കെ.സി.വര്‍ഗീസ് എന്ന വ്യക്തിയെ ഒരു പേജിലോ,ഒരു വ്യക്തിത്വവിവരണത്തിലോ, ഒതുക്കി നിര്‍ത്താന്‍ കഴിയില്ല.ഇന്ന് അദ്ദേഹം,വെറും ഓര്‍മ്മമാത്രമാണ്,എന്നിരുന്നാലും,എന്റെ കുറച്ചുവാക്കുകള്‍ ,ഒരു തുള്ളി കണ്ണുനീരും ചേര്‍ത്ത് ഇവിടെ സമര്‍പ്പിക്കുന്നു.
ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ളൊരു മനുഷ്യനോട് ഇത്രബഹുമാനം തോന്നേണ്ട ആവശ്യകതയുണ്ടോ, എന്നു തോന്നിയേക്കാം!!. ഉണ്ട്‍, അതായിരുന്നു കെ.സി എന്നു വിളിച്ചിരുന്ന കെ.സി.വര്‍ ഗ്ഗീസ്.കര്‍മ്മത്തില്‍ മനുഷ്യത്വവും,പ്രവര്‍ത്തിയില്‍ സത്യവും കൈമുതലാക്കിയ മനുഷ്യന്‍.സാമൂഹ്യ പ്രവര്‍ത്തകന്‍,ജനസമ്മതന്‍, പത്രപ്രവര്‍ത്തകന്‍,നേതൃത്വസ്ഥാനങ്ങളിലുള്ള സാമര്‍ത്ഥ്യം, സംവാദങ്ങളില്‍ പ്രതിപക്ഷ ബഹുമാനത്തോടെയുള്ള‍ തനതായ ശൈലി,എന്നിവ അദ്ദേഹത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കിയിരുന്നു. ഇതെല്ലാം എന്റെ കേട്ടറിവുകള്‍ മാത്രമാണ്,പക്ഷേ, എല്ലാം പച്ചയായ ഒരു സത്യമാണെന്ന്, അദ്ദേഹത്തിനെ, അവസാനമായി കണ്ടപ്പോഴാണ് മനസ്സിലായത്, പക്ഷേ, അന്നദ്ദേഹം സന്ത്വനവാക്കുകള്‍ പകരാനുള്ള ഒരു ചുറ്റുപാടിലല്ലായിരുന്നു.പങ്കെടുക്കുന്ന ചര്‍‍ച്ചകളിലൊക്കെ, പ്രവാസികളെയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും,ഏതെങ്കിലും വിധത്തില്‍ പരിഹരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.എല്ലാ മനുഷ്യരാലും ബഹുമാനിക്കപ്പെട്ടിരുന്ന അദ്ദെഹത്തെപ്പറ്റി നല്ലതു മാത്രമേ,ആര്‍ക്കും തന്നെ പറയാന്‍ ഉണ്ടാകാറായുള്ളു.
പത്രപ്രവര്‍ത്തനം കലശലായി,തലക്കുപിടിച്ചു കഴിഞ്ഞപ്പോള്‍,ആരെ കണ്ടാല്‍,ഒരു ‘റെക്കമെന്റേഷന്‍’കിട്ടുംമെന്ന അന്വേഷണം എന്നെകൊണ്ടെത്തിച്ചത് ,കെ.സി.വര്‍ ഗ്ഗീസിന്റെ മൊബൈല്‍ നംമ്പരില്‍.ഖത്തറിലെ ഇന്‍ഡ്യന്‍‍ സെന്ററില്‍ ,നിങ്ങളെഴുതിയ ലേഖങ്ങളുമായി 3 മണിക്കെത്തുക. കൃത്യസമയത്തെത്തിയ, എന്റെ കാവ്യചരിതങ്ങളടങ്ങിയ ഫയല്‍ ഒന്നു ഓടിച്ചു വായിച്ചു. ‘രണ്ടു ദിവസത്തിനകം ,വേണ്ടതുചെയ്യാം, അതിനു മുന്‍പ് ഞാന്‍ ഇതൊന്നു വായിക്കട്ടെ‘ ഇത്രമാത്രം. പിന്നെ അല്‍പ്പം കുശലം, വീട്ടുവിശേഷങ്ങള്‍,കുറേ നല്ല വാക്കുകളും പറഞ്ഞ്, നാളത്തെ നല്ല പ്രതീക്ഷകളുമായി അന്നു ഞാന്‍,പിരിഞ്ഞു.
വിഫലശ്രമത്തിന്റെ അന്തരഫലം പോലെ ,പത്രപ്രവര്‍ത്തനം എന്നതിനു‍ ,എളുപ്പവഴി ഒന്നുമില്ല, ശുപാര്‍ശകളൊന്നും തന്നെ‍‍ ഇവിടെ വിലപ്പോകില്ല,എന്ന സത്യം ഞാന്‍ വേദനയോടെ മന‍സ്സിലാക്കിയ ദിവസം. സ്വന്തം കഴിവിന്റെ പരമാവധി ഉപയോഗിച്ചാലും,എന്തോ ,ഏതോ ഒന്ന്, ഇല്ലാത്തതുപോലെ! വാക്കുകള്‍ക്കും ഭാഷയുടെ ഘടനക്കും അതീതമായ എന്തൊ ,എന്റെ വാക്കുകളിന്‍ ഇനിയും വരാനുണ്ടായിരിക്കാം.എന്റെ സൃഷ്ടികളുടെ കെട്ടുകളുമായി,വെള്ളക്കാരന്‍ പത്രാധിപരുടെ മുന്നില്‍ കെ.സി.വി,യുടെ‘റെക്കമെന്റേഷന്റെ’ ബലത്തില്‍ ഞാനെന്ന ‘അനാവശ്യപത്രക്കാരി’എത്തി, പറഞ്ഞസമയത്തു തന്നെ.പക്ഷെ വെള്ളക്കാരന്‍ ,രാജാവായി, വാഴുന്ന ഈ രാജ്യത്ത്, ജോലിചെയ്യാന്‍ ,നമ്മള്‍ വേണം,‘ഇന്‍ഡ്യാക്കാര്‍‘ തന്നെ വേണം,‘ആദാ ഹിന്ദി’, കസേരകളില്‍ മലര്‍ന്നിരിക്കാന്‍, സായിപ്പും.‘have a seat’, അലക്ഷ്യമായ ക്ഷണം.“എല്ലാ എഴുത്തുകാര്‍ക്കും,ആധുനികസംവിധാനങ്ങളുടെ സഹായത്തോടെ ‘internet’ല്‍ നിന്നു കോപ്പിയടിക്കാന്‍ പറ്റുന്ന ഇന്നത്തെക്കാലത്ത്, ആരുടെയും കൃതികള്‍ , മുഴുവനായും അങ്ങോട്ടു വിശ്വസിക്കാന്‍ പറ്റില്ല“,അദ്ദേഹത്തിന്റെ ആദ്യത്തെ കമന്റ്.പിന്നെ ആകെ ഒരു ഇഷ്ടക്കേട്,എല്ലാം തലകുലുക്കി സമ്മതിച്ചിട്ട്,ഞാന്‍ അവിടെനിന്നും ഇറങ്ങി.
ദേഹമാസകലം, ദേഷ്യം കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ, ഇവിടുത്തെ ‘നെടുനീളന്‍ വഴിയിലൂടെ കുറെ കറങ്ങി.തിരികെ വീട്ടില്‍ എത്തുന്നതിനു മുന്‍പ് വിവരം അറിയാന്‍, ‘റെക്കമെന്റ്’ ചെയ്തയാളിന്റെ വിളിയും എത്തി. സത്യസന്ധമായിത്തന്നെ ഉത്തരം പറഞ്ഞു. “ഞാന്‍ ഇനി മേലാല്‍ പത്രപ്രവര്‍ത്തകയാകാന്‍ ശ്രമിക്കില്ല,താങ്കളെ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കുമല്ലോ!“ അവിടെനിന്നുടന്‍ ചോദ്യം? “എന്തു പറ്റിയെന്നു പറയൂ!“ ആശ്വാസകരമായ ഒരു നിര്‍ബന്ധിക്കല്‍!.സത്യാവസ്ഥയും, എന്റെ മുമ്പോട്ടുള്ള നിലപാടും പറഞ്ഞു.“അതിന്റെ ആവശ്യമൊന്നും ഇല്ല! ഞാനയാളോടൊന്നു സംസാരിക്കട്ടെ,ഇത്ര കടന്ന തീരുമാനങ്ങള്‍ ഒന്നും വേണ്ട“,ഒരു വിവേകമുള്ള ആശ്വാസ വാക്കുകള്‍. അവിടെ അവസാനിച്ചു 2000ല്‍ ‍എന്റെ ഖത്തറിലെ പത്രപ്രവര്‍ത്തനം,താല്‍ക്കാലികമായി കാണേണ്ടി വന്ന,അദ്ദേഹവുമായുള്ള എന്റെ പരിചയവും.ഈ അനുഭവങ്ങള്‍ ഇന്നും മനസ്സു നിറഞ്ഞു നില്‍ക്കുന്നു.