്ടു പോലും,പത്തു പ്രാവശ്യം ചിന്തിക്കണം,വേണോ വേണ്ടയോ!.ആകാശത്തിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റ് മതിലുകൾ മാത്രം സാക്ഷിയായി, എന്നെ നിര്‍ന്നിമേഷമായിട്ട് നോക്കിയിരിക്കുന്നു.രാവിലെ എത്തുന്ന പത്രം പോലും,പത്രക്കാരന്റെ മോട്ടോർ സൈക്കളിന്റെ ഒച്ചയിൽ മാത്രം നില്‍ക്കുന്നു.പത്രം എനിക്കു വായിക്കാനായി എടുത്തുതരാൻ ഇനി ഈ വീട്ടിലേക്ക് ആരെങ്കിലും കടന്നു വന്നാൽ മാത്രമെ നടക്കൂകയുള്ളു.എന്റെ അടുത്ത മേശയിൽ ഇരിക്കുന്ന ലാൻ ഫോണിന്റെ ‘ക്രീം ക്രീം ക്രീം‘ശബ്ദം, വീണ്ടും എന്റെ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കിയിരുന്നു.എന്തുണ്ട് വിശേഷം!സുഖമല്ലെ! ഡോക്ടറെ കണ്ടിരുന്നോ!!എന്ന കുശലാന്വേണങ്ങൾ ഒരു പരിധിവരെ എന്നെ ആരുടെയോക്കെയോ അനിയത്തിയും,സുഹൃത്തും,മകളും,മരുമകളുമാക്കി.
ഫോണിന്റെ അങ്ങത്തലക്കലെ ശബ്ദങ്ങൾ ദൂരെ ദൂരെ നിന്നും ഈ ലോകവുമായി എന്നെ ചേര്‍ത്തു നിര്‍ത്തി. ഈശ്വരൻ പുറങ്കാലുകൊണ്ട് എനിക്കിട്ട് ചെറിയ ഒരു മുട്ടുതന്നോ എന്നൊരു തോന്നൽ ഇടക്ക് മനസ്സിൽ വരാറുണ്ട് !!ഇല്ല,എല്ലാം നല്ലതിനല്ലെ!എല്ലാത്തരം സിനിമകളും,ദിനംപ്രതി കണ്ടുകൊണ്ടേയിരുന്നു, കഥാപാത്രങ്ങളുടെ ചിറകുകളിൽ ഞാൻ പറന്നു നടന്നു.എന്റെ മനസ്സിനെ പൂര്‍ണ്ണമായും പേടിച്ചറണ്ട ചിന്തകളിൽ നിന്നും,പാടെ മാറ്റിനിര്‍ത്താൻ ശ്രമിച്ചിരുന്നു.കഥാപാത്രങ്ങളുടെ സങ്കടങ്ങങ്ങളും,സന്തോഷവും, പരിഭവങ്ങളും,കൊഞ്ചലുകളും എന്റേതു മാത്രമായി.കഥാപാത്രങ്ങൾ എനിക്കു ചുറ്റമുള്ള കോണ്‍ക്രീറ്റ് മതിലുകളിലെ നക്ഷത്രങ്ങൾ ആയി മാറി.മാസങ്ങൾ എന്റെ കൂടെ, എന്നെ നോക്കി, എനിക്കായി ഓരൊരോ പുതിയ അനുഭവങ്ങൾ പങ്കുവെച്ചു. ഒന്ന് രണ്ട് മൂന്നു മാസങ്ങൾ…മനസ്സിന്റെ പേടിയും,എന്റെ അരക്ഷിതബോധവും തമ്മിൽ ഒത്തുകളിച്ചു.എങ്കിലും ഏതോ ലോകത്ത് ആരൊക്കയോ എനിക്കുവേണ്ടി ചൊല്ലിയ മന്ത്രങ്ങളും,സങ്കീര്‍ത്തനങ്ങളും,ഭഗവത്ഗീതയും ഈസ്വരന്റെ കാതുകളിൽ തന്നെ ചെന്നു പതിച്ചിരുന്നു.വിചാരിച്ചതിലും വേഗത്തിലും ചിരിച്ചു നടന്നകന്നു മാസങ്ങൾ ,7ആം മാസം എന്ന വലിയ കടംബ കടന്നു.ഒരു വലിയ രഥത്തില്‍ സഞ്ചരിക്കുന്ന രാജകുമാരിയുടെ ഗമയും ധൈര്യവും മനസ്സില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. ഇല്ല…. ഇനി എന്നെ എന്റെ കുഞ്ഞിൽ നിന്നു ആരും അകറ്റില്ല.അനേകം നിമിഷങ്ങളും, മണിക്കുറുകളും എന്റെ സ്മൃതിസുഷിരങ്ങളിലൂടെ കടന്നു പോയി.ഇതിനെല്ലാം ഇടയില്‍ മുടങ്ങാതെ എന്റെ അമ്മയുടെ നനുത്ത സ്വരം പേറി എത്തുന്ന ഫോണ്‍ വിളികൾ …..“മോളെ എങ്ങെനെയുണ്ട്?ഒന്നും പേടിക്കേണ്ട,സമയമാകുംബോൾ അമ്മ എത്തിക്കോളം.“കിളികൾ എത്തിനോക്കാത്ത,കാറ്റുകൾ വീശിയടിക്കാത്ത എന്റെ ജനാലയിൽ ആരോ കൊത്തിയെടുത്തു ഇട്ടതുപോലെ ,പ്രകാശത്തിന്റെ തുണ്ടുകൾ എന്നും പറന്നെത്തി.നന്മയുടെ ഈശ്വരന്മാർ എന്റെ നിലവിളികളും,പ്രാര്‍ത്ഥനകളും കേട്ടു എന്നു പൂണ്ണമായും മനസ്സിനു ബോധ്യമായിത്തുടങ്ങി.എന്റെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി എന്റെ കുഞ്ഞുവയറും വലുതായിക്കൊണ്ടേയിരുന്നു.

അന്ന് ആ മാസങ്ങളിൽ എനിക്കു കൂടായി എത്തിയതാണ് ,എന്റെ പ്രിയപ്പെട്ട ഡയറി.ഓരോ ദിവസത്തെയും ദിനചര്യകളും,വേദനകളും മനസ്സിന്റെ വിങ്ങലുകൾ ഞാൻ ഒരു പുസ്തകത്തിൽ കുറിച്ചുതുടങ്ങി.കൂടെ ഒരു ഉപഹാരമായി കിട്ടിയ ‘യുവർ ബേബി ആന്റ് യു“,മാസങ്ങളും ദിവസങ്ങളും ആ ബുക്കിലൂടെ എന്റെ കൂട്ടുകാരായി. ഓരൊ മാസത്തെ വിവരങ്ങളും,ശാരീരികമാറ്റങ്ങളുമടക്കം,നമ്മുടെ സ്വന്തം വീവരങ്ങളും രേഖപ്പെടുത്താൻ അതു വളരെ സഹായിച്ചു.മലയാളഭാഷയേക്കാളേറെ അന്നു ആഗലേയഭാഷയായിരുന്നു കൂട്ടുകാർ.അവ എന്റെ ചിരിയിലും സന്തോഷത്തിലും പങ്കുചേര്‍ന്നു.സാഹിത്യം എന്നത് എനിക്കു കേട്ടുകേഴ്വിമാത്രം ആയിരുന്ന നാളുകൾ.ഡാഡിയുടെ സഹോദരി ആരോ ഒരാൾ ,ഇന്നു ജീവിച്ചിരിപ്പില്ലാത്ത എന്റെ പിതൃസഹോദരിയുടെ പുസ്തകങ്ങളും,എഴുത്തും മറ്റും കഥകളായി ഓര്‍മ്മയിൽ ഓടിയെത്തി.സാഹിത്യത്തിന്റെ തുംബികൾ അന്നു മുതൽ മനസ്സിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി,പിന്നെ ഇന്നിതുവരെ അവയെന്നെ വിട്ടുപിരിഞ്ഞിട്ടില്ല എന്നു തന്നെപറയാം.മനസ്സിൽ നിറയുന്ന സ്വപ്നങ്ങളും,വികാരങ്ങളും,സങ്കടങ്ങളും പരിഭവങ്ങളും ഞാനെന്റെ മനസ്സിന്റെ തൂലികയിലൂടെ കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു.ഇടക്കുള്ള ഈ കുത്തിക്കുറിക്കലുകൾ ദിനചര്യയായി, പിന്നീടവ,ഒരു സര്‍ഗ്ഗ വാസനയെക്കാളേറെ ശക്തിയേറി,മനസ്സിൽ തണുത്ത മഴമേഘങ്ങളായി ആര്‍ത്തു പെയ്തുതുടങ്ങി.വീണ്ടും മാസങ്ങൾ നീങ്ങി.എന്റെ കുഞ്ഞിന്റെ തുടിപ്പുകളുടെ ശക്തി ദിനം പ്രതി കൂടിക്കൂടിവന്നു. കുഞ്ഞുകാലിന്റെ ചവിട്ടും,തലയുടെ വലിയ മുഴുപ്പുകളും മനസ്സിലായിത്തുടങ്ങി.ആഹാരം വെച്ചുതരാനായി എനിക്ക് ഭര്‍ത്താവിന്റെ സൈറ്റില്‍ നിന്നും എത്തിയ തങ്കച്ചന്‍ ,അന്ന് എന്നെക്കാളും വലിയ ,പാചകക്കാരനായി മാറി. കഞ്ഞി വെന്തുവരാനെടുക്കുന്ന,ആ ഒരു മണിക്കൂറും ഈ 8ആം മാസത്തിലും ഞാൻ ഓക്കാനിച്ചുതന്നെ സമയം തള്ളി നീക്കി.സ്വന്തം ഒരു കുഞ്ഞില്ലാത്ത തങ്കച്ചൻ,പല ഡോകടര്‍മാരെയും,വന്ധീകരണചിത്സക്കു വേണ്ടി സ്വയം കണ്ടതിന്റെ ഭാഗമായിക്കിട്ടിയ സകലവിധ അറിവുകളും എന്നെ പഠിപ്പിച്ചു. തങ്കച്ചൻ ഉണ്ടാക്കുന്ന അവിയലും,മോരുകറിയും,മീന്‍ കറിയും ചോറും ഞാൻ കൊതിയേടെ തിന്നുമായിരുന്നു.ഒരു പന്തളം നാട്ടിന്‍പുറത്തുകാരന്റെ സകല സന്മാര്‍ഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന തങ്കച്ചനെ,എന്റെ 8ആം മാസത്തിൽ വല്ലാതെ സങ്കടപ്പെടുത്തേണ്ടി വന്നു.ദിവസങ്ങളൾ മാത്രം ബാക്കി പ്രസവത്തിനുണ്ടായിരുന്ന എനിക്ക്, കിടക്കാനും,എഴുനേല്‍ക്കാനും പരസഹായം ആവശ്യമായി വന്ന സമയം.ഇന്‍ഡ്യൻ എംബസ്സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി,അറബികൾ ഉപേക്ഷിക്കുന്ന വീട്ടുജോലിക്കാരായ ഇന്‍ഡ്യാക്കരെ അവരുടെ എഴുത്തുകുത്തുകൾ തീരുന്ന സമയംവരെ ചില്ലറക്കാശിനു ജോലിക്കായി ഇന്‍ഡ്യനൻ കുടുംബങ്ങളിൾ അയക്കുന്നു.അതുവഴി എന്റെ വീട്ടിലും ഒരു ലീല വന്നു.കണ്ണാടിവസ്ത്രം പോലെ ഒരു ഉടുപ്പും,കാലിൽ ഒരു ചെരുപ്പുപോലും ഇല്ലാത്ത ഒരു മുഴുപ്പട്ടിണിക്കാരി സോമാലി ഛായയുള്ള തമിഴത്തി ലീല.വന്നു കയറിയ ഉടൻ തന്നെ തമിഴ് ചുവയിലെ ‘വണക്കം മാഡം‘എല്ലാം തന്നെ എനിക്കിത്തിരി സമാധാനം തന്നു,മുന്നോട്ടുള്ള ദിവസങ്ങളിലും,എണ്ണതേച്ചുകുളിയും,കഴിക്കാൻ സാദവും സാംബാറും എന്നു വേണ്ട,ഞാനാകെ ഒന്നു കൊഴുത്തുരുണ്ടു എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി.ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ,ക്രിസ്തുമസ്സും, പുതുവത്സരവും വര്‍ണ്ണങ്ങൾ വാരിവിതറി കടന്നുപോയി.ഇനിയുള്ള ദിവസങ്ങൾ വളരെ സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പോടെ ഡോക്ടറുടെ അവസാനത്തെ അപ്പൊയിന്മെന്റും കടന്നുപോയി.ദൈവത്തോട് അനുവാദം ചോദിച്ച് ദിവസങ്ങൾ എണ്ണി എണ്ണി ഇരിക്കയാണ് എല്ലാവരും.ആദ്യത്തെ വേദനക്കു തന്നെ ഹോസ്പിറ്റൽ എമര്‍ജെന്‍സിയിൽ എത്തണം എന്ന മുന്നറിയിപ്പ് ഡോക്ടറും തന്നു.

ജനുവരി മാസവും പുതുവര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിൽ കടന്നുവന്നു.ജനാലയിൽ നിന്നുള്ള കാഴ്ചകളിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി…പൊടിപടങ്ങൾ മഴയിൽ നനഞ്ഞടങ്ങി. കാറ്റിന്റെ കാലുകളിൾ ആരോ നൂപുരങ്ങൾ അണിയിച്ചു,എന്റെ മനസ്സിന്റെ പ്രതീക്ഷകൾ പീലിവിടര്‍ത്തിയാടി. ദിവസങ്ങൾ നീങ്ങുന്നില്ല എന്നൊരു തോന്നൽ മനസ്സിൽ നിഴൽ പോലെ നടന്നെത്തി.ആകാംഷനിറഞ്ഞ ദിവസങ്ങൾ …… അങ്ങനെ ഒരു ദിവസം,ഒരുച്ചനേരം,എന്റെ പ്രതീക്ഷകളിൽ നീര്‍ജലധാരയായി ശരീരത്തിൽ നിന്ന് ഒഴുകിയിറങ്ങി.നേരത്തേ
തയ്യാറാക്കി വെച്ചിരുന്ന ബാഗും മറ്റും എടുത്തു തയ്യാറായ ലീല,എന്നെ താങ്ങിപ്പിടിച്ച് കാറിന്റെ അടുത്തുവരെ എത്തിച്ചു.അടിവറ്റിൽ നീന്നും നീര്‍ക്കുമിളകൾ ഊളിയിട്ടിറങ്ങുന്നതു പോലെ വീട്ടുവിട്ടുള്ള വേദനയുടെ ചെറിയ മുള്‍മുനകൾ ശരീരത്തിൽ വന്നു തറച്ചുകൊണ്ടേയിരുന്നു.ഹോസ്പിറ്റl എമര്‍ജന്‍സിയുടെ വാതിൽ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഈ ലോകത്തൊടും,കൂടെയുള്ള ആള്‍കാരോടും ഉള്ള സകല ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്നു.ഇന്നു രാത്രി എന്റെടുത്തേക്കെത്താനായി വിമാനത്തിൽ കയറുന്ന എന്റെ അമ്മ, ആ ഒരു സമാധാനത്തിൽ ആയിരുന്നു എന്റെ മനസ്സ്.സകല സന്നാഹങ്ങളോടും കൂടി സജ്ജമാക്കിയ പ്രസവമുറിയിൽ ഞാനു എന്റെ കൂടെയുള്ള ഡ്യൂട്ടി നേഴ്സും.പ്രസവത്തിനായുള്ള ഗൌണും മറ്റും ഇട്ട് എന്റെ കുഞ്ഞിന്റെ ഹൃദമിടിപ്പും മോണിറ്ററിലേക്കും കണക്റ്റ് ചെയ്തു.ഇടക്കു വന്നു പോകുന്ന എന്റെ ഡോക്ടർ ,’ലോങ്ങ് വെയിറ്റിംഗ് റ്റൈം“ എന്ന് പറഞ്ഞു നടന്നകന്നു. വിട്ടു വിട്ടു വരുന്ന വേദനയുടെ ഇടവേള കുറഞ്ഞു കുറഞ്ഞു വന്നു. എന്റെ കൂടെ മനോരമ വീക്കിലി വായനയിൽ മുഴുകിയിരുന്ന മലയാളി നേഴ്സ് പതുക്കെ എഴുനേറ്റ് അലമാരിയിൽ നിന്ന്, പലതരം റ്റിഷ്യൂ,ടര്‍ക്കി റ്റവ്വലുകളും, ക്രീമുകളും,മരുന്നുകളും,ഗളൌസുകളും എല്ലാം എടുത്തു തയ്യാറക്കി. എന്റെ വയറിന്റെ ഭാഗത്തേക്ക് അവരുടെ കസേര കുറച്ചുകൂടി അടുത്തെക്ക് വലിച്ചിട്ടിരുന്നു. ഇന്റെർ കോമിലൂടെ മറ്റാരെയോ അവർ വിളിച്ചു വരുത്തി.
ഇടക്കു വീട്ടു വിട്ടു വരുന്ന വേദക്ക്, എങ്ങനെ മാറി മാറി ശ്വാസം വലിക്കണമെന്ന്‍ അവർ കാണിച്ചു തന്ന പ്രകാരം ഞാൻ ശാശോഛ്വാസം ചെയ്തു കൊണ്ടേയിരുന്നു.സഹീക്കാൻ മേലാത്ത വേദനയിലേക്കു നടന്നടുക്കുന്ന എന്നെ ഇടക്ക് ഒന്നു തലോടി എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പും തുടച്ചുകൊണ്ട് എന്നോടവർ കൂടുതൽ അടുത്തു നിന്നു.” ആരുണ്ട് പുറത്ത്…. എന്ന അവരുടെ ചോദ്യത്തിനു മറുപടി ഞാൻ പറഞ്ഞു എന്നു തോന്നുന്നു… എന്റെ ചേട്ടത്തി,എന്നോ മറ്റൊ! എന്റെ കാലുകൾ രണ്ടും കയറ്റി മുട്ടുമടക്കി ഒരു വടിത്താങ്ങിൽ നിര്‍ത്തുന്നതു
പോലെ അവരെന്നെ കിടത്തി. “ഇനി അധികം സമയം,എടുക്കില്ല“നേഴ്സുമാരുടെ അടക്കം പറച്ചിൽ എന്റെ കാതിലും പറന്നെത്തി.വീണ്ടും അവർ ഇന്റെർ കോമിലൂടെ എന്റെ ഡോക്ടറെ വീളിച്ചു.ഡോകടർ വന്നയുടനെ മാസ്കും,ഗൌണും ഒക്കെയിടുക്കുന്നതിനിടയിൽ …..മിസറി നാട്ടില്‍ നിന്നെത്തിയ അവർ എന്നെ നോക്കി ഒന്നു ചിരിച്ചോ എന്നെനിക്കും തോന്നതിരുന്നില്ലെ.
അതേസമയം, സുഗമമായ ഒരു പേറ്റുനോവിന്റെ സമയമായി എന്നു മനസ്സിലാവുന്നതിനു മുന്നെ ചോദ്യം എത്തി…., ലെറ്റ്സ് സ്റ്റാര്‍ട്ട് സബനാ? ഒന്നും മനസ്സിലയില്ലെങ്കിലും ഞാനും അവരും ഒരു കയ്യകലത്തിന്റെ വ്യത്യസത്തിൽ എത്തിയപ്പോൾ എന്റെ സമയവും ആകാംഷയും അവസാനിക്കാറയി എന്നെനിക്കും മനസ്സിലായി.അവരുടെ പകുതി അറബിച്ചുവയുള്ള ഇംഗ്ഷീഷില്‍ പറയുന്ന “ബുഷ് ബുഷ‘ എന്നത്…… എന്താണെന്നു മനസ്സിലായത്,മലയാളി നേഴ്സിന്റെ ഒരു വളിച്ച ചിരിയിൽ നീന്ന്… എന്റെ സകശക്തിയും എടുത്ത് കുഞ്ഞിനെയും പ്ലാസന്റെ പുറത്തേക്ക തള്ളാനാണ് പാറഞ്ഞത് എന്ന് മനസ്സിലായത്. അടുത്ത മണിക്കൂറുകൾ എന്റെ ആകാംഷ പൂര്‍വ്വാധികംവര്‍ദ്ധിപ്പിച്ചതല്ലാതെ,എന്താണ് എന്റെ ശരീരത്തിനു സംഭവിക്കുന്നതെന്നോ,ഞാൻ സഹിക്കുന്ന വേദനയോ,ഒന്നും തന്നെ അറിഞ്ഞില്ല.എന്റെ പ്രതീക്ഷയും, അക്ഷമയായി ഞാൻ ജീവിച്ച് ഈ 9 മാസക്കാലം,ഒരു ഉത്തേജനമരുന്നിന്റെ നീര്‍ക്കയത്തിലെന്നതുപോലെ എന്റെ മനസ്സു പിടഞ്ഞു.അങ്ങനെ ഏതോ നിമിഷത്തിൽ അവരുടെയെല്ലാം പ്രലോഭനങ്ങളും,എന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ വിയര്‍പ്പു നീരുകളെ തുടച്ചു മാറ്റുന്ന് സിസ്റ്ററിന്റെ കയ്കൾ ഞാൻ മാന്തിക്കീറി…. ‘അയ്യോ‘ എന്ന എന്റെ നിലവിളിയിൽ,അവരുടെ വേദനയും തിരിച്ചറിഞ്ഞു.അങ്ങനെ ശരീരത്തെ കീറിമുറിക്കുന്ന വേദനയുടെ മാറ്റൊലികൾ അനേകം കടന്നു പോയി.ഏതോ നൈമിഷികതക്കു ശേഷം ആ സുന്ദാരമായ കരച്ചിൽ എന്റെ കാതിലും എത്തി….. മ്മേ മ്മേ മ്മേ. ഒരു വെള്ളക്കീറ തുണിയിൽ പോതിഞ്ഞെടുത്തെ ആ പഞ്ഞിക്കെട്ടിനെ ഞാൻ കാണുന്നതിനു മുന്‍പേ അവർ കോരിയെടുത്തു. ഒന്നെന്നെ കാണിച്ചിട്ട് കൊണ്ടുപോകൂ…. എന്റെ ചോരയും,മജ്ജയും ചേര്‍ത്തു പൊതിഞ്ഞ കെട്ടിൽ നീന്നും ആ ചുവന്നു തുടത്ത മുഖവും ശരീരവും ഞാൻ എന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. …. എന്റെ മാത്രം കുഞ്ഞ് ,എന്റെ ചോര ,ഞാൻ ജീവിൻ കൊടുത്ത എന്റെ ശരീരത്തിന്റെ ഭാഗം.
ഇവള്‍ക്കായി ഞാൻ കാത്തിരുന്ന മാസങ്ങൾ ,ദിവസങ്ങൾ,മണിക്കൂറുകൾ,നിമിഷങ്ങൾ.സന്തോഷത്തിന്റെ ആ വലിയ ആഘാതത്തിൽ എന്റെ ശരീരത്തിൽ ഡോക്ടർ നടത്തിയ കുത്തിക്കെട്ടുകളും വേദനകളും , തുടച്ചു വൃത്തിയാക്കലുകളും ഒന്നു തന്നെ ഞാൻ അറിഞ്ഞില്ല. ഒകെ സബ്ന…..യു ഹാവ് സച്ച് ആൻ ഐഞ്ചൽ ഫോർ എ ഡോട്ടർ ,വുഡ് യു ഗിവ് ഹെർ റ്റു മീ?? ഷീ ഡസ് നോട്ട് ലൂക്ക് ലൈക്ക് ആൻ ഇന്‍ഡ്യൻ !! ഒരു വലിയ ജയം, എന്തോ പിടിച്ചടക്കിയ സന്തോഷം,എന്റെ മനസ്സില്‍ തിരതല്ലി.എല്ലം കഴിഞ്ഞ് തുടച്ചു മിനുക്കി എന്നെ
വാര്‍ഡിന്റെ ഐ സി യു വിലേക്കു മാറ്റി.
ഷീണം കാരണമോ ,സന്തോഷത്തിമിർപ്പിൽ മനസ്സിന്റെ സമനില തീര്‍ത്തും ഇല്ലാതെയായതിന്റെയോ ഭാഗമായി ഞാൻ എപ്പോഴോ ഉറങ്ങിയത് അറിഞ്ഞില്ല.അര്‍ദ്ധബൊധാവസ്ഥയിൽ എന്നെ വാര്‍ഡിലേക്ക് മാറ്റുന്നതും,ചിര പരിചിതമാ‍യ എന്റെ ചേട്ടത്തിയുടെയും ഭര്‍ത്താവിന്റെയും,രണ്ടു മുഖങ്ങളിൽ കോറിഡോറിന്റെ ലൈറ്റില്‍ ഞാൻ കണ്ടിരുന്നു‘ബോധം തെളിഞ്ഞിട്ടില്ല..ഉറങ്ങട്ടെ എന്നു മാത്രം കേട്ടു‘എന്റെ അബോധ മനസ്സ്. വീണ്ടും കണ്ണുതുറന്നപ്പോൾ ഒരു പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ്,‘കുഞ്ഞിനു പാലു കൊടുക്കാൻ സമയമായി ‘ എന്നു പറഞ്ഞു നേഴ്സ് കയ്യിയുടെ ഇടത്തുവശം ചേര്‍ത്തു, കുഞ്ഞിനെ എന്തെ കായ്യിൽ വച്ചുതന്നു. ഈ ലോകം പിടിച്ചടക്കിയ ചക്രവര്‍ത്തിനിയുടെ ഗമയിൽ ഞാൻ എല്ലാ ചാരിതാര്‍ത്ഥ്യത്തിലും കുളിരുകോരി നിന്നു. പെട്ടെന്നെല്ലാം പാടപോലെ മറഞ്ഞു…ഒരു പുകമറപോലെ എല്ലാം അവ്യക്തമായി…കണ്ണുനീർ ഇറ്റുവീഴുകയാണെന്നു പിന്നീടു മനസ്സിലായി.
ഇന്ന് എന്റെപ്പത്തിനൊപ്പം അല്ലെങ്കിൽ ഇന്നെക്കാൾ കൂടുതൽ ആൾവലുപ്പത്തിലവൾ എന്നെ കരുതി,ഓരൊ കാല്‍ച്ചുവട്ടിലും എന്റെ പ്രതിരൂപമായി എന്റെ അന്നക്കുട്ടി,അമ്മെ….സൂക്ഷിച്ചു നടക്ക്.”…..എന്നു ചോദിച്ചും പറഞ്ഞും നടക്കുംബോൾ ,എന്നുവരും?എന്നെനിക്കീ മുഖം കാണാം?എന്ന പ്രതീക്ഷയുമായി ഞാൻ ജീവിച്ച 9 മാസങ്ങൾ ,തുംബികളായി പാറിപ്പറന്നു. ദൈവമേ ..എന്നു ഞാന്‍ വിളിച്ചു കരഞ്ഞ 9 മാസങ്ങൾ….ദൈവത്തിനു കേട്ടു കേട്ടു മടുത്തുകാണുമായിരിക്കാം.ഇതുവരെ ആവശ്യങ്ങൾക്കും അല്ലാതെയും നിലവിളിച്ച വിളികൾ, അന്ന് അനഗളമായി പ്രവഹിച്ചാ നാളുകൾ! ദൈവത്തിന്റെ ചൈതന്യമായി ഇന്നും ജീവിതത്തിൽ ഉടനീളം അവൾ എന്റെ മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.പിന്നെ എനിക്കെന്തിനീ ലോകത്തിന്റെ സ്നേഹം?

http://gulf.manoramaonline.com/columns/akkare-ikkare/2017/10/04/garbhiniyude-nostalgia-akkare-ikkare-column.html