ക്രീം …ക്രീം…ക്രീം……
അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം… തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്,കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാന്‍ എന്ന ഭാവത്തില്‍ , സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. അലാറം ….ദാ തെറിച്ചു താഴേ…. മിണ്ടാപ്രാണിക്കെന്തറിയാം…. പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ വീണ്ടും 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങള്‍ ആരെയൊക്കെയോ പഴി പറഞ്ഞുണരുന്നു.വീണ്ടും തലയിണയില്‍ ‍,തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോവില്‍ സെറ്റു ചെയ്ത അലാറം.എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുഴൂര്‍ വിത്സന്റെ സ്വരം.നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനായി ശ്രദ്ധിക്കുക…. പല്ലുതേക്കാനായി… ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി……..
ഇഷ്ടം എനിക്കിഷ്ടം,
ആരോടും തോന്നാത്തൊരിഷ്ടം,
ആദ്യമായ്ത്തോന്നിയൊരിഷ്ടം…………………….
എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന…..അടുത്ത ചരണങ്ങള്‍ വീണ്ടും…. “ഇഷ്ടം എനിക്കിഷ്ടം” വേണ്ട ഒന്നും ഓര്‍ക്കെണ്ട…… ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. ഒന്നും ഓര്‍ക്കെണ്ട. സ്വയം ആശ്വസിപ്പിച്ചു……… മനസ്സിനോടു പറഞ്ഞു….. വേണ്ടടാ… എന്തിനാ? നീ ഒരു അശുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള…മനസ്സിനെ അടക്കി.സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാന്‍ സാമി‘ അടിച്ചു പൊളിക്കുന്നു….. തേരി ഹോട്ടൊക്കൊ ചൂമുക്കെ”. എന്റെ ജീവിതം .വീണ്ടും വീണ്ടും, ഈ പാട്ടു കേള്‍പ്പിച്ചു നശിപ്പിക്കും,എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാര്‍ ????
വീടു പൂട്ടി താഴേക്ക്,ഇതിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ‍ ചേച്ചിയുടെ പഞ്ചാര…”തുസി കീഹോ? . എന്റെ ഇളിച്ച മറുപടി” ചങ്കാ ജീ പര്‍മീന്ദര്‍ ജീ”! 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക് സായിദ് റോഡിലൂടെ വീട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്‍ക്കാര്‍ ഇറങ്ങീത്തിരിച്ചിരിക്കയാണേന്നു തോന്നുന്നു,‘പ്രേമം…….മണ്ണാങ്കട്ട‘. ഹിന്ദി ആലാപനങ്ങള്‍ തീരാറായപ്പോ ഓഫീസില്‍ എത്തി.ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു വീണ്ടും ലിഫ്റ്റ് വഴി 9ആം നിലയിലേക്ക്…. ഓഫീസിന്റെ ഇടനാഴിയില്‍ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും,ചിലര്‍ ‍…. വരുന്ന വഴി,ചിലര്‍ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്ക്കരികളായ,സായിപ്പിന്റെ ഇളം തളമുറക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാര്‍ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങള്‍ സാന്‍വിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്.
എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി. കംപ്യൂട്ടര്‍ തുറന്നു, ഇന്നത്തെ വിശേഷങ്ങള്‍ ,ഈമെയില്‍ എന്ന സന്ദേശവാഹകനെ ഒന്നു പരതി….. കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സില്‍ നിന്നു…. പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകള്‍ . വീട്ടില്‍നിന്നും, ഒന്നും തന്നെയില്ല.. ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടര്‍ എന്ന സന്ദേശവാഹകന്റെ പൊടിപോലും ഇല്ല. ഗര്‍ഫ് ആകെമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ “ഫോര്‍വേഡഡ്“ സന്ദേശങ്ങള്‍ . ആര്‍ക്കും , ഒരു രണ്ടു വരി കുശ്ശലം എഴുതാന്‍ നേരമില്ല. ആങ്ഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തില്‍ , എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും. സിബുവും,ഏവൂരാനും,രാജും കൂട്ടരും, മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവലക്കരിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. “Hello dear how are you? കേട്ടു കേട്ടു മടുത്തതാണ്…. അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കില്‍ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു…. ആങലേയഭാഷ കൊണ്ടുള്ള മലയാളം…. മംഗ്ലീഷ്….. innu ennaa undaakki? chooru vechcho? achchaayanu sukamaanoo? ജീമെയില്‍ ചാറ്റ് ചെയ്തു മടുത്തപ്പോ……. സിബുവിനും ആന്റണിക്കും, മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്… എങ്കില്‍ പോലും ഒരു വരി കത്തെഴുതാന്‍ ഒരു ബന്ധുക്കള്‍ക്കും തോന്നാറില്ല.
ഫലുകളുടെ കൂമ്പാരത്തിലേക്ക് ഞാന്‍ മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകള്‍ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. “ഇഞ്ചിനീരുകള്‍ ‍“ വന്നിട്ട് ഒരു വട്ടം, നിര്‍ത്തതാണ്‍ണ്ടവം ആടിയതതാണ്???? ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ,ചെറിയ വിലവ്യത്ത്യാസത്തിനു, ആ വലിയ പണി മറ്റൊരു കംമ്പനിക്ക് പോയതിന്.!!!!! ഉച്ചയായി…… വീണ്ടും ഖാദറിക്കായുടെ ചൂടുചോറും , വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും. ചിലപ്പോതോന്നും, ഖാദറിക്കായുടെ ഉമ്മാ ജീവിതത്തില്‍ കോഴിബിരിയാണിയുടെ സ്ഥാനത്ത് , നല്ല കാച്ചി മോരും കൊഞ്ച് ഉലര്‍ത്തിയതും,ഒരു പയറുതോരനു വെക്കാന്‍ , ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന്????. വേണ്ട……….. ഇതു തന്നെ കിട്ടൂന്നതു കൊണ്ടാണ് “ഫുഡ് അലവെന്‍സ്” എന്നു പറഞ്ഞു കിട്ടുന്നതില്‍ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാന്‍ പറ്റുന്നത്. ഇതു തന്നെ മതി,ധാരാളം. “ഇത്തിരിക്കൂടെ സാമ്പാര്‍ ഒഴിക്കെട്ടെ പുള്ളെ” എന്ന ഖാദറിക്കയുടെ ചോദ്യത്തിന് തലകുലുക്കി, പുഞ്ചിരിയോടെ!!! ഒരു സിഗററ്റിന്റെ പുകയില്‍ ധന്യനായി ഞാന്‍, വീണ്ടും ലിഫ്റ്റിലേക്ക്…….
വിരഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടവേളകള്‍, എന്നെ “ചാറ്റ്“ എന്ന മാസ്മരവലയത്തിലേക്ക് ഒഴുക്കി. ഇഷ്ടം!!!….അത് ആര്‍ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയല്ല … ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും. ബാങ്കുബാലന്‍സുകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം, പക്ഷെ മനസ്സിന്റെ ധനം ചോര്‍ന്നു,ചോര്‍ന്ന്, ഒന്നുമില്ലാതെ, ഓട്ടത്തോണിയായി മാറുന്നു. ഏകാന്തതക്ക് , പരിചയമില്ലാത്തവര്‍ എങ്ങിനെ സഹായമാകും,എന്നൊന്നും ചിന്തിച്ച് വലയാന്‍ മനസ്സിനെ അനുവദിച്ചില്ല. എന്റെ കൂട്ടുകാരി,പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു,മനസ്സും ശരീരവും, വര്‍ഷങ്ങളായി. ചിലര്‍ക്ക് ഏകാന്തത വലിയ ഇഷ്ടമാകും,എന്നാല്‍ ,ഒന്നു മനസ്സറിഞ്ഞ് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്, ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലാ എന്നു തന്നെ പറയാം.എന്തും പറയുവാന്‍, പറയാതെത്തന്നെ ശബ്ദത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അത്,ഒഴിഞ്ഞുപൊയതല്ല, മുറിച്ചു മാറ്റിയതാണ്, കഠിനവേദനയോടെത്തന്നെ.ഒന്നു മനസ്സുതുറക്കാന്‍ ഇഷ്ടപ്പെട്ട ആ‍രുമില്ലാതാകുമ്പോള്‍ ‍, ഏകാന്തത ഭീകരമായിരിക്കും.അഞ്ചാറുകൊല്ലം മുന്‍പാണ്. അവള്‍ തിരിച്ചുപോയി.ഒരു വേശ്യയോ, അഴിഞ്ഞാട്ടക്കാരിയോ അല്ല്ല. എന്നാല്‍ അങ്ങനെ ഒരാളുണ്ടായിരുന്നു.ഒരു ചങ്ങാതി, ‘ഹവ്വ‘,എന്ന ടാന്‍സാനിയാക്കാരി. ദുബായിലെ ഒരു പബ്ബില്‍ വച്ച് പരിചയപ്പെട്ടതാണ്. പരിചയമായി, നല്ല സൌഹൃദമായിരുന്നു.ഇനി ഉണ്ടാവില്ല, ഒരിക്കലും ആരോടും തന്നെ സൌഹൃദം. അതു തന്നെ, ചില ഇടങ്ങള്‍ , ചിലരുടെ അഭാവത്തില്‍ ഒഴിഞ്ഞുതന്നെ കിടക്കും,അതൊരു മിഥ്യാബോധം അല്ലെ,ഒരു സ്വയരക്ഷ കൂടി അല്ലെ?.
അവര്‍ക്കാണ് സമര്‍പ്പണം,ഇപ്പോ പറയാന്‍ തുടങ്ങിയാല്‍ കൈവിട്ടുപോകും,സങ്കടം വരും, അടക്കിവച്ച പുഴകള്‍ , കൊടുങ്കാറ്റുകളുടെ ഒക്കെ കെട്ടഴിയും, പിന്നെയാകെ തകര്‍ന്നു പോകും ഞാന്‍.നമ്മളെ മാത്രം മനസ്സില്‍ ധ്യാനിച്ചു ,നമ്മെ മാത്രം നോക്കിക്കഴിയുന്നവരുടെ പ്രയാസം ആലോചിച്ചിട്ടുണ്ടോ?എപ്പോഴെങ്കിലും?അവര്‍ക്കറിയാം,എന്നേക്കാള്‍ വ്യഥയിലാണവരുടെ ജീവിതം,തീയില്‍ . പിന്നെ ഞാന്‍ സ്നേഹിക്കുന്ന ആള്‍ക്ക് സ്വര്‍ഗ്ഗതുല്യമായ ജീവിതം കിട്ടണം. എന്നെക്കോണ്ട് അവര്‍ക്ക് ഒരു നിമിഷത്തേക്കുപോലും വീഷമം ഉണ്ടാവരുത്, എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. സ്നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്,കണക്കു പുസ്തകമില്ല, ഉണ്ടാവരുത്. ഒരിക്കലുംഒന്നും കിട്ടാതെ പോയതല്ല, ഞങ്ങള്‍ രണ്ടുപേരും കൂടി വേണ്ടെന്നു വെച്ചതാണ്. ജീവിതത്തിന്റെ കെട്ടുപാടുകള്‍ ,അന്വര്‍ഥങ്ങള്‍ ,ഉത്തരവാദിത്വങ്ങള്‍ ,അവയിലൂടെ മനസ്സ് അറിയാതെ കടന്നുപോയി. അതിന്റെ വേദനയാണ്.
സങ്കടം ഉണ്ടാവണമല്ലോ!പിന്നെ എന്തിനെ നമ്മള്‍ സ്നേഹം എന്നു വിളിക്കുന്നത്. മനുഷ്യരായതുകൊണ്ട്, ആവശ്യമുണ്ടായിട്ടു വേണ്ടാ എന്നു വയ്ക്കുന്നതും,ആവശ്യമില്ലാതെ കളയുന്നതും രണ്ടും, രണ്ടാണ്. സ്നേഹത്തിന്റെയൊക്കെ വഴികള്‍ അന്വേഷിച്ചു പോകാനാവുമോ?പ്രണയം ഒരാളോട് മാത്രമേ തോന്നൂ എന്ന് പറയാനാകുമോ?ഒരാളെ പ്രണയിച്ചുഅവളിപ്പോള്‍ ഇല്ല,അപ്പോള്‍ നാം നമ്മുടെ ഉള്ളിലെ പ്രണയത്തെ എന്തു ചെയ്യും?വേറൊരാളെ തേടി നടക്കില്ല, എന്നാലും മറ്റൊരാളെ കണ്ടു മുട്ടിയാല്‍അവളോട് സ്നേഹം തോന്നിയാല്‍ ‍, ശരിയല്ലെന്ന് പറയാനാകുമോ?വിട്ടുപോയി!!!സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വിടെണ്ടിവന്നു, ഹൃദയം കീറി കുറിക്കുന്ന വേദനയോടെ?അതെന്തായിരുന്നു?സമൂഹം,കുടുംബം,ലോകം.രണ്ട് പേര്‍ സ്നേഹിക്കുന്നത് കണ്ടാല്‍ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ!. ഇതൊക്കെ ഒരു ഉപാധികളല്ലെ.ഒരോ കാരണങ്ങളല്ലെ?ഞാന്‍ നിന്നെ പ്രണയിക്കുന്നു,മനസ്സുകൊണ്ടും ശരീരം കൊണ്ടും.അതിന്റെ എക്സ്ട്രീം അവസ്ഥയില്‍ മറ്റുള്ളവരെയൊക്കെ അത് ബാധിക്കുന്നു എന്ന അവസ്ഥ വരുമ്പോള്‍ ‍,സങ്കടത്തോടെയാണെങ്കിലും, ഹൃദയം പൊട്ടി നുറുങ്ങുമെങ്കിലും,ഞാന്‍ അനുഭവിച്ച ഒരു കാര്യം എഴുതി അറിയിച്ചു ലോകത്തെ, ബ്ലോഗില്‍ ,കവിതയില്‍ .
ശാന്തമാകാത്തമനസ്സിനെ ,ശാസിച്ചു.6ആം മണി നേരം. കെട്ടിപ്പൂട്ടി എന്റെ സ്വപ്നസൌധത്തിലേക്കു പോകുന്നതിനു മുന്‍പ് ,വീണ്ടും വീണ്ടും നോക്കി കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പ്രതീക്ഷയോടെ!ഇല്ല, ഭാര്യക്കോ, എന്റെ എട്ടും,പൊട്ടു തിരിയാത്ത എന്റെ മക്കളുടെ, മെയിലോ ഒരു മിസ്കോള്‍ പോലിമില്ല. എല്ലാം ഇവര്‍ക്കു വെണ്ടി, എല്ലാമാസവും കൃത്യമായി എത്തുന്ന ബാങ്ക് ചെക്കുകള്‍ക്കു വേണ്ടി മാത്രം നിലവിളിക്കുന്ന മൊബൈലും, കൃത്യമായി എത്തുന്ന ഇമെയിലുകളും . അന്നു മാത്രം വിശദമായ കുശലാന്വേഷണങ്ങള്‍ .പിന്നെയുള്ള 29 ദിവസത്തെ നീണ്ട കാത്തിരുപ്പ് , സ്നേഹസ്വരൂപിയായ ഭാര്യയുടെ അടുത്ത സ്നേഹന്വേഷണങ്ങള്‍ക്കായി. വീണ്ടും വിരസതയുടെ മഹാനഗരത്തിലേക്ക്,എന്റെ ചക്രശ്വാസം വലിക്കുന്ന,റ്റൊയൊട്ടാ വണ്ടിയില്‍ ഞാന്‍ ഒരിക്കലൂം നിലക്കാത്ത ജൈത്രയാത്ര വീണ്ടും വിണ്ടും തുടരുന്നു.